എല്ലാം സൃഷ്ടിച്ചത് അല്ലാഹു അല്ലേ , എല്ലാത്തിനും സ്രഷ്ടാവ് ഉണ്ടെങ്കിൽ ആ സ്രഷ്ടാവിനെ സൃഷ്ടിച്ചതാര് ? യുക്തിവാദികൾ എന്ന് സ്വയം അവകാശപ്പെടുന്നവരുടെ വലിയ ചോദ്യമാണിത് ! തികച്ചും യുക്തിരഹിതമായ ചോദ്യമാണിത് എന്നതാണ് വാസ്തവം. ശാസ്ത്രത്തിൻറെ വക്താക്കൾ ആണ് എന്ന് അവകാശപ്പെടുന്നവരുടെ തികച്ചും അശാസ്ത്രീയമായ ചോദ്യം ആയി ഇതിനെ വിശേഷിപ്പിക്കാം !
സമയം എന്നത് ഈ പ്രപഞ്ചത്തിനകത്ത് ഉള്ള സംഗതികൾക്ക് മാത്രം ബാധകമായ ഒന്നാണ്. പ്രപഞ്ചത്തിന് പുറത്തുള്ള ഒന്നിന് സമയം ബാധകമല്ല എന്നാണ് ശാസ്ത്രം പറയുന്നത്. സമയം ആരംഭിക്കുന്നത് പോലും പ്രപഞ്ചത്തിൻറെ സൃഷ്ടിപ്പിന് - big bang- ന് ശേഷമാണ്. നിങ്ങൾ ദൈവത്തെ നിഷേധിക്കുന്ന നിരീശ്വരവാദിയാണ് എന്ന് കരുതുക. ഈ പ്രപഞ്ചത്തിനപ്പുറത്ത് ഒരു വസ്തു ഉണ്ട് എന്നും കരുതുക. എങ്കിൽ ശാസ്ത്രമനുസരിച്ച് ആ വസ്തുവിന് സമയം (time) ബാധകമല്ല കാരണം ആ വസ്തു സ്പേസ് ടൈമിന് പുറത്താണ്. അപ്പോൾ പ്രപഞ്ചത്തിന് പുറത്ത് ഉള്ള അസ്ഥിത്വം ആയ പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന് ശാസ്ത്രത്തിൻറെ അളവുകോലുകൾ അനുസരിച്ച് പോലും സമയം ബാധകമല്ല എന്ന കാര്യം ശാസ്ത്രീയമായിത്തന്നെ കൃത്യമായ വസ്തുതയാണ്.
എന്നാൽ നമ്മുടെ മനുഷ്യബുദ്ധി സമയവുമായും നീളം വീതി ഉയരം എന്നിങ്ങനെ 3 dimensions ഉം ആയി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. സത്യത്തിൽ സമയം എന്നത് നാലാമത്തെ dimension ആണ്. ശാസ്ത്രീയമായി കൃത്യമായതും ആണ്. എന്നാൽ അതു പോലും നമ്മുടെ കേവല ബുദ്ധിക്ക് മനസ്സിലാക്കാനോ സങ്കൽപ്പിക്കാനോ കഴിയാത്തതാണ്. മൂന്നിലധികം ഡയമൻഷനുകൾ സങ്കൽപ്പിക്കാൻ പോലും മനുഷ്യബുദ്ധിക്ക് കഴിവില്ല. സമയത്തിന് അതീതമായ ചിന്തിക്കാനും മനുഷ്യമനസ്സിന് കഴിയില്ല. മനുഷ്യൻറെ ബുദ്ധിക്കുള്ള പരിമിതി ആണിത്. സമയബന്ധിതമായി ചിന്തിക്കാനേ മനുഷ്യമനസ്സിന് കഴിയുകയുള്ളൂ.
പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിനെ പറ്റി വിശുദ്ധ ഖുർആൻ പറയുന്നത് ഇങ്ങനെയാണ്
هُوَ ٱلْأَوَّلُ وَٱلْءَاخِرُ وَٱلظَّٰهِرُ وَٱلْبَاطِنُ ۖ وَهُوَ بِكُلِّ شَىْءٍ عَلِيمٌ
അവന് ആദിയും അന്തിമനും പ്രത്യക്ഷമായവനും പരോക്ഷമായവനുമാണ്. അവന് സര്‍വ്വകാര്യങ്ങളെക്കുറിച്ചും അറിവുള്ളവനുമാണ്.
(Surat:57, Verse:3)
സമയം അല്ലാഹുവിന് ബാധകമല്ല. മറ്റുള്ളവക്കെല്ലാം തുടക്കവും ഒടുക്കവും ഉണ്ട്. അഥവാ അല്ലാഹു മാത്രമാണ് ആദിയും അന്ത്യവും. അല്ലാഹുവിന് മുമ്പ് എന്നൊരു അവസ്ഥ തന്നെയില്ല. അല്ലാഹുവിന് ശേഷം എന്ന ഒരു അവസ്ഥയും അല്ല.
