❓ ചോദ്യം : ദുനിയാവിൽ ഒരു മുഅമിനിൻറെ തെറ്റുകുറ്റങ്ങൾ നിങ്ങൾ മറച്ചു പിടിച്ചാൽ നാളെ ആഖറത്തിൽ നിങ്ങളുടെ തെറ്റുകുറ്റങ്ങൾ മറച്ചുവെക്കപ്പെടും.
ഈ വിഷയം ചിലർ ചർച്ചകൾക്കിടയിൽ നല്ല രീതിയിൽ പ്രചരിപ്പിക്കുന്നുണ്ട് ഈ ഹദീസ് കൊണ്ട് ശരിക്കും എന്താണ് ഉദേശിക്കുന്നത് ?
♦️ ഉത്തരം: പാപം രണ്ട് രൂപത്തിൽ ഉണ്ട് . വ്യക്തിപരമായ പാപം മറ്റുള്ളവരെ ഉപദ്രവിക്കുന്ന പാപം. ഒന്നാമത്തേത് പാപം ആണെങ്കിലും അത് മറ്റുള്ള ആളുകളെ നേരിട്ട് ബാധിക്കുന്നതോ അവർക്ക് ഉപദ്രവം ഉണ്ടാക്കുന്നതോ അല്ല. പടച്ചവന്റെ നിയമങ്ങൾ ലംഘിക്കുന്നത് അഥവാ ഹറാമുകൾ ചെയ്യുന്നതാണ് ഈ പാപങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണമായി ഒരാൾ വീട്ടിൽ വച്ച് രാത്രി രഹസ്യമായി മദ്യപിക്കുന്നു , അവിവാഹിതരായ ഒരാണും പെണ്ണും പരസ്പര സമ്മതത്തോടെ വ്യഭിചരിക്കുന്നു , ഒരാൾ രഹസ്യമായി അശ്ലീല വീഡിയോ കാണുന്നു എന്നിങ്ങനെ. ഇയാൾ മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാക്കുന്നില്ല. ഈ വ്യക്തിയുടെ ആ പാപത്തിന്റെ ശിക്ഷ മരണാനന്തര ജീവിതത്തിൽ പടച്ചവൻ നൽകും.
എന്നാൽ രണ്ടാമത്തെ പാപം മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാക്കുന്ന തരത്തിലുള്ളവയാണ്. ഉദാഹരണമായി ഒരാൾ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുന്നു, മദ്രസാ അധ്യാപകൻ ഒരു കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നു , ഒരാൾ മോഷണം നടത്തുന്നു , കൊലപാതകം ചെയ്യുന്നു എന്നിങ്ങനെയുള്ളവ ഈ വിഭാഗത്തിൽ പെടുന്നവയാണ്.
ഇതിൽ ഒന്നാമത്തെ വിഭാഗത്തിൽ പെട്ട പാപങ്ങൾ ഒരു മുസ്ലിമിൻറെ ജീവിതത്തിൽ ഉണ്ടെങ്കിൽ അത് പരസ്യമാക്കാതിരിക്കണം , മറച്ചുവെക്കണം എന്നതാണ് പ്രവാചക കൽപന. കാരണം ആ പാപങ്ങൾ ആ വ്യക്തിയും അല്ലാഹുവും ആയി മാത്രം ബന്ധപ്പെട്ടതാണ്. അല്ലാഹു ഉദ്ദേശിച്ചാൽ തൗബ ചെയ്താൽ ചിലപ്പോൾ അയാൾക്ക് പാപങ്ങൾ പൊറുത്തു കൊടുക്കപ്പെട്ടേക്കാം. ചെറുതും വലുതുമായ പലതരത്തിലുള്ള പാപങ്ങൾ മനുഷ്യൻ ചെയ്യും. പാപം ചെയ്യുന്നവരിൽ ഉത്തമർ പശ്ചാത്തപിക്കുന്നവരാണ് എന്നാണ് പ്രവാചകൻ പഠിപ്പിച്ചിട്ടുള്ളത്. അപ്പോൾ മറ്റുള്ളവരുടെ പാപങ്ങൾ ചികഞ്ഞു നോക്കാതെ സ്വന്തം ജീവിതം വിശുദ്ധമാക്കാൻ ആണ് വിശ്വാസി ശ്രമിക്കേണ്ടത്.
എന്നാൽ രണ്ടാമത്തെ വിഭാഗം ആ ഗണത്തിൽ പെടുന്നതല്ല. അത് വ്യക്തമായ ക്രൈം അഥവാ കുറ്റകൃത്യമാണ്. അത് തെളിവ് സഹിതം പരസ്യപ്പെടുത്തുകയും നീതിന്യായ വ്യവസ്ഥിതിക്ക് മുന്നിൽ കൊണ്ടുവരികയും പ്രതിയെ ശിക്ഷിക്കുകയും വേണം. രണ്ടും കൃത്യമായി വേർതിരിച്ച് മനസ്സിലാക്കണം. മറച്ചു വെക്കപ്പെടാൻ അർഹതയുള്ളത് വ്യക്തിപരമായ പാപങ്ങൾ മാത്രമാണ്. അല്ലാതെ കുറ്റകൃത്യങ്ങൾ അല്ല . കുറ്റകൃത്യങ്ങൾ ഇസ്ലാമിക രാജ്യത്താണെങ്കിൽ ഇസ്ലാമിക കോടതിക്കും പോലീസിനും മുന്നിൽ തെളിവുസഹിതം പരസ്യപ്പെടുത്തണം. മറ്റു രാജ്യങ്ങളിൽ അതാത് നിയമ വ്യവസ്ഥിതിക്ക് മുന്നിലും പരസ്യപ്പെടുത്തണം. അത് മറച്ചു വെക്കപ്പെടേണ്ടതല്ല മറച്ചു വെക്കാൻ പാടുള്ളതുമല്ല.
Post a Comment