എല്ലാം അറിയുന്ന ദൈവം എന്തിന് നമ്മെ പരീക്ഷിക്കണം !


📌ചോദ്യം : എല്ലാമറിയുന്നവൻ എന്തിന് പരീക്ഷണം നടത്തണം? 
Question by FB ID Elappa Kulirma

📣 ഉത്തരം : പരീക്ഷ നടത്തുന്നത് പരീക്ഷ എഴുതുന്നവരിൽ ആരാണ് ഏറ്റവും നന്നായി പെർഫോം ചെയ്യുന്നത് എന്ന് മനസ്സിലാക്കാനാണ്. അതിൻറെ റിസൾട്ട് അനുസരിച്ചാണ് അവരുടെ ഭാവി തീരുമാനിക്കപ്പെടുന്നത്. റിസൾട്ടിന്റ ഗുണവും ദോഷവും എല്ലാം അനുഭവിക്കേണ്ടത് പരീക്ഷ എഴുതുന്നവരാണ്. പരീക്ഷയുടെ സിലബസും പരീക്ഷാ തീയതിയും വ്യക്തമാക്കി കൊടുക്കുകയും പരീക്ഷയ്ക്ക് വേണ്ട പാഠഭാഗങ്ങൾ പഠിപ്പിക്കുകയും മാത്രമാണ് അധ്യാപകന്റെ ഉത്തരവാദിത്വം. നന്നായി പഠിക്കേണ്ടതും പരീക്ഷ കൃത്യസമയത്ത് ഭംഗിയായി എഴുതുകയും ചെയ്യേണ്ടത് വിദ്യാർഥിയുടെ ഉത്തരവാദിത്വമാണ്. 

നന്നായി പഠിച്ച് പത്താംക്ലാസും പ്ലസ്ടുവും പാസ് ആയാൽ മാത്രമേ ഉന്നതവിദ്യാഭ്യാസംനേടാനും നല്ല ജോലി സമ്പാദിക്കാനും കഴിയൂ എന്ന് വിദ്യാർത്ഥികളോട് അധ്യാപകൻ പറയുമ്പോൾ ചില വിദ്യാർത്ഥികൾ നന്നായി പഠിക്കുകയും നല്ല മാർക്കോടെ പാസ്സാവാൻ പരിശ്രമിക്കുകയും ചെയ്യുന്നു , ചില ഉഴപ്പൻമാർ "അങ്ങനെ ഒരു പരീക്ഷയേ ഇല്ല, ഇനി പരീക്ഷ ഉണ്ടെങ്കിൽ തന്നെ എല്ലാവരെയും പാസാക്കും ഉന്നത വിദ്യാഭ്യാസം ഒന്നുമില്ലെങ്കിലും നല്ല ജോലിയൊക്കെ കിട്ടും ഇതൊക്കെ അധ്യാപകൻ വെറുതെ ബഡായി പറയുന്നതാണ് " എന്നു പറഞ്ഞു അധ്യാപകനെ പരിഹസിക്കുകയും അവസാനം പരീക്ഷയിൽ തോൽക്കുകയും ചെയ്യുന്നു എന്ന് കരുതുക.  ഉന്നതവിദ്യാഭ്യാസവും നല്ലൊരു ജോലിയും ഒന്നും ലഭിക്കാത്തതിന്റെ പൂർണ്ണ ഉത്തരവാദി വിദ്യാർത്ഥി മാത്രമാണല്ലോ. പഠിക്കുവാനുള്ള അവസരങ്ങൾ എല്ലാവർക്കും ഒരുപോലെ സ്കൂളിൽ ലഭ്യമായിരുന്നു. അവസരങ്ങൾ ഉപയോഗപ്പെടുത്താതെ ഇരിക്കുകയും പരീക്ഷ തോൽക്കുകയും ചെയ്തതിന് വിദ്യാർത്ഥി മാത്രമാണ് ഉത്തരവാദി. നന്നായി പഠിച്ച് നല്ല മാർക്കോടെ പരീക്ഷ പാസായവനും, അവസരങ്ങൾ ലഭിച്ചിട്ടും അഹങ്കാരവും പുച്ഛവും കൊണ്ട് മാത്രം പരീക്ഷ തോറ്റവനും ഒരുപോലെ ഉന്നത വിദ്യാഭ്യാസത്തിന് അവസരം നൽകണമെന്ന് പറയുന്നത് നീതി അല്ലല്ലോ. അങ്ങനെ പരീക്ഷ തോറ്റവനും നല്ല മാർക്കിൽ പാസായവനും ഒരുപോലെ ഉന്നതവിദ്യാഭ്യാസത്തിന് അവസരം നൽകിയാൽ അത് അനീതി മാത്രമല്ലേ ആവൂ. പരീക്ഷയിൽ ആരെയും തോൽപ്പിക്കരുത് എല്ലാവർക്കും ഫുൾ മാർക്ക് കൊടുക്കണം എന്നു പറയുന്നതാണോ നീതി ?

