📌 ചോദ്യം : ഒട്ടക മൂത്രം മരുന്നാണോ ? മുഹമ്മദ് നബി ചില ആളുകളോട് ഒട്ടകമൂത്രവും ഒട്ടകപ്പാലും ഉപയോഗിക്കാൻ പറഞ്ഞതായി ഹദീസിൽ വന്നിട്ടുണ്ടോ ?
📣 ഉത്തരം : പ്രവാചകൻ മുഹമ്മദ് നബി (സ) പല സന്ദർഭങ്ങളിലായി പല രോഗങ്ങൾക്കും വ്യത്യസ്ത തരം ചികിത്സകൾ രോഗികൾക്ക് നിർദ്ദേശിച്ചിട്ടുണ്ട്. ചില അസുഖങ്ങൾക്ക് തേൻ നിർദേശിച്ചതും കരിഞ്ചീരകം നിർദ്ദേശിച്ചതും അതുപോലെ മറ്റു പല വസ്തുക്കളും ചികിത്സാരീതികളും നിർദ്ദേശിച്ചതും ഒക്കെ ഹദീസുകളിൽ കാണാൻ കഴിയും.
ഇന്നത്തെപോലെ വൈദ്യശാസ്ത്രം വികസിച്ചിട്ടില്ലാത്ത പഴയ കാലത്ത് എല്ലാ നാടുകളിലും പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ ഔഷധം ആക്കി ഉപയോഗിക്കുന്ന പാരമ്പര്യ നാട്ടുവൈദ്യം ആയിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത്. വലിയതോതിൽ അന്ധവിശ്വാസവും എല്ലാ സമൂഹങ്ങളിലും നിലവിലുണ്ടായിരുന്നു. ഭൂത പ്രേത പിശാചുക്കൾ ആണ് പല രോഗങ്ങളും ഉണ്ടാക്കുന്നതെന്നും അതിനാൽ അവയെ പ്രീതിപ്പെടുത്തുന്ന ആഭിചാര കർമ്മങ്ങളും മന്ത്രവാദങ്ങളും ചെയ്യുന്നതിലൂടെ രോഗശാന്തി ലഭിക്കും എന്നുമുള്ള അന്ധവിശ്വാസങ്ങളും നിലനിന്നിരുന്നു. ചികിത്സാരീതികളിൽ പലതും പ്രാകൃതവും ശരീരത്തിന് ദോഷം ചെയ്യുന്നതും ആയിരുന്നു.
രോഗം വന്നാൽ ചികിത്സിക്കണമെന്നു പഠിപ്പിച്ച പ്രവാചകൻ, അന്ന് കാലത്ത് നാട്ടിൽ നിലവിലുള്ള ചികിത്സാ രീതികളെ അനുവദനീയമായ ചികിത്സകളും (ഹലാൽ), അനുവദനീയമല്ലാത്ത (ഹറാം) ചികിത്സകളും ആയി വേർതിരിച്ചു. രോഗശാന്തിക്ക് ഉതകുന്നതും, ശരീരത്തിന് ഹാനികരമല്ലാത്തതും, അന്ധവിശ്വാസം കലരാത്തതുമായ നാട്ടു ചികിത്സാരീതികൾ പ്രവാചകൻ അനുവദിച്ചു. ആഭിചാര കർമ്മങ്ങളും മന്ത്രവാദങ്ങളും ശരീരത്തിന് ദോഷം ചെയ്യുന്ന ചികിത്സാരീതികളും പ്രവാചകൻ നിരോധിച്ചു.
ഇത്തരത്തിൽ പ്രവാചകൻ അനുവാദം കൊടുത്ത ചികിത്സാരീതികളിൽ ഒന്ന് മാത്രമാണ് ഒട്ടക പാലും ഒട്ടക മൂത്രവും ചികിത്സയ്ക്ക് ഉപയോഗിക്കാം എന്നത്. പുറം നാട്ടിൽ നിന്നും മദീനയിൽ വന്ന ചില ഗോത്രക്കാർക്ക് മദീനയിലെ കാലാവസ്ഥ പിടിക്കാതാവുകയും അവർ രോഗികൾ ആവുകയും ചെയ്തു. അവർക്ക് ചികിത്സക്കായി പ്രവാചകൻ പൊതുഖജനാവിൽ നിന്നും പാൽ കറവയുള്ള ഒട്ടകങ്ങളെയും അതിൻറെ പാലും മൂത്രവും ശേഖരിച്ച് അവർക്ക് നൽകാനായി ഒരു ഇടയനെയും അനുവദിച്ചു കൊടുത്ത ചരിത്ര സംഭവം സഹീഹായ ഹദീസുകളിൽ കാണാം. ഒട്ടക മൂത്രവും ഒട്ടകപ്പാലും ചികിത്സയ്ക്ക് ഉപയോഗിക്കൽ അനുവദനീയമാണ് (ഹലാൽ) എന്ന കാര്യം ഇതിൽ നിന്നും വ്യക്തമാണ്. പ്രവാചകൻ നിർദ്ദേശിച്ച ഈ ചികിത്സാ വിധി വളരെ ഫലപ്രദമായിരുന്നു എന്നും ആ ഗോത്രക്കാരുടെ അസുഖം നിശേഷം മാറി അവർ ആരോഗ്യവാന്മാരായി തീർന്നു എന്നും ചരിത്രത്തിൽ കാണാം.
