അല്ലാഹു മുഹമ്മദ് നബിയെ കുറിച്ച് പറയുന്നു.
وَمَآ أَرْسَلْنَٰكَ إِلَّا رَحْمَةًۭ لِّلْعَٰلَمِينَ
"ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല."
(Surat:21, Verse:107)
ജീവിതത്തിലെ സകല മേഖലകളിലും പാലിക്കേണ്ട ധാരാളം സദുപദേശങ്ങൾ പ്രവാചക വചനങ്ങളിൽ നമുക്ക് കാണാം. അത്തരത്തിലുള്ള പ്രവാചക നേർ മൊഴികളിൽ ചിലത് പരിചയപ്പെടാം
♦️അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) ഭാര്യമാരോട് നല്ല രീതിയിൽ വർത്തിക്കണമെന്ന് ഉപദേശിച്ചു കൊണ്ട് അരുളി: സ്ത്രീ, തീർച്ചയായും വാരിയെല്ലിൽ നിന്നും സൃഷ്ടിക്കപ്പെട്ടവളാണ്.ഏറ്റവും മുകളിലുള്ള വാരിയെല്ല് കൂടുതൽ വളഞ്ഞിരിക്കും. നീ ശക്തി ഉപയോഗിച്ച് അതിനെ നേരെയാക്കാൻ ഉദ്ദേശിച്ചാൽ അതിനെ പൊട്ടിക്കും. എന്നാൽ വിട്ടേക്കുകയാണെങ്കിൽ വളഞ്ഞ് തന്നെ നിലനിൽക്കും. അതിനാൽ ഭാര്യമാർക്കു നിങ്ങൾ സദുപദേശം നൽകി കൊണ്ടിരിക്കുക. (ബുഖാരി, മുസ്ലിം) .
ഭാര്യമാരിൽ നമ്മൾ ഇഷ്ടപ്പെടാത്ത എന്തെങ്കിലും സ്വഭാവങ്ങൾ കണ്ടാൽ അത് മയത്തിലും ഒതുക്കത്തിലും സദുപദേശങ്ങൾ നൽകി ശരിയാക്കാൻ നോക്കണം. 'വെട്ടൊന്ന് മുറി രണ്ട് ' എന്നുള്ള ശൈലി ഭാര്യമാരോട് എടുക്കരുത്. അത് കാര്യങ്ങൾ മോശം ആക്കുകയേ ഉള്ളൂ. കുറച്ചൊക്കെ താഴ്ന്നു കൊടുത്തും നയപരമായും വേണം ഭാര്യമാരെ കൈകാര്യം ചെയ്യാൻ എന്ന് സാരം.
♦️അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: ഒരു സത്യവിശ്വാസി സത്യവിശ്വാസിനിയെ ( ഭാര്യയെ) വെറുക്കരുത്. അവളിൽ നിന്ന് ഒരു സ്വഭാവം അവൻ വെറുത്താൽ തന്നെയും മറ്റു പലതും അവൻ തൃപ്തി പ്പെട്ടേക്കാനിടയുണ്ട് . (മുസ്‌ലിം)
നമുക്ക് ഇഷ്ടപ്പെടാത്ത ചില കാര്യങ്ങൾ ഭാര്യമാരിൽ കണ്ടേക്കാം. എന്നാൽ അതിനെക്കുറിച്ച് മാത്രം ചർച്ച ചെയ്തു ഭാര്യയെ വെറുക്കുകയല്ല ഭർത്താവ് ചെയ്യേണ്ടത്. ഭാര്യയുടെ കുറ്റവും കുറവും നോക്കുന്നതിനു പകരം അവളുടെ നന്മകളിലേക്ക് നോക്കാൻ പ്രവാചകൻ കൽപ്പിക്കുന്നു. നമ്മൾക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യം ഭാര്യമാരിൽ ഉണ്ടെങ്കിൽ അതിനു പകരമായി ഒരുപാട് നല്ല ഗുണങ്ങളും അവളിൽ ഉണ്ടാകും. ഭാര്യയുടെ കുറ്റം കണ്ടു പിടിക്കുന്നതിനു പകരം അവളിലെ നന്മകൾ തിരിച്ചറിയുന്ന നല്ല ഭർത്താവാകാൻ മുഹമ്മദ് നബി ഉപദേശിക്കുന്നു. എത്ര നല്ല ഉപദേശം.
