തൊലിയും വേദനയും തമ്മിലുള്ള ബന്ധം കൃത്യമായി ഖുർആനിൽ പരാമർശിക്കുന്നു.

ഖുർആനിലെ പദപ്രയോഗങ്ങളുടെ കൃത്യതയും ശാസ്ത്രീയതയും - പാർട്ട് 4. 
_________________________________________

വിശുദ്ധ ഖുർആൻ നാലാം അധ്യായം സൂറത്തുന്നിസാ' 56 ആം വചനത്തിൽ ഇങ്ങനെ പറയുന്നു.

إِنَّ ٱلَّذِينَ كَفَرُوا۟ بِـَٔايَٰتِنَا سَوْفَ نُصْلِيهِمْ نَارًۭا كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَٰهُمْ جُلُودًا غَيْرَهَا لِيَذُوقُوا۟ ٱلْعَذَابَ ۗ إِنَّ ٱللَّهَ كَانَ عَزِيزًا حَكِيمًۭا
തീര്‍ച്ചയായും നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം നരകത്തിലിട്ട്‌ കരിക്കുന്നതാണ്‌. അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക്‌ നാം വേറെ തൊലികള്‍ മാറ്റികൊടുക്കുന്നതാണ്‌. അവര്‍ ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാന്‍ വേണ്ടിയാണത്‌. തീര്‍ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു.
(Surat:4, Verse:56)

ഇവിടെ വിശുദ്ധ ഖുർആൻ നരകവാസികളുടെ ശിക്ഷ വിശദീകരിക്കുമ്പോൾ പ്രസ്താവിക്കുന്നത് "അവരുടെ തൊലികള്‍ വെന്തു പോകുമ്പോഴെല്ലാം അവര്‍ക്ക്‌ നാം വേറെ തൊലികള്‍ മാറ്റികൊടുക്കുന്നതാണ്‌. അവര്‍ ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാന്‍ വേണ്ടിയാണത്‌." എന്നാണ്. എന്താണ് ഈ പ്രസ്താവനയുടെ ഉദ്ദേശ്യം നമുക്ക് പരിശോധിക്കാം. 

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ആണ് ചർമ്മം അഥവാ തൊലി - skin. വിവിധ തരത്തിലുള്ള സംവേദനങ്ങൾ തിരിച്ചറിയാനുള്ള ക്ഷമത തൊലിക്കുണ്ട്. തൊലിക്ക് അകത്തുള്ള പ്രത്യേക തരത്തിലുള്ള നാഡീതന്തുക്കൾ - receptor nerve endings - ആണ് ചർമ്മത്തിന് സംവേദനക്ഷമത നൽകുന്നത്. 
സ്പർശനം തിരിച്ചറിയുന്നതിനുള്ള Meissners, Merkels corpuscles etc. ചൂട് തിരിച്ചറിയാനുള്ള പ്രത്യേകതരം റിസപ്റ്ററുകൾ, വേദന തിരിച്ചറിയാനുള്ള പ്രത്യേകതരം നാഡീതന്തുക്കൾ nerve endings എന്നിങ്ങനെ പല തരത്തിലുള്ള സംവേദനങ്ങൾ തിരിച്ചറിയുന്ന റിസപ്റ്ററുകൾ നമ്മുടെ തൊലിക്ക് അകത്തുണ്ട്. അതുകൊണ്ടാണ് നമുക്ക് സ്പർശനവും ചൂടും വേദനയുമൊക്കെ അനുഭവിക്കാൻ കഴിയുന്നത്. 


പൊള്ളൽ ഏൽക്കുന്ന വ്യക്തിക്ക് വേദന അനുഭവപ്പെടുന്നത് തൊലി എത്ര മാത്രം ആഴത്തിൽ പൊളളിയിട്ടുണ്ട് എന്നതിൻറെ അടിസ്ഥാനത്തിലാണ്.വൈദ്യശാസ്ത്രത്തിൽ Degree of Burns എന്നാണ് ഇത് അറിയപ്പെടുന്നത്. പൊള്ളലിന്റെ ആഴം നോക്കി 4 ഡിഗ്രികൾ ആക്കിയാണ് പൊള്ളലേറ്റ രോഗികളെ തരംതിരിക്കുന്നത്. 

1. First degree burns. തൊലിയുടെ ഉപരിതലത്തിലെ എപ്പിഡെർമിസ് മാത്രം പൊള്ളുന്നതാണ് ഇത്. പൊള്ളലേറ്റ ഭാഗം  ചുവന്നിരിക്കും കുമിളകൾ ഉണ്ടാവില്ല. ഫസ്റ്റ് ഡിഗ്രി പൊള്ളലിൽ വേദന ഉണ്ടാവും. 

