ജിയോളജി വിശുദ്ധ ഖുർആനിൽ - Geology in holy Qur'an- Part 1.
--------------------------------------------------------------------
ജിയോളജിയുമായി ബന്ധപ്പെട്ട ധാരാളം പരാമർശങ്ങൾ വിശുദ്ധ ഖുർആനിലുണ്ട്. നമുക്ക് ഓരോന്നോരോന്നായി ചർച്ച ചെയ്യാം. ഭൂമിയുടെ ആന്തരിക ഘടനയെ കുറിച്ചുള്ള ഒരു സാമാന്യബോധം ഉണ്ടാക്കേണ്ടത് ഈ ചർച്ചകൾ മനസ്സിലാക്കുവാൻ അത്യാവശ്യമാണ്.
ഭൂമിയെ മൂന്ന് ഭാഗമായി തിരിക്കാം. ഭൂവല്‍ക്കം (ക്രസ്റ്റ്) എന്ന് വിളിക്കുന്ന പുറംതോട്, നടുക്കുള്ള മാന്റില്‍, ഏറ്റവും അകത്തുള്ള കാമ്പ് (കോര്‍). താഴെ ചിത്രം കൊടുക്കുന്നു.
ഭൂവൽക്കം Crust
---------------------------
ഭൂമിയെ ഒരു മുട്ടയോട് ഉപമിച്ചാൽ മുട്ടത്തോടിനോട് താരതമ്യം ചെയ്യാവുന്ന ഭാഗമാണ് ക്രസ്റ്റ് അഥവാ ഭൂവൽക്കം. ഭൂമിയുടെ വ്യാപ്തത്തിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രമേ ഭൂവൽക്കം വരുന്നുള്ളൂ. ജീവജാലങ്ങളെല്ലാം ജീവിക്കുന്നത് ഈ ക്രസ്റ്റിൽ ആണ്. കരയും സമുദ്രവും പർവ്വതങ്ങളും ഖനികളും കെട്ടിടങ്ങളും തുരങ്കങ്ങളും എല്ലാം സ്ഥിതിചെയ്യുന്നത് ഭൂമിയുടെ ഈയൊരു ഭൂവൽക്കത്തിൽ ആണ്.
ഭൂവല്‍ക്കം രണ്ട് തരമുണ്ട്. സമുദ്രങ്ങള്‍ക്കിടയിലുള്ള നേരിയ ഭൂവല്‍ക്കം (oceanic crust) 5 മുതല്‍ 7 കിലോമീറ്റർ വരെ കനമുള്ള നേരിയ പാളി ആണ്. വന്കരകള്ക്കും ദ്വീപുകള്‍ക്കും അടിയിലുള്ള ഭൂവല്‍ക്കം (continental crust) 30 മുതല്‍ 50 കിലോമീറ്റർ വരെ കനമുള്ളതാണ്. Continental crust ന് Oceanic crust നെ അപേക്ഷിച്ച് സാന്ദ്രത കുറവാണ്. അതുകൊണ്ട് oceanic crust എപ്പോഴും കരയെക്കാൾ താഴെ സ്ഥിതി ചെയ്യുന്നു.
മാന്റില്‍ Mantle
-------------------------
ഭൂവല്‍ക്കത്തിനും അകക്കാമ്പിനും ഇടക്കുള്ള 2900 കിലോമീറ്റർ കട്ടിയുള്ള ഭാഗമാണ് മാന്റില്‍. മാന്റിൽ ഭൂവൽക്കത്തെക്കാൾ സാന്ദ്രത കൂടിയതാണ്. മാന്റിലിന്റെ പുറംഭാഗത്തുനിന്നും അകത്തേക്ക് പോകുമ്പോള്‍ ചൂട് കൂടി വരും. ഉപരിഭാഗത്തുള്ള മാന്റിലിലെ പാളികള്‍ ഖരാവസ്ഥയിൽ ആണ്. മുകൾഭാഗത്തുള്ള ഈ മാന്റ്ൽ lithosphere mantle എന്നറിയപ്പെടുന്നു. ലിത്തോസ്ഫിയർ മാന്റിലും ക്രസ്റ്റും കൂടിച്ചേർന്ന് ലിത്തോസ്ഫിയർ എന്നറിയപ്പെടുന്നു. മാന്റിലിന്റ താഴത്തെ ഭാഗത്തെ പാളികള്‍ ചൂടും മർദ്ദവും കൂടിയതും മാര്‍ദവമുള്ള കുഴമ്പ് രൂപത്തിലുള്ളതുമാണ്. ഇത് asthenosphere mantle എന്നും അറിയപ്പെടുന്നു. ഭൂവല്ക്കത്തെ വഹിക്കുന്ന ലിത്തോസ്ഫിയർ പാളികള്‍ക്ക് നീങ്ങാന്‍ കഴിയുന്നത് മാര്‍ദവമുള്ള ഈ അസ്തിനോസ്ഫിയർ മാന്റില്‍ കാരണമാണ്. ഇത്തരം നീക്കങ്ങളിലൂടെയാണ് വന്‍കരകള്‍ നാം ഇന്നു കാണുന്ന രൂപത്തിലായത്. ഭൂമിയുടെ വ്യാപ്തത്തിന്റെ 80ശതമാനവും മാന്റില്‍ ആണ്.