പരീക്ഷയുടെ റിസൾട്ട് ആശ്രയിച്ചിരിക്കുന്നത് വിദ്യാർഥികൾക്ക് ഓരോ വിഷയത്തിലും എത്രത്തോളം അറിവുണ്ട് എന്നതിനെ മാത്രമാണ്. ജൂൺ പത്താം തീയതി പരീക്ഷ നടക്കുന്നു. ഇരുപത്തിയഞ്ചാം തീയതി ആണ് റിസൾട്ട് പുറത്തുവരുന്നത് എന്ന് കരുതുക. അധ്യാപകൻ ജൂൺ 10ന് തന്നെ പരീക്ഷാപേപ്പർ മൂല്യനിർണയം നടത്തി. സ്കൂളിലെ റിസൾട്ട് എൻട്രി ചെയ്യുന്ന ക്ലർക്ക് പതിനൊന്നാം തീയതി തന്നെ റിസൽട്ട് കമ്പ്യൂട്ടറിൽ കയറ്റി. പരീക്ഷാഫലം വരുന്നതിന് രണ്ട് ആഴ്ച മുമ്പ് തന്നെ ഈ രണ്ടുപേർക്കും റിസൾട്ട് അറിയാം എന്നതുകൊണ്ട് പരീക്ഷാഫലത്തിൽ എന്തെങ്കിലും മാറ്റം വരുമോ ? പരീക്ഷാഫലം പൂർണ്ണമായും വിദ്യാർത്ഥികളുടെ ഉത്തരത്തെ ആശ്രയിച്ചിരിക്കുന്നു. റിസൾട്ടിനെക്കുറിച്ച് ആർക്കെങ്കിലും നേരത്തെ അറിയും എന്നുള്ളത് റിസൾട്ടിനെ ബാധിക്കുന്ന കാര്യമല്ല. റിസൾട്ട് 100% വിദ്യാർത്ഥികളുടെ പെർഫോമൻസിനെ മാത്രം ആശ്രയിച്ചാണ്. റിസൾട്ട് അനൗൺസ് ചെയ്യുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ ക്ലാർക്കിന് റിസൾട്ട് അറിയാം അതുകൊണ്ടാണ് ഞാൻ തോറ്റത് എന്ന് ഒരു വിദ്യാർത്ഥി അവകാശപ്പെട്ടാൽ അത് എത്രത്തോളം പരിഹാസ്യമാണ്!

പ്രപഞ്ച സൃഷ്ടാവായ അല്ലാഹു പ്രപഞ്ചത്തിന് അതീതനാണ്. ഈ പ്രപഞ്ചങ്ങൾക്ക് പുറത്ത് ആണ് അല്ലാഹുവിൻറെ അസ്ഥിത്വം ഉള്ളത്. അതുകൊണ്ടുതന്നെ പ്രാപഞ്ചിക നിയമങ്ങളോ സമയമോ ഒന്നും അള്ളാഹുവിനു ബാധകമല്ല. അവൻ തുടക്കമോ ഒടുക്കമോ ഇല്ലാത്തവൻ ആണു. അള്ളാഹു സ്പേസ് ടൈം ബൗണ്ട് അല്ല . 

