ഖുർആനിലെ പദപ്രയോഗങ്ങളുടെ കൃത്യതയും ശാസ്ത്രീയതയും - പാർട്ട് 5.
_________________________________________
വിശുദ്ധ ഖുർആൻ 75 ആം അധ്യായം സൂറത്തുൽ ഖിയാമ 3-4 വചനങ്ങളിൽ അല്ലാഹു പറയുന്നു
أَيَحْسَبُ ٱلْإِنسَٰنُ أَلَّن نَّجْمَعَ عِظَامَهُۥ
മനുഷ്യന് വിചാരിക്കുന്നുണ്ടോ; നാം അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്?
بَلَىٰ قَٰدِرِينَ عَلَىٰٓ أَن نُّسَوِّىَ بَنَانَهُۥ
അതെ, നാം അവന്റെ വിരല്ത്തുമ്പുകളെ പോലും ശരിപ്പെടുത്താന് കഴിവുള്ളവനായിരിക്കെ. (75 Al-Qiyamah: 3 -4)
മരണാനന്തര ജീവിതത്തെക്കുറിച്ച് പ്രസ്താവിക്കുമ്പോൾ അല്ലാഹു ഉണർത്തുന്നു , മനുഷ്യരെ പുനർജ്ജീവിപ്പിക്കാൻ അല്ലാഹുവിന് യാതൊരുവിധ പ്രയാസവുമില്ല. ജീവിച്ചിരിക്കുമ്പോൾ ഉണ്ടായിരുന്ന അതേ രൂപത്തിൽ മനുഷ്യൻറെ വിരൽതുമ്പുകൾ പോലും കൃത്യമായി പരലോകത്ത് പുനർനിർമ്മിക്കപ്പെടും എന്ന്. നശിച്ചുപോയ എല്ലുകൾ വരെ വീണ്ടും പുനഃസൃഷ്ടിച്ച് മനുഷ്യനെ സൃഷ്ടിക്കുമെന്ന് പറഞ്ഞതിന് ശേഷം സ്പെസിഫിക് ആയി വിരൽതുമ്പുകൾ വരെ കൃത്യമായി സൃഷ്ടിക്കും എന്ന് പറഞ്ഞത് നോക്കൂ.
ലോകത്ത് ഇതുവരെ ജീവിച്ചു മരിച്ചു പോയ കോടാനുകോടി മനുഷ്യരുടെ ഓരോരുത്തരുടെയും വിരൽത്തുമ്പുകൾ വ്യത്യസ്തമാണ് എന്ന കാര്യം ഇന്ന് പ്രത്യേകിച്ച് ആരെയും പുതുതായി പഠിപ്പിക്കേണ്ടതില്ലല്ലോ. സ്മാർട്ട്ഫോണുകൾ ഫിംഗർ പ്രിൻറ് വെച്ച് തുറക്കുന്ന കാലത്താണല്ലോ നാം ജീവിക്കുന്നത്.
മാതാവിന്റെ വയറ്റിലുള്ള ശിശുവിനു 3 മാസം പ്രായമെത്തുന്നതൊടെ വിരലുകൾ രൂപം കൊള്ളുന്നു. അവയിൽ അടയാളങ്ങൾ രൂപം കൊള്ളുകയും ചെയ്യുന്നു. പിന്നെ മരണം വരെയും അതിനു യാതൊരു മാറ്റവും ഉണ്ടാവുകയില്ല. കാണാൻ ഒരു പോലെ ഉള്ള ഇരട്ടകളുടെ പോലും വിരലടയാളങ്ങൾ വ്യത്യസ്തമായിരിക്കും. മരിച്ചു കഴിഞ്ഞും തൊലി നശിക്കും വരെ അടയാളം മായുകയില്ല. അതുനോക്കി ആളുകളെ തിരിച്ചറിയുകയും ചെയ്യാം. ശസ്ത്രക്രിയയിലൂടെ വിരലടയാളം മായിച്ചുകളയാൻ പറ്റില്ല. അവയ്ക്കു എത്ര തേയ്മാനം വന്നാലും ശരീരം അതു നേരേയാക്കും.
പുരാതന ബാബിലോണിയൻ, ഈജിപ്ഷ്യൻ, ചൈനീസ് , ഗ്രീക്ക് ചരിത്ര അവശിഷ്ടങ്ങളിൽ പലതിലും പല ഫിംഗർ പ്രിൻറ്കളും കണ്ടിടുത്തിട്ടുണ്ടെങ്കിലും എല്ലാ മനുഷ്യർക്കും വ്യത്യസ്ത തരത്തിലുള്ള ഫിംഗർ പ്രിൻറുകളാണ് ഉണ്ടായിരുന്നതെന്ന വിവരം അന്നത്തെ ആളുകൾക്ക് ഉണ്ടായിരുന്നു എന്ന് പറയാൻ യാതൊരു തെളിവും കാണുന്നില്ല. എഴുതപ്പെട്ട ചരിത്രത്തിൽ ഒന്നും അത്തരം കാര്യങ്ങൾ പ്രാചീന കാലത്ത് ആളുകൾ മനസ്സിലാക്കി വന്നതായി രേഖപ്പെടുത്തിയിട്ടില്ല. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ച റഷീദുദ്ദീൻ ഹമദാനി എന്ന ഭിഷഗ്വരൻ അദ്ദേഹത്തിൻറെ ജാമിഉത്തവാരിഖ് എന്ന ഗ്രന്ഥത്തിൽ "അനുഭവങ്ങൾ സൂചിപ്പിക്കുന്നത് 2 ആളുകൾക്ക് ഒരേ തരത്തിലുള്ള വിരലടയാളങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല എന്നാണ് " എന്ന് രേഖപ്പെടുത്തിയത് കാണാം. പതിനേഴാം നൂറ്റാണ്ടിലും 18 ആം നൂറ്റാണ്ടിലും യൂറോപ്പിലെ വിവിധ ശാസ്ത്രജ്ഞൻമാർ വിരലടയാളങ്ങളെ പറ്റി കൂടുതൽ പഠിച്ചിരുന്നത് ആയും വ്യക്തികളുടെ വിരലടയാളങ്ങൾ വ്യത്യസ്തങ്ങളാണ് എന്ന് അഭിപ്രായപ്പെട്ടതായും കാണാം.