കാമ്പ് Core
------------------
മൂവായിരം കിലോമീറ്ററോളം വ്യാസമുള്ള ഭാഗമാണ് കാമ്പ് അഥവാ കോര്‍ ഇതിന്റെ പുറംഭാഗം ദ്രാവകവും അകംഭാഗം ഉറച്ചതുമാണ്. കാമ്പില്‍ 90ശതമാനവും ഇരുമ്പാണ് എന്നാണ് അനുമാനം. പുറംകാമ്പ് ഉരുകിയ ഇരുമ്പിന്റെയും നിക്കലിന്റെയും മിശ്രിതമാണ്. ചലിച്ചുകൊണ്ടിരിക്കുന്ന ഈ ദ്രാവക കാമ്പാണ് ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ കാരണം.
ലിത്തോസ്ഫിയർ , ടെക്ടോണിക് ഫലകങ്ങൾ (tectonic plates) എന്നറിയപ്പെടുന്ന വലിയ ഭൂ പാളികൾ ആയാണ് സ്ഥിതിചെയ്യുന്നത്. ലിത്തോസ്ഫിയറിന് താഴെയുള്ള മാന്റിലിൽ ഉള്ള മാഗ്മ എന്ന അത്യധികം ചൂടും മർദ്ദവും ഉള്ള കുഴമ്പു രൂപത്തിലുള്ള പദാർത്ഥത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന അഥവാ ഫ്ലോട്ട് ചെയ്യുന്ന രൂപത്തിലാണ് ടെക്ടോണിക് ഫലകങ്ങൾ സ്ഥിതിചെയ്യുന്നത്. അഗ്നിപർവ്വത സ്ഫോടനം നടക്കുമ്പോൾ പുറത്തുവരുന്നത് മാന്റിലിനുള്ളിലെ ഈ മാഗ്മ ആണ്. മാഗ്മ ഭൂവല്ക്കത്തിന് പുറത്തെത്തുമ്പോൾ ലാവ എന്നറിയപ്പെടും.
ഭൂമിയുടെ സൃഷ്ടിപ്പിനു ശേഷം ഭൂമിയിലെ കര ഭാഗങ്ങൾ ഒന്നിച്ച് ഒട്ടിച്ചേർന്ന അവസ്ഥയിലായിരുന്നു. ഇന്നുള്ള പോലെ വ്യത്യസ്ത ഭൂഖണ്ഡങ്ങൾ ആയിരുന്നില്ല. എല്ലാം കൂടി ഒന്നിച്ച് ചേർന്ന വലിയ ബൃഹത് വൻകരകൾ ആയിരുന്നു ഭൂമിയുടെ തുടക്കത്തിൽ ഉണ്ടായിരുന്നത്. ഇത് പല ഘട്ടങ്ങളിലായി കൊണ്ട് വ്യത്യസ്ത ഭാഗങ്ങളിലേക്ക് ആക്കികൊണ്ട് വേർ പിരിക്കപ്പെടുക ആണ് ഉണ്ടായിട്ടുള്ളത്.
25 കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ കരകൾ എല്ലാം കൂടി ഒരു ഒറ്റ ഏക ഭൂഖണ്ഡം ആയിരുന്നു എന്നാണ് ശാസ്ത്രലോകം കരുതുന്നത്. Pangea പാൻജിയ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ വലിയ ഒരൊറ്റ വൻകര പരത്തപ്പെടുകയും വ്യത്യസ്ത ഭാഗങ്ങളിലേക്ക് നീക്കപ്പെടുകയും ചെയ്തിട്ടാണ് ഇന്ന് കാണുന്ന 7വൻകരകൾ രൂപംകൊണ്ടത്. 1915 ആൽഫ്രഡ് വെഗ്നർ എന്ന ശാസ്ത്രജ്ഞനാണ് ഈ കാര്യം ലോകത്ത് ആദ്യമായി അഭിപ്രായപ്പെട്ടത്. എന്നാൽ ശാസ്ത്രലോകം ഈ കാര്യങ്ങൾ അംഗീകരിച്ചത് അദ്ദേഹത്തിൻറെ മരണശേഷം വളരെ വർഷങ്ങൾ കഴിഞ്ഞു 1950 കൾക്ക് ശേഷം മാത്രമാണ്. continental drift എന്നകാര്യം ഇന്ന് ശാസ്ത്രലോകത്ത് അംഗീകൃതം ആണ് ഫോസിൽ തെളിവുകൾ അടക്കം ധാരാളം തെളിവുകൾ ലഭ്യവുമാണ്.
