ഭർത്താവിൻറെ സമ്മതം കൂടാതെ ഭാര്യ യാത്ര ചെയ്യാൻ പാടില്ല എന്ന് ഇസ്ലാം പറയുന്നതെന്തുകൊണ്ട് ?





#ഇസ്ലാംവിമർശനങ്ങളുംമറുപടികളും

ചോദ്യം: സ്ത്രീ ഭർത്താവിനെ അനുസരിച്ച് ജീവിക്കേണ്ടവൾ ആണ് എന്നും ഭർത്താവിന്റെ സമ്മതമില്ലാതെ സ്ത്രീ പുറത്തേയ്ക്ക് പോകാൻ പാടില്ല എന്നൊക്കെയുള്ള നിയമം സ്ത്രീയെ അടിച്ചമർത്തുന്ന ഒരു നിയമം അല്ലെ. അവൾക് ഭർത്താവ് ഉള്ളപ്പോൾ തന്നെ സ്വന്തമായി തീരുമാനമെടുത്ത് ജീവിക്കാനും സ്വന്തമായി തീരുമാനമെടുത്ത് പുറത്ത് പോകനുമുള്ള സ്വാതന്ത്രം ഇസ്ലാം anuvadhikkunnundo? 
Question by FB ID Muhammed Nadim

ഉത്തരം : ഏതൊരു സിസ്റ്റത്തിന്റെയും സുഗമമായ നടത്തിപ്പിന് അധികാരസ്ഥാനീയരും നിയന്ത്രണ അധികാരവും നിയമവ്യവസ്ഥയും ഉത്തരവാദിത്വവും അനുസരണവും എല്ലാം നിർബന്ധമാണ്. അല്ലാത്തപക്ഷം അരാജകത്വം ആയിരിക്കും ഫലം. സ്കൂൾ , കോളേജ്, ഫാക്ടറി , സൂപ്പർ മാർക്കറ്റ്,  ആശുപത്രി, പോലീസ്, പട്ടാളം, കോടതി, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ നിയമസഭ തുടങ്ങി ഏത് സംവിധാനം ആയാലും അവിടെയുള്ള ഓരോരുത്തരുടെയും ഉത്തരവാദിത്വങ്ങൾ സ്പെസിഫിക് ആണ് . ഓരോയിടത്തും അധികാരമുള്ളവർ നിർദ്ദേശിക്കുന്നത് അനുസരിക്കാൻ താഴെയുള്ളവർ ബാധ്യസ്ഥരുമാണ്.

ഓരോരുത്തരും അവനവന് തോന്നുന്ന രീതിയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഒരു സിസ്റ്റവും വർക്ക് ആവുകയില്ല. ജഡ്ജിക്ക് പകരം പ്രതിഭാഗം വക്കീൽ വിധി പ്രസ്താവിക്കുകയും പോലീസ് കോൺസ്റ്റബിൾ വെടിവെപ്പിന് ഉത്തരവിടുകയും ഒക്കെ ചെയ്താൽ എന്തായിരിക്കും ഫലം! എസ്ഐ പറയുന്നത് കോൺസ്റ്റബിൾ അനുസരിക്കുന്നില്ലെങ്കിൽ പോലീസ് സിസ്റ്റത്തിന് എന്ത് പ്രസക്തി ?  പ്രധാനാധ്യാപകൻ പറയുന്നത് മറ്റ് അധ്യാപകരും അധ്യാപകൻ പറയുന്നത് വിദ്യാർഥികളും അനുസരിക്കുന്നില്ലെങ്കിൽ എങ്കിൽ പിന്നെ എന്ത് കഥ ! 

കുടുംബമെന്ന സിസ്റ്റത്തിനും ഒരു നേതാവ് ഉണ്ടായിരിക്കണം. ഭർത്താവിനാണ് ആ ഉത്തരവാദിത്തം ഇസ്‌ലാം വകവെച്ചു നൽകുന്നത്. പുരുഷൻ ശാരീരികശേഷി കൂടിയവനും ഭാര്യയെയും മക്കളെയും സംരക്ഷിക്കാൻ നിർബന്ധ ബാധ്യതകൾ ഉള്ളവനും ആണ്. ഭാര്യക്കും മക്കൾക്കും മാതാപിതാക്കൾക്കും ഒക്കെ ചെലവിന് കൊടുക്കൽ പുരുഷൻറെ നിർബന്ധ ബാധ്യതയാണ്. ഈ ഭാരിച്ച ഉത്തരവാദിത്വത്തിന് ഒപ്പം ആണ് കുടുംബത്തിലെ ബോസ് എന്ന അധികാരം നൽകപ്പെടുന്നത്. അഥവാ അധികാരം മാത്രമല്ല വമ്പിച്ച ഉത്തരവാദിത്വം കൂടി ഉണ്ട് എന്നർത്ഥം. 

... وَلَهُنَّ مِثْلُ ٱلَّذِى عَلَيْهِنَّ بِٱلْمَعْرُوفِ ۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌۭ ۗ وَٱللَّهُ عَزِيزٌ حَكِيمٌ
 ... സ്ത്രീകള്‍ക്ക്‌ ( ഭര്‍ത്താക്കന്‍മാരോട്‌ ) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക്‌ അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്‌. എന്നാല്‍ പുരുഷന്‍മാര്‍ക്ക്‌ അവരെക്കാള്‍ ഉപരി ഒരു പദവിയുണ്ട്‌. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു.
(Surat:2, Verse:228)

ഭർത്താവിനെ അറിയിക്കാതെയും സമ്മതം ചോദിക്കാതെയും ഉള്ള യാത്രകൾ പലപ്പോഴും സംശയങ്ങൾക്കും കലഹങ്ങൾക്കും ഇടയാക്കുമെന്നും പറയേണ്ടതില്ലല്ലോ! ഓഫീസിൽ നിന്ന് അത്യാവശ്യ കാര്യത്തിന് പുറത്തു പോകണമെങ്കിൽ ബോസിനെ അറിയിക്കണം പെർമിഷൻ വാങ്ങണം എന്നത് എല്ലായിടത്തുമുള്ള നിയമം മാത്രമല്ലേ ! എനിക്കിഷ്ടം ഉള്ളപ്പോൾ ഞാൻ എവിടെ വേണമെങ്കിലും പോകുമെന്ന് ഒരു എംപ്ലോയിക്ക് പറയാൻ പറ്റില്ലല്ലോ! അങ്ങനെയാണെങ്കിൽ ആ സിസ്റ്റം തകരാറിലാവും. 

മനുഷ്യനന്മക്ക് വേണ്ട  സംവിധാനങ്ങളും സ്രഷ്ടാവ് പഠിപ്പിച്ചു തന്നിട്ടുണ്ട്. കുടുംബമെന്ന വ്യവസ്ഥയുടെ പ്രാധാന്യവും അതിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ അധികാര വ്യവസ്ഥയും സംവിധാനങ്ങളും പടച്ചവൻ നിർദ്ദേശിച്ച പ്രകാരം ഉപയോഗപ്പെടുത്തുന്നത് ജീവിതത്തിൽ നന്മ മാത്രമേ ഉണ്ടാക്കുകയുള്ളൂ. വീടിന് പുറത്തുപോകുമ്പോൾ ഭർത്താവിനെ വിളിച്ച് അറിയിക്കുന്നതും സമ്മതം വാങ്ങിക്കുന്നതും സ്നേഹബന്ധവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന നടപടി മാത്രമാണ്.

Post a Comment

Previous Post Next Post