പ്രപഞ്ചത്തിലെ ഡയമെൻഷനുകൾക്ക് അപ്പുറം ഉള്ള ഒരാളെ സംബന്ധിച്ചിടത്തോളം അയാൾക്ക് സമയം ബാധകമല്ല എന്നാണ് ശാസ്ത്രം പറയുന്നത്. ഭൂതം ഭാവി വർത്തമാനം എന്നിങ്ങനെയുള്ള സമയങ്ങൾ പ്രപഞ്ചത്തിന് പുറത്തുള്ള ഒരു ആൾക്ക് ബാധകമല്ല. പ്രപഞ്ചത്തിന് പുറത്തുനിന്ന് വീക്ഷിക്കുന്ന ഒരാൾക്ക് ഭൂതകാലവും വർത്തമാനകാലവും ഭാവി കാലവും എല്ലാം ഒരുപോലെ ഒരേ സമയം കാണാൻ കഴിയും. 

സമയം എന്ന ഡയമെൻഷന്റെ അപ്പുറത്തേക്ക് ചിന്തിക്കാൻ മനുഷ്യൻറെ മനസ്സിന് വലിയ പ്രയാസമാണ്. നമ്മുടെ ചിന്തകൾ എല്ലാം തന്നെ സമയബന്ധിതമാണ്. അതുകൊണ്ടുതന്നെ ഈ പ്രപഞ്ചം അഥവാ സ്പേസ് ടൈം ന് പുറത്തുള്ള ഒന്നിന് സമയം ബാധകമല്ല എന്ന കാര്യം ശാസ്ത്രീയമായി കൃത്യമായ ഒരു കാര്യം ആയിരുന്നിട്ടുകൂടി മനുഷ്യൻറെ ബുദ്ധിക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്.

എന്തെങ്കിലും ഒരു സാഹചര്യത്തിൽ ഒരാൾക്ക് പ്രപഞ്ചത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ കഴിഞ്ഞാൽ ഇത്തരത്തിൽ സമയത്തിന് അതീതനായി കാര്യങ്ങൾ  മനസ്സിലാക്കാൻ അഥവാ ഭൂതവും ഭാവിയും വർത്തമാനവും ഒക്കെ ഒരേ സമയം കാണാനും മനസ്സിലാക്കാനും കഴിയും എന്ന കാര്യങ്ങൾ ശാസ്ത്രീയമായി അബദ്ധങ്ങൾ അല്ല എന്ന് മനസ്സിലാക്കുക. 

മനുഷ്യനു ഫ്രീ വിൽ അഥവാ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട് എന്നാണ് വിശുദ്ധ ഖുർആൻ പറയുന്നത്. നന്മയും തിന്മയും എന്താണെന്ന് കൃത്യമായി ദൈവിക നിർദേശങ്ങൾ പ്രവാചകന്മാരിലൂടെയും വേദഗ്രന്ഥങ്ങളിലൂടെയും വിവരിച്ചു തന്നിട്ടുണ്ട്.  നന്മയോ തിന്മയോ തിരഞ്ഞെടുക്കാൻ മനുഷ്യനു സ്വാതന്ത്ര്യം ഉണ്ട് . മരണാനന്തര ജീവിതത്തിൽ നന്മയുടെ മാർഗ്ഗം തിരഞ്ഞെടുക്കുന്നവർക്ക് സ്വർഗ്ഗവും തിന്മയുടെ മാർഗ്ഗം തിരഞ്ഞെടുക്കുന്നവർക്ക് നരകവും ആണ് ഉണ്ടാവുക എന്ന് അറിയിച്ചു തന്നിട്ടുണ്ട്. ഏതു തെരഞ്ഞെടുക്കുന്നു എന്നത് മനുഷ്യൻറെ സ്വാതന്ത്ര്യത്തിൽ പെട്ടതാണ്. ഐഹിക ജീവിതം എന്നത് ഒരു പരീക്ഷണമാണ്. നന്മയാണോ തിന്മയാണോ മനുഷ്യൻ തിരഞ്ഞെടുക്കുക എന്നതിൻറെ പരീക്ഷണം. 

