ജലചംക്രമണം കൃത്യമായി വിശുദ്ധഖുർആനിൽ വിശദീകരിക്കുന്നു. മഴവെള്ളമാണ് ഭൂഗർഭ നീരുറവകളുടെ അടിസ്ഥാനമെന്ന ആധുനിക ശാസ്ത്ര രഹസ്യം പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് ഖുർആൻ വിവരിക്കുന്നു - water cycle. part 1

ഖുർആനും ശാസ്ത്രവും ആയി ബന്ധപ്പെട്ട പോസ്റ്റുകളുടെ ഒരു ചെറു സീരീസ് ആണിത് . വാട്ടർ സൈക്കിൾ അഥവാ ജലചംക്രമണം ആണ് വിഷയം. ജലചംക്രമണം വളരെ ഡീറ്റെയിൽ ആയി തന്നെ ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട്. ശാസ്ത്ര കുതുകികളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള കൃത്യമായ വിവരണങ്ങളാണ് വിശുദ്ധ ഖുർആനിൽ ഉള്ളത്. പാർട്ട് - 1
------------------------------------------------------------------------
അനാദി കാലം മുതൽ ഭൂമിയിലെ ജലം അതിന്റെ മൂന്നു അവസ്ഥകളായ മഞ്ഞ്, ജലം, നീരാവി എന്നീ അവസ്ഥകളിലൂടെ തുടർച്ചയായി രൂപഭേദം ചെയ്തു കൊണ്ടിരിക്കുന്നു. ഈ പ്രക്രിയക്കാണ്‌ ജലചംക്രമണം (Water Cycle) അല്ലെങ്കിൽ ജല ചക്രം എന്നു പറയുന്നത്. ഇത് ചാക്രികമാകയാൽ ഇതിനു ആദിയും അന്ത്യവുമില്ല.

അഥവാ ഭൂമിയിൽ വെള്ളവും അന്തരീക്ഷവും ഉണ്ടായതു മുതൽ വെള്ളം നശിച്ചുപോകുന്നില്ല. വെള്ളം അതിൻറെ 3 ഭൗതിക അവസ്ഥകളിൽ മാറി മാറി സ്ഥിതിചെയ്യുന്നു. ധ്രുവപ്രദേശങ്ങളിലും വലിയ പർവ്വതനിരകളിലും ഒക്കെ ഐസ് അഥവാ മഞ്ഞു രൂപത്തിലും കടലിലും മറ്റു ജലാശയങ്ങളിലും കുളങ്ങളിലും കിണറിലും ഒക്കെ ജല രൂപത്തിലും അന്തരീക്ഷത്തിൽ നീരാവി രൂപത്തിലും മേഘ രൂപത്തിലുമൊക്കെ ആയികൊണ്ട് വെള്ളം ഇങ്ങനെ ചാക്രികമായി രൂപം മാറിക്കൊണ്ടിരിക്കുന്നു. 

ഭൂമിയിൽ ആവാസ വ്യവസ്ഥയിലെ പരസ്പരബന്ധിത പ്രവർത്തനങ്ങളിലൊന്നാണ് ജല ചക്രം. സമുദ്രത്തിൽ നിന്നും, മഞ്ഞുപാളികളിൽ നിന്നും ചെടികളിൽ നിന്നും മറ്റു ജീവജാലങ്ങളിൽ നിന്നും സൂര്യതാപത്താൽ ആവിയാകുന്ന ജലം മുകളിലെ തണുത്ത അന്തരീക്ഷത്തിൽഎത്തുമ്പോൾ മേഘമായി മാറുന്നു. ഈ മേഘങ്ങൾ കാറ്റിന്റെ ഗതിക്കനുസരിച്ചു സഞ്ചരിക്കുകയുംഅനുകൂല സാഹചര്യങ്ങളിൽ മഴയായും മഞ്ഞായും തിരിച്ചു ഭൂമിയിലേക്കു പതിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഭൂമിയിൽ പതിക്കുന്ന ജലത്തിന്റെ ഒരു ഭാഗം ഭൂമിയിൽ കിനിഞ്ഞിറങ്ങി ഭൂഗർഭജലത്തിന്റെ ഭാഗമാകുന്നു. മറ്റൊരു ഭാഗം സസ്യജാലങ്ങൾ വലിച്ചെടുക്കുന്നു. ഇത് പിന്നീട് ഇലകളിൽ നിന്ന് ബാഷ്പീകരിക്കപ്പെട്ടു അന്തരീക്ഷത്തിൽ തിരിച്ചെത്തുന്നു. മഴവെള്ളത്തിന്റെ മറ്റൊരു ഭാഗം ഭൂമിയുടെ ഉപരിതലത്തിലൂടെ, നദികളിലൂടെ, ഒഴുകി സമുദ്രത്തിൽ എത്തിച്ചേരുന്നു. ഈ പ്രക്രിയ അനുസ്യൂതം തുടർന്ന് കൊണ്ടിരിക്കുന്നു. പ്രകൃതിയില് സ്വാഭാവികമായി നടക്കുന്ന ജലശുദ്ധീകരണപ്രക്രിയ കൂടിയാണിത്.


