കരിഞ്ചീരകം സർവരോഗസംഹാരിയോ ?

📌ചോദ്യം : കരിഞ്ജീരകം ചില രോഗങ്ങൾക്കുള്ള മരുന്ന് മാത്രം എന്നാണോ, മരണം അല്ലാത്ത എല്ലാ രോഗങ്ങൾക്കുമുള്ള മരുന്ന് എന്നാണോ പ്രവാചകൻ പറഞ്ഞത്.. 
Question by FB ID Farhan S S


📣ഉത്തരം: പ്രവാചകൻ പറഞ്ഞു “നിങ്ങൾ കരിഞ്ചീരകം ഉപയോഗിക്കുക. മരണമല്ലാത്ത എല്ലാ രോഗങ്ങൾക്കും അത് ഔഷധമാണ്.” (ബുഖാരി). 
"‏ فِي الْحَبَّةِ السَّوْدَاءِ شِفَاءٌ مِنْ كُلِّ دَاءٍ إِلاَّ السَّامَ

ഇവിടെ മനസ്സിലാക്കേണ്ട കാര്യം  അറബി ഭാഷയിൽ ആയാലും മലയാളത്തിൽ ആയാലും ഏതു ഭാഷയിലായാലും ഭാഷയിൽ ഉപയോഗിക്കുന്ന പദ പ്രയോഗങ്ങൾ പരിഭാഷപ്പെടുത്തുന്ന  അക്ഷരാർത്ഥം തന്നെ ആവണമെന്നില്ല ഉദ്ദേശിക്കപ്പെടുന്നത്.

 ഉദാഹരണമായി ഒരു ന്യൂജനറേഷൻ പയ്യൻ വീഗാലാന്റിന്റെ മുന്നിൽനിന്ന് ഫോണിലൂടെ സുഹൃത്തിനെ വിളിച്ചു കൊണ്ട് പറയുന്നു "മച്ചാനെ വേഗം വാ ഇന്ന് നമുക്ക് ഇവിടെ തകർക്കണം, അടിച്ചു പൊളിക്കണം". ഇവിടെ ഫ്രീക് പയ്യൻ ഉദ്ദേശിക്കുന്നത് അവിടെ എല്ലാ റൈഡുകളിലും കേറി എൻജോയ് ചെയ്യണം എന്നാണ്. എന്നാൽ ഇതേ വാക്കുകൾ പരിഭാഷപ്പെടുത്തിയാൽ . "Come comrade, we have to destroy this today, we will destroy everything" എന്നായിരിക്കും. ഇതും കേട്ട് പയ്യൻ തീവ്രവാദിയാണ് മാവോയിസ്റ്റ് ആണ് എന്ന് ഒക്കെ ഒരു ഹിന്ദി പോലീസുകാരൻ ആരോപിച്ചാൽ എങ്ങനെ ഇരിക്കും ! കാര്യം മനസ്സിലാക്കാനായി ഒരു ഉദാഹരണം പറഞ്ഞതാണ്. ഭാഷയിലെ പ്രയോഗങ്ങളെ വിലയിരുത്തേണ്ടത് ആ ഭാഷ സംസാരിക്കുന്ന ആളുകൾ ആ കാലഘട്ടത്തിൽ അത് എങ്ങനെ മനസ്സിലാക്കി എന്നതിനനുസരിച്ചാണ്. 

കരിഞ്ചീരകം മരണമല്ലാത്ത എല്ലാത്തിനും ഔഷധമാണ് എന്ന പ്രവാചകവചനം പ്രവാചക അനുചരന്മാരും ആദ്യ തലമുറകളിൽ പെട്ടവരും എങ്ങനെ മനസ്സിലാക്കി എന്ന് പരിശോധിച്ചാൽ മതി. പ്രവാചകനിൽ നിന്ന് തന്നെ നേരിട്ട് കാര്യം കേട്ട പ്രവാചക അനുചരൻമാർ ആരും അക്ഷരാർത്ഥത്തിൽ എല്ലാ രോഗങ്ങൾക്കും കരിംജീരകം മരുന്നാണ് എന്ന് മനസ്സിലാക്കിയിട്ടില്ല. പ്രവാചകൻ തന്നെ പല അസുഖങ്ങൾക്കും പല ആളുകൾക്കും പലതരത്തിലുള്ള ചികിത്സാരീതികൾ നിർദ്ദേശിച്ചത് കാണാം. അല്ലാതെ എല്ലാവരോടും സർവ്വരോഗ സംഹാരിയായി കരിംജീരകം കഴിക്കാൻ പറഞ്ഞിട്ടില്ല. പ്രസ്തുത ഹദീസിന്റെ അടിസ്ഥാനത്തിൽ കരിഞ്ചീരകം ഒരു സർവ്വരോഗ സംഹാരി ആയി സഹാബികളും താബിഉകളും ഇമാമുമാരും മുസ്ലിം പണ്ഡിതന്മാരും ഒന്നും മനസ്സിലാക്കിയിട്ടില്ല. 