إِنَّا هَدَيْنَٰهُ ٱلسَّبِيلَ إِمَّا شَاكِرًۭا وَإِمَّا كَفُورًا
തീര്‍ച്ചയായും നാം അവന്ന്‌ വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട്‌ ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു.
(Surat:76, Verse:3)

ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًۭا ۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ
നിങ്ങളില്‍ ആരാണ്‌ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന്‌ പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.
(Surat:67, Verse:2)

وَقُلِ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ ۚ إِنَّآ أَعْتَدْنَا لِلظَّٰلِمِينَ نَارًا ......
പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക്‌ നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്‌........
(Surat:18, Verse:29)

ഇത്തരത്തിൽ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അഥവാ ഫ്രീ വിൽ നൽകപ്പെട്ട മനുഷ്യൻ, അവൻറെ ജീവിതത്തിലെ ഓരോ സെക്കൻഡിലും എടുക്കുന്ന തീരുമാനങ്ങൾ കൃത്യമായി സൃഷ്ടാവിന് അറിയാം : കാരണം പ്രപഞ്ചാതീതനായ സ്രഷ്ടാവ് ഒരേസമയം അവൻറെ ഭൂതകാലവും വർത്തമാനവും ഭാവിയും എല്ലാം കാണാനും മനസ്സിലാക്കാനും കഴിയുന്നവനാണ്. സമയം എന്നത് പ്രപഞ്ച അതീതനായ സൃഷ്ടാവിന് ബാധകമല്ലല്ലോ. സമയ വ്യത്യാസമില്ലാതെ മനുഷ്യൻറെ ജനനം മുതൽ മരണം വരെയുള്ള സകല കാര്യങ്ങളും അറിയുന്ന സ്രഷ്ടാവ് ആ കാര്യങ്ങളെല്ലാം മൂലഗ്രന്ഥം അഥവാ ലൗഹുൽ മഹ്ഫൂളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സ്രഷ്ടാവിനെ അറിവ് സമയത്തിന് അതീതവും, പരിപൂർണ്ണമായതും , സകല കാര്യങ്ങളെയും  ഉൾക്കൊള്ളുന്നതുമാണ് എന്നതുകൊണ്ട് തന്നെ മൂലഗ്രന്ഥത്തിൽ രേഖപ്പെടുത്തിയ കാര്യങ്ങളിൽ ഒരു പിഴവും ഉണ്ടാവുകയില്ല. 

 ഫ്രീ വിൽ നൽകപ്പെട്ട മനുഷ്യൻറെ കാര്യം മാത്രമല്ല, പ്രപഞ്ചത്തിലെ ഓരോ അണുവിന്റെയും കാര്യങ്ങൾ വരെ കൃത്യമായി ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എല്ലാ കാര്യങ്ങളെ കുറിച്ചും പൂർണമായ അറിവുള്ള, പ്രപഞ്ചത്തിന് പുറത്തുള്ള , സമയം ബാധകമല്ലാത്ത, പൂർണ്ണമായ കഴിവുകൾക്ക് ഉടമയായ , ഈ പ്രപഞ്ചത്തെയും സകല ചരാചരങ്ങളെയും പടച്ചവന് ഇക്കാര്യം വളരെ വളരെ നിസ്സാരം മാത്രമാണ്. 
 
