സ്ത്രീവിരുദ്ധ ഹദീസുകളോ !

വിമർശിക്കപ്പെടുന്ന ഹദീസുകൾ ഉന്നയിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു പോസ്റ്റ് unmasking atheism ഫേസ്ബുക്ക് ഗ്രൂപ്പിൽ ഇട്ടിരുന്നു. അവിടെ സ്വപ്ന സഞ്ചാരി എന്ന ഐഡി രണ്ട് ഹദീസുകൾ ഉദ്ധരിച്ചുകൊണ്ട് ഇവ സ്ത്രീ വിരുദ്ധമല്ലേ എന്ന് സംശയം ചോദിക്കുകയുണ്ടായി. കമന്റിൽ ഹദീസ് വാചകങ്ങൾ ആയി ചോദ്യകർത്താവ് ഉന്നയിച്ചത് താഴെ  കൊടുക്കുന്നു. 

1. നബി അരുളി: "പുരുഷൻമാർക്ക് സ്ത്രീകളിൽ നിന്ന് അനുഭവിക്കേണ്ടി വരുന്നതിനേക്കാൾ കൂടുതൽ ഉപദ്രവകരമായ മറ്റൊരു നാശം എനിക്ക് ശേഷം ഞാൻ ഉപേക്ഷിക്കുന്നില്ല "

2. "... നിങ്ങൾ സ്ത്രീകളെ സൂക്ഷിക്കുക. ഇസ്രായേൽ സന്തതികളുടെ കുഴപ്പം തുടങ്ങിയത് സ്ത്രീകളെ കൊണ്ടായിരുന്നു. "  മുഹമ്മദ് നബി .

ഈ രണ്ട് ഹദീസുകൾ സ്ത്രീവിരുദ്ധം അല്ലേ ? എന്നായിരുന്നു ചോദ്യം.

♦️ഉത്തരം: ആദ്യമായി ഹദീസുകളുടെ പൂർണ്ണരൂപവും യഥാർത്ഥ പരിഭാഷയും കാണുക. ഒന്നാമത്തെ ഹദീസ് ഇതാണ്.

 حَدَّثَنَا آدَمُ، حَدَّثَنَا شُعْبَةُ، عَنْ سُلَيْمَانَ التَّيْمِيِّ، قَالَ سَمِعْتُ أَبَا عُثْمَانَ النَّهْدِيَّ، عَنْ أُسَامَةَ بْنِ زَيْدٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ مَا تَرَكْتُ بَعْدِي فِتْنَةً أَضَرَّ عَلَى الرِّجَالِ مِنَ النِّسَاءِ ‏"‏‏.‏
The Prophet (ﷺ) said, "After me I have not left any trial more severe to men than women."

പ്രവാചകൻ (ﷺ) പറഞ്ഞു: "എൻറെ (മരണ)ശേഷം പുരുഷന്മാർക്ക്, സ്ത്രീകളെക്കാൾ വലിയ ഒരു 'ഫിത്ന' (പ്രലോഭനം) ഞാൻ അവശേഷിപ്പിക്കുന്നില്ല " . 
Reference  : Sahih al-Bukhari 5096. 

രണ്ടാമത്തെ ഹദീസ് പൂർണ്ണരൂപം ഇതാണ്. 

حَدَّثَنَا مُحَمَّدُ بْنُ الْمُثَنَّى، وَمُحَمَّدُ بْنُ بَشَّارٍ، قَالاَ حَدَّثَنَا مُحَمَّدُ بْنُ جَعْفَرٍ، حَدَّثَنَا شُعْبَةُ، عَنْ أَبِي مَسْلَمَةَ، قَالَ سَمِعْتُ أَبَا نَضْرَةَ، يُحَدِّثُ عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏"‏ إِنَّ الدُّنْيَا حُلْوَةٌ خَضِرَةٌ وَإِنَّ اللَّهَ مُسْتَخْلِفُكُمْ فِيهَا فَيَنْظُرُ كَيْفَ تَعْمَلُونَ فَاتَّقُوا الدُّنْيَا وَاتَّقُوا النِّسَاءَ فَإِنَّ أَوَّلَ فِتْنَةِ بَنِي إِسْرَائِيلَ كَانَتْ فِي النِّسَاءِ ‏"‏ ‏.‏ وَفِي حَدِيثِ ابْنِ بَشَّارٍ ‏"‏ لِيَنْظُرَ كَيْفَ تَعْمَلُونَ ‏"‏ ‏.‏
Abu Sa'id Khudri reported that Allah's Messenger (ﷺ) said:
The world is sweet and green (alluring) and verily Allah is going to install you as vicegerent in it in order to see how you act. So avoid the allurement of women: verily, the first trial for the people of Isra'il was caused by women. And in the hadith transmitted on the authority of Ibn Bashshar the words are:" So that He should see how you act."

