ഖുർആനിലെ പദപ്രയോഗങ്ങളുടെ കൃത്യതയും ശാസ്ത്രീയതയും - പാർട്ട് 1.
_________________________________________
സ്വയം ദൈവിക ഗ്രന്ഥമാണ് എന്ന് അവകാശപ്പെടുന്ന ഏക വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. ലോക സൃഷ്ടാവായ അല്ലാഹു ജിബ്‌രീൽ എന്ന മലക്ക് (ഗബ്രിയേൽ മാലാഖ) മുഖേന അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) ക്ക് അവതരിപ്പിച്ച് കൊടുത്ത വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. ലോക സ്രഷ്ടാവായ ഏകദൈവത്തെ പരിചയപ്പെടുത്തുകയും മനുഷ്യർക്ക് ധർമ്മാധർമ്മങ്ങൾ വിവരിച്ചു തരികയും മരണാനന്തര ജീവിതത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയുമാണ് ഖുർആൻറെ ലക്ഷ്യങ്ങൾ.
ദൈവിക ഗ്രന്ഥമായതു കൊണ്ടുതന്നെ ഖുർആനിലെ പദപ്രയോഗങ്ങൾ വളരെ കൃത്യവും ശാസ്ത്രീയവുമാണ് എന്ന് നമുക്ക് കാണാം. അത്തരത്തിൽ നമ്മെ വിസ്മയിപ്പിക്കുന്ന കൃത്യമായ ചില പദ പരാമർശങ്ങളാണ് ഇവിടെ വിശകലനം ചെയ്യാൻ ഉദ്ദേശിക്കുന്നത്.
വിശുദ്ധ ഖുർആനിൽ തേനീച്ചയുടെ പേരിൽ ഒരു അധ്യായം ഉണ്ട്; പതിനാറാം അധ്യായം സൂറത്തുന്നഹ്ൽ. ഇതിലെ രണ്ടു സൂക്തങ്ങളിൽ തേനീച്ചയെ കുറിച്ച് പരാമർശിക്കുന്നതുകൊണ്ടാണ് സൂറത്തിന് പ്രസ്തുത പേര് ലഭിച്ചത്. ഇതാണ് ആ സൂക്തങ്ങൾ.
وَأَوْحَىٰ رَبُّكَ إِلَى ٱلنَّحْلِ أَنِ ٱتَّخِذِى مِنَ ٱلْجِبَالِ بُيُوتًۭا وَمِنَ ٱلشَّجَرِ وَمِمَّا يَعْرِشُونَ
നിന്‍റെ നാഥന്‍ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക.
(Surat:16, Verse:68)
ثُمَّ كُلِى مِن كُلِّ ٱلثَّمَرَٰتِ فَٱسْلُكِى سُبُلَ رَبِّكِ ذُلُلًۭا ۚ يَخْرُجُ مِنۢ بُطُونِهَا شَرَابٌۭ مُّخْتَلِفٌ أَلْوَٰنُهُۥ فِيهِ شِفَآءٌۭ لِّلنَّاسِ ۗ إِنَّ فِى ذَٰلِكَ لَءَايَةًۭ لِّقَوْمٍۢ يَتَفَكَّرُونَ
പിന്നെ എല്ലാതരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിച്ച് കൊള്ളുക. എന്നിട്ട് നിന്‍റെ രക്ഷിതാവ് സൌകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ച് കൊള്ളുക. അവളുടെ ഉദരങ്ങളില്‍ നിന്ന് വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം പുറത്ത് വരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനം ഉണ്ട്. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്.