ശാസ്ത്രീയമായ തന്നെ പ്രപഞ്ചത്തിന് പുറത്തുള്ള ദൈവത്തിന് സമയം ബാധകമല്ല എന്ന കാര്യം വ്യക്തമാണെങ്കിലും സാധാരണക്കാരൻറെ മനുഷ്യബുദ്ധിക്ക് ഇത്തരം കാര്യങ്ങൾ ചിന്തിക്കുവാനും മനസ്സിലാക്കാനും പരിമിതികൾ ഉണ്ട്. സമയം എന്ന നാലാമത്തെ ഡയമെൻഷൻ പോലും നമ്മുടെ കേവല ബുദ്ധിക്ക് സങ്കൽപിക്കാൻ കഴിയുന്നതല്ല എന്നുള്ള കാര്യം നേരത്തെ പറഞ്ഞല്ലോ. അതുകൊണ്ടുതന്നെ ഇത്തരം ചോദ്യങ്ങൾ ഇട്ടു തന്നുകൊണ്ട് മനുഷ്യനെ സംശയത്തിൽ ആക്കാൻ പിശാച് കുതന്ത്രം നടത്തുമെന്ന് പ്രവാചകൻ അരുൾ ചെയ്തിട്ടുണ്ട്.
പ്രവാചകൻ പറഞ്ഞു: പിശാച് വന്ന് ഇങ്ങനെ ഇങ്ങനെ ചോദ്യങ്ങൾ തോന്നിപ്പിച്ചു കൊണ്ടിരിക്കും " ഇത് ആരാണ് സൃഷ്ടിച്ചത് ?" "അത് ആരാണ് സൃഷ്ടിച്ചത് ?" അങ്ങനെ അവസാനം ചോദിക്കും "എങ്കിൽ നിൻറെ റബ്ബിനെ ആരാണ് സൃഷ്ടിച്ചത് ?". അത്തരം ചോദ്യങ്ങളിൽ എത്തുമ്പോൾ നിങ്ങൾ പൈശാചിക ചിന്തകളിൽ നിന്നും അല്ലാഹുവിനോട് കാവൽ തേടുക. അത്തരം ചിന്തകൾ ഒഴിവാക്കുകയും ചെയ്യുക. (ബുഖാരി, മുസ്ലിം).
വലിയ ഗുണപാഠങ്ങൾ ഈ ഹദീസിലുണ്ട്. ഇത്തരം ചോദ്യങ്ങൾ തന്നെ പൈശാചികമാണ് എന്നതാണ് ആദ്യത്തേത്. ഇത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിക്കുവാൻ മനുഷ്യൻറെ കേവല ബുദ്ധിക്ക് പരിമിതികളുണ്ട് എന്നതാണ് രണ്ടാമത്തേത്. ഈ സ്പേസ് ടൈമിൽ ജീവിക്കുന്ന മനുഷ്യന്റെ ബുദ്ധിക്ക് സമയത്തിന് അതീതമായി ചിന്തിക്കാൻ പരിമിതികളുണ്ട് എന്നതുകൊണ്ടുതന്നെ തുടക്കവും ഒടുക്കവും ഇല്ലാത്ത ഒരു സൃഷ്ടാവിനെപ്പറ്റി അവൻ വിശദീകരിച്ച് തന്നതിന് അപ്പുറം ചിന്തിക്കുവാനോ മനസ്സിലാക്കുവാനോ നമ്മുടെ ബുദ്ധിക്ക് പരിമിതിയുണ്ട് എന്ന് മനസ്സിലാക്കുക. മനുഷ്യബുദ്ധിയുടെ ആ പരിമിതി തിരിച്ചറിഞ്ഞുകൊണ്ട് പിശാചിൻറെ കുതന്ത്രത്തിൽ നിന്നും അല്ലാഹുവിനോട് കാവൽ തേടുകയും ചെയ്യുക. അത്തരം പൈശാചിക ചിന്തകൾ ഒഴിവാക്കുക. ചില റിപ്പോർട്ടുകളിൽ "ഞാൻ അല്ലാഹുവിലും അവൻറെ പ്രവാചകനിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുക " എന്നും സൂറത്തുൽ ഇഖ്ലാസ് പാരായണം ചെയ്യുക എന്നും ഒക്കെ വന്നിട്ടുണ്ട്.
സൂറത്തുൽ ഇഖ്ലാസ് അള്ളാഹുവിനെ പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്.
"നബിയേ, ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
അവന് ( ആര്‍ക്കും ) ജന്മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.
അവന്ന് തുല്യനായി ആരും ഇല്ലതാനും "
Post a Comment