( ഈ ഗോത്രക്കാർ നടത്തിയ ഒരു കൊടും ചതിയെ പറ്റിയുള്ള വിവരണം മുമ്പ് ഒരു പോസ്റ്റിൽ വിശദീകരിച്ചതാണ് അതിൻറെ ലിങ്ക് നൽകുന്നു. താല്പര്യമുള്ളവർക്ക് വായിക്കാം. https://jauzalcp.blogspot.com/2021/03/blog-post.html?m=1
)
പ്രവാചകൻ ഒട്ടകമൂത്രം ഉപയോഗിച്ച് ചികിത്സിക്കാൻ പറഞ്ഞ ഒരേയൊരു സന്ദർഭം ഇതാണ്. അല്ലാതെ എല്ലാ അസുഖങ്ങൾക്കും ഒട്ടകമൂത്രം ഫലപ്രദമാണ് എന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടില്ല. അന്ന് ആ പ്രത്യേക രോഗത്തിന് ഈ ചികിത്സ എടുത്ത ആളുകൾക്ക് രോഗ ശമനം ലഭിക്കുകയും ഉണ്ടായിട്ടുണ്ട്.
വൈദ്യശാസ്ത്രവും ചികിത്സാരീതികളും മരുന്നുകളും എല്ലാം ഒരുപാട് വികസിച്ച ഇന്നത്തെ കാലത്ത് ഇത്തരം നാട്ടുവൈദ്യം ഉപയോഗപ്പെടുത്തണമെന്ന് നിർബന്ധമൊന്നുമില്ല. അതിലും മികച്ച ചികിത്സാരീതികൾ ലഭ്യമാണ്; അവ ഉപയോഗപ്പെടുത്തിയാൽ മതി. അന്നത്തെ കാലത്ത് ലഭ്യമായ ഒരു ചികിത്സാരീതി അന്ന് ഉപയോഗപ്പെടുത്തി എന്ന് മാത്രം. ഇനി ഇന്നത്തെ കാലത്തും ആരെങ്കിലും ഒട്ടകമൂത്രവും ഒട്ടകപ്പാലും ഒക്കെ ചികിത്സയ്ക്ക് ഉപയോഗിച്ചാൽ അതിൽ ആക്ഷേപിക്കാൻ ഒന്നുമില്ല. ഇന്നും പലതരത്തിലുള്ള നാട്ടുവൈദ്യങ്ങൾ ഉപയോഗപ്പെടുത്തുന്ന ആളുകൾ ലോകത്ത് എല്ലാ സമൂഹങ്ങളിലും ഉണ്ടല്ലോ. അങ്ങിനെ കണക്കാക്കാനേ ഉള്ളൂ.
സഹോദരാ, താങ്കളുടെ പല എഴുത്തുകളും വളരെ ഉപകാരപ്രദമാണ്. എന്നാൽ മൂത്ര ചികിത്സ എന്ന ഈ എഴുത്ത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. ഈ ഹദീസ് താങ്കൾ ഒന്നു കൂടെ പഠന വേദയമാക്കണമെന്നു അപേക്ഷിക്കുന്നു.
ReplyDeleteഒരുപാട് നല്ല എഴുത്തുകൾ എഴുതിയതിൽ ഒന്നോ രണ്ടോ എഴുത്തുകളിൽ പിഴവ് വന്നാൽ തന്നെ ആളുകൾ വിലയിരുത്തും. താങ്കൾ ഈ പറയുന്ന പ്രകാരം ആണെങ്കിൽ ഗോ മൂത്രം കുടിക്കുന്നതിനെയു ചാണക ചികിൽസ യെയും വിമർശിക്കാൻ നമുക്ക് പറ്റാതെ ആവും.
ഇസ്ലാമിലെ തെളിവുകൾ വിശുദ്ധഖുർആനും സ്വഹീഹായ നബിവചനങ്ങളും ആണ്. ഒരു കാര്യം പ്രവാചകവചനങ്ങൾ ആണ് എന്ന് സ്ഥിരപ്പെട്ടാൽ അവ നമ്മുടെ യുക്തിക്ക് ഉൾക്കൊള്ളുന്നില്ല എങ്കിൽ നമ്മുടെ അറിവിന്റെയും യുക്തിയുടെയും പരിമിതിയായി മാത്രം മനസ്സിലാക്കുക. പതിനാലു നൂറ്റാണ്ട് കാലം ജീവിച്ച മുസ്ലിം പണ്ഡിതന്മാർക്കാർക്കും ഈ ഹദീസിൽ പ്രശ്നം ഉള്ളതായി തോന്നിയിട്ടില്ല. താങ്കൾക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ ദീനിൽ കൂടുതൽ ഉൾക്കാഴ്ച നൽകുവാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുക. ആടിന്റെയും പശുവിന്റെയും ഒന്നും മൂത്രം നജസല്ല എന്ന് തന്നെയാണ് മതത്തിലെ പ്രബലമായ അഭിപ്രായം. അതിനാൽ ആരെങ്കിലും ഗോമൂത്രം കഴിക്കുന്നുണ്ടെങ്കിൽ അവരെ വിമർശിക്കേണ്ടതില്ല. മതത്തിൽ അവരെ വിമർശിക്കാൻ തെളിവില്ല. അശാസ്ത്രീയമായ അവകാശ വാദങ്ങൾ അവർ ഉന്നയിക്കുന്നു എങ്കിൽ അതിനെ വിമർശിക്കാം.
DeletePost a Comment