പ്രസവിക്കാനായി പ്രസവ കട്ടിലിൽ കിടക്കുന്ന ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ഭർത്താവ് ആഗ്രഹിച്ചാൽ പോലും ഭാര്യ അതിനു വഴങ്ങി കൊടുക്കണം എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട് എന്ന ഒരു മത പ്രാസംഗികൻ പ്രസംഗിക്കുന്നതിന്റെ ചെറു വീഡിയോ ക്ലിപ്പ് ജബ്രകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇങ്ങനെ ഒരു ഹദീസ് ഉണ്ടോ ? എന്താണ് അതിന്റെ വസ്തുത ? നമുക്കു പരിശോധിക്കാം.
ഭാര്യക്ക് ഭർത്താവിനോടുള്ള കടമകൾ വിശദീകരിക്കുന്ന ഒരു ഹദീസിൽ ഇങ്ങനെ ഒരു പരാമർശം കാണാം. സുനൻ ഇബ്നു മാജ, ഹദീസ് നമ്പർ 1853.
حَدَّثَنَا أَزْهَرُ بْنُ مَرْوَانَ، حَدَّثَنَا حَمَّادُ بْنُ زَيْدٍ، عَنْ أَيُّوبَ، عَنِ الْقَاسِمِ الشَّيْبَانِيِّ، عَنْ عَبْدِ اللَّهِ بْنِ أَبِي أَوْفَى، قَالَ لَمَّا قَدِمَ مُعَاذٌ مِنَ الشَّامِ سَجَدَ لِلنَّبِيِّ ـ صلى الله عليه وسلم ـ قَالَ " مَا هَذَا يَا مُعَاذُ " . قَالَ أَتَيْتُ الشَّامَ فَوَافَقْتُهُمْ يَسْجُدُونَ لأَسَاقِفَتِهِمْ وَبَطَارِقَتِهِمْ فَوَدِدْتُ فِي نَفْسِي أَنْ نَفْعَلَ ذَلِكَ بِكَ . فَقَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ " فَلاَ تَفْعَلُوا فَإِنِّي لَوْ كُنْتُ آمِرًا أَحَدًا أَنْ يَسْجُدَ لِغَيْرِ اللَّهِ لأَمَرْتُ الْمَرْأَةَ أَنْ تَسْجُدَ لِزَوْجِهَا وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ لاَ تُؤَدِّي الْمَرْأَةُ حَقَّ رَبِّهَا حَتَّى تُؤَدِّيَ حَقَّ زَوْجِهَا وَلَوْ سَأَلَهَا نَفْسَهَا وَهِيَ عَلَى قَتَبٍ لَمْ تَمْنَعْهُ " .
It was narrated that:
Abdullah bin Abu Awfa said “When Muadh bin Jabal came from Sham, he prostrated to the Prophet who said: 'What is this, O Muadh?' He said: 'I went to Sham and saw them prostrating to their bishops and patricians and I wanted to do that for you.' The messenger of Allah said: 'Do not do that. If I were to command anyone to prostrate to anyone other than Allah, I would have commanded women to prostrate to their husbands. By the One in Whose Hand is the soul of Muhammad! No woman can fulfill her duty towards Allah until she fulfills her duty towards her husband. If he asks her (for intimacy) even if she is on her camel saddle, she should not refuse.' ”
മുആദ് ബ്നു ജബൽ സിറിയയിൽ നിന്നും മദീനയിൽ വന്നപ്പോൾ അദ്ദേഹം പ്രവാചകന് സുജൂദ് (സാഷ്ടാംഗ പ്രണാമം) ചെയ്തു. പ്രവാചകൻ (അത്ഭുതത്തോടെ) ചോദിച്ചു: "മുആദ്, എന്താണ് നീ ചെയ്യുന്നത് !" അദ്ദേഹം പറഞ്ഞു: "സിറിയയിൽ ആളുകൾ ബിഷപ്പുമാരെയും പ്രഭുക്കന്മാരെയും ഒക്കെ ഇത്തരത്തിൽ സുജൂദ് ചെയ്യുന്നത് ഞാൻ കണ്ടു. താങ്കളെ അത്തരത്തിൽ വണങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു " . പ്രവാചകൻ പറഞ്ഞു: " അങ്ങനെ ചെയ്യരുത് ! അല്ലാഹുവിനല്ലാതെ ഒരു സൃഷ്ടിക്കു മുന്നിൽ സുജൂദ് ചെയ്യാൻ അനുവാദമുണ്ടായിരുന്നുവെങ്കിൽ ഭാര്യയോട് , ഭർത്താവിന് സുജൂദ് ചെയ്യാൻ ഞാൻ കൽപ്പിക്കുമായിരുന്നു. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം, ഒരു ഭാര്യക്കും തൻറെ ഭർത്താവിനോടുള്ള കടമകൾ പൂർത്തീകരിക്കാതെ അല്ലാഹുവിനോടുള്ള കടമകൾ പൂർത്തിയാവില്ല. അവൻ (ലൈംഗിക ബന്ധത്തിനായി) ആഗ്രഹം പ്രകടിപ്പിച്ചാൽ അവൾ ഒട്ടകത്തിന്റെ മുകളിലെ സീറ്റിൽ ആയിരുന്നാൽപോലും ആഗ്രഹം നിരസിക്കാൻ പാടില്ല".