(Surat:16, Verse:69)
ഈ രണ്ടു വചനങ്ങൾക്ക് എന്താണ് പ്രത്യേക സവിശേഷത പറയാനുള്ളത് എന്നായിരിക്കും ഒരുപക്ഷേ നിങ്ങൾ കരുതുന്നത് ? മലയാളം ഇംഗ്ലീഷ് എന്നിങ്ങനെയുള്ള ഭാഷകളിൽ നിന്ന് വ്യത്യസ്തമായി അറബി ഭാഷയുടെ ഒരു പ്രത്യേകതയാണ് അതിലെ ക്രിയാ പ്രയോഗങ്ങൾക്ക് സ്ത്രീലിംഗവും പുല്ലിംഗവും ഉണ്ട്. ഹിന്ദി, ഉറുദു ഭാഷകളിൽ ഒക്കെ ഇക്കാര്യം കാണാവുന്നതാണ്. ഉദാഹരണമായി वह आया എന്നാൽ ഹിന്ദിയിൽ അവൻ വന്നു എന്നാണെങ്കിൽ वह आई എന്നാൽ അവൾ വന്നു എന്നാണ് അർത്ഥം. അഥവാ ഒരു ക്രിയ കണ്ടാൽ തന്നെ അത് കൊണ്ടുദ്ദേശിച്ചത് ആണിനെയാണോ പെണ്ണിനെ ആണോ എന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും.
ഇവിടെ ആദ്യ ആയത്തിൽ പരാമർശിക്കുന്നത് മരങ്ങളിലും മലകളിലും മനുഷ്യൻ കെട്ടി ഉണ്ടാക്കുന്നതിലുമെല്ലാം തേനീച്ചക്കൂട് ഉണ്ടാക്കാൻ തേനീച്ചക്ക് അല്ലാഹു ബോധനം നൽകിയിരിക്കുന്നു എന്നാണ്. ഇവിടെ ഖുർആൻ ഉപയോഗിച്ച പദം ٱتَّخِذِى എന്നാണ്. അഥവാ കൃത്യമായി പെണ്ണിനോടുള്ള കല്പനയാണ് ഇവിടെ. തേനീച്ചക്കൂട് ഉണ്ടാക്കാൻ ഉള്ള കല്പന പെൺ തേനീച്ചയോടാണ് കൽപ്പിച്ചത് എന്ന് കാണാം. അടുത്ത ആയത്തിൽ ഉള്ള كُلِى (ഭക്ഷിച്ചുകൊള്ളുക ) فَٱسْلُكِى (മാർഗ്ഗങ്ങളിൽ പ്രവേശിച്ചുകൊള്ളുക) എന്നീ കൽപ്പനകളും കൃത്യമായി പെൺ തേനീച്ചയെ അഭിസംബോധന ചെയ്യുന്നതാണ്. رَبِّكِ എന്ന പരാമർശവും സ്ത്രീലിംഗത്തെ കുറിക്കുന്നു. ആണിനെ അഭിസംബോധനം ചെയ്യുമ്പോൾ വേറെ രൂപത്തിലാണ് ഈ പ്രയോഗങ്ങൾ എല്ലാം അറബിയിൽ ഉപയോഗിക്കുക.
ഖുർആൻറെ പദപ്രയോഗങ്ങളിൽ നിന്ന് തന്നെ തേനീച്ചക്കൂട് ഉണ്ടാക്കുന്നതും തേൻ ഉൽപാദിപ്പിക്കുന്നതും എല്ലാം പെൺ തേനീച്ചകൾ ആണ് എന്ന് കൃത്യമായി മനസിലാക്കാം. കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രമാണ് ഇക്കാര്യം ശാസ്ത്രലോകം മനസ്സിലാക്കിയത് എന്ന് കാണാം. ഒരു തേനീച്ചക്കൂട്ടിൽ മൂന്നുതരം തേനീച്ചകൾ ആണ് ഉണ്ടാവുക. ഒരു റാണി തേനീച്ച (the queen), കുറച്ച് എണ്ണം മടിയൻ ആൺ തേനീച്ചകൾ (the drones), ബഹുഭൂരിപക്ഷം വരുന്ന ജോലിക്കാരി തേനീച്ചകൾ ( the workers). ഇതിൽ റാണി തേനീച്ചയുടെ പണി മുട്ടയിടുന്നത് മാത്രമാണ്. മടിയൻ ആൺ തേനീച്ചകൾക്ക് ആകെയുള്ള ജോലി റാണിയുമായി ഇണചേരുന്നത് മാത്രം. ജോലിക്കാരി തേനീച്ചകൾ ആണ് മുഴുവൻ ജോലികളും ചെയ്യുന്നത്. കൂട് ഉണ്ടാക്കുന്നതും കൂട് സംരക്ഷിക്കുന്നതും എല്ലായിടത്തും പോയി പൂവുകളിൽ നിന്നും പഴങ്ങളിൽ നിന്നും പൂമ്പൊടിയും മധുവും (pollen and nectar) ശേഖരിക്കുന്നതും എല്ലാം ജോലിക്കാരികളായ പെൺ തേനീച്ചകൾ മാത്രമാണ്.
മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യുന്നതു പെൺ തേനീച്ചകൾ ആണെന്ന ഖുർആൻ പരാമർശം എത്രമാത്രം കൃത്യമാണെന്ന് നോക്കൂ. എങ്ങനെയാണ് ഏഴാം നൂറ്റാണ്ടിൽ ജീവിച്ച മുഹമ്മദ് നബിക്ക് ഇക്കാര്യം അറിയുക ?
പ്രസ്തുത ആയത്തിൽ തന്നെയുള്ള ഉള്ള മറ്റൊരു അത്ഭുതകരമായ പരാമർശമാണ്
يَخْرُجُ مِنۢ بُطُونِهَا شَرَابٌۭ مُّخْتَلِفٌ أَلْوَٰنُهُ
"അവളുടെ ഉദരങ്ങളില്‍ നിന്ന് വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം (തേൻ) പുറത്ത് വരുന്നു" എന്നത്. ഇവിടെ ഖുർആൻ ഉപയോഗിച്ചത് مِنۢ بُطُونِهَا അവളുടെ ഉദരങ്ങളിൽ നിന്ന് എന്നാണ് അല്ലാതെ ഉദരത്തിൽ നിന്ന് എന്നല്ല. അഥവാ ഏകവചനം അല്ല ബഹുവചനമാണ് ഉപയോഗിച്ചത്.
പെൺ തേനീച്ചക്ക് ഒന്നിലധികം ഉദരങ്ങൾ
( stomachs) ഉണ്ടെന്നാണ് ഖുർആൻറെ പദപ്രയോഗത്തിൽ ഉള്ളത്. ഇനി നമുക്ക് തേനീച്ചയുടെ അനാട്ടമി ഒന്നു പരിശോധിക്കാം. മറ്റ് ജീവികളിൽ നിന്ന് വ്യത്യസ്തമായി തേനീച്ചകൾക്ക് രണ്ടു വയറുകൾ ഉണ്ട് . സാധാരണ ഉദരത്തിന് (normal stomach) പുറമേ തേനീച്ചകൾക്ക് തേൻ സ്റ്റോർ ചെയ്യുന്ന രണ്ടാമതൊരു ഉദരം കൂടിയുണ്ട് honey stomach. തേനീച്ചയുടെ ഇവിടെ ഈ രണ്ട് ഉദരങ്ങളും താഴെയുള്ള ചിത്രത്തിൽ കാണാവുന്നതാണ്.
ജന്തുശാസ്ത്രവും (zoology) ഷഡ്പദശാസ്ത്രവും (entomology ) തേനീച്ച ശാസ്ത്രവും (melittolgy or apicology) ഒക്കെ പഠിച്ചവർക്കേ സാധാരണ ഗതിയിൽ ഇത്തരം കാര്യങ്ങൾ അറിവ് ഉണ്ടാകാൻ സാധ്യതയുള്ളൂ. മൈക്രോസ്കോപ്പ് കണ്ടുപിടിക്കുന്നതിന് ആയിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ച മുഹമ്മദ് നബിക്ക് എങ്ങനെയാണ് ഒരു കുഞ്ഞു തേനീച്ചയ്ക്ക് രണ്ടു വയറുകൾ ഉണ്ട് എന്ന അറിവ് ലഭിക്കുക ? വിശുദ്ധ ഖുർആൻ മനുഷ്യ വചനങ്ങളല്ല ; ദൈവിക വചനങ്ങളാണ് ആണ് എന്ന സത്യമാണ് ഇതൊക്കെ വെളിവാക്കുന്നത്.
