ആകാശത്തിൽ നിന്ന് ഇറക്കപ്പെട്ട ഇരുമ്പ്.

ഖുർആനിലെ പദപ്രയോഗങ്ങളുടെ കൃത്യതയും ശാസ്ത്രീയതയും - പാർട്ട് 8. 
_________________________________________

ഇരുമ്പ് എന്ന പേരിൽ വിശുദ്ധ ഖുർആനിൽ ഒരു അധ്യായം ഉണ്ട് . 57 ആം അധ്യായം സൂറത്തുൽ ഹദീദ്. ഇതിലെ ഇരുപത്തിയഞ്ചാം ആയത്തിൽ ഇരുമ്പിനെ കുറിച്ച് പ്രതിപാദിക്കുന്നതു കൊണ്ടാണ് സൂറത്തിന് ഈ പേര് ലഭിച്ചത്. ആയത്ത് ഇതാണ്.

لَقَدْ أَرْسَلْنَا رُسُلَنَا بِٱلْبَيِّنَٰتِ وَأَنزَلْنَا مَعَهُمُ ٱلْكِتَٰبَ وَٱلْمِيزَانَ لِيَقُومَ ٱلنَّاسُ بِٱلْقِسْطِ ۖ وَأَنزَلْنَا ٱلْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَٰفِعُ لِلنَّاسِ وَلِيَعْلَمَ ٱللَّهُ مَن يَنصُرُهُۥ وَرُسُلَهُۥ بِٱلْغَيْبِ ۚ إِنَّ ٱللَّهَ قَوِىٌّ عَزِيزٌ

തീര്‍ച്ചയായും, നമ്മുടെ റസൂലുകളെ വ്യക്തമായ തെളിവുകള്‍ സഹിതം നാം അയച്ചിട്ടുണ്ട്. മനുഷ്യര്‍ നീതിമുറയനുസരിച്ച് നിലകൊള്ളുവാന്‍ വേണ്ടി അവരോടൊപ്പം നാം വേദഗ്രന്ഥവും, (നീതിയാകുന്ന) തുലാസ്സും ഇറക്കുകയും ചെയ്തിരിക്കുന്നു. 
ഇരുമ്പ് നാം ഇറക്കിയിരിക്കുന്നു. അതില്‍ കഠിനമായ ആയോധന ശക്തിയും, ജനങ്ങള്‍ക്കു പല ഉപയോഗങ്ങളും ഉണ്ട്. (കൂടാതെ) അല്ലാഹുവിനെയും അവന്റെ റസൂലുകളെയും അദൃശ്യമായനിലയില്‍ സഹായിക്കുന്നത് ആരാണെന്ന് അവന്‍ അറിയുവാനും വേണ്ടിയാകുന്നു (അത്). നിശ്ചയമായും അല്ലാഹു ശക്തനും പ്രതാപശാലിയുമാണ്‌.

ഈ ആയത്തിൽ ഇരുമ്പിനെ കുറിച്ച് പ്രസ്താവിച്ചപ്പോൾ ഖുർആൻ ഉപയോഗിച്ച പദം وَأَنزَلْنَا ٱلْحَدِيدَ "നാം ഇരുമ്പും ഇറക്കിക്കൊടുത്തിരിക്കുന്നു" എന്നാണ്. ഇരുമ്പ് ഭൂമിയിൽ ഉണ്ട് എന്നോ ഭൂമിയിൽ ലഭ്യമാക്കിയിരിക്കുന്നു എന്നോ അല്ല മറിച്ച് ഇരുമ്പ് ഇറക്കി കൊടുത്തിരിക്കുന്നു എന്നാണ് ഖുർആൻ പ്രയോഗിച്ചത്. 
മുകളിൽ ആകാശത്തു നിന്ന് ഇറക്കി കൊടുക്കുന്ന കാര്യങ്ങൾക്കാണ് സാധാരണയായി ഖുർആനിൽ أَنزَلْنَا അഥവാ "നാം ഇറക്കി കൊടുത്തു" എന്ന് പ്രയോഗിക്കാറുള്ളത്. ഇരുമ്പ് ഭൂമിയിലെ ധാതുക്കൾ കുഴിച്ചെടുത്ത് ശുദ്ധീകരിച്ച് നിർമ്മിക്കുന്ന സാധനം അല്ലേ പിന്നെ എന്തുകൊണ്ടാണ് ഇരുമ്പ് ഇറക്കി കൊടുത്തു എന്ന് ഖുർആൻ പറഞ്ഞത് ? എന്നൊരു സംശയം സ്വാഭാവികമാണ്. 

യഥാർത്ഥത്തിൽ പ്രപഞ്ചത്തിൽ ഇരുമ്പ് ആറ്റങ്ങൾ നിർമ്മിക്കപ്പെടുന്നത് സൂര്യനെക്കാൾ എട്ടു മടങ്ങെങ്കിലും പിണ്ഡം - solar mass- കൂടുതലുള്ള  കൂറ്റൻ നക്ഷത്രങ്ങളുടെ അകക്കാമ്പിൽ- core- ആണ്. പിരിയോടിക് ടേബിളിലെ, ഹൈഡ്രജനെകാൾ അറ്റോമിക് നമ്പർ കൂടുതലുള്ള മൂലകങ്ങൾ ഓരോന്നായി ന്യൂക്ലിയർ ഫ്യൂഷൻ മുഖേന നിർമ്മിക്കപ്പെടുന്നു. ഹീലിയം,കാർബൺ, നിയോൺ,മെഗ്നീഷ്യം, ഓക്സിജൻ, സോഡിയം, സിലിക്കൺ എന്നിങ്ങനെ പിരിയോടിക് ടേബിൾ മൂലകങ്ങൾ ഓരോന്നായി ന്യൂക്ലിയർ ഫ്യൂഷനിലൂടെ സൃഷ്ടിക്കപ്പെടുന്നു. ഇങ്ങനെ നക്ഷത്രങ്ങളുടെ അകക്കാമ്പിൽ ന്യൂക്ലിയാർ ഫ്യൂഷൻ മൂലം ഏറ്റവും അവസാനമായി ഉണ്ടാകുന്ന ഏറ്റവും വലിയ ആറ്റോമിക്ക് നമ്പർ ഉള്ള മൂലകം ആണ് ആറ്റോമിക നമ്പർ 26 ആയ Iron അഥവാ ഇരുമ്പ്. 