ഇതാണ് പ്രസ്തുത ഹദീസ് . ഇതിലെ പരാമർശം ആയ
وَهِيَ عَلَى قَتَبٍ
എന്ന വാചകത്തെ അഥവാ "അവൾ ഖതബിൽ ആയിരുന്നാൽ" എന്ന പരാമർശം വിശദീകരിക്കുന്നതാണ് പ്രാസംഗികന്റെ ക്ലിപ്പിൽ കണ്ടത്. ഈ വാക്കിൻറെ അർത്ഥം ഒട്ടകത്തിന്റെ പുറത്ത് ഇരിക്കുന്ന സീറ്റ് എന്നാണ് Camel saddle എന്ന് ആണ്. മുകളിൽ ഹദീസിന്റെ ഇംഗ്ലീഷ് പരിഭാഷയിലും കൊടുത്തിട്ടുള്ളത് അങ്ങനെതന്നെയാണ്. ഗൂഗിൾ ട്രാൻസ്ലേറ്റിലും ഡിക്ഷ്ണറികളിലും കൊടുത്ത അർത്ഥവും അതുതന്നെയാണ്. സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു. ഹദീസ് പണ്ഡിതന്മാരും ഈ അർത്ഥം പറഞ്ഞിട്ടുണ്ട്.
ഇതേ പരാമർശം തന്നെ പ്രവാചക പത്നി ആയിഷ (റ) ഉദ്ധരിക്കുന്ന ഹദീസിലും വന്നിട്ടുണ്ട്. അവിടെയും പരിഭാഷകളിൽ ഒക്കെ അർത്ഥം കൊടുത്തിട്ടുള്ളത് camel saddle, ഒട്ടകപ്പുറത്തെ ഇരിപ്പിടം എന്ന് തന്നെയാണ്.
ഈ വാക്കിന് പ്രസവ പലക എന്നൊരു അർത്ഥം കൂടി ഉണ്ട് എങ്കിലും അതാണ് ഇവിടെ ഉദ്ദേശിച്ചത് എന്ന് പറയാൻ ന്യായം കാണുന്നില്ല. അങ്ങനെയൊരു അർത്ഥം ഹദീസ് പരിഭാഷകളിൽ ഒന്നും കാണുന്നുമില്ല. ഞാൻ പരിശോധിച്ചിടത്ത് ഒക്കെ ഒട്ടകത്തിന് പുറത്തുള്ള സീറ്റ് എന്നാണ് ഹദീസ് പരിഭാഷകൾ അർത്ഥംകൊടുത്തിട്ടുള്ളത്. sunnah.com ഇൽ കൊടുത്ത അർത്ഥം മുകളിൽ പോസ്റ്റിൽ കൊടുത്തിട്ടുണ്ട് താഴെ സ്ക്രീൻഷോട്ടും ഇടുന്നു.
വൈവാഹിക ജീവിതത്തിലെ ഊഷ്മളതയും സ്നേഹവും ഊട്ടിയുറപ്പിക്കുന്ന കാര്യമാണ് ശാരീരിക ബന്ധം. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ശാരീരിക ബന്ധം പുണ്യകർമം ആയിട്ടാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. കൊച്ചുകൊച്ചു പിണക്കങ്ങൾ എല്ലാം ശരിയാക്കുന്ന കാര്യവും കൂടിയാണ് ശാരീരിക ബന്ധം. അകാരണമായി ശാരീരിക ബന്ധം നിഷേധിക്കുന്നത് വൈവാഹിക ബന്ധങ്ങൾ ശിഥിലമാക്കുന്ന കാര്യമാണ്. അമേരിക്കയിൽ നടന്ന ഒരു പഠനത്തിൽ വ്യക്തമായത് 22% വിവാഹ മോചനങ്ങളുടെയും കാരണം ലൈംഗികത നിഷേധവും ലൈംഗിക പ്രശ്നങ്ങളും ആണ് എന്നാണ്.