ഇത്തരത്തിൽ ഒന്നായിരുന്ന കരയെ പരത്തിക്കൊണ്ട് വ്യത്യസ്ത ഭാഗങ്ങളിൽ ആക്കി സംവിധാനിച്ചത് വിശുദ്ധ ഖുർആൻ കൃത്യമായി പ്രസ്താവിച്ചത് നമുക്ക് കാണുവാൻ സാധിക്കും. അമ്പതാം അദ്ധ്യായം സൂറത്തുൽ ഖാഫ് ഏഴാം വചനം.
وَٱلْأَرْضَ مَدَدْنَٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ زَوْجٍۭ بَهِيجٍ
"ഭൂമിയും തന്നെ, നാം അതിനെ നീട്ടി വിശാലപ്പെടുത്തുകയും, ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ അതില്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു; കൗതുകപ്പെട്ട എല്ലാ (തരം) ഇണ വസ്തുക്കളെയും അതില്‍ നാം ഉത്പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു."
അതുപോലെ പതിനഞ്ചാമധ്യായം സൂറത്തുൽ ഹിജ്ർ പത്തൊമ്പതാം വചനത്തിലും ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്.
وَٱلْأَرْضَ مَدَدْنَٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ شَىْءٍۢ مَّوْزُونٍۢ
ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും, അളവ് നിര്‍ണയിക്കപ്പെട്ട എല്ലാ വസ്തുക്കളും അതില്‍ നാം മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.
(Surat:15, Verse:19)
ഇവിടെ ഖുർആൻ ഉപയോഗിച്ച പദമായ مَدَد
എന്ന അറബി പദത്തിന്റെ അർത്ഥം നീട്ടി, പരത്തി, വിശാലമാക്കി എന്നൊക്കെയാണ് ഇംഗ്ലീഷിൽ spread out, extend, expand എന്നൊക്കെ പറയാം. ഒന്നായിരുന്ന ഒരൊറ്റ വൻകരയെ പരത്തുകയും വ്യത്യസ്ത വൻകരകൾ ആക്കുകയും ചെയ്തത് ശാസ്ത്രലോകം ഇന്ന് കൃത്യമായി അംഗീകരിക്കുന്ന വസ്തുതയാണ്.
ഇങ്ങനെ ഭൂവൽക്കത്തിൻറെ വലിയ പാളികൾ താഴെയുള്ള മാന്റിലിന് മുകളിൽ പരത്തപ്പെടുമ്പോൾ രണ്ട് പാളികൾക്കിടയിൽ ഉള്ള ഭാഗങ്ങളിലേക്ക് മാഗ്മ തള്ളി കയറുകയും അവിടെ ഒരു പർവ്വത നിര തന്നെ രൂപംകൊള്ളുകയും ചെയ്യുന്നു. കടലിൻറെ അടിത്തട്ടിലെ ഓഷ്യാനിക് പ്ലേറ്റിൽ രൂപപ്പെടുന്ന ഇത്തരം വിശാലമായ പർവ്വതനിരകൾ Undersea mountain ranges
എന്നറിയപ്പെടുന്നു. കടലിനടിയിലെ ഈ പർവത നിരകളുടെ മൊത്തം നീളം എൺപതിനായിരം കിലോമീറ്ററിലധികം ആണ്. കരയിലും വലിയ പർവതനിരകൾ ഇതുപോലെ രൂപംകൊള്ളുന്നു. ഹിമാലയൻ പർവത നിരകളും ആൻഡീസ് പർവ്വതനിരകളും ഒക്കെ ഉദാഹരണങ്ങളാണ്.
വിശുദ്ധ ഖുർആൻ ഭൂമിയെ നീട്ടി വികസിപ്പിച്ചു എന്നുപറഞ്ഞതിനൊപ്പം തന്നെ എടുത്തു പറഞ്ഞ കാര്യമാണ് ഉറച്ചുനിൽക്കുന്ന പർവ്വതങ്ങൾ അതിൽ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു എന്ന്. എത്ര കൃത്യമായ പരാമർശങ്ങളാണ് ഖുർആൻ നടത്തുന്നത് എന്ന് നോക്കൂ.
പർവ്വതങ്ങളെ കുറിച്ചുള്ള അത്ഭുതകരമായ വിശേഷങ്ങൾ അടുത്ത പാർട്ടുകളിൽ
Post a Comment