മുത്അ എന്ന താൽകാലിക വിവാഹം !




സാധാരണക്കാരായ മുസ്ലിങ്ങൾ അധികപേരും കേട്ടിരിക്കാൻ പോലും സാധ്യത ഇല്ലാത്തതും ജബ്രകളും മിഷനറിമാരും ഇടക്കിടക്ക് ആരോപിക്കുന്നതുമായ ചില വാക്കുകളിൽ പെട്ട ഒന്നാണിത്. എന്താണ് മുത്അ വിവാഹം എന്ന് നോക്കാം.

23 വർഷക്കാലം കൊണ്ടാണ് ഖുർആനും നബിചര്യയും അഥവാ ഹദീസും പൂർത്തീകരിക്കപ്പെട്ടതും ഇസ്ലാം പൂർത്തീകരിക്കപ്പെട്ടതും എന്ന കാര്യം അറിയാമല്ലോ. ആദ്യകാലഘട്ടങ്ങളിൽ  അനുവദനീയം ആയിരുന്ന പല തിന്മകളും പടിപടിയായി ആണ് നിർത്തലാക്കപ്പെട്ടത്. മദ്യം ആദ്യകാലഘട്ടങ്ങളിൽ അനുവദനീയം ആയിരുന്നു പിന്നീടാണ് നിരോധിക്കപ്പെട്ടത്. അതുപോലെ ആദ്യകാലഘട്ടങ്ങളിൽ മാത്രം അനുവദനീയം ആയിരുന്നതും പിന്നീട് നിരോധിക്കപ്പെട്ടതുമായ ഒരു കാര്യമാണ് മുത്ആ വിവാഹം.

ഇസ്ലാമിൽ വിവാഹം എന്നത് വരനും വധുവിൻറെ രക്ഷിതാവും സാക്ഷികളും അടങ്ങിയ ഒരു ഉറപ്പുള്ള കരാറാണ്. വിവാഹം പരസ്യപ്പെടുത്തേണ്ടതുണ്ട് , വരൻ വധുവിന് നിർബന്ധമായും നൽകേണ്ടതായ വിവാഹമൂല്യം അഥവാ മഹ്ർ നൽകേണ്ടതുമുണ്ട്. ഇത് ഒരു പെർമനന്റ് ആയിട്ടുള്ള കരാറാണ്. മരണത്തോടെയോ അല്ലെങ്കിൽ വിവാഹമോചനത്തിൽ കൂടെയോ മാത്രമേ വൈവാഹിക ബന്ധം മുറിയുകയുള്ളൂ.

മുത്അ വിവാഹം എന്നത്  ഒരു നിശ്ചിത കാലാവധി നിശ്ചയിച്ചുകൊണ്ട് നടത്തുന്ന താൽക്കാലിക വിവാഹമാണ്. ഉദാഹരണമായി ഒരാൾ ഒരു വർഷത്തേക്ക് താൽക്കാലികമായി ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നു. വിവാഹ മൂല്യം നൽകേണ്ടതുണ്ട്. പക്ഷേ വിവാഹം പെർമനന്റ് അല്ല. കരാർ കാലാവധി കഴിഞ്ഞാൽ വിവാഹം റദ്ദായി. കേൾക്കുമ്പോൾതന്നെ 'അയ്യേ !' എന്ന് നമുക്ക് തോന്നുന്ന സംഗതി തന്നെയാണിത്. എന്നാൽ അന്നത്തെ കാലഘട്ടത്തിൽ അറബികൾ സ്വീകരിച്ചിരുന്ന ഒരു വിവാഹ രീതിയായിരുന്നു ഇത്. ഈയൊരു തിന്മയും സമൂഹത്തെ പരിവർത്തിപ്പിച്ച് പരിഷ്കരിച്ചതിനുശേഷമാണ് ഇസ്ലാം നിരോധിച്ചത് എന്ന് കാണാം.

حَدَّثَنَا مُحَمَّدُ بْنُ عَبْدِ اللَّهِ بْنِ نُمَيْرٍ، حَدَّثَنَا أَبِي، حَدَّثَنَا عَبْدُ الْعَزِيزِ بْنُ عُمَرَ، حَدَّثَنِي الرَّبِيعُ بْنُ سَبْرَةَ الْجُهَنِيُّ، أَنَّ أَبَاهُ، حَدَّثَهُ أَنَّهُ، كَانَ مَعَ رَسُولِ اللَّهِ صلى الله عليه وسلم فَقَالَ ‏ "‏ يَا أَيُّهَا النَّاسُ إِنِّي قَدْ كُنْتُ أَذِنْتُ لَكُمْ فِي الاِسْتِمْتَاعِ مِنَ النِّسَاءِ وَإِنَّ اللَّهَ قَدْ حَرَّمَ ذَلِكَ إِلَى يَوْمِ الْقِيَامَةِ فَمَنْ كَانَ عِنْدَهُ مِنْهُنَّ شَىْءٌ فَلْيُخَلِّ سَبِيلَهُ وَلاَ تَأْخُذُوا مِمَّا آتَيْتُمُوهُنَّ شَيْئًا‏"‏ ‏.‏