ഭൂമിക്കടിയിൽ ഭൂഗർഭജലം എങ്ങനെയാണ് ഉണ്ടാവുന്നത് എന്നും നദികളിലും തടാകങ്ങളിലും ഒക്കെ എങ്ങനെയാണ് ശുദ്ധജലം ഉണ്ടാവുന്നത് എന്നൊന്നും പതിനാറാം നൂറ്റാണ്ടുവരെ ശാസ്ത്രലോകത്തിന് വലിയ ധാരണകൾ ഒന്നുമുണ്ടായിരുന്നില്ല. ബർണാഡ് പാലിസി Bernard Palissy എന്ന ശാസ്ത്രജ്ഞനാണ് പതിനാറാം നൂറ്റാണ്ടിൽ, മഴവെള്ളം കൊണ്ടാണ് നദികളിലും മറ്റ് ജലാശയങ്ങളിലും ഒക്കെ വെള്ളം ഉണ്ടാകുന്നത് എന്ന് പ്രസ്താവിക്കുന്നത്. ബർണാഡ് പാലിസിയെ ആണ് discoverer of modern theory of water cycle ആയി പരിഗണിക്കുന്നത്. Pierre Perrault എന്ന ശാസ്ത്രജ്ഞൻ എഡി 1674 ലാണ് പാലിസിയുടെ വാട്ടർ സൈക്കിൾ തിയറി ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിക്കുന്നത്. 

ജല ചംക്രമണത്തിൻറെ ചരിത്രം 
---------------------------------------------------
പുരാതനകാലത്ത് പൊതുവേ ജനങ്ങൾ വിശ്വസിച്ചിരുന്നത് ഭൂമിയിലെ കര ഭാഗങ്ങൾ മുഴുവൻ ഭൂമിക്കുള്ളിൽ ഉള്ള ഒരു വലിയ ജലാശയത്തിന് മേലെ ഒഴുകിക്കൊണ്ടിരിക്കുകയാണ് എന്നായിരുന്നു. Floating land mass theory എന്നാണ് ഇത് അറിയപ്പെടുന്നത്. ഹോമറുടെ കൃതികളിലെല്ലാം ഇതിനുള്ള തെളിവുകൾ കാണാം.

യൂറോപ്പിലുണ്ടായ നവോത്ഥാന കാലഘട്ടം വരേക്കും പൊതുവേ കരുതപ്പെട്ടിരുന്നത് നദികളും ജലാശയങ്ങളും നിറക്കുവാനോ ജലചംക്രമണം പൂർത്തിയാക്കുവാനോ മഴവെള്ളം മാത്രം മതിയാകുന്നതല്ല എന്നായിരുന്നു. സമുദ്രങ്ങളിൽ നിന്നും ഭൂമിക്കടിയിലൂടെ വെള്ളം തള്ളിവന്നു കൊണ്ടാണ് നദികളിൽ വെള്ളം ഉണ്ടാകുന്നത് എന്നായിരുന്നു പൊതുവിൽ വിശ്വസിക്കപ്പെട്ടിരുന്നത്. അഥവാ കടലിലെ വെള്ളം ഭൂമിക്കടിയിലൂടെ സഞ്ചരിച്ച ശുദ്ധീകരിക്കപ്പെട്ട് അതിലെ ഉപ്പുരസം മാറി നദികളിലേക്ക് എത്തുന്നു.  ഇംഗ്ലണ്ടിലെ ബർത്തലോമിയോ, ലിയാനാർഡോ ഡാവിഞ്ചി അത്തനേസിയസ് കിർഷേർ തുടങ്ങിയ പ്രമുഖ ചിന്തകരെല്ലാം ഈ ഒരു വാദക്കാർ ആയിരുന്നു

