വീടുണ്ടാക്കുന്ന പെൺ ചിലന്തി !

ഖുർആനിലെ പദപ്രയോഗങ്ങളുടെ കൃത്യതയും ശാസ്ത്രീയതയും - പാർട്ട് 7. 
_________________________________________

വിശുദ്ധ ഖുർആൻ 29 ആം അധ്യായം സൂറത്ത് അൻകബൂത്ത് നാല്പത്തിയൊന്നാം വചനത്തിൽ അല്ലാഹുവിനു പുറമേ മറ്റു രക്ഷാധികാരികളെ സ്വീകരിച്ചവരെ ദുർബലമായ വീട് ഉണ്ടാക്കുന്ന ഒരു എട്ടുകാലിയോട് ഉപമിക്കുന്നത് കാണുക.

مَثَلُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ أَوْلِيَآءَ كَمَثَلِ ٱلْعَنكَبُوتِ ٱتَّخَذَتْ بَيْتًۭا ۖ وَإِنَّ أَوْهَنَ ٱلْبُيُوتِ لَبَيْتُ ٱلْعَنكَبُوتِ ۖ لَوْ كَانُوا۟ يَعْلَمُونَ
അല്ലാഹുവിന്‌ പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത്‌ പോലെയാകുന്നു. അത്‌ ഒരു വീടുണ്ടാക്കി. വീടുകളില്‍ വെച്ച്‌ ഏറ്റവും ദുര്‍ബലമായത്‌ എട്ടുകാലിയുടെ വീട്‌ തന്നെ. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍!
(Surat:29, Verse:41)

എട്ടുകാലി വീടുണ്ടാക്കി എന്ന് പറയാൻ ഇവിടെ വിശുദ്ധ ഖുർആൻ ഉപയോഗിച്ച പദം ٱتَّخَذَتْ بَيْتًا എന്നാണ്. ഇതിൻറെ അർത്ഥം കൃത്യമായി പറഞ്ഞാൽ "അവൾ ഒരു വീടുണ്ടാക്കി " എന്ന് ആണ്. ഗൂഗിൾ ട്രാൻസ്ലേറ്റ് സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു. 


അഥവാ ഖുർആന്റെ പ്രസ്താവനയിൽ നിന്നും പെണ്ണ് എട്ടുകാലിയാണു വീടുണ്ടാക്കുന്നത് എന്ന ആശയമാണ് ലഭിക്കുന്നത്. 

ഇക്കാര്യം ഒന്ന് പരിശോധിച്ചു നോക്കിയപ്പോഴാണ് ചിലന്തികളുടെ അത്ഭുതകരമായ പല സവിശേഷതകളും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. പെൺ എട്ടുകാലികൾ മാത്രമാണ് സാധാരണഗതിയിൽ വല നെയ്ത് വീടുണ്ടാക്കുന്നത്. നാം സാധാരണ കാണുന്ന മരങ്ങളിലും വീട്ടിനകത്തും ഒക്കെ കാണുന്ന എട്ടുകാലിവല വീടുകൾ ഒക്കെ ഉണ്ടാക്കുന്നത് പെൺ എട്ടുകാലികൾ മാത്രമാണ്. നാം കാണുന്ന എട്ടുകാലിവലക്ക് ഉളളിൽ ഉള്ള ചിലന്തികൾ പെൺ ചിലന്തികൾ ആയിരിക്കും. ആൺ ചിലന്തികൾ സാധാരണഗതിയിൽ ഇത്തരത്തിൽ വല നെയ്തു വീട് ഉണ്ടാക്കാറില്ല. അത്തരം വലയിൽ താമസിക്കാറില്ല. പലപ്പോഴും വലയിൽ അല്ലാതെ നടന്നുപോകുന്ന ചിലന്തികളെ കണ്ടിട്ടില്ലേ ഇവ ആൺ ചിലന്തികൾ ആയിരിക്കും. എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയാണ് ആൺ എട്ടുകാലികൾ. ഇര അന്വേഷിച്ചു കൊണ്ടും, ഇണ തേടാൻ പെൺചിലന്തികളെ അന്വേഷിച്ചുകൊണ്ടും സദാ റോന്ത് ചുറ്റൽ ആണ് ആൺചിലന്തികളുടെ പണി. ആൺ ചിലന്തികൾ പെൺ ചിലന്തികളെ പോലെ വല നെയ്തു വീട് ഉണ്ടാക്കാനോ അതിൽ തന്നെ ഇരിക്കാനോ മെനക്കെടാറില്ല. അവർ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കും. പുതിയ പുതിയ താവളങ്ങൾ മാറിക്കൊണ്ടിരിക്കും.