സബ്റ അൽ ജുഹനീ തൻറെ പിതാവിൽ നിന്നും നിവേദനം ചെയ്യുന്നു: ഞാൻ അല്ലാഹുവിൻറെ റസൂലിന്റെ കൂടെ ആയിരുന്ന സന്ദർഭത്തിൽ റസൂൽ ഇപ്രകാരം പ്രഖ്യാപിച്ചു :
"അല്ലയോ ജനങ്ങളേ നിങ്ങൾക്ക് താൽക്കാലിക വിവാഹം മുമ്പ് ഞാൻ അനുവദിച്ചിരുന്നു. എന്നാൽ അല്ലാഹു അത് നിരോധിച്ചിരിക്കുന്നു. ഇനി ലോകാവസാനം വരേയ്ക്കും താൽക്കാലിക വിവാഹം (മുത്അ) അനുവദനീയമല്ല. ആർക്കെങ്കിലും ഇത്തരത്തിൽ വിവാഹബന്ധം ഇപ്പോൾ നിലവിൽ ഉണ്ടെങ്കിൽ അവർ അത് ഉപേക്ഷിക്കേണ്ടതാണ്. വിവാഹമൂല്യം ആയി നിങ്ങൾ അവർക്ക് കൊടുത്തിട്ടുള്ള യാതൊന്നും തന്നെ തിരിച്ചു വാങ്ങാൻ പാടുള്ളതല്ല " .
(സഹീഹ് മുസ്ലിം 1406d).

പ്രവാചകൻ മതവിധി പുറപ്പെടുവിക്കുന്നത് അല്ലാഹുവിൻറെ നിർദ്ദേശമനുസരിച്ചാണ് എന്നും അത് അനുസരിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണെന്നും ഖുർആൻ വ്യക്തമാക്കിയതാണ്.

ۚ... وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟...
...നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത്‌ നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന്‌ അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന്‌ നിങ്ങള്‍ ഒഴിഞ്ഞ്‌ നില്‍ക്കുകയും ചെയ്യുക...
(Surat:59, Verse:7)

അപ്പോൾ കാര്യം വളരെ വ്യക്തമായി. ആദ്യകാലഘട്ടങ്ങളിൽ അനുവദനീയം ആയിരുന്നു എങ്കിലും പ്രവാചകൻറെ ഈ പ്രഖ്യാപനത്തോടെ, ഇനി ലോകാവസാനം വരെ മുത്അ വിവാഹം ഇസ്ലാമിൽ നിരോധിക്കപ്പെട്ടതായിത്തീർന്നു അഥവാ ഹറാമായി മാറി.

ഇന്നത്തെപ്പോലെ സാങ്കേതിക വിദ്യകളും മൊബൈൽ ഫോൺ , വാട്സ്ആപ്പ് ഒന്നും ഇല്ലാതിരുന്നതുകൊണ്ട് തന്നെ പ്രവാചക നിർദ്ദേശങ്ങൾ എല്ലാം എല്ലാ അനുചരന്മാർക്കും ഒരേ സമയം ലഭിച്ചിരുന്നില്ല. ചില ഹദീസുകൾ പ്രവാചകൻറെ കൂടെ ആ സമയത്ത് ഉള്ള ആളുകൾ മാത്രമേ കേൾക്കുകയുള്ളൂ. കച്ചവടത്തിലും മറ്റു ജോലികളിലും ഒക്കെയായി  പ്രവാചകൻറെ കൂടെ ഇല്ലാത്ത ആളുകൾക്ക് ചിലപ്പോൾ ചില പ്രവാചക നിർദ്ദേശങ്ങൾ ഉടനടി അറിഞ്ഞില്ല എന്നു വരും. അത് സ്വാഭാവികവുമാണ്. മുത്അ വിവാഹം പ്രവാചകൻ നിരോധിച്ച വിവരം ചില സഹാബികൾ അറിഞ്ഞിരുന്നില്ല എന്നത് വാസ്തവമാണ്. അത്തരത്തിൽ പെട്ട ചില സഹാബികൾ താൽക്കാലിക വിവാഹം  അനുവദനീയമാണെന്ന തരത്തിൽ അഭിപ്രായപ്പെട്ടതും പ്രവാചകൻറെ മരണ ശേഷം ഖലീഫമാർ ആയിരുന്ന അബൂബക്കറിന്റെയും ഉമറിന്റെയും ഭരണകാലത്ത് പോലും ഇത്തരം അഭിപ്രായങ്ങൾ പറഞ്ഞതും കാണാം. എന്നാൽ ഇതിനെ കുറിച്ച്  അറിയാനിടയായ ഖലീഫ ഉമർ താൽക്കാലിക വിവാഹം പ്രവാചകൻ നിരോധിച്ചിട്ടുണ്ട് എന്നുള്ള വിവരം വിളംബരം ചെയ്യുകയും ഇത്തരം വിവാഹം നിരോധിച്ചതായി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. പ്രവാചക നിർദേശം അറിയാത്തവരെ അറിയിക്കുക  മാത്രമാണ് ഖലീഫ ഉമർ ചെയ്തത്.

ഇക്കാലത്ത് ആരെങ്കിലും മുത്അ വിവാഹം ചെയ്താൽ അതിനു വ്യഭിചാരത്തിന്റെ മത വിധിയാണ് മതത്തിൽ  ബാധകമാവുക. സത്യത്തിൽ നിന്നും തെറ്റിപ്പോയ കക്ഷികളായ ശിയാ വിശ്വാസികൾ ഇന്നും മുത്അ വിവാഹം അനുവദനീയമാണെന്ന് വിശ്വസിക്കുന്നവരാണ്. അതിന് ഇസ്ലാമുമായി ബന്ധമില്ല. 

Post a Comment

Previous Post Next Post