പ്രവാചകൻ ﷺ പറഞ്ഞു: "ഇഹലോകം എന്നത് മാധുര്യം നിറഞ്ഞതും ആസ്വാദനങ്ങൾ നിറഞ്ഞതുമാണ്. അല്ലാഹു നിങ്ങളെ ഭൂമിയിൽ പ്രതിനിധികൾ ആക്കിയിരിക്കുന്നത് നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കുവാൻ ആണ്. നിങ്ങൾ ഇഹ ലോകത്തെ (ഐഹികജീവിതത്തിലെ മാധുര്യങ്ങളും ആസ്വാദനങ്ങളും) സൂക്ഷിക്കുക. സ്ത്രീകളെയും നിങ്ങൾ സൂക്ഷിക്കുക. സ്ത്രീകളുടെ വിഷയത്തിലാണ് ബനു ഇസ്രായേല്യർ ആദ്യമായി ഫിത്നയിൽ പെട്ടത് " ഇബ്നു ബഷാറിൻറെ റിപ്പോർട്ടിൽ ഇങ്ങനെ കൂടിയുണ്ട് " (സ്ത്രീ വിഷയത്തിലും ലൗകികാസക്തിയിലും) നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് (അല്ലാഹു ) നോക്കുവാൻ വേണ്ടിയാണ് (ഭൂമിയിൽ നിങ്ങളെ പ്രതിനിധികൾ ആക്കിയത്) " .
Reference  : Sahih Muslim 2742

ഫിത്ന فتنة എന്ന അറബി വാക്ക് ഒരു പാട് അർത്ഥങ്ങൾ ഉള്ളതാണ്. മുകളിലെ ഹദീസുകളിൽ പ്രലോഭനം (temptation) അല്ലെങ്കിൽ പരീക്ഷണം (trial) എന്ന അർത്ഥത്തിൽ ആണ് ഉപയോഗിച്ചിട്ടുള്ളത്. കുഴപ്പം, കലാപം എന്നിങ്ങനെയുള്ള  അർത്ഥങ്ങളിലും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. വ്യത്യസ്ത അർത്ഥ തലങ്ങളെ കുറിച്ച് അറിയാൻ  വിക്കിപീഡിയ നോക്കുക. സ്ക്രീൻ ഷോട്ട് താഴെ കൊടുക്കുന്നു. 


രണ്ട് ഹദീസുകളുടെയും വിഷയം ഒന്നുതന്നെയാണ്. പ്രവാചകൻ പുരുഷന്മാരെ ഉപദേശിക്കുന്ന സന്ദർഭങ്ങളാണ് ഇവ. പുരുഷന്മാരെ തിന്മയിലേക്ക് നയിക്കുന്ന ഏറ്റവും വലിയ പ്രലോഭനം സ്ത്രീവിഷയം ആണ് എന്ന കാര്യം പ്രവാചകൻ പഠിപ്പിച്ചത് ആണ് മുകളിൽ ഹദീസുകളിലെ പ്രതിപാദ്യവിഷയം.

 പുരുഷന്മാരുടെ ഏറ്റവും വലിയ ഫിത്നയാണ് സ്ത്രീ എന്ന് പറഞ്ഞാൽ അവിടെ ഉദ്ദേശിക്കപ്പെടുന്നത് പുരുഷനെ പ്രലോഭിപ്പിക്കുന്ന ലൗകിക സുഖങ്ങളിൽ ഏറ്റവും വലുത്  അവിഹിതമായ ലൈംഗിക ആസ്വാദനമാണ് അക്കാര്യം സൂക്ഷിക്കണം എന്നതാണ്. 

അന്യസ്ത്രീയുടെ നഗ്നത കാണുവാനും അത് ആസ്വദിക്കുവാനും പറ്റുമെങ്കിൽ ഒരു കളി തരപ്പെടുത്താനും ഒരുപക്ഷേ ബലാത്സംഗം ചെയ്യുവാൻ പോലും പുരുഷ മനസ്സ് പലതരത്തിലുള്ള പൈശാചിക പ്രലോഭനങ്ങൾക്കും വിധേയമായി ഒരുമ്പെടാൻ സാധ്യതകളുണ്ട് ! കാരണം പുരുഷ ചിന്തകൾ വലിയ അളവിൽ ലൈംഗിക ചിന്തകളുമായി ബന്ധപ്പെട്ടാണ് എന്നതാണ് വാസ്തവം.

