ആകാശത്തിൽ മുകളിലേക്ക് കയറിപ്പോകുന്നവന് അനുഭവപ്പെടുന്ന നെഞ്ചിലെ ഇടുക്കം.

ഖുർആനിലെ പദപ്രയോഗങ്ങളുടെ കൃത്യതയും ശാസ്ത്രീയതയും - പാർട്ട് 9. 
_________________________________________

മനുഷ്യന് ദൈവവിശ്വാസവും സന്മാർഗവും ദുർമാർഗവും വേർതിരിച്ച് കാണിച്ചുതരാനും മരണാനന്തര നിത്യജീവിതത്തെക്കുറിച്ച് അറിയിച്ചു തരാനും പ്രപഞ്ച സ്രഷ്ടാവായ അള്ളാഹു പ്രവാചകന്മാരെ അയക്കുകയും വേദഗ്രന്ഥങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. അന്ത്യപ്രവാചകനായ മുഹമ്മദ് നബിയിലൂടെ ലോകത്താകമാനം ജനങ്ങൾക്ക് മാർഗദർശനം നൽകാൻ ആയി വിശുദ്ധഖുർആനും അള്ളാഹു അവതരിപ്പിച്ചിട്ടുണ്ട്. സന്മാർഗവും ദുർ മാർഗ്ഗവും കൃത്യമായി വെളിവായാലും അഹങ്കാരം മൂലം അതിനെ നിഷേധിക്കുകയും പിന്തിരിഞ്ഞ് മാറികളയുകയും ചെയ്യുന്ന ആളുകളെ പറ്റി വിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട്

വിശുദ്ധ ഖുർആൻ ആറാം അധ്യായം സൂറത്തുൽ അൻആം 125 ആം വചനത്തിൽ അല്ലാഹു പറയുന്നു.

فَمَن يُرِدِ ٱللَّهُ أَن يَهْدِيَهُۥ يَشْرَحْ صَدْرَهُۥ لِلْإِسْلَٰمِ ۖ وَمَن يُرِدْ أَن يُضِلَّهُۥ يَجْعَلْ صَدْرَهُۥ ضَيِّقًا حَرَجًۭا كَأَنَّمَا يَصَّعَّدُ فِى ٱلسَّمَآءِ ۚ كَذَٰلِكَ يَجْعَلُ ٱللَّهُ ٱلرِّجْسَ عَلَى ٱلَّذِينَ لَا يُؤْمِنُونَ
ഏതൊരാളെ നേര്‍വഴിയിലേക്ക്‌ നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇസ്ലാമിലേക്ക്‌ അവന്‍ തുറന്നുകൊടുക്കുന്നതാണ്‌. ഏതൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്‍റെ നെഞ്ചിനെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്‌. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നത്‌ പോലെ. വിശ്വസിക്കാത്തവരുടെ മേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നു.
(Surat:6, Verse:125).

സത്യനിഷേധികളായ ആളുകളെ ഉപമിക്കുമ്പോൾ അള്ളാഹു ഇവിടെ പ്രസ്താവിച്ചത് " അവന്‍റെ നെഞ്ചിനെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്‌. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നത്‌ പോലെ " എന്നാണ്. 
എന്താണ് ഈ പറഞ്ഞതിൻറെ ഉദ്ദേശ്യം എന്ന് നമുക്ക് പരിശോധിച്ച് നോക്കാം. 

ഒരു മനുഷ്യൻ മുകളിലേക്ക് കയറി പോവുകയാണെങ്കിൽ എന്തൊക്കെ മാറ്റങ്ങളാണ് അവൻറെ ശരീരത്തിൽ ഉണ്ടാകുന്നത് എന്ന് നമുക്ക് നോക്കാം. 
മുകളിലേക്ക് കയറി പോകുന്നതിനനുസരിച്ച് വായുവിലെ ഓക്സിജന്റെ അളവും അന്തരീക്ഷ മർദ്ദവും കുറഞ്ഞു കൊണ്ടിരിക്കും. ഇതിൻറെ ഫലമായി പല തരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടും. Altitude sickness എന്നാണ് ഇത് അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നും 2500 മീറ്റർ മുകളിലേക്ക് പോകുന്ന ആളുകളിൽ 20 ശതമാനത്തിനും, 3000 മീറ്റർ മുകളിലേക്ക് പോകുന്ന ആളുകളിൽ 40 ശതമാനത്തിനും ഇത് അനുഭവപ്പെടും. പർവ്വതാരോഹകരും മറ്റും ആണ് ഇത് അനുഭവിക്കുന്നത്. തലവേദന , മനംപിരട്ടൽ, ശ്വാസംമുട്ട് എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഓരോന്ന് ആയി അനുഭവപ്പെടാൻ തുടങ്ങും. വീണ്ടും ഉയരങ്ങളിലേക്ക് പോകുമ്പോൾ സ്ഥിതി കൂടുതൽ ഗുരുതരമാകുന്നു. 


