ഖുർആൻ ക്രോഡീകരണം - സംശയങ്ങൾക്ക് മറുപടി.

#ഖുർആൻക്രോഡീകരണം

വിശുദ്ധ ഖുർആൻ ക്രോഡീകരണം, ഖുർആനിന്റെ വ്യത്യസ്ത പാരായണ രീതികൾ എന്നിവയുമായി ബന്ധപ്പെട്ട് പലരുടെയും പല സംശയങ്ങൾക്കും ഉള്ള മറുപടികൾ ഒരു ചോദ്യോത്തര രൂപത്തിൽ പോസ്റ്റ് തയ്യാറാക്കിയതാണ്. തുടർപരമ്പര ആയാണ് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ സംശയങ്ങൾ ചോദ്യ രൂപത്തിൽ കമൻറ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്. അടുത്ത പാർട്ടുകൾ തയ്യാറാക്കുമ്പോൾ ആ ചോദ്യങ്ങൾക്കുള്ള മറുപടികൾ കൂടി ഉൾപ്പെടുത്താൻ ശ്രമിക്കാം ഇൻഷാ അല്ലാഹ് . 

 Part 1.
--------------------------------------------------------
❓ചോദ്യം 1: ആരാണ് ഖുർആൻ ക്രോഡീകരിച്ചത് ?

♦️ഉത്തരം: അല്ലാഹുവാണ് ഖുർആൻ ക്രോഡീകരിച്ചത്. മുഹമ്മദ് നബിയുടെ 40 വയസ്സ് മുതൽ 23 വർഷക്കാലം വ്യത്യസ്ത ഘട്ടങ്ങളിലായി അല്ലാഹുവിൽ നിന്നുള്ള ദിവ്യ സന്ദേശം ജിബ്രീൽ എന്ന് മലക്ക് മുഹമ്മദ് നബി ﷺ ക്ക് ഓതി പഠിപ്പിച്ചു. ഓരോ ആയത്തുകള്‍ ഇറങ്ങുമ്പോഴും ഇത് വിശുദ്ധ ഖുർആനിലെ ഏത് സൂക്തത്തിൽ എവിടെ വരുന്നു എന്ന കാര്യവും പഠിപ്പിച്ചു. ഖുർആൻ ക്രോഡീകരണം അല്ലാഹു ബാധ്യത ഏറ്റെടുക്കുകയും കൃത്യമായി നടക്കുകയും ചെയ്തു.

إِنَّ عَلَيْنَا جَمْعَهُۥ وَقُرْءَانَهُۥ
തീര്‍ച്ചയായും അതിന്‍റെ ( ഖുര്‍ആന്‍റെ ) സമാഹരണവും (ക്രോഡീകരണം) അത്‌ ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.
(Surat:75, Verse:17)

❓ചോദ്യം2: അപ്പോൾ മുഹമ്മദ് നബിയുടെ മരണശേഷമാണ്  ഖുർആൻ ക്രോഡീകരിക്കപ്പെട്ടത് എന്ന് പറയുന്നത് എന്താണ് ?

♦️ഉത്തരം: വാമൊഴി രൂപത്തിലായിരുന്ന ഖുർആൻ പുസ്തകരൂപത്തിൽ ആക്കി എന്ന കാര്യം മാത്രമാണ് അബൂബക്കർ (റ) ന്റെ കാലത്ത് നടന്നത്. ഖുർആൻ മുഹമ്മദ് നബിയുടെ കാലത്ത് തന്നെ വാമൊഴി രൂപത്തിൽ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പുസ്തകരൂപത്തിൽ ആയിട്ടില്ലായിരുന്നു. വിശുദ്ധ ഖുർആനിന്റെ പുസ്തകരൂപം അഥവാ മുസ്ഹഫ് ഉണ്ടാക്കി എന്നതാണ് അബൂബക്കർ (റ) ചെയ്തത്. 

വിശുദ്ധ ഖുർആൻ  മനപ്പാഠമായിരുന്ന സഹാബികളിലെ എഴുത്തും വായനയും അറിയാവുന്ന ആളുകളെക്കൊണ്ട് അത് എഴുതിച്ച് പുസ്തക രൂപമാക്കി  വച്ചു എന്നു മാത്രം. 

കാര്യം മനസ്സിലാവാനായി ഒരു ഉദാഹരണം വ്യക്തമാക്കാം. എനിക്ക് ഒരു തമിഴ് നാടൻ പാട്ട് പൂർണ്ണമായി തെറ്റൊന്നും കൂടാതെ പാടാൻ അറിയുമെന്ന് കരുതുക. പാട്ട് ഞാൻ ഒരു തമിഴനിൽ നിന്ന് കേട്ട് പഠിച്ചതാണ്. എന്നാൽ എനിക്ക് തമിഴ് വായിക്കാനോ എഴുതാനോ അറിയില്ല. ആ പാട്ട് സംരക്ഷിക്കപ്പെടാനായി തമിഴ് എഴുതാൻ അറിയുന്ന ഒരാളെ കൊണ്ട് ഞാൻ ആ പാട്ട് ഒരു പുസ്തകത്തിൽ എഴുതിപ്പിക്കുന്നു എന്ന് കരുതുക. ഏതാണ്ട് ഇതുപോലെയാണ് കാര്യം. 

