സത്യം പറയുക.


പ്രവാചക നേർമൊഴികൾ പാർട്ട് 7.

സത്യം പറയുക.
----------------------------------------------------
♦️ അബ്ദുല്ലഹിബ്‌നുമസ്ഊദ് (റ) നിവേദനം: റസൂൽﷺ പറഞ്ഞു: " സത്യം പറയല്‍ നന്മയിലേക്കും സ്വര്‍ഗത്തിലേക്കും നയിക്കും. ഒരു മനുഷ്യന്‍ സത്യം പറയുന്ന ശീലം വളര്‍ത്തുന്ന പക്ഷം അല്ലാഹുവിങ്കല്‍ അവന്‍ തികഞ്ഞ സത്യസന്ധനായി രേഖപ്പെടുത്തും. കള്ളം പറയുന്ന ശീലം ദുര്‍വൃത്തിയിലേക്കും, ദുര്‍വൃത്തി നരകത്തിലേക്കുമാണ് നയിക്കുക. ഒരു മനുഷ്യന്‍ കള്ളം പറയാന്‍ തുടങ്ങിയാല്‍ അവസാനം ഏറ്റവും അധികം കള്ളം പറയുന്നവനായി അവന്റെ പേര് അല്ലാഹുവിങ്കല്‍ രേഖപ്പെടുത്തും ". (ബുഖാരി)

📌 പ്രവാചകൻറെ സത്യസന്ധത എതിരാളികൾ പോലും അംഗീകരിച്ചിരുന്നു. ഒരിക്കൽപോലും കളവു പറയാത്ത ആളായിരുന്നു മുഹമ്മദ് നബി(സ). അൽ അമീൻ അഥവാ വിശ്വസ്തൻ, സത്യസന്ധൻ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. സത്യവിശ്വാസികൾ പ്രവാചക മാതൃക പിന്തുടരേണ്ടവരാണ്. 

വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَكُونُوا۟ مَعَ ٱلصَّٰدِقِينَ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, സത്യവാന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക.
(Surat:9, Verse:119)

♦️റസൂൽﷺ പറഞ്ഞു: "ഒരു മനുഷ്യൻ നുണയൻ ആയിത്തീരാൻ അവൻ കേട്ടതെല്ലാം പ്രചരിപ്പിച്ചാൽ തന്നെ മതി" .(മുസ്ലിം). 

📌ഇന്നത്തെ കാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണിത്. തെറ്റായ ഒരു കാര്യം ആയിരക്കണക്കിന് ആളുകളിലേക്ക് പ്രചരിപ്പിക്കാൻ നമുക്ക് കിട്ടിയ ഒരു മെസ്സേജ് നാല്‌ ഗ്രൂപ്പിൽ ഫോർവേഡ് ചെയ്താൽ മാത്രം മതിയാകും. ഒരു നുണയാണ് നമ്മൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് എങ്കിൽ അത് ആയിരങ്ങളിലേക്കും ലക്ഷങ്ങളിലേക്കും പ്രചരിപ്പിക്കുന്നത് വഴി വലിയ പാപം ആണ് നമ്മുടെ അക്കൗണ്ടിൽ വരവ് വക്കപ്പെടുന്നത് എന്നത് മറക്കാതിരിക്കുക. 

♦️അബ്ദുല്ലാഹി ബിന്‍ ആമിര്‍(റ) പറയുന്നു: ഒരിക്കല്‍ നബി(സ) ഞങ്ങളുടെ വീട്ടില്‍ വരികയുണ്ടായി. ഞാന്‍ കൂട്ടുകാരോടൊന്നിച്ച് കളിച്ചുനില്‍ക്കുകയായിരുന്നു. എന്നെ എന്റെ ഉമ്മ നിനക്കൊരുസാധനം തരാം എന്നു പറഞ്ഞുവിളിക്കുകയുണ്ടായി. അതുകണ്ട നബി(സ) ഉമ്മയോട് ചോദിച്ചു: "എന്താണ് നിങ്ങള്‍ അവനു കൊടുക്കാന്‍ കരുതിയിരിക്കുന്നത്?". അതുകേട്ട മാതാവ് ഞാനവന് ഒരു കാരക്ക നല്‍കാനാണ് ഉദ്ദേശിക്കുന്നത് എന്നു പറഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: ‘അങ്ങനെ നിങ്ങള്‍ വല്ലതുംകൊടുക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അവനോട് പറഞ്ഞത് കളവായി ഭവിക്കുന്നതാണ്’ (അബൂദാവൂദ്). 

📌 കുട്ടികളോട് നമ്മൾ ഒരു കാരണവശാലും നുണ പറയരുത്. പലരും ലാഘവത്തോടെ എടുക്കുന്ന കാര്യമാണിത്. കുട്ടികളോട് എന്തെങ്കിലും വാഗ്ദാനം നടത്തിയാൽ അത് പാലിക്കണം. അത് പാലിക്കുന്നില്ല എങ്കിൽ നുണ പറയൽ ഒരു സാധാരണ കാര്യമായി ഇളം മനസ്സിൽ സ്ഥാനം പിടിക്കും. കുട്ടികൾ സത്യസന്ധരായ വളരണമെങ്കിൽ മാതാപിതാക്കൾ മാതൃകയാവണം. 






Post a Comment

Previous Post Next Post