ഇത്തരത്തിലുള്ള ഗുരുതരാവസ്ഥ ആണ് high altitude pulmonary edema (HAPE) എന്ന മെഡിക്കൽ കണ്ടീഷൻ. ഉയരങ്ങളിലേക്ക് കയറി പോകുന്ന ഒരാൾ അനുഭവിക്കുന്ന പ്രശ്നമാണിത്. ശ്വാസകോശങ്ങളിൽ നീര് വന്ന് നിറയുകയും കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. നെഞ്ചിന് കുടുസ്സത  അനുഭവപ്പെടൽ chest tightness, ചുമ , ശ്വാസതടസ്സം, ശക്തമായ ക്ഷീണം എന്നിവയാണ് ഇതിൻറെ 4 ലക്ഷണങ്ങൾ . ഉയരങ്ങളിലേക്ക് സഞ്ചരിക്കുന്ന ആളുകളിൽ ഈ നാലു ലക്ഷണങ്ങളിൽ രണ്ടെണ്ണം എങ്കിലും ഉണ്ടെങ്കിൽ അവർക്ക് high altitude pulmonary edema (HAPE) എന്ന അവസ്ഥ സ്ഥിരീകരിക്കാവുന്നതാണ്. എത്രയും പെട്ടെന്ന് തന്നെ ഈ ആളുകൾക്ക് മെഡിക്കൽ സഹായങ്ങൾ ലഭിച്ചില്ലെങ്കിൽ ഇത് മരണത്തിന് കാരണമായേക്കും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഈ പ്രതിഭാസത്തിനെ കുറിച്ച് പൂർണ്ണമായ  ശാസ്ത്രീയ വിശദീകരണങ്ങൾ നമുക്ക് അറിയില്ലെങ്കിലും പൊതുവിൽ വിശ്വസിക്കപ്പെടുന്ന കാരണങ്ങൾ താഴെ ഒരു ഫ്ലോ ചാർട്ട് രൂപത്തിൽ കൊടുക്കുന്നുണ്ട്. 


പർവ്വതാരോഹകർ ആയ ചില ആളുകൾ പെട്ടെന്ന് ശ്വാസംമുട്ട് വന്ന് മരിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ നിരീക്ഷിക്കപ്പെട്ടിരുന്നു എങ്കിലും ഇങ്ങനെ ഒരു കണ്ടീഷൻ ആദ്യമായി കൃത്യമായി രേഖപ്പെടുത്തുന്നത് 1960 ൽ Charles Houston എന്ന ഡോക്ടറാണ്. വിശദവിവരങ്ങൾക്ക് വിക്കിപീഡിയ നോക്കാവുന്നതാണ്. 

വിശുദ്ധ ഖുർആനിലെ പ്രസ്താവനകൾ ശാസ്ത്രീയമായി എത്രമാത്രം കൃത്യമാണെന്ന് നോക്കൂ. ആകാശത്തേക്ക് കയറിപ്പോകുന്നവൻറെ നെഞ്ചിൽ ഇടുക്കം  chest tightness ഉണ്ടാകുമെന്ന് എത്ര കൃത്യമായാണ് ഖുർആൻ പ്രതിപാദിച്ചത് എന്ന് നോക്കൂ. പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് എങ്ങനെയാണ് മുഹമ്മദ് നബിക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിവ് ഉണ്ടാവുക! വിശുദ്ധ ഖുർആൻ മനുഷ്യ വചനങ്ങളെല്ലാം നമ്മെ സൃഷ്ടിച്ച സൃഷ്ടാവിനെ വചനങ്ങളാണ് എന്ന് ബോധ്യപ്പെടുത്തുന്നു ഇത്തരം പദപ്രയോഗങ്ങൾ. "അവന്‍റെ നെഞ്ചിനെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്‌. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നത്‌ പോലെ " . 

വാൽക്കഷണം : അറേബ്യയിൽ 3000 മീറ്ററിന് മുകളിൽ ഉയരമുള്ള ഒറ്റ പർവ്വതം പോലും ഇല്ല എന്നുള്ളത് ഓർക്കണം. അന്നത്തെ കാലത്ത് ഇക്കാര്യങ്ങൾ മുഹമ്മദ് നബിക്ക് അറിവ് ഉണ്ടാകാൻ ഒരു സാധ്യതയുമില്ല. ഇതെല്ലാം യാദൃശ്ചികം ആണോ എന്നതിൽ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. അല്ലാത്തവർക്ക് ഈ ആയത്തിൽ പറഞ്ഞത് പോലെയുള്ള അവസ്ഥയുമുണ്ട്.
 
"ഏതൊരാളെ നേര്‍വഴിയിലേക്ക്‌ നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇസ്ലാമിലേക്ക്‌ അവന്‍ തുറന്നുകൊടുക്കുന്നതാണ്‌. ഏതൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്‍റെ നെഞ്ചിനെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്‌. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നത്‌ പോലെ. വിശ്വസിക്കാത്തവരുടെ മേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നു.
(Surat:6, Verse:125).

Post a Comment

Previous Post Next Post