തേനീച്ചകൾ വളരെ സങ്കീർണമായ ഒരു ആശയവിനിമയ രീതിയാണ് ഉള്ളത്. ശാസ്ത്രകാരന്മാർ അത് മുഴുവനായിട്ടൊന്നും മനസ്സിലാക്കിയിട്ടില്ല. ഒരു ജോലിക്കാരി പൂമ്പൊടിയുടെയോ, മധുവിന്റെയോ ഒരു ഉറവിടം കണ്ടുപിടിച്ചാൽ അത് മറ്റുള്ളവർക്ക് അറിയിക്കുന്നത് ഒരു നൃത്ത ഭാഷയിലൂടെയാണ് (Dance Language). അങ്ങനെ ഈ നൃത്തതിലൂടെ അത്യാവശ്യവിവരങ്ങൾ കൈമാറുന്നു. ഇത് മൂലം അവയക്ക് നേരെ ഭക്ഷണസ്ഥലത്തേക്ക് പറക്കാൻ കഴിയുന്നു.
തേനീച്ചകൾ ഉപയോഗിക്കുന്നത് രണ്ട് തരത്തിലുള്ള ഡാൻസ് ആണ്. വൃത്താകൃതിയിലും(Round Dance), അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടിക്കൊണ്ടുള്ള രൂപത്തിലും(Waggle Dance). ആഹാരം ഒരു 10 മീറ്റർ ദൂരെയാണെങ്കിൽ ഇവ വൃത്താകൃതിയിലുള്ള ഡാൻസ് ഉപയോഗിക്കുന്നു. 100 മീറ്ററിനേക്കാളും കൂടുതൽ ദൂരമാണെങ്കിൽ ഇവ വാഗിൾ ആകൃതിയിൽ ഡാൻസ് ചെയ്യും, ഇനി ആഹാരം 10മീറ്ററിനോ 100 മീറ്ററിനോ ഇടയിലാണെങ്കിൽ ഇവ വാഗിൾ ഡാൻസിന്റെയും റൗണ്ട് ഡാൻസിന്റെയും ഒരു സമ്മിശ്രിതമാണ്(Combination) ഉപയോഗിക്കുക.
തേനീച്ചകളെ കുറിച്ചുള്ള പഠനത്തിന് 1973 ൽ Karl von Frisch എന്ന ശാസ്ത്രജ്ഞനു നോബൽ സമ്മാനം ലഭിക്കുകയുണ്ടായി.
ഇനി നമുക്ക് തേനീച്ചക്കൂടിൻറെ കാര്യം നോക്കാം. ഒരു പ്രതലത്തിന്‍റെ വിസ്‌തീർണം ഷഡ്‌ഭുജാകൃതിയിൽ (hexagon) വിഭജിക്കുമ്പോൾ ലഭിക്കുന്ന സ്ഥലസൗകര്യം സമഭുജത്രികോണാകൃതിയിലോ (equilateral triangle) സമചതുരാകൃതിയിലോ (square) മറ്റേതെങ്കിലും ആകൃതിയിലോ വിഭജിക്കുമ്പോൾ ലഭിക്കുന്നതിലും കൂടുതലായിരിക്കും. മാത്രമല്ല, ഈ ആകൃതിയിൽ വിഭജിക്കുമ്പോൾ ഏറ്റവും കുറഞ്ഞ അളവിലുള്ള നിർമാണവസ്‌തുക്കൾ മതിയാകും. ഈ വസ്‌തുത നൂറ്റാണ്ടുകളായി ഗണിതശാസ്‌ത്രജ്ഞർക്ക് അറിയാമായിരുന്നെങ്കിലും അതിന്‍റെ കാരണം വിശദീകരിക്കാൻ അവർക്കു കഴിഞ്ഞിരുന്നില്ല. എന്നാൽ, 1999-ൽ പ്രൊഫസർ തോമസ് സി. ഹെയ്‌ൽസ് തന്‍റെ ഒരു ഗണിതശാസ്‌ത്രസിദ്ധാന്തത്തിലൂടെ (honeycomb conjecture) ഈ ആകൃതിയുടെ മേന്മ തെളിയിച്ചു. ഒരു പ്രതലത്തെ ഏറ്റവും കുറഞ്ഞ നിർമാണവസ്‌തുക്കൾ ഉപയോഗിച്ച് തുല്യമായ അളവിൽ വിഭജിക്കാൻ കഴിയുന്നത് സമഷഡ്‌ഭുജാകൃതിക്കാണെന്ന് അദ്ദേഹം അവതരിപ്പിച്ചു. ഷഡ്‌ഭുജാകൃതിയിലുള്ള അറകൾ നിർമിക്കുന്നതിലൂടെ, ലഭ്യമായിരിക്കുന്ന സ്ഥലം പരമാവധി ഉപയോഗിക്കാനും ഏറ്റവും കുറഞ്ഞ അളവിൽ മെഴുക് ഉപയോഗിച്ചുകൊണ്ട് ഭാരം കുറഞ്ഞതും അതേസമയം ബലമുള്ളതും ആയ അറകൾ നിർമിക്കാനും അങ്ങനെ, ഉള്ള സ്ഥലത്ത് പരമാവധി തേൻ ശേഖരിച്ചുവെക്കാനും തേനീച്ചകൾക്കു കഴിയുന്നു. “ഏറ്റവും ശ്രേഷ്‌ഠമായ നിർമാണചാതുര്യം” എന്ന് തേനീച്ചക്കൂടിനെ വിശേഷിപ്പിക്കുന്നതിൽ തെല്ലും അതിശയിക്കാനില്ല.