നല്ലവർ എന്ന് സമൂഹം ധരിക്കുന്ന എത്രയോ ആളുകൾ ; ബിഷപ്പുമാരും , ഉസ്താദുമാരും സ്വാമിമാരും ഉൾപ്പെടെ പെണ്ണു കേസുകളിൽ പ്രതിയായിരിക്കുന്നു! മന്ത്രിമാരും എംഎൽഎമാരും  ഐ എ എസുകാരും വലിയ ഉദ്യോഗസ്ഥരും ഡോക്ടർമാരും എല്ലാം പെൺവിഷയത്തിൽ മുഖംമൂടി വലിച്ചെറിയപ്പെട്ടിട്ടുണ്ട് !
കേരളത്തിൽ പ്രമുഖരായ പല സ്വതന്ത്ര ചിന്തകരും കൂടെയുള്ള പെൺകുട്ടികളോട് കളി ചോദിക്കുന്ന ആഭാസന്മാർ ആണ് എന്ന് പെൺകുട്ടികൾ തന്നെ അവരുടെ സ്വന്തം അനുഭവം പരസ്യമായി പറഞ്ഞിരിക്കുന്നു! സ്വതന്ത്ര ചിന്തകർ കേരളത്തിൽ നടത്തിയ കിസ്സ് ഓഫ് ലവ് സമരത്തിൻറെ സംഘാടകർ തന്നെ പെൺവാണിഭ കേസിൽ അറസ്റ്റിലായതും ഓർക്കുമല്ലോ!

ചെറുപ്പത്തിൽ അനുഭവിച്ച പീഡനങ്ങൾ ഏറ്റുപറഞ്ഞ് പലപ്രമുഖ വനിതകളും Me too ക്യാമ്പയിനുകൾ ഏറ്റെടുത്തത് സോഷ്യൽ മീഡിയയിൽ അടുത്തകാലത്ത് തരംഗം ആയിരുന്നല്ലോ ! പെണ്ണിനു വേണ്ടി ചരിത്രത്തിൽ എത്രയോ യുദ്ധങ്ങൾ നടന്നിരിക്കുന്നു ! പെണ്ണിനു വേണ്ടി എത്രയോ രാജാക്കന്മാർ രാജ്യം ഉപേക്ഷിച്ചിരിക്കുന്നു !പുരുഷൻറെ ഏറ്റവും വലിയ പ്രലോഭനമാണ് പെണ്ണ് എന്നതിൽ സംശയമേ വേണ്ടതില്ല. ചരിത്രവും വർത്തമാന കാലവും എല്ലാം അതിനു സാക്ഷിയാണ്. 
പ്രവാചകവചനം എത്ര സത്യം !

രഹസ്യമായി നടക്കുന്ന പാപങ്ങൾ അതിൻറെ എത്രയോ ഇരട്ടി ആയിരിക്കും. പോർണോഗ്രഫിയും, അവിഹിത ബന്ധങ്ങളും, വിവാഹ പൂർവ്വ ലൈംഗികബന്ധങ്ങളും എല്ലാം പെൺ ശരീരത്തോടുള്ള പുരുഷൻറെ പ്രലോഭനങ്ങളിൽ പെടുന്നവയാണ്. 

എല്ലാതരത്തിലുമുള്ള വിവാഹേതര അവിഹിത ലൈംഗിക ബന്ധങ്ങളും ഇസ്ലാം വിലക്കിയിട്ടുണ്ട്. പുരുഷന്മാർ ഏറ്റവും കൂടുതൽ പാപം ചെയ്യുവാൻ സാധ്യതയുള്ള കാര്യം സ്ത്രീവിഷയം ആണ് എന്ന കാര്യം പ്രവാചകൻ പഠിപ്പിച്ചതും അത്തരത്തിൽ അവിഹിതബന്ധങ്ങൾ വ്യാപകമായതാണ് ബനു ഇസ്രായേൽ സമുദായത്തിൻറെ ഫിത്നളുടെ തുടക്കം എന്നും പ്രവാചകൻ പഠിപ്പിച്ചതും മാത്രമാണ് മേൽപ്പറഞ്ഞ ഹദീസുകളിൽ നാം കണ്ടത്. 