ഭാര്യാഭർതൃ ലൈംഗിക ബന്ധം പുണ്യകർമമായി പഠിപ്പിക്കപ്പെട്ട ഇസ്ലാം മതത്തിൽ അത് അകാരണമായി വിസമ്മതിക്കുന്നത് മോശപ്പെട്ട കാര്യമാണെന്നും കൂടി ഉണർത്തുന്നു.
ഒട്ടകപ്പുറത്ത് യാത്ര ചെയ്യുകയാണെങ്കിൽ പോലും ഭർത്താവ് ലൈംഗിക ബന്ധത്തിനു ആഗ്രഹം പ്രകടിപ്പിച്ചാൽ യാത്ര തൽക്കാലം നിർത്തി വച്ച് അവർക്ക് വല്ല സത്രങ്ങളിലും തങ്ങി ആഗ്രഹം പൂർത്തീകരിച്ചതിനുശേഷം യാത്ര തുടരാവുന്നതാണ് എന്നാണ് ഹദീസിൻറെ ആശയം. അല്ലാതെ ഭാര്യ പ്രസവിക്കാൻ പ്രസവകട്ടിലിൽ കിടക്കുമ്പോൾ ലൈംഗിക ബന്ധം നടത്തുക എന്നത് സാമാന്യയുക്തി ഇല്ലാത്ത കാര്യമാണല്ലോ. അതുകൊണ്ടുതന്നെ ഹദീസ് പരിഭാഷകളിൽ എല്ലാം കൊടുത്ത ഒട്ടകപ്പുറത്ത് യാത്ര ചെയ്യുമ്പോൾ എന്ന അർത്ഥമാണ് കൂടുതൽ ശരിയായി തോന്നുന്നത്. (അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ).
ഇനി വാദത്തിനുവേണ്ടി ഹദീസിൽ പ്രസവ കട്ടിൽ എന്ന അർത്ഥമാണ് ഉദ്ദേശിച്ചിട്ടുള്ളത് എന്ന് തന്നെ സങ്കൽപ്പിക്കുക. എന്നാൽപോലും ഇത്രയേ ഉള്ളൂ കാര്യം. ഒരു കാര്യത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനായി എക്സ്ട്രീം ഉദാഹരണങ്ങൾ ഉദാഹരിക്കൽ അറബിഭാഷയുടെ ഒരു ശൈലിയാണ്. ഇത്തരം ധാരാളം പരാമർശങ്ങൾ നമുക്ക് ഹദീസുകളിൽ പലപ്പോഴും കാണാൻ സാധിക്കും. ഉദാഹരണമായി ചെടികൾ നടുന്നതിന്റെ പ്രാധാന്യം സൂചിപ്പിച്ചുകൊണ്ട് പ്രവാചകൻ പറഞ്ഞു.
"عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنْ قَامَتْ عَلَى أَحَدِكُمْ الْقِيَامَةُ وَفِي يَدِهِ فَسْلَةٌ فَلْيَغْرِسْهَا
12902 مسند أحمد
പ്രവാചകൻ പറഞ്ഞു: "ലോകം അവസാനിക്കുന്ന നാളിൽ ജീവിച്ചിരിക്കുന്ന ഒരാളുടെ കയ്യിൽ ഒരു വൃക്ഷ തൈ ഉണ്ടെങ്കിൽ അയാൾ അത് നട്ടു കൊള്ളട്ടെ."
(മുസ്നദ് അഹമ്മദ് - സഹീഹ് )
ഇതിനർത്ഥം അക്ഷരാർത്ഥത്തിൽ ലോകാവസാന ദിനത്തിൽ (ഖിയാമത്ത് നാൾ) മനുഷ്യരെല്ലാവരും ഭയവിഹ്വലരായി പേടിച്ച് നിൽക്കുന്ന സമയത്ത് മനുഷ്യൻ ചെടി നട്ടു കൊള്ളട്ടെ എന്ന് അല്ലല്ലോ. അങ്ങനെ ഒരാളും ചെയ്യാനും സാധ്യതയും ഇല്ലല്ലോ. മരം നടൽ വലിയ പുണ്യകർമമാണ് എന്ന പഠിപ്പിക്കലാണ് ഹദീസിന്റെ ഉദ്ദേശ്യം അല്ലാതെ അക്ഷരാർത്ഥത്തിൽ പ്രവർത്തിക്കാൻ അല്ല.
