കണ്ണ് കുത്തി പൊട്ടിച്ചു കൈകാൽ വെട്ടി ശിക്ഷ നടപ്പാക്കിയത് ക്രൂരതയല്ലേ

ചോദ്യം : കൊലക്ക് പകരം കൊല എന്നത് ഇസ്ലാമിന്റെ നിയമം ആണ്, എന്നാൽ ഒരു കൊലപാതകിയെ മുഹമ്മദ്‌ കണ്ണ് രണ്ടും കുത്തി പൊട്ടിച്ചു, കാലും കയ്യും വെട്ടി കളഞ്ഞു ചുട്ടു പഴുത്ത മരുഭൂമിയിൽ ഇട്ട് ഇഞ്ചിഞ്ചായി കൊന്നു.. എന്തിന് ആണ് ഇത്രെയും ക്രൂരവും പൈശാചികവും ആയ ശിക്ഷ രീതി ആണോ മനുഷ്യന്മാരിൽ വെച്ച് ശ്രേഷ്ഠൻ എന്നൊക്കെ വിശേഷിപ്പിക്കുന്ന മനുഷ്യൻ സ്വീകരിച്ചത്?? Question by FB ID Farhan S S.


ഉത്തരം: കൊലക്കു പകരം കൊല എന്നത് ഇസ്ലാമിക ഭരണകൂടത്തിൽ ഭരണകൂടം നടപ്പാക്കേണ്ട ശിക്ഷയാണ്. കൊലപാതകം ചെയ്ത പ്രതിക്ക് വധശിക്ഷയാണ് ഇസ്ലാമിക ശരീഅത്തിൽ കോടതി വിധിക്കേണ്ടത്. തുല്യ ശിക്ഷയിൽ ആണല്ലോ നീതിയുള്ളത്. എന്നാൽ ഈ വിധി ഇളവുചെയ്തു കൊടുക്കാനുള്ള അർഹത മരണപ്പെട്ടയാളുടെ ഉറ്റ ബന്ധുക്കൾക്ക് നൽകിയിട്ടുണ്ട്. തൻറെ മകനെ വധിച്ച പ്രതിയെ വെറുതെ വിടാൻ മാതാപിതാക്കൾ സമ്മതിച്ചാൽ ജഡ്ജിക്ക് അവരെ വെറുതെ വിടാം അല്ലെങ്കിൽ മറ്റു ശിക്ഷകൾ നൽകാം. മരണപ്പെട്ട ആളുടെ ഉറ്റ ബന്ധുക്കൾക്കാണു ഈ ഇളവു നൽകാനുള്ള അനുമതിയുള്ളത്. അതാണ് നീതിയും ന്യായവും എന്ന് ഇസ്ലാം ഉദ്ഘോഷിക്കുന്നു. 

യുദ്ധത്തിൽ പോലും ശത്രുക്കളെ അംഗവിച്ഛേദം ചെയ്യരുത് , സ്ത്രീകളെയും കുട്ടികളെയും വൃദ്ധരേയും മതപുരോഹിതന്മാരെയും കൊല്ലരുത് എന്ന മതശാസന ഇസ്ലാം നൽകുന്നു. അന്യായമായി ഫലവൃക്ഷങ്ങളും കൃഷികളും നശിപ്പിക്കരുത് , കന്നുകാലികളെ കൊല്ലരുത് എന്ന് കൽപ്പിക്കുന്നു. ശത്രുവുമായി നടത്തുന്ന യുദ്ധത്തിൽ പോലും ഇത്തരം ഇസ്ലാമിക നിർദേശങ്ങൾ പാലിക്കൽ മുസ്ലിം സൈന്യത്തിൻറെ ബാധ്യതയാണ്. 