ശാസ്ത്രീയമായി ഈ കാര്യം ഉൾക്കൊള്ളുവാൻ ശാസ്ത്രബോധമുള്ള ഒരാൾക്ക് ഒരു പ്രയാസവുമില്ല തന്നെ. ശാസ്ത്രീയമായ അറിവുകൾ ഇല്ലാതിരുന്ന പഴയകാലത്ത് ജീവിച്ച ആളുകൾക്ക് സമയത്തിന് അതീതമായ ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളാൻ പ്രയാസമായിരിന്നെങ്കിൽ, ശാസ്ത്രീയമായ അറിവുകൾ ഒരുപാട് വികസിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നിരീശ്വരവാദികൾ വിധി വിശ്വാസവുമായി ബന്ധപ്പെട്ട ബാലിശമായ ചോദ്യങ്ങൾ ചോദിക്കുന്നത് അവരുടെ ശാസ്ത്രബോധം ഇല്ലായ്മ മാത്രമാണ് വെളിവാക്കുന്നത്.

സമയം ബാധകമല്ലാത്ത സൃഷ്ടാവിന് ഒരേസമയം നമ്മുടെ ഭൂതകാലവും വർത്തമാനവും ഭാവിയും എല്ലാം അറിവ് ഉള്ളതുകൊണ്ടും ആ അറിവ് ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയത് കൊണ്ടും നമ്മുടെ ജീവിതത്തിൽ നമ്മുടെ തീരുമാനങ്ങൾക്ക് മാറ്റമുണ്ടാകുന്നില്ല. നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ ഫ്രീ വിൽ അനുസരിച്ചാണ് ഉണ്ടാകുന്നത്. ആ തീരുമാനങ്ങളുടെ ഉത്തരവാദിത്വം നമുക്ക് മാത്രമാണ്. ഭാവിയിലെ നമ്മുടെ തീരുമാനങ്ങളും പ്രവർത്തികളും എന്തായിരിക്കും എന്ന കൃത്യമായ അറിവ് പടച്ചവന് ഉണ്ട് എന്നതുകൊണ്ട് നമ്മുടെ തീരുമാനങ്ങളുടെ ഉത്തരവാദിത്വം പടച്ചവന് ആവുന്നില്ലല്ലോ. അക്കാര്യം സൃഷ്ടാവിൻറെ അറിവ് മാത്രമാണ്. നമ്മുടെ പ്രവർത്തനങ്ങൾക്ക് നാം തന്നെയാണ് ഉത്തരവാദികൾ .

നമ്മുടെ ഭാവി എന്താണെന്നും ഗ്രന്ഥത്തിൽ നമ്മെ പറ്റി എന്താണ് രേഖപ്പെടുത്തിയത് എന്നും നമുക്ക് ഒരുതരത്തിലും അറിയാനും നിർവാഹമില്ലാത്തത് കൊണ്ട് നല്ലത് പ്രവർത്തിക്കുക സ്വർഗ്ഗത്തിനായി പരിശ്രമിക്കുക എന്നത് മാത്രമാണ് മനുഷ്യന് ചെയ്യാനുള്ളത്. ഭൂതകാലത്തിൽ നമ്മുടെ  ജീവിതത്തിൽ ഫ്രീ വിൽ ഉപയോഗിച്ച് നാം ചെയ്ത കാര്യങ്ങൾ എല്ലാം കൃത്യമായി ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നുള്ളത് വിശ്വസിക്കാൻ പ്രയാസം ഇല്ലെങ്കിൽ സമയത്തിന് അതീതനായ പടച്ചവന് ഭൂതകാലം പോലെ വർത്തമാനവും ഭാവി കാലവും ഒരുപോലെ അറിയാനും ഫ്രീ വിൽ ഉപയോഗപ്പെടുത്തി നാം ഭാവിയിൽ ചെയ്യുന്ന കാര്യങ്ങളും തൻറെ അറിവനുസരിച്ച് രേഖപ്പെടുത്താനും ഒരു പ്രയാസവുമില്ല എന്നതും വിശ്വസനീയമാണ്.

Post a Comment

Previous Post Next Post