♦️മുആവിയ ബിനു ഹൈദ(റ)വിൽ നിന്ന് നിവേദനം: ഞാൻ ചോദിച്ചു: പ്രവാചകരെ, ഞങ്ങൾക്ക് ഭാര്യയോടുള്ള കടമയെന്താണ്? അവിടുന്ന് പറയുകയുണ്ടായി. നീ ഭക്ഷിക്കുമ്പോൾ അവളെ ഭക്ഷിപ്പിക്കുകയും നീ വസ്ത്രം ധരിക്കുമ്പോൾ അവളെ ധരിപ്പിക്കുകയുമാണ്. എന്നാൽ നീ അവളുടെ മുഖത്തടിക്കുകയോ ഇവളെന്തുമാത്രം ദുസ്വഭാവി എന്ന് പറഞ്ഞ് മാനംകെടുത്തുകയോ വീട്ടിൽ വെച്ചല്ലാതെ പിണങ്ങുകയോ ചെയ്യാൻ പാടില്ല. (അ ബൂദാവൂദ്)
ഭാര്യക്ക് ചിലവിന് നല്കൽ ഭർത്താവിൻറെ നിർബന്ധ ബാധ്യതയായി ഇസ്ലാം പഠിപ്പിക്കുന്നു. ഒരു കാരണവശാലും ഭാര്യയെയും മുഖത്ത് അടിക്കാൻ പാടില്ല. പ്രവാചകൻ വിലക്കിയ കാര്യമാണത്. വലിയ അഭിമാനക്ഷതം ഉണ്ടാക്കുന്ന കാര്യമാണ് മുഖത്ത് അടിക്കുന്നത്. പല വിവാഹബന്ധങ്ങളുടെയും തകർച്ചക്ക് പ്രധാന കാരണം മുഖമടച്ചുള്ള ഒറ്റ അടി ആയിരിക്കും. ഇസ്ലാം അക്കാര്യം അനുവദിക്കുന്നില്ല. 'ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും' എന്ന് പറഞ്ഞതുപോലെ ഭാര്യയും ഭർത്താവും കലഹിക്കൽ സ്വാഭാവികമാണ്. പക്ഷേ അതൊരിക്കലും വീട്ടിന് പുറത്തേക്കു എത്തിക്കരുത്. മറ്റുള്ളവരുടെ മുമ്പിൽ വച്ച് ഭാര്യയെ കുറ്റം പറയുവാനോ മാനം കെടുത്തുവാനോ പാടില്ല. വീടിനുപുറത്ത് ഉള്ളപ്പോൾ പിണങ്ങി ഇരിക്കാനും പാടില്ല.
♦️അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: " മുഅ്മിനുകളിൽ പരിപൂർണ്ണൻ നല്ല സ്വഭാവമുള്ളവനാകുന്നു. നിങ്ങളിൽ വെച്ചേറ്റവും ഉത്തമൻ ഭാര്യമാരോട് നല്ലനിലയിൽ വർത്തിക്കുന്നവനാണ് " . (തിർമിദി)
ഒരു മനുഷ്യൻ നല്ല ആളാണെന്ന് നാട്ടുകാർക്ക് മൊത്തം അഭിപ്രായമുണ്ടെങ്കിലും വീട്ടിൽ ഭാര്യയോട് മോശമായി പെരുമാറുന്നവനാണെങ്കിൽ അയാൾ കപടനാണ്. നല്ല മനുഷ്യൻ നാട്ടിലും വീട്ടിലും നല്ല സ്വഭാവത്തിന് ഉടമ ആയിരിക്കണം.
♦️അബ്ദുല്ലാഹിബ്ൻ അംറിബ്ൻ ആസ് (റ)വിൽ നിന്ന്: നബി(സ) പ്രസ്താവിച്ചു: ഇഹലോകം മുഴുവൻ വിഭവങ്ങളാണ്. ഐഹീകവിഭവങ്ങളിൽ ഉത്തമമായത് സൽസ്വഭാവിയായ ഭാര്യയാകുന്നു. (മുസ്‌ലിം)
ജീവിതത്തിലെ ഐശ്വര്യങ്ങളിൽ ഏറ്റവും നല്ല ഐശ്വര്യം ഉത്തമയായ ഭാര്യയാണ്. കോടിക്കണക്കിന് സമ്പാദ്യം ഉണ്ടെങ്കിലും വീട്ടിൽ മനസ്സമാധാനം ഇല്ലെങ്കിൽ എന്ത് പ്രയോജനം ! എത്ര വിഷമങ്ങളും ടെൻഷനും ഉണ്ടെങ്കിലും വീട്ടിലെത്തിയാൽ അതെല്ലാം മറന്നു മനസ്സമാധാനം ലഭിക്കുന്നു എങ്കിൽ അതല്ലേ യഥാർത്ഥ ഐശ്വര്യം.
Post a Comment