2. Second degree burns. തൊലിയുടെ ഉപരിതലത്തിലെ എപ്പിഡെർമിസ് പൂർണ്ണമായും , ഉള്ളിലെ ഡെർമിസ് ഭാഗികമായും പൊള്ളുന്നതാണ് ഇത്. പൊള്ളലേറ്റ ഭാഗങ്ങളിൽ കുമിളകൾ ഉണ്ടാകും. അതിശക്തമായ വേദന അനുഭവപ്പെടും

3. Third degree burns. തൊലിയുടെ മുഴുവൻ ആഴത്തിലും പൊള്ളുന്നതാണ് ഇത്. എപ്പിഡെർമിസും ഡെർമിസും മുഴുവനായി വെന്തു പോകുന്നു. അത്ഭുതകരമായ വസ്തുത എന്തെന്നാൽ ഇത്തരം പൊള്ളലിൽ ആൽപ്പം പോലും വേദന ഉണ്ടാവുകയില്ല എന്നതാണ്. മുകളിൽ പ്രസ്താവിച്ച ; തൊലിക്ക് അകത്തുള്ള ഉള്ള വേദന തിരിച്ചറിയുവാനുള്ള ഉള്ള നാഡീതന്തുക്കൾ മുഴുവൻ പൊള്ളലേറ്റ് നശിച്ചു പോകുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നാഡീതന്തുക്കൾ വെന്തു നശിച്ചു പോയാൽ പിന്നെ ആ വ്യക്തിക്ക് ഒട്ടും വേദന അനുഭവപ്പെടുകയില്ല. പൊള്ളലിൻറെ ആഴം കൂടുന്നതിനനുസരിച്ച് വേദന കൂടുതൽ അനുഭവപ്പെടേണ്ടേ എന്നായിരിക്കും സാധാരണക്കാരൻ ഒരുപക്ഷേ ചിന്തിക്കുന്നത്, എന്നാൽ ഇതിനു തികച്ചും വിപരീതമായി തൊലി മുഴുവൻ ആഴത്തിൽ പൊള്ളി കഴിഞ്ഞാൽ ആ വ്യക്തിക്ക് അൽപം പോലും വേദന  ഉണ്ടാവുകയില്ല എന്നതാണ് യാഥാർത്ഥ്യം. 

4. 4th degree burns. വളരെ ആഴത്തിലുള്ള പൊള്ളൽ ആണ് ഇവ. തൊലിക്കടിയിൽ ഉള്ള കൊഴുപ്പും മസിലും എല്ലുമൊക്കെ കരിയുന്ന അവസ്ഥയാണിത്. ഇത്തരത്തിൽ ആഴത്തിലുള്ള പൊള്ളലേറ്റ വ്യക്തികൾക്കും അൽപംപോലും വേദന ഉണ്ടാവുകയില്ല. കാരണം വേദന തിരിച്ചറിയാനുള്ള തൊലിക്ക് അകത്തുള്ള നാഡീതന്തുക്കൾ മുഴുവൻ നശിച്ചു കഴിഞ്ഞാൽ പിന്നെ വേദന എന്ന ഒരു അനുഭവം ഇല്ല. 


ഇനി നമുക്ക് വിശുദ്ധ ഖുർആൻ പ്രസ്താവിച്ചത് ഒന്നുകൂടി ആവർത്തിച്ചു വായിച്ചു നോക്കാം. "അവരുടെ തൊലികള്‍ വെന്തു പോകുമ്പോഴെല്ലാം അവര്‍ക്ക്‌ നാം വേറെ തൊലികള്‍ മാറ്റികൊടുക്കുന്നതാണ്‌. അവര്‍ ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാന്‍ വേണ്ടിയാണത്‌." 

ഇവിടെ ഖുർആൻ പറയുന്നത് നരകത്തിൽ തീയിൽ അകപ്പെട്ട ആളുകളുടെ തൊലികൾ മുഴുവൻ ആയി വെന്തു പോകുന്നതിനു മുമ്പായി തന്നെ അവർക്ക് പുതിയ തൊലികൾ മാറ്റി കൊടുക്കുന്നു എന്നാണ്. ഈ തൊലി മുഴുവൻ വെന്തു പോകുന്നതിനു മുമ്പായി അടുത്ത പുതിയ തൊലികൾ നൽകപ്പെടുന്നു. അങ്ങനെ ഇത് ആവർത്തിച്ചു കൊണ്ടേയിരിക്കും. പാപികൾ ശിക്ഷ ആസ്വദിക്കാൻ വേണ്ടി ആണ് ഇപ്രകാരം ചെയ്യുന്നത് എന്നാണ് ഖുർആൻ പ്രസ്താവിച്ചത്. തൊലി ഭാഗികമായി പൊള്ളലേറ്റാൽ മാത്രമേ വേദന അനുഭവപ്പെടൂ എന്നും തൊലി മുഴുവൻ ആയി വെന്തു പോയാൽ ആൾക്ക് വേദന അനുഭവപ്പെടുകയേ ഇല്ല എന്നുമുള്ള ശാസ്ത്രീയ അറിവിനോട് കൃത്യമായി ചേർന്നു പോകുന്നതാണ് ഖുർആൻ വചനം. 

സാധാരണ ഗതിയിൽ ഇത്തരം അറിവുകൾ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കു മാത്രമേ അറിയാൻ സാധ്യതയുള്ളൂ. എങ്ങനെയാണ് 14 നൂറ്റാണ്ടുകൾക്ക് മുമ്പ് മുഹമ്മദ് നബിക്ക് ഇത്തരം കാര്യങ്ങൾ അറിവ് ഉണ്ടാവുക? ഖുർആൻ മനുഷ്യ വചനങ്ങളല്ല ; ദൈവിക വചനങ്ങളാണ് എന്ന് വെളിവാക്കുന്ന ഒട്ടനേകം തെളിവുകളിൽ ഒന്നു മാത്രമാണിത്.

Post a Comment

Previous Post Next Post