മുഹമ്മദ് നബിയും ഭൂരിപക്ഷം സഹാബികളും നിരക്ഷരരായിരുന്നു. അവർ അറബി ഭാഷയിൽ അഗ്രഗണ്യർ ആയിരുന്നു എങ്കിലും എഴുതാനും വായിക്കാനും അറിവുള്ളവരായിരുന്നില്ല. അന്നത്തെ ആശയവിനിമയ രീതി പ്രധാനമായും വാമൊഴിയായിരുന്നു. അതുകൊണ്ടുതന്നെ ഓതി പഠിക്കൽ ആയിരുന്നു സിസ്റ്റം. എഴുത്ത് ഒരു പ്രധാന പഠന രീതി ആയിരുന്നില്ല. ചുരുക്കം ആളുകൾക്ക് മാത്രമേ എഴുത്തും വായനയും അറിയുമായിരുന്നുള്ളൂ.

❓ചോദ്യം : ഖുർആൻ ക്രോഡീകരിച്ചത് ഉസ്മാൻ (റ) ന്റെ കാലത്താണ് എന്നും പറയപ്പെടുന്നുണ്ടല്ലോ

♦️ഉത്തരം: അബൂബക്ർ(റ)  മുസ്ഹഫ് രൂപത്തിലാക്കിയ ഖുർആൻ അദ്ദേഹത്തിന്റെ കാലശേഷം ഖലീഫയായ ഉമർ(റ) കൈവശം വെച്ചു. അദ്ദേഹത്തിന്റെ മരണശേഷം അത് സൂക്ഷിച്ചത് ഉമറിന്റെ മകളും പ്രവാചക പത്നിയുമായ ഉമ്മുൽ മുഅ്മിനീൻ ഹഫ്സ(റ)യായിരുന്നു.

ഉമറിന് ശേഷം ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ട ഉസ്മാൻ (റ)ന് രാഷ്ട്രീയ അഭ്യന്തര പ്രശ്നങ്ങൾക്ക് പുറമെ സിറിയ, ഇറാഖ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ഇസ്ലാം ആശ്ലേഷിച്ച അനറബികളായ മുസ്ലിംകളുടെ മതപരമായ പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നു. ഖുർആൻ പഠനവും മതകർമങ്ങളിൽ അതിന്റെ പാരായണവുമായിരുന്നു അതിൽ മുഖ്യമായത്.

സിറിയക്കാരോടും ഇറാഖുകാരോടുമൊപ്പം അർമീനിയയും അസർബൈജാനും മറ്റും മുസ്ലിം രാജ്യങ്ങളായി മാറിയപ്പോൾ അനറബികളായ തദ്ദേശീയരുടെ ഖുർആൻ പാരായണത്തിൽ വൈകല്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ഹുദൈഫ(റ) ഖലീഫ ഉസ്മാൻ (റ)ന്റെ ശ്രദ്ധയിൽ അത് എത്തിക്കുകയും സംരക്ഷണം ഉറപ്പു വരുത്താൻ വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് ഉണർത്തുകയും ചെയ്തു (ബുഖാരി). വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഖലീഫ സൈദ് ബ്നു സാബിത്, അബ്ദുല്ലാഹിബ്നു സുബൈർ, സഈദ് ബ്നുൽ ആസ്, അബ്ദുറഹ്മാനുബ്നു ഹാരിസ് എന്നീ സ്വഹാബിമാരോട് വിശുദ്ധ ഖുർആൻ പകർത്തി എഴുതാൻ ആവശ്യപ്പെട്ടു. ഹഫ്സ(റ)ന്റെ കൈവശമുണ്ടായിരുന്ന മുസ്ഹഫിൽ നിന്ന് ഏഴു പകർപ്പ് അവർ തയ്യാറാക്കി. ഹഫ്സയോട് വാങ്ങിയ കോപ്പി അവർക്കു തന്നെ തിരിച്ചു നൽകി. ഹിജ്റ 25-ാം വർഷത്തിലായിരുന്നു അത്. പകർത്തെടുത്ത കോപ്പികൾ കൂഫ, ബസ്വറ, ഡമസ്കസ്, മക്ക, മദീന എന്നിവിടങ്ങളിലേക്ക് അയച്ചു കൊടുത്തു. ഒരു പ്രതി ഖലീഫയുടെ അടുത്ത് സൂക്ഷിച്ചു. ഈ പ്രതി 'മുസ്ഹഫുൽ ഇമാം എന്ന പേരിൽ അറിയപ്പെടുന്നു. വിവിധ പ്രവിശ്യകളിലേക്ക് അയക്കപ്പെട്ട പ്രതികൾ അവലംബമാക്കിയാണ് പിന്നീട് ഖുർആൻ പാരായണം നിർവഹിക്കപ്പെട്ടത്. ഖുർആൻ പകർത്തെഴുത്ത് കഴിഞ്ഞപ്പോൾ കുറ്റമറ്റ കോപ്പികളല്ലാത്ത എല്ലാ ഒറ്റപ്പെട്ട രേഖകളും നശിപ്പിച്ചു. സ്വഹാബികൾ അതിന് സാക്ഷികളായിരുന്നു. ഖുർആനിന്റെ സംരക്ഷണത്തിനായി അദ്ദേഹം ചെയ്ത ഈ സദുദ്യമം സർവസമ്മതമായി അവർ അംഗീകരിച്ചു (ഫത്ഹുൽ ബാരി).

Jauzal CP 










 

Post a Comment

Previous Post Next Post