ഇമാം ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനി പറയുന്നു 
قال الحافظ ابن حجر رحمه الله :
" قِيلَ إِنَّ قَوْله " كُلّ دَاء " تَقْدِيره : يَقْبَل الْعِلَاج بِهَا , فَإِنَّهَا تَنْفَع مِنْ الْأَمْرَاض الْبَارِدَة , وَأَمَّا الْحَارَّة فَلَا . 
"എല്ലാ അസുഖവും എന്ന പരാമർശം കൊണ്ട് ഉദ്ദേശിക്കുന്നത് കരിഞ്ചീരകം കൊണ്ട് ചികിത്സിക്കാൻ കഴിയുന്ന അസുഖങ്ങൾ എന്നുമാത്രമാണ്. കാരണം കരിഞ്ചീരകം ശീത രോഗങ്ങൾക്ക് ഔഷധമാണ് എന്നാൽ ഉഷ്ണ രോഗങ്ങൾക്ക് കരിംജീരകം ഔഷധം അല്ല "

ഇമാം ഖത്താബി പറയുന്നു:
وَقَالَ الْخَطَّابِيُّ : قَوْله " مِنْ كُلّ دَاء " هُوَ مِنْ الْعَامّ الَّذِي يُرَاد بِهِ الْخَاصّ , لِأَنَّهُ لَيْسَ فِي طَبْع شَيْء مِنْ النَّبَات مَا يَجْمَع جَمِيع الْأُمُور الَّتِي تُقَابِل الطَّبَائِع فِي مُعَالَجَة الْأَدْوَاء بِمُقَابِلِهَا , وَإِنَّمَا الْمُرَاد أَنَّهَا شِفَاء مِنْ كُلّ دَاء يَحْدُث مِنْ الرُّطُوبَة.
"എല്ലാ അസുഖങ്ങൾക്കും ഔഷധമാണ് എന്നുള്ള പ്രയോഗം കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് ചില പ്രത്യേക അസുഖങ്ങൾക്ക് ഔഷധമാണ് എന്ന് മാത്രമാണ്. കാരണം ഒരു മരുന്നും എല്ലാ അസുഖങ്ങൾക്കും ഉള്ള പ്രതിവിധി അല്ല . ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് ഈർപ്പം കൊണ്ടുള്ള ശീത രോഗങ്ങൾക്ക് കരിഞ്ജീരകം ഔഷധമാണ് എന്ന് മാത്രമാണ്. 

ഇമാം അബൂബക്കർ ബ്ൻ അൽഅറബി പറയുന്നു:
وَقَالَ أَبُو بَكْر بْن الْعَرَبِيّ : الْعَسَل عِنْد الْأَطِبَّاء أَقْرَب إِلَى أَنْ يَكُون دَوَاء مِنْ كُلّ دَاء مِنْ الْحَبَّة السَّوْدَاء , وَمَعَ ذَلِكَ فَإِنَّ مِنْ الْأَمْرَاض مَا لَوْ شَرِبَ صَاحِبه الْعَسَل لَتَأَذَّى بِهِ , فَإِنْ كَانَ الْمُرَاد بِقَوْلِهِ فِي الْعَسَل " فِيهِ شِفَاء لِلنَّاسِ " الْأَكْثَر الْأَغْلَب فَحَمْل الْحَبَّة السَّوْدَاء عَلَى ذَلِكَ أَوْلَى " انتهى ملخصا .
 "വൈദ്യശാസ്ത്ര വിദഗ്ധർ പറയുന്നത് കരിഞ്ചീരകത്തേക്കാൾ തേൻ എല്ലാ അസുഖങ്ങൾക്കും ഉള്ള ഔഷധമാണെന്ന് എന്നാണ്. എന്നാൽ തേൻ ഉപയോഗിച്ചാൽ അസുഖം മൂർച്ഛിക്കുന്ന ചില രോഗങ്ങളും ഉണ്ട്. വിശുദ്ധ ഖുർആൻ തേനിനെ പറ്റി "തേനിൽ മനുഷ്യർക്ക് രോഗശമനമുണ്ട്" (16: 69) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം പല അസുഖങ്ങൾക്കും തേൻ ഔഷധമാണ് എന്ന് മാത്രമാണല്ലോ. അപ്പോൾ കരിഞ്ചീരകത്തെപ്പറ്റി പറഞ്ഞതും അങ്ങനെയാണ് മനസ്സിലാക്കേണ്ടത്. ( അഥവാ കരിഞ്ചീരകം സർവരോഗസംഹാരി എന്നല്ല ചില അസുഖങ്ങൾക്ക് മരുന്നാണ് എന്ന് മാത്രമാണ് മനസ്സിലാക്കേണ്ടത് ) . 
ഇമാം ഇബ്നുൽ ഖയ്യിമും മറ്റു പണ്ഡിതന്മാരും ഒക്കെ ഇപ്രകാരം പറഞ്ഞതായി കാണാം. അവയെല്ലാം ഉൾപ്പെടുത്തി ലേഖനം ദീർഘിപ്പിക്കുന്നില്ല. 