അതുപോലെ സഹീഹ് മുസ്ലിമിൽ കാണാവുന്ന ഹദീസാണ്
قَالَ رَسُولُ اللَّهِ صلى الله عليه وسلم " لاَ يَشْرَبَنَّ أَحَدٌ مِنْكُمْ قَائِمًا فَمَنْ نَسِيَ فَلْيَسْتَقِئْ " .
പ്രവാചകൻ പറഞ്ഞു: നിങ്ങളാരും നിന്നുകൊണ്ട് (വെള്ളവും മറ്റും) കുടിക്കരുത്. ആരെങ്കിലും മറന്നു കൊണ്ട് നിന്ന് വെള്ളം കുടിച്ചാൽ അവനത് ചർദ്ദിച്ച് കളയട്ടെ " .
പ്രത്യക്ഷത്തിൽ, ഈ ഹദീസ് മാത്രം കാണുന്ന ഒരാൾ ഇത് അക്ഷരാർത്ഥത്തിലുള്ള ഒരു കല്പനയായി തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഈ ഹദീസ്, ഇരുന്ന് കൊണ്ട് ഭക്ഷിക്കുന്നതിന്റെയും വെള്ളം കുടിക്കുന്നതിന്റെയും പ്രാധാന്യത്തെ സൂചിപ്പിക്കാനായി പ്രവാചകൻ പറഞ്ഞതാണ്. പ്രവാചകൻ തന്നെ നിന്ന് വെള്ളം കുടിച്ചതും ഭക്ഷണം കഴിച്ചതും ഒക്കെ ഹദീസിൽ വന്നിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ ഇരുന്ന് വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കാനുള്ള ഒരു ഭാഷാപ്രയോഗമാണ് ഇത് എന്നാണ് മനസ്സിലാക്കാവുന്നത്. അല്ലാതെ ആരെങ്കിലും നിന്ന് വെള്ളം കുടിച്ചാൽ നിർബന്ധമായും ഛർദ്ദിച്ചു കൊള്ളണമെന്നല്ല, നിന്നു കുടിക്കൽ ഹറാമാണെന്നും അല്ല .
ഹദീസിൽ മാത്രമല്ല ബൈബിളിലും ഇത്തരം കൽപ്പനകൾ കാണാം. ഭാഷാപരമായ പ്രയോഗങ്ങളാണ് ഇവയൊക്കെ. ഒരു കാര്യത്തിന്റെ പ്രാധാന്യം സൂചിപ്പിക്കാനായി ഇത്തരം എക്സ്ട്രീം ഉദാഹരണങ്ങൾ ഉപയോഗിക്കൽ എല്ലാ മതങ്ങളിലും ഭാഷകളിലും ഒക്കെയുള്ള പ്രയോഗങ്ങളാണ്.
ഉദാഹരണമായി കൊരിന്ത്യർ 11 - 6 ൽ പൗലോസ് പറയുന്നു:
"സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ. "
ക്രിസ്ത്യൻ സ്ത്രീ പ്രാർത്ഥിക്കുമ്പോൾ തട്ടമിട്ട് തല മറക്കണം എന്നും തല മറക്കുന്നില്ലെങ്കിൽ മുടി മുറിച്ചു കളയുകയോ ഷൗരം ചെയ്ത് മൊട്ടയടിക്കുകയോ വേണമെന്ന് ബൈബിൾ പറയുന്നു. മൊട്ടയടിക്കാൻ ലജ്ജ ആണെങ്കിൽ തട്ടം ഇടട്ടെ എന്നാണ് ആഹ്വാനം. മൂടുപടം ഇടേണ്ടതിൻറെ ഗൗരവം സൂചിപ്പിക്കാനാണ് ഈ പ്രയോഗം. അല്ലാതെ പള്ളിയിൽ കുർബാനയ്ക്ക് വരുന്ന പെണ്ണുങ്ങൾ തലയിൽ തട്ടമിട്ടില്ലെങ്കിൽ അവരെ മൊട്ടയടിച്ചു വിടുന്ന പരിപാടിയൊന്നും നിലവിലില്ല. തല മറക്കുക എന്നകാര്യം എത്രമാത്രം ഗൗരവമുള്ളതാണ് എന്നത് സൂചിപ്പിക്കാനുള്ള പ്രയോഗമാണ് " അവൾ തല മറക്കുന്നില്ലെങ്കിൽ മുടി ഷൗരം ചെയ്ത് കളയട്ടെ " എന്ന പ്രയോഗം.