ബലമുള്ള, പരമാവധി സ്ഥലസൗകര്യം നൽകുന്ന നിർമാണങ്ങൾ നടത്തുന്നതിന് ഇന്ന് ശാസ്‌ത്രജ്ഞന്മാർ തേനീച്ചക്കൂടിന്‍റെ ഘടന അനുകരിക്കുന്നുണ്ട്. ഉദാഹരണത്തിന് നല്ല ബലമുള്ളതും അതേസമയം ഭാരം കുറഞ്ഞതും ആയ വിമാനഭാഗങ്ങൾ നിർമിക്കാനും അങ്ങനെ ഇന്ധനച്ചെലവ് കുറയ്‌ക്കാനും വിമാനനിർമാതാക്കൾ ഈ ഘടന പ്രയോജനപ്പെടുത്തുന്നു.
നിങ്ങൾക്ക് എന്തു തോന്നുന്നു? തേനീച്ചക്കൂടിന്‍റെ അതിശ്രേഷ്‌ഠമായ ഈ ഘടന പരിണാമപ്രക്രിയയിലൂടെ വന്നതാണോ? അതോ ആരെങ്കിലും രൂപകല്‌പന ചെയ്‌തതോ?
ഏതാനും മില്ലിമീറ്ററുകൾ മാത്രം വലിപ്പമുള്ള നിസ്സാരമായ ജീവിയായ തേനീച്ചക്ക് ആരാണ് ഇത്തരം അറിവുകൾ പഠിപ്പിച്ചിട്ടുണ്ടാവുക ?
മധുവിൻറെ ഉറവിടം കണ്ടുപിടിക്കാനും അത് എവിടെയാണെന്ന് മറ്റുള്ള തേനീച്ചകളെ വളരെ കൃത്യമായി അറിയിക്കാനുള്ള ഡാൻസ് രൂപത്തിൽ ഉള്ള കമ്മ്യൂണിക്കേഷൻ രീതി തേനീച്ചയെ പഠിപ്പിച്ചത് ആരാണ്? അത്ഭുതകരമായ രീതിയിൽ ഉള്ള കൂടുണ്ടാക്കാൻ തേനീച്ചയെ പഠിപ്പിച്ചത് ആരാണ് ?
"നിന്‍റെ നാഥന്‍ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക.
പിന്നെ എല്ലാതരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിച്ച് കൊള്ളുക. എന്നിട്ട് നിന്‍റെ രക്ഷിതാവ് സൌകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ച് കൊള്ളുക. അവയുടെ ഉദരങ്ങളില്‍ നിന്ന് വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം പുറത്ത് വരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനം ഉണ്ട്. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്.
(Surat:16, Verse: 68-69).
തേനിൽ രോഗശമനം ഉണ്ട്.
ReplyDeleteഅത് വിശദമാക്കിയില്ലല്ലോ.
❤❤❤
ReplyDelete❤❤❤
ReplyDeletePost a Comment