അതുപോലെ പണ്ഡിതന്മാർ പറഞ്ഞ മറ്റൊരു കാര്യമാണ് രോഗശമനത്തിനായി കരിഞ്ചീരകവും തനിച്ചല്ല ഉപയോഗിക്കേണ്ടത് മറ്റ് ഔഷധങ്ങളുടെ കൂടെയാണ്. കൃത്യമായ ചേരുവയും അളവും  ഔഷധത്തിന്റെ ഉപയോഗ രൂപവും (correct dosage, correct duration, correct route of administration) ചേർന്നാൽ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ എന്നത്. ഉദാഹരണമായി ഒരേ വേദനസംഹാരി തന്നെ ചിലപ്പോൾ തൊലിപ്പുറത്ത് ഓയിന്റ്മെന്റ് ആയി പുരട്ടുകയോ, ഗുളിക രൂപത്തിൽ കഴിക്കുകയോ, ഇഞ്ചക്ഷൻ രൂപത്തിൽ എടുക്കുകയോ ചെയ്യുമ്പോഴാണ് ഉദ്ദേശിച്ച ഫലം ലഭിക്കുക. ഒരാൾ ഓയിന്റ്മെന്റ് എടുത്തു തിന്നുകയോ ഇഞ്ചക്ഷൻ മരുന്ന് എടുത്ത് തൊലിപ്പുറത്ത് പുരട്ടുകയോ ചെയ്തത് കൊണ്ടോ കാര്യമില്ല. മരുന്ന് ഉപയോഗിക്കേണ്ട രീതിയിൽ കൃത്യമായ അളവിൽ ഉപയോഗിച്ചാൽ മാത്രമേ ഫലപ്രദമാകൂ. 

പ്രവാചക അനുചരൻമാർ ഇക്കാര്യം കൃത്യമായി മനസ്സിലാക്കിയിരുന്നു എന്ന് ഹദീസിൽ നിന്ന് മനസ്സിലാക്കാം. 

ഖാലിദ് ബിൻ സഅദ് പറഞ്ഞു: ഞങ്ങൾ ഒരു യാത്ര പോയപ്പോൾ ഗലീബ് ബിൻ അബ്ജർ രോഗിയായി. ഇബ്നു അബി ആത്തിഖ് അദ്ദേഹത്തെ സന്ദർശിക്കാൻ വന്നു, അദ്ദേഹം ഞങ്ങളോട് പറഞ്ഞു: "ഇദ്ദേഹത്തെ നിങ്ങൾ കരിഞ്ചീരകം കൊണ്ട് ചികിത്സിക്കുവിൻ; അഞ്ചോ ഏഴോ ജീരകം എടുത്ത് പൊടിച്ച് ഒലീവ് ഓയിലും ആയി മിക്സ് ചെയ്തു അതു രണ്ടു മൂക്കിലും ഇറ്റിച്ച് നസ്യം ചെയ്യുക. കാരണം  പ്രവാചകൻ പറഞ്ഞതായി ആയിഷയിൽ നിന്നും ഞാൻ ഇങ്ങനെ കേട്ടിട്ടുണ്ട്. അസ്സാം അല്ലാത്ത എല്ലാത്തിനും കരിഞ്ചീരകം ഔഷധമാണ്. എന്താണ് അസ്സാം? എന്ന് ആയിശ ചോദിച്ചപ്പോൾ മരണം എന്ന് പ്രവാചകൻ മറുപടി പറഞ്ഞു. 
(ബുഖാരി 5687)

ഇവിടെ വളരെ കൃത്യമായി തന്നെ പ്രവാചകൻറെ ഹദീസ് കേട്ട സഹാബി അതിൽനിന്നും എന്താണ് മനസ്സിലാക്കിയത് എന്ന് വ്യക്തമായി. ഒരു പ്രത്യേക അസുഖത്തിന് കരിഞ്ചീരകം പൊടിച്ചു ഒലീവ് എണ്ണയിൽ ചാലിച്ച് മൂക്കിൽ ഇറ്റിക്കുന്നതാണ് ചികിത്സ. ആ അസുഖത്തിന് കരിഞ്ചീരകം തിന്നത് കൊണ്ട് കാര്യമില്ല. മാത്രമല്ല കരിഞ്ചീരകം തനിയെ അല്ല ഒലിവ് എണ്ണയുടെ കൂടെയാണ് അവിടെ ഉപയോഗിച്ചത്.  ഇതുപോലെയാണു കരിഞ്ചീരകം ഔഷധമായി ഉപയോഗിക്കേണ്ടതും. ചില അസുഖങ്ങൾക്ക് തേനിൻറെ കൂടെയോ മറ്റു വസ്തുക്കളുടെ കൂടെയോ ഒക്കെ ചേർത്ത് ഉപയോഗിക്കണം.  ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിച്ചാൽ പല അസുഖങ്ങൾക്കും ഉള്ള മരുന്നായി കരിഞ്ചീരകം ഉപയോഗപ്പെടുത്താം എന്ന് മാത്രം.

1 Comments

Post a Comment

Previous Post Next Post