കാര്യങ്ങളുടെ ഗൗരവം ഓർമ്മിപ്പിക്കാൻ ആയി ഇത്തരം പ്രയോഗങ്ങൾ എല്ലാവരും നടത്തുന്നതാണ് എന്ന് പറയാനാണ് ബൈബിൾ പുതിയ നിയമ കൽപന ഉദ്ധരിച്ചത്. ബൈബിളിൽ ഇങ്ങനെ പറയുന്നുണ്ട് , അതുകൊണ്ട് തട്ടമിടാത്ത സ്ത്രീകളെ മൊട്ടയടിച്ചു വിടുന്ന മതമാണ് ക്രിസ്തുമതം എന്ന് പറയുന്നത് ബാലിശമല്ലേ. കൽപ്പനകളുടെ ഉദ്ദേശ്യമാണ് വിലയിരുത്തപ്പെടേണ്ടത് അല്ലാതെ അക്ഷര വായനയല്ല. അത് മര്യാദയും അല്ല .
അപ്പോൾ ചുരുക്കി പറഞ്ഞാൽ ഹദീസിലെ പ്രയോഗത്തിലെ ഉദ്ദേശ്യം ഇതാണ്. ഭാര്യക്ക് ഭർത്താവിനോട് വളരെയധികം കടപ്പാടുകളുണ്ട്. ഭർത്താവിന്റെ ഹലാലായ ലൈംഗിക താൽപര്യങ്ങൾ നിവർത്തിച്ചു കൊടുക്കേണ്ടത് ഭാര്യയുടെ കടമയാണ് എന്ന് മാത്രമാണ്.
കൃത്യമായി മനസ്സിലാക്കേണ്ട കാര്യം, ഭാര്യയെ അവളുടെ കടമകൾ പഠിപ്പിക്കുന്നു എന്നതിനപ്പുറം ഭാര്യക്ക് താൽപര്യമില്ലാത്ത അവസരത്തിൽ അവളെ ബലാൽക്കാരമായി പ്രാപിക്കാൻ ഇസ്‌ലാം അനുമതി നൽകുന്നില്ല. അഥവാ ഭാര്യ സെക്സിന് വിസമ്മതിച്ചാൽ അവളെ നിർബന്ധമായി പ്രാപിക്കുന്ന പരിപാടി (marietal rape ) ഇസ്ലാം അനുവദിക്കുന്നില്ല. ഒരാളെയും അകാരണമായി ഉപദ്രവിക്കരുത് എന്നുള്ളത് ഇസ്ലാമിലെ അടിസ്ഥാന നിയമമാണ്. ഭാര്യമാരോട് ഏറ്റവും നല്ല നിലയിൽ മാന്യമായി പ്രവർത്തിക്കണമെന്ന് പ്രവാചകൻ കൽപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ യഥാർത്ഥ വിശ്വാസികൾ ആരും ഭാര്യമാരെ ലൈംഗികമായി പീഡിപ്പിക്കുകയും ഇല്ല. അങ്ങനെ ചെയ്താൽ അത് ക്രിമിനൽ കുറ്റവുമാണ്. ഇസ്ലാമിക ഭരണകൂടത്തിൽ ജഡ്ജിക്ക് ഉചിതമായ ശിക്ഷ വിധിക്കാനും അധികാരമുണ്ട്.
ഇസ്ലാം ഭാര്യക്കും ഭർത്താവിനും ഒക്കെ ഉള്ള കടമകൾ നിർവചിച്ചിട്ടുണ്ട്. ഭർത്താവിൻറെ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റൽ ഭാര്യയുടെയും , ഭാര്യയുടെ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റൽ ഭർത്താവിന്റെയും കടമയായി പ്രവാചകൻ പഠിപ്പിച്ചു. ഭാര്യയുടെ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റൽ ഭർത്താവിൻറെ നിർബന്ധ ബാധ്യതയായി ഭർത്താവിനെ ഉദ്ബോധിപ്പിക്കുന്നത് വേറെ ഹദീസുകളിൽ കൃത്യമായി കാണാം. അഥവാ ഭർത്താവിന് മാത്രമല്ല ഭാര്യയ്ക്കും ലൈംഗിക അവകാശങ്ങളുണ്ട് എന്ന് പഠിപ്പിച്ചവനാണ് അല്ലാഹുവിൻറെ പ്രവാചകൻ. സല്ലല്ലാഹു അലൈഹിവസല്ലം.
Post a Comment