ബ്രിട്ടീഷ് ഇന്ത്യയിലെ ഹൂഗ്ലിയിലെ മുഖ്യന്യായാധിപനായിരുന്ന സർ വില്ലിയം ഹേർഷൽ ആണ് വിരലടയാളം ആദ്യമായി (1858) തെളിവിനായി ഉപയോഗിച്ചത്. പിന്നീട് സർ ഫ്രാൻസിസ് ഗാൾട്ടൻ (1888) വിരലടയാളം ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിൽ വിജയിച്ചു.1901മുതൽ സർ എഡ്വേഡ് ഹെൻറി വികസിപ്പിച്ച രീതി ഉപയോഗിച്ച് സ്കോട്ട്ലാന്റ് യാഡ് കുറ്റവാളികളെ തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹം വിരലടയാലങ്ങളിലെ പാറ്റേണുകളെ പലതായി തരം തിരിച്ചിരുന്നു.
ലോകത്തുള്ള ഓരോ വ്യക്തിയുടെയും വിരലടയാളങ്ങൾ വ്യത്യസ്തമാണ് എന്ന കാര്യം ശാസ്ത്ര ലോകം കൃത്യമായി തിരിച്ചറിഞ്ഞിട്ടു രണ്ടു നൂറ്റാണ്ടുകൾ പോലും ആയിട്ടില്ല എന്ന് കാണാം. 14 നൂറ്റാണ്ടുകൾക്കുമുമ്പ് അവതരിക്കപ്പെട്ട വിശുദ്ധ ഖുർആനിൽ, മനുഷ്യശരീരത്തിലെ നൂറുകണക്കിന് ഭാഗങ്ങളിൽ വച്ച് നിസ്സാരമെന്ന് കരുതാവുന്ന മനുഷ്യശരീരത്തിലെ വിരൽതുമ്പ് പോലും കൃത്യമായി പുനസൃഷ്ടിക്കും എന്ന കാര്യം എന്തുകൊണ്ട് പ്രത്യേകമായി ആയി എടുത്തുപറഞ്ഞു എന്നതിൽ ചിന്തിക്കുന്നവർക്ക് തീർച്ചയായും ദൃഷ്ടാന്തമുണ്ട്. ഓരോ മനുഷ്യനെയും അവൻറെ വിരൽതുമ്പുകൾ പോലും വളരെ കൃത്യമായി പരലോകത്ത് അത് പോലെ പുനസ്സൃഷ്ടിക്കും എന്ന ഖുർആനിന്റെ പ്രസ്താവനയിൽ തന്നെ ഓരോ മനുഷ്യന്റെയും വിരലടയാളങ്ങൾ വ്യത്യസ്തങ്ങളാണ് എന്ന കൃത്യമായ സൂചന ഉണ്ട്.
വിരൽതുമ്പുകളുടെ മറ്റൊരു വലിയ സവിശേഷത, നാം കൈവിരലുകൾ നിവർത്തി വെക്കുമ്പോൾ വിരലുകളുടെ വലുപ്പങ്ങൾ വ്യത്യാസമുണ്ട് എങ്കിലും വിരലുകൾ മടക്കുമ്പോൾ എല്ലാം ഒരേ നിരയിൽ വരുന്നു എന്നതാണ്.കൈയിലെ ജോയിൻറുകളുടെ ഈയൊരു സവിശേഷത കൊണ്ടാണ് നമുക്ക് ചെറിയ സാധനങ്ങൾ പിടിക്കുവാനും , എഴുതുവാനും , കൈകൊണ്ടുള്ള സൂക്ഷ്മമായ മറ്റു പണികളൊക്കെ ചെയ്യുവാനും കഴിയുന്നത്. അത്യന്തം അത്ഭുതകരമായ ഒരു ഡിസൈനാണ് ഇത് എന്നു നിസ്സംശയം പറയാം. കൈയിലെ വിരൽതുമ്പുകൾ ഒക്കെ അതേപടി പരലോകത്ത് സൃഷ്ടിക്കപ്പെടും എന്ന വചനം ഈ സൃഷ്ടി മാഹാത്മ്യം കൂടി ഓർമ്മപ്പെടുത്തുന്നു.
ഖുർആൻ മനുഷ്യ വചനങ്ങളല്ല നമ്മെ സൃഷ്ടിച്ച സൃഷ്ടാവിന്റെ വചനങ്ങളാണ് എന്ന് കൃത്യമായി ബോധ്യപ്പെടുത്തുന്ന ഒട്ടനേകം തെളിവുകളിൽ ഒന്നു മാത്രമാണ് ഇതും.
Post a Comment