മാന്യമായ ഉത്തരവാദിത്ത ലൈംഗികത മാത്രമാണ് ഇസ്ലാം അനുവദിക്കുന്നത്. ആളുകളെ സാക്ഷി നിർത്തി പെണ്ണിൻറെ പിതാവിൻറെ കൈപിടിച്ചുകൊണ്ട് അവളുടെ സമ്മതത്തോടുകൂടി അവൾക്ക് വിവാഹ സമ്മാനം നൽകി കൊണ്ട് അവളുടെ സംരക്ഷണ, സാമ്പത്തിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് അവൾ ഗർഭിണിയായാൽ ഗർഭത്തിൻറെയും കുട്ടിയുടെയും ഉത്തരവാദിത്വം  ഏറ്റെടുത്തുകൊണ്ട് ഉത്തരവാദിത്വ ലൈംഗികത മാത്രമാണ് ഇസ്ലാം അനുവദിക്കുന്നത്. അല്ലാത്തവ എല്ലാം സ്ത്രീയെ വെറുമൊരു ഉപഭോഗവസ്തുവായി മാത്രമായാണ് കാണുന്നത് !. 

സ്ത്രീകളെ കുറിച്ച് മാത്രമല്ല ഫിത്ന ആണ് എന്ന് പറഞ്ഞിട്ടുള്ളത്. ദൈവീക ചിന്തയിൽ നിന്നും പരലോക ചിന്തയിൽ നിന്നും മനുഷ്യരെ അകറ്റുന്നതും പാപത്തിലേക്ക് നയിക്കാനും സാധ്യതയുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും അത് ഫിത്ന ആണ് എന്ന് പ്രയോഗിക്കാറുണ്ട്. ഖുർആൻ പറയുന്നു

إِنَّمَآ أَمْوَٰلُكُمْ وَأَوْلَٰدُكُمْ فِتْنَةٌۭ ۚ وَٱللَّهُ عِندَهُۥٓ أَجْرٌ عَظِيمٌۭ
നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഫിത്ന (പരീക്ഷണം ) മാത്രമാകുന്നു. അല്ലാഹുവിങ്കലാകുന്നു മഹത്തായ പ്രതിഫലമുള്ളത്‌.
(Surat:64, Verse:15).

സ്വത്തും സന്താനങ്ങളും ഫിത്നയാണ് എന്ന് പറഞ്ഞാൽ അവിടെ ഉദ്ദേശിക്കപ്പെടുന്നത്   ഹറാമിലൂടെ ധനം സമ്പാദിക്കരുത് , ധനം ഹറാമിൽ ചെലവഴിക്കുകയും ചെയ്യരുത്, സന്താനങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച് ആത്യന്തിക ലക്ഷ്യമായ പരലോകം മറന്ന് പോകരുത് എന്നൊക്കെയാണ്.

ഐഹികജീവിതത്തിൽ ഫിത്നകൾ (പ്രലോഭനങ്ങളും പരീക്ഷണങ്ങളും ) പലതുമുണ്ട്. 
ലൗകിക സുഖങ്ങളോട് ഉള്ള മനുഷ്യൻറെ അമിതമായ താൽപര്യം പലപ്പോഴും അവനെ പരലോക ചിന്തകളിൽ നിന്നും തടയുകയും പാപങ്ങളിൽ കൊണ്ടെത്തിക്കുകയും ചെയ്യും. സ്വത്തിനോട് ഉള്ള അമിതമായ താൽപര്യം കൊണ്ടാണല്ലോ ഏതുവിധേനയും സ്വത്ത് സമ്പാദിക്കാനായി മനുഷ്യൻ കൈക്കൂലിയും കോഴയും കളവും ചതിയും എല്ലാം ചെയ്യുന്നത്. അതുപോലെ പുരുഷന്മാരെ കുഴപ്പത്തിലാക്കുന്ന വലിയ ഒരു ഫിത്ന സ്ത്രീ വിഷയമാണ്.

സ്ത്രീ വിഷയത്തിൽ ആണ് നിങ്ങൾക്ക് ഏറ്റവും കൂടുതൽ പാപങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളത് നിങ്ങൾ അക്കാര്യം സൂക്ഷിക്കണം എന്നു പുരുഷന്മാരെ ഉപദേശിച്ച പ്രവാചക വചനം സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന സ്ത്രീവിമോചന മുദ്രാവാക്യമാണ്. അവളുടെ അഭിമാനം ഉയർത്തി പിടിക്കുന്നതാണ്. അല്ലാതെ ഒരിക്കലും ചോദ്യകർത്താവ് തെറ്റിദ്ധരിച്ചതു പോലെയല്ല .

Post a Comment

Previous Post Next Post