അറിവ് നേടുന്നതിന്റെ പ്രാധാന്യവും അറിവുള്ളവരുടെ മേന്മയും.


പ്രവാചക നേർമൊഴികൾ പാർട്ട് 6.
 ___________________________________________

വിജ്ഞാനം കരസ്ഥമാക്കുന്നതിനെ വളരെയധികം പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്ലാം. ആദ്യമായി അവതരിക്കപ്പെട്ട വിശുദ്ധ ഖുർആൻ സൂക്തം പോലും "നിന്റെ രക്ഷിതാവിൻറെ നാമത്തിൽ നീ ഓതുക (വായിക്കുക )" എന്നതാണ്. ദീനിൽ അറിവ് നേടൽ ഒരു വിശ്വാസിയുടെ ബാധ്യതയാണ്. അറിവുകളിൽ ശ്രേഷ്ഠമായത് മതപരമായ അറിവുകളാണ്. ഭൗതിക വിദ്യാഭ്യാസവും വിസ്മരിക്കേണ്ടതില്ല. ഭൗതിക വിദ്യാഭ്യാസത്തിന് മാത്രം പ്രാധാന്യം നൽകി മതപരമായ അറിവ് നേടുന്നത് ഒരിക്കലും അവഗണിക്കപ്പെടരുത്. 

♦️മുആവിയ(റ)ൽനിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു:അല്ലാഹു വല്ലവനും നന്മ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവനെ ദീനിൽ അറിവുള്ളവനാക്കിതീർക്കും. (മുത്തഫഖുൻ അലൈഹി )

📍അല്ലാഹു പറയുന്നു:
നീ പ്രാർത്ഥിക്കൂ. "എന്റെ  നാഥാ നീ എനിക്ക് അറിവ് വർദ്ധിപ്പിച്ച് തരണേ". (ത്വാഹ 14)

നീ പറയൂ! വിവരമുള്ളവനും വിവരമില്ലാത്തവനും സമമാകുമോ? (ഒരിക്കലും സമമാകുകയില്ല.) (സുമർ: 9)

(നിങ്ങളിൽനിന്നുള്ള സത്യവിശ്വസികളെയും അറിവു നൽകപ്പെട്ടവരേയും വിവിധ പദവികളിലേക്ക് അല്ലാഹു ഉയർത്തും. (മുജാദില : 11)

അവന്റെ  അടിമകളിൽ നിന്ന് അറിവുള്ളവർ മാത്രമാണ് അല്ലാഹുവിനെ ഭയപ്പെടുന്നത്. (ഫാതിർ: 28)

♦️അബൂഹുറൈറ(റ) ൽനിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: "ആരെങ്കിലും വിജ്ഞാനം തേടി പുറപ്പെടുന്നുവെങ്കിൽ അല്ലാഹു അദ്ദേഹത്തിന് സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം എളുപ്പമാക്കി കൊടുക്കുന്നതാണ് ". (മുസ്‌ലിം)

📍വെറും ഒരു ഹദീസ് പഠിക്കുന്നതിനായി ഒരു മാസം യാത്ര ചെയ്ത പണ്ഡിതന്മാർ മുൻകാലത്ത് ഉണ്ടായിരുന്നു. അറിവ് നേടുന്നതിന്റെ പ്രാധാന്യം അവർ അത്രമാത്രം ഉൾക്കൊണ്ടിരുന്നു. വിജ്ഞാനം നേടിയെടുക്കാനുള്ള സകല പരിശ്രമങ്ങളും സ്വർഗ്ഗ പ്രവേശനത്തിന് ഉതകുന്ന സൽകർമ്മം ആയി ഇസ്ലാം പരിഗണിക്കുന്നു. അതിനു വേണ്ടി ഒരാൾ ചിലവഴിക്കുന്ന സമയവും ധനവും ആരോഗ്യവും മുഴുവൻ പുണ്യകർമമായി രേഖപ്പെടുത്തപ്പെടും. ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ ലോകത്തുള്ള മുഴുവൻ വിജ്ഞാനങ്ങളും നമ്മുടെ കയ്യിലുള്ള മൊബൈൽ ഫോണിൽ അടക്കം വളരെ എളുപ്പത്തിൽ ലഭ്യമാകും എന്നിരിക്കേ ആ വിജ്ഞാനം ആർജിച്ചെടുക്കാൻ ഒരാൾ പരിശ്രമിക്കുന്നില്ലെങ്കിൽ അത് എത്രമാത്രം ബുദ്ധി ശൂന്യതയാണ് ! സോഷ്യൽ മീഡിയകളിൽ വെറുതെ സമയം പാഴാക്കാതെ വിജ്ഞാനം നേടാൻ ഒഴിവുസമയങ്ങൾ ഉപയോഗപ്പെടുത്തുന്നവർ ആണ് ബുദ്ധിമാന്മാർ.