എന്നിരിക്കേ എന്തുകൊണ്ടാണ് ചോദ്യകർത്താവ് ഉന്നയിച്ചത് പോലെയുള്ള ഒരു സംഭവം ഇസ്ലാമിക ചരിത്രത്തിൽ ഉണ്ടായത് എന്ന് നമുക്ക് പരിശോധിക്കാം. ഇസ്ലാമിക വിമർശകരുടെ തെറ്റിദ്ധരിപ്പിക്കലിന്റെയും അർദ്ധ സത്യങ്ങളുടെയും ഉത്തമ ഉദാഹരണമാണ് ഈ ചോദ്യം. ഇങ്ങനെ ഒരു ചോദ്യം കാണുമ്പോൾ ഇത് വളരെ മോശം അല്ലേ എന്ന് തോന്നുക സ്വാഭാവികമാണല്ലോ. അത്രയേ ഉള്ളൂ ഇവരുടെ ഉദ്ദേശ്യവും. എങ്ങനെയെങ്കിലും ഒക്കെ ഒന്ന് ഇസ്ലാമിനെ വികൃതമാക്കി കാണിക്കണം. അതിന് എന്ത് തരംതാണ കളികളും ആവാം എന്നതാണ് പോളിസി.

ഇസ്ലാമിക ചരിത്രത്തിലെ തന്നെ വലിയൊരു ചതിയുടെയും വഞ്ചനയുടെയും അനന്തര ഫലമായിരുന്നു ഈ സംഭവം.

ഉക്ല്‍, ഉറയ്‌നഃ: (عُكْل أَوْ عُرَيْنَةَ) എന്നീ ഗോത്രങ്ങളില്‍പെട്ട ഒരു സംഘം ആളുകള്‍ റസൂല്‍ (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിയുടെ അടുക്കല്‍ വന്ന് ഇസ്‌ലാം സ്വീകരിച്ചു എന്നറിയിച്ചു. അവര്‍ ആരോഗ്യമില്ലാത്തവരായിരുന്നു. വയറ് തടിക്കുകയും ശരീരം മഞ്ഞ വര്‍ണ്ണമായിത്തീരുകയും ചെയ്തിരുന്നു. അവര്‍ക്കു മദീനയിലെ പ്രകൃതി പിടിക്കാതായപ്പോള്‍, അവരോടു ‘ബൈത്തുല്‍മാല്‍’ (പൊതുഭണ്ഡാരം) വക ഒട്ടകങ്ങളെ മേക്കുന്ന ഇടയന്റെ ഒന്നിച്ചു വെളിയില്‍ പോയി താമസിക്കുവാനും (ഭക്ഷണത്തിനു) അവയുടെ പാലും (ചികിത്സക്കു) അവയുടെ മൂത്രവും ഉപയോഗിച്ചു കൊള്ളുവാനും നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) കല്‍പിച്ചു. അങ്ങനെ, അവിടെവെച്ച് അവരുടെ ആരോഗ്യനില നന്നായിത്തീര്‍ന്നപ്പോള്‍, അവര്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യുടെ ഇടയനെ മൃഗീയമാം വിധം കൊല്ലുകയും, ഒട്ടകങ്ങളുമായി കടന്നുകളയുകയും ചെയ്തു. വിവരമറിഞ്ഞപ്പോള്‍ അവരെ തിരഞ്ഞു പിടിക്കുവാന്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ആളയച്ചു. കണ്ടുകിട്ടിയ ശേഷം അവരുടെ കൈകാലുകള്‍ മുറിക്കുവാനും കണ്ണുകുത്തുവാനും നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) കല്‍പിച്ചു. അങ്ങനെ അവര്‍ വെയിലത്തു കിടന്നു ചാവുകയാണുണ്ടായത്. ഈ സംഭവം പ്രധാനപ്പെട്ട ഹദീഥു ഗ്രന്ഥങ്ങളിലെല്ലാം ഉദ്ധരിച്ചിട്ടുള്ളതാണ്. അംഗഛേദം ചെയ്തുകൊല്ലുന്നതും, കൊല്ലപ്പെട്ട ശരീരത്തെ അംഗഭംഗം വരുത്തുന്നതും നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) വിരോധിച്ചിട്ടുള്ളതു പ്രസിദ്ധമാകുന്നു. എന്നാല്‍ അവരോടു ഇത്രയും നിഷ്‌കരുണം പെരുമാറുവാന്‍ കാരണം, അവര്‍ ചെയ്ത നന്ദികേടോ, വിശ്വാസവഞ്ചനയോ അല്ല. അവര്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യുടെ ഇടയനെ കൈകാലുകള്‍ മുറിക്കുകയും, കണ്ണുകുത്തുകയും ചെയ്തുകൊണ്ടാണു കൊലപ്പെടുത്തിയിരുന്നത്. ഇതാണതിനു കാരണമെന്നു ഹദീഥിന്റെ ചില മാര്‍ഗ്ഗങ്ങളില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു.

