ഖുർആനിലെ പദപ്രയോഗങ്ങളുടെ കൃത്യതയും ശാസ്ത്രീയതയും - പാർട്ട് 10.
_________________________________________
ഭൂമിയുടെ അന്തരീക്ഷം യഥാർത്ഥത്തിൽ വലിയ ഒരു സുരക്ഷാ കവചം തന്നെയാണ്. സ്പേസിൽ നിന്ന് വരുന്ന ഒരു പാട് ഉപദ്രവങ്ങളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന ഭൂമിയുടെ മേൽക്കൂര തന്നെയാണ് നമ്മുടെ അന്തരീക്ഷം. ഈ അന്തരീക്ഷം ഇല്ലായിരുന്നുവെങ്കിൽ ഭൂമിയിൽ ജീവൻ നിലനിൽക്കില്ല. മറ്റ് ഗ്രഹങ്ങളിൽ ഒന്നും ഭൂമിയെ പോലെ ഒരു ഒരു ജൈവ വ്യവസ്ഥിതി ഇല്ലാതിരിക്കാൻ കാരണം ഭൂമിയുടെ അന്തരീക്ഷം പോലെ ഒരു അന്തരീക്ഷം മറ്റു ഗ്രഹങ്ങൾക്ക് ഒന്നും ഇല്ലാത്തത് കൊണ്ട് കൂടിയാണ്. ഒരു വീടിനകത്തെ ആളുകളെ വീടിൻറെ മേൽക്കൂര വെയിലിൽ നിന്നും മഴയിൽ നിന്നും മറ്റുള്ള എല്ലാ തരത്തിലുള്ള ഉപദ്രവങ്ങളിൽ നിന്നും സംരക്ഷിക്കുന്ന പോലെ അന്തരീക്ഷം ഭൂമിയെ മുകളിൽ നിന്ന് ഭൂമിയിലേക്ക് വരുന്ന ഒരു പാട് നാശകാരണങ്ങളെ തടയുകയും സംരക്ഷിക്കുകയും ചെയ്യുന്നു.
ഒരു ദിവസം ചെറുതും വലുതുമായി രണ്ടരക്കോടി ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ വന്നിടിക്കുന്നുണ്ട് എന്നാണ് ശാസ്ത്രം കരുതുന്നത്. നാസയുടെ കണക്കനുസരിച്ച് ഒരു ദിവസം 100 ടണ്ണിലധികം കിലോഗ്രാം വസ്തുക്കളാണ് ഭൂമിയുടെ അന്തരീക്ഷത്തിൽ എത്തുന്നത്. മണിക്കൂറിൽ ഒരു ലക്ഷത്തിലധികം കിലോമീറ്റർ വേഗതയിലാണ് ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഇടിച്ചു ഇറങ്ങുന്നത്. അന്തരീക്ഷ വായുവും ആയുള്ള ഘർഷണത്തിൻറെ ഫലമായി ഇതിന് തീപിടിക്കുകയും അന്തരീക്ഷത്തിൽ വച്ച് തന്നെ കത്തി പൂർണ്ണമായും നശിക്കുകയും ചെയ്യുന്നു. ഒരു ദിവസം ഭൂമിയുടെ അന്തരീക്ഷത്തിലെത്തുന്ന രണ്ടരക്കോടി ഉൽക്കകളിൽ പൂർണമായി കത്തിനശിക്കാത്ത 17 ഓളം ചെറിയ പാറക്കഷണങ്ങൾ ഭൂമിയിൽ എത്താമെന്നും ശാസ്ത്രം കണക്കുകൂട്ടുന്നു.
ഇതുപോലെ തന്നെ ഭൂമിയെ സംരക്ഷിക്കുന്ന അന്തരീക്ഷത്തിൽ പെട്ട ഒരു പ്രധാന സംരക്ഷണ കവചമാണ് ഓസോൺ പാളി. സൂര്യനിൽനിന്ന് വരുന്ന ആൾട്രാവയലറ്റ് രശ്മികൾ 99 ശതമാനം വരെ ഈ ഓസോൺപാളി ആഗിരണം ചെയ്യുന്നു. ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിന് ഇത് അത്യന്താപേക്ഷിതമാണ്. അൾട്രാവയലറ്റ് രശ്മികൾ അതേപടി ഭൂമിയിൽ എത്തുകയാണെങ്കിൽ ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പ് തന്നെ അസാധ്യമാവും.
ഭൗമോപരിതലത്തിലെ ഊഷ്മാവ് നിശ്ചിത അളവുകൾക്കുള്ളിൽ നിയന്ത്രിച്ചു നിർത്തുന്നതിലും അന്തരീക്ഷത്തിന് വളരെ വലിയ പങ്കുണ്ട്. അന്തരീക്ഷം ഇല്ലായിരുന്നു എങ്കിൽ പകൽ അതിശക്തമായ ചൂടും രാത്രി ശക്തമായ തണുപ്പ് ആയിരിക്കും ഭൂമിയിൽ അനുഭവപ്പെടുക. അപ്പോഴും ജീവിതം അസാധ്യമായിരിക്കും.
അന്തരീക്ഷ വായുവിലെ ഓക്സിജൻ ആണ് പ്രാണവായു. അന്തരീക്ഷം ഇല്ലായെങ്കിൽ നമുക്ക് നിലനിൽപ്പില്ല എന്ന് പറയേണ്ടല്ലോ. മേഘങ്ങൾ നമുക്ക് മഴ വർഷിക്കുന്നതും അന്തരീക്ഷത്തിൽനിന്ന് തന്നെയാണ്. ഇങ്ങനെ അന്തരീക്ഷം എല്ലാ അർത്ഥത്തിലും ഭൂമിയെ സംരക്ഷിച്ചു നിർത്തുന്ന ഒരു സുരക്ഷാകവചം ആയി നിലകൊള്ളുന്നു. വിശുദ്ധ ഖുർആൻ പറഞ്ഞത് എത്ര സത്യം.
وَجَعَلْنَا ٱلسَّمَآءَ سَقْفًۭا مَّحْفُوظًۭا ۖ وَهُمْ عَنْ ءَايَٰتِهَا مُعْرِضُونَ
ആകാശത്തെ നാം സംരക്ഷിതമായ ഒരു മേല്‍പുരയാക്കിയിട്ടുമുണ്ട്. അവരാകട്ടെ അതിലെ ( ആകാശത്തിലെ ) ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു. (21 Al-Anbiya': 32).
Post a Comment