പെൺ ചിലന്തികൾ അങ്ങനെയല്ല. അവർ നല്ല  മിനക്കെട്ട് വല നെയ്തു വീടുണ്ടാക്കി അതിൽ തന്നെ കുറ്റി അടിച്ചിരിക്കും. പ്രാണികളും മറ്റും വലയിൽ കുടുങ്ങിയാൽ പോയി ശാപ്പിടും. പെൺ എട്ടുകാലി സാധാരണഗതിയിൽ വലവീട്ടിൽ നിന്നും പുറത്തു പോകാറില്ല. ഇര ആയാലും ആൺ ചിലന്തി ആയാലും അവളുടെ വലയിലേക്ക് അങ്ങോട്ട് എത്തിക്കോളും. പെൺ ചിലന്തിയെ തിരഞ്ഞുകൊണ്ട് ഇണചേരാൻ ആയി ആൺ ചിലന്തി പെൺ ചിലന്തിയുടെ വലയിലേക്ക് തേടി വരും. ഇണ ചേർന്ന് കഴിഞ്ഞാൽ പലപ്പോഴും ആൺ ചിലന്തി അതോടെ ചത്തുപോകും. ചിലപ്പോൾ പെൺ ചിലന്തി ആൺ ചിലന്തിയെ കൊന്ന്, തിന്ന് കളയും. പെൺ ചിലന്തിയുടെ ഭക്ഷണവും മുട്ടയിടലും കുഞ്ഞുങ്ങളെ വളർത്തലും ഒക്കെ ഈ വല വീട്ടിൽ തന്നെയാണ്. വീട് വിട്ടൊരു കളിയില്ല പെൺ ചിലന്തിക്ക്. എന്നാൽ നേരെമറിച്ച് ആൺ ചിലന്തികൾ വല നെയ്ത് വീട് ഉണ്ടാക്കാറില്ല. അതിൽ താമസിക്കാറില്ല. പ്രജനനത്തിനു മുന്നോടിയായി കൊണ്ട്  ചിലപ്പോൾ ചില ആൺ ചിലന്തികൾ സ്പേംവെബ് spermweb എന്നൊരു താൽക്കാലിക സെറ്റപ്പ് ഉണ്ടാക്കും. സ്പേം ട്രാൻസ്ഫറിനു വേണ്ടിയുള്ള ഒരു താൽക്കാലിക സംവിധാനം മാത്രമാണിത്. അത് കഴിഞ്ഞാൽ spermweb ആൺ ചിലന്തി തന്നെ നശിപ്പിക്കുകയും ചെയ്യും. മരത്തിൻറെ ഒരു ചില്ലയിൽ നിന്നും നിന്നും മറ്റൊന്നിലേക്ക് ചിലന്തി നൂൽ ഉപയോഗിച്ച് ഊഞ്ഞാലാടി പോകാനും ചിലപ്പോൾ ഇര പിടിക്കാൻ കെണി ഉണ്ടാക്കാനും ഇരയെ പൊതിയാനും ഒക്കെ ആൺ ചിലന്തി നൂൽ ഉപയോഗിക്കാറുണ്ട് എങ്കിലും വല നെയ്തു വീട് ഉണ്ടാക്കാറില്ല. 


ചിലന്തിയുടെ അത്ഭുതകരമായ ഈ സവിശേഷതകൾ ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും ഇത് വായിക്കുന്ന ഭൂരിപക്ഷമാളുകളും മനസ്സിലാക്കുന്നത്. ചിലന്തി വല കൊണ്ടുള്ള വീടുകൾ ഉണ്ടാക്കുന്നത് പെൺ ചിലന്തികൾ മാത്രമാണ് എന്നകാര്യം ബഹു ഭൂരിപക്ഷം ആളുകൾക്കും അജ്ഞാതമായ കാര്യം മാത്രമാണ്. എങ്ങനെയാണ് ഏഴാം നൂറ്റാണ്ടിൽ അവതരിക്കപ്പെട്ട വിശുദ്ധ ഖുർആനിൽ കൃത്യമായി ചിലന്തിയെ പറ്റി പറയുമ്പോൾ "ٱتَّخَذَتْ بَيْتًا "അവൾ ഒരു വീടുണ്ടാക്കി " എന്ന പരാമർശം വന്നത് ? എങ്ങനെയാണ് ഏഴാം നൂറ്റാണ്ടിൽ ജീവിച്ച നിരക്ഷരനായ മുഹമ്മദ് നബിക്ക് ഈ കാര്യങ്ങൾ അറിവു ഉണ്ടാവുക ? ഇതെല്ലാം വെറും യാദൃശ്ചികം ആണോ ? പരിശുദ്ധ ഖുർആൻ മനുഷ്യ വചനങ്ങളല്ല നമ്മെ സൃഷ്ടിച്ച സൃഷ്ടാവിന്റെ വചനങ്ങളാണ് എന്ന സത്യമാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്.

Post a Comment

Previous Post Next Post