മദീനയിലെ ഭരണാധികാരിയായിരുന്ന മുഹമ്മദ് നബിയുടെ നാട്ടിലേക്ക് വന്ന ചില ഗോത്രക്കാർക്ക് അവരുടെ മോശം ആരോഗ്യസ്ഥിതി ശരിയാക്കാനായി പൊതുഖജനാവിൽനിന്ന് സൗജന്യമായി ഒട്ടകങ്ങളും അതിനെ നോക്കാനായി ഒരു ഇടയനെയും അവർക്ക് ഏൽപ്പിച്ചു കൊടുക്കുന്നു ! കുറച്ചുകാലം കൊണ്ട് ഒട്ടക പാല് കുടിച്ച് ആരോഗ്യവാന്മാരായപ്പോൾ അവർ മുഹമ്മദ് നബി നിയോഗിച്ച ഇടയനെ മൃഗീയമായി കൊല്ലുന്നു. കൈകാലുകൾ വെട്ടി മാറ്റുന്നു. ഇടയൻറെ കണ്ണ് കുത്തി പൊട്ടിക്കുന്നു. അഥവാ ഒരു വെറും കൊലപാതകം മാത്രമല്ല അതി ക്രൂരമായ കൊലപാതകം ! ഇങ്ങനെ മൃഗീയമായി അംഗ വിച്ഛേദം ചെയ്യപ്പെട്ട് മരുഭൂമിയിൽ വലിച്ചെറിയപ്പെട്ട ഇടയന്റെ മരണത്തിൻറെ പ്രതിക്രിയ ആയി ആണ് സമാനമായ രീതിയിൽ കൊലപാതകികളെയും ശിക്ഷിക്കാൻ മദീനയുടെ ഭരണാധികാരിയും ജഡ്ജിയുമായ മുഹമ്മദ് നബി ഉത്തരവിട്ടത്. തത്തുല്യമായ ശിക്ഷ അതുതന്നെയാണ് നീതി . പ്രവാചകൻ ഈ അക്രമികളുടെ കണ്ണുകൾ ചൂഴ്ന്നെടുക്കാൻ കൽപ്പിച്ചത് അവർ ഇടയന്റെ കണ്ണ് ചൂഴ്ന്നെടുത്തത് കൊണ്ട് മാത്രമാണ് എന്ന് ഹദീസിൽ കാണാം. മറ്റാർക്കും ഇത്തരത്തിൽ ശിക്ഷ വിധിച്ചിട്ടില്ല. അഥവാ പ്രവാചകൻ നീതിമാനായതുകൊണ്ട് തന്നെയാണ് അക്രമികൾക്ക് തുല്യ ശിക്ഷ വിധിച്ചതും. 

أَخْبَرَنَا الْفَضْلُ بْنُ سَهْلٍ الأَعْرَجُ، قَالَ حَدَّثَنَا يَحْيَى بْنُ غَيْلاَنَ، - ثِقَةٌ مَأْمُونٌ - قَالَ حَدَّثَنَا يَزِيدُ بْنُ زُرَيْعٍ، عَنْ سُلَيْمَانَ التَّيْمِيِّ، عَنْ أَنَسٍ، قَالَ إِنَّمَا سَمَلَ النَّبِيُّ صلى الله عليه وسلم أَعْيُنَ أُولَئِكَ لأَنَّهُمْ سَمَلُوا أَعْيُنَ الرُّعَاةِ ‏.‏

അനസ് നിവേദനം: "പ്രവാചകൻ ഈ അക്രമികളുടെ കണ്ണു ചൂഴ്ന്നെടുക്കാൻ കൽപ്പിച്ചത് അവർ ഇടയന്റെ കണ്ണ് ചൂഴ്ന്നെടുത്തത് കൊണ്ട് മാത്രമായിരുന്നു "

Grade: Sahih (Darussalam)  
Reference : Sunan an-Nasa'i 4043. 


1 Comments

Post a Comment

Previous Post Next Post