വളരെ വളരെ ഉയർന്നതോതിലുള്ള ഊർജ്ജവും താപവും ഈ ന്യൂക്ലിയാർ ഫ്യൂഷന് അനിവാര്യമാണ്. നമ്മുടെ സൗരയൂഥത്തിലെ സൂര്യന്റെയും മുഴുവൻ ഗ്രഹങ്ങളുടെയും ഊർജ്ജം മുഴുവനായി എടുത്താൽ പോലും ഒരൊറ്റ ഇരുമ്പ് ആറ്റം പോലും സൃഷ്ടിക്കാനാവില്ല. അതിനേക്കാൾ എത്രയോ മടങ്ങ് ഊർജ്ജം ഇരുമ്പിന്റെ ഒറ്റ ആറ്റം നിർമ്മിക്കാൻ ആവശ്യമാണ്. . നക്ഷത്രങ്ങളുടെ അകക്കാമ്പിൽ ന്യൂക്ലിയർ ഫ്യൂഷനിലൂടെ ഇരുമ്പിന്റെ ആറ്റങ്ങൾ ഉണ്ടാകാൻ ആരംഭിച്ചാൽ വളരെ പെട്ടെന്ന് മില്ലി സെക്കൻഡുകൾക്കുള്ളിൽ തന്നെ നക്ഷത്രത്തിൻറെ അകക്കാമ്പ് കൂറ്റൻ ഇരുമ്പ് ഗോളമായി തീരുകയും ഇത്തരം കൂറ്റൻ നക്ഷത്രങ്ങൾ പൊട്ടിത്തെറിക്കുകയും മഹാവിസ്ഫോടനം സംഭവിക്കുകയും ചെയ്യും. സൂപ്പർനോവ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. നക്ഷത്രങ്ങളുടെ അന്തകൻ ആണ് ഇരുമ്പ് എന്ന് പറയാം. പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിഭാസങ്ങളിൽ ഒന്നാണ് സൂപ്പർനോവ എന്ന ഈ നക്ഷത്ര പൊട്ടിത്തെറി. ഇങ്ങനെ സൂപ്പർനോവ വിസ്ഫോടനത്തിന് ഫലമായാണ് നക്ഷത്രങ്ങളുടെ അകക്കാമ്പിനുള്ളിൽ രൂപംകൊണ്ട ഇരുമ്പ്  ഭൂമിയിൽ എത്തിയത് എന്നാണ് ശാസ്ത്രലോകം കരുതുന്നത്. അഥവാ ആകാശത്തുനിന്ന് അക്ഷരാർത്ഥത്തിൽ ഇറക്കപ്പെട്ടത് തന്നെ. 


എത്ര അത്ഭുതകരമാണ് എന്നൊന്ന് ആലോചിച്ചു നോക്കൂ. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് കോടിക്കണക്കിന് കിലോമീറ്റർ ദൂരെയുള്ള ഏതൊക്കെയോ നക്ഷത്രങ്ങൾ പൊട്ടിത്തെറിച്ചപ്പോൾ പുറത്തേക്ക് തെറിച്ച ഇരുമ്പാണ് ഇന്ന് നമ്മൾ ഉപയോഗിക്കുന്ന മൊട്ടുസൂചിയിലും പാത്രങ്ങളിലും കാറിലും ട്രെയിനിലും എന്തിനധികം, നമ്മുടെ ശരീരത്തിലെ രക്തത്തിലെ ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിനിലും എല്ലാമുള്ളത്. അക്ഷരാർത്ഥത്തിൽ ആകാശത്തു നിന്ന് ഭൂമിയിലേക്ക് ഇറക്കപ്പെട്ട വസ്തുവാണ് ഇരുമ്പ്. അല്ലാഹുവിൻറെ വചനങ്ങൾ എത്ര കൃത്യമാണ്  എന്ന് നോക്കൂ

"ഇരുമ്പ് നാം ഇറക്കിയിരിക്കുന്നു. അതില്‍ കഠിനമായ ആയോധന ശക്തിയും, ജനങ്ങള്‍ക്കു പല ഉപയോഗങ്ങളും ഉണ്ട്. (കൂടാതെ) അല്ലാഹുവിനെയും അവന്റെ റസൂലുകളെയും അദൃശ്യമായനിലയില്‍ സഹായിക്കുന്നത് ആരാണെന്ന് അവന്‍ അറിയുവാനും വേണ്ടിയാകുന്നു (അത്). നിശ്ചയമായും അല്ലാഹു ശക്തനും പ്രതാപശാലിയുമാണ്‌."

Post a Comment

Previous Post Next Post