♦️അബൂഹുറൈറ(റ) ൽനിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: "ആദമിന്റെ  മക്കൾ മരണപ്പെട്ടു കഴിഞ്ഞാൽ മൂന്നു കാര്യങ്ങളല്ലാത്തതെല്ലാം അവരിൽ നിന്ന് മുറിഞ്ഞു പോകുന്നതാണ്. നിലനിൽക്കുന്ന ദാനധർമ്മം, ഉപകാരപ്രദമായ വിജ്ഞാനം, അവനുവേണ്ടി പ്രാർത്ഥിക്കുന്ന നല്ലവരായ സന്താനങ്ങൾ എന്നിവയാണത്." (മുസ്‌ലിം)

📍നേടിയ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നത് മരണാനന്തര ജീവിതത്തിൽ പോലും നമുക്ക് പ്രതിഫലം നൽകപ്പെട്ടു കൊണ്ടിരിക്കുന്ന ഒന്നാണെന്ന് മനസ്സിലാക്കുക. ഒരു പണ്ഡിതൻ തൻറെ അറിവ് പങ്കുവെക്കാനായി പുസ്തകമെഴുതുന്നു. അയാളുടെ മരണശേഷവും ആ പുസ്തകം വായിക്കപ്പെടുന്ന കാലത്തോളം അയാൾക്ക് അതിനുള്ള പ്രതിഫലം ലഭിച്ചു കൊണ്ടേയിരിക്കും. നേടിയ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനായി പുസ്തകം, പ്രസംഗം, ഓഡിയോ വീഡിയോകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, ബ്ലോഗുകൾ, വെബ്സൈറ്റുകൾ എന്നിവയൊക്കെ ഉപയോഗപ്പെടുത്താം. നമ്മുടെ ഒരു പോസ്റ്റ് വായിക്കപ്പെടുമ്പോൾ ഒക്കെ നമുക്ക് അതിന് പടച്ചവനിൽ നിന്നുള്ള പ്രതിഫലം നൽകപ്പെടുന്നു എന്നത് എത്ര സന്തോഷകരമാണ്. നമ്മുടെ മരണശേഷം പോലും നമുക്ക് ഇത്തരത്തിൽ പ്രതിഫലം ലഭിച്ചു കൊണ്ടിരിക്കും. 

♦️അബൂഉമാമ(റ) ൽനിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു:ഭക്തനേക്കാൾ അറിവുള്ളവന്റെ മഹത്വം നിങ്ങളിൽ താഴ്ന്നവരേക്കാൾ എനിക്കുള്ള മാഹാത്മ്യം പോലയാണ്, എന്നിട്ട് റസൂൽ(സ) പറഞ്ഞു: നിശ്ചയം അല്ലാഹുവിന്റെ മലക്കുകളും ആകാശ ഭൂമിയിലുള്ളവരും മാളത്തിലെ ഉറുമ്പും മത്സ്യവുംകൂടി ജനങ്ങൾക്ക് നൻമ പഠിപ്പിച്ച് കൊടുക്കുന്നവർക്ക് വേണ്ടി പ്രർത്ഥിക്കുന്നതാണ്. (തുർമുദി)

📍അറിവ് പകർന്നു കൊടുക്കുന്നവർക്ക് വേണ്ടി മാലാഖമാരും ഭൂമിയിലെ ജീവജാലങ്ങളും വരെ പ്രാർത്ഥിക്കുന്നുണ്ട് എന്നറിയുക. അറിവ് പകർന്നു കൊടുക്കുന്നവൻ ആരാധനാ കർമ്മങ്ങളിൽ മുഴുകുന്നവനെക്കാൾ ശ്രേഷ്ഠനാണ് എന്നാണ് പ്രവാചകവചനം. അറിവുള്ളവർ ആരാധനാകർമങ്ങൾ മുടക്കുക ഇല്ല എന്നത് കൂടി ചേർത്ത് വായിക്കുക. 

ശൂന്യതയിൽ നിന്നും ഒരിക്കലും ഒരാൾക്ക് അറിവ് ഉണ്ടാവുകയില്ല. അറിവ് നേടാൻ നാം പരിശ്രമിക്കുക തന്നെ വേണം. ഇന്നത്തെ കാലത്ത് അറിവ് നേടൽ വളരെ എളുപ്പമാണ്. ഒരു സ്മാർട്ട്ഫോൺ കൈയ്യിലുള്ള ഒരാൾക്കും ലോകത്ത് ഏത് വിജ്ഞാനങ്ങളും കൈയെത്തിപ്പിടിക്കാം. അതിനുള്ള മനസ്സുണ്ടാവണം എന്ന് മാത്രമേയുള്ളൂ. നേടുന്ന അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിലൂടെ അറിവ് വർദ്ധിക്കുന്നു. പുണ്യങ്ങളും വർദ്ധിക്കുന്നു.
 






1 Comments

  1. താങ്കളെയും നമ്മെ എല്ലാവരേയും അള്ളാഹു അനുഗ്രഹിക്കട്ടെ. അള്ളാഹുമ്മ ആമീൻ

    ReplyDelete

Post a Comment

Previous Post Next Post