മഴവെള്ളം മാത്രമാണ് നദികളിൽ വെള്ളം നിലനിർത്തുന്നത് എന്ന് ആദ്യമായി സിദ്ധാന്തിച്ചത് 1580 കളിൽ ബർണാഡ് പാലിസി എന്ന ചിന്തകൻ ആണ്. ആധുനിക ജലചംക്രമണം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായി പാലിസിയെ പരിഗണിക്കുന്നു. ജല ചംക്രമണത്തെ സംബന്ധിച്ച പാലിസിയുടെ ഈ സിദ്ധാന്തങ്ങളെ 1674 വരെ ശാസ്ത്രീയമായി ആരും പരിശോധിച്ചില്ല. Pierre Perrault എന്ന ശാസ്ത്രജ്ഞനാണ് 1674 ൽ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ആദ്യമായി ഇത് പരീക്ഷിക്കുന്നത്. എന്നാൽ അതിനുശേഷം പത്തൊമ്പതാം നൂറ്റാണ്ടു വരേക്കും ഈയൊരു സിദ്ധാന്തത്തിന് ശാസ്ത്രലോകത്തിൽ വലിയ ഒരു അംഗീകാരം ലഭിച്ചിരുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടിലാണ് മാത്രമാണ് ശാസ്ത്രലോകത്ത് ഈയൊരു സിദ്ധാന്തത്തിന് പൊതു അംഗീകാരം കിട്ടുന്നത്. 


Pierre Perrault തൻറെ പ്രസിദ്ധ ഗ്രന്ഥമായ On the Origin of Springs പ്രസിദ്ധീകരിക്കുന്നതിനു മുമ്പുള്ള സഹസ്രാബ്ദങ്ങളിൽ പ്രകൃതി സൈദ്ധാന്തികർ കരുതിയിരുന്നത് മഴവെള്ളം കൊണ്ടുമാത്രം പുഴകളും ഭൂഗർഭ ജല ഉറവകളും ഒരിക്കലും നിറയുകയില്ല എന്നതായിരുന്നു. അരിസ്റ്റോട്ടിൽ അവകാശപ്പെട്ടിരുന്നത് ഭൂമിക്കുള്ളിൽ സ്ഥിതിചെയ്യുന്ന ചില മാളങ്ങളിൽ അല്ലെങ്കിലും ഗുഹകളിൽ വായു വെള്ളമായി മാറ്റപ്പെടുന്നു, ആ വെള്ളമാണ് ഭൂഗർഭ ജല സ്രോതസ്സ് എന്നായിരുന്നു. എന്നാൽ മറ്റു പലരും വാദിച്ചത് സമുദ്രങ്ങളിൽ നിന്നും ചില തുരങ്ക മാർഗങ്ങളിലൂടെ ഭൂമിക്ക് ഉള്ളിലെത്തുന്ന വെള്ളം അവിടെനിന്നും നീരാവിയായി ആ നീരാവി ഭൂമിക്കുള്ളിൽ നിന്നുമുയർന്ന് പൊങ്ങി ഭൂമിക്കുള്ളിൽ തന്നെയുള്ള ചില ഇടങ്ങളിൽ വച്ച് ഘനീഭവിച്ച് വെള്ളം ആവുകയും ആ വെള്ളം നീരുറവകൾ ആയി മാറുകയും ചെയ്യുന്നു എന്നായിരുന്നു. 

കൃത്യമായി പറഞ്ഞാൽ ഭൂമിക്കടിയിൽ എങ്ങനെ നീരുറവകൾ ഉണ്ടാവുന്നു ?നദികളിലും ജലാശയങ്ങളിലും ഒക്കെ എങ്ങനെയാണ് വെള്ളം നിറയുന്നത് ? നമ്മൾ ഒരു കിണർ കുഴിച്ചാൽ അതിൽ ഉണ്ടാകുന്ന വെള്ളം അഥവാ നീരുറവകളിലൂടെ കിണറിലും മറ്റും നിറയുന്ന വെള്ളം ഇത് എവിടെനിന്നു വരുന്നു ? എന്നതിനെപ്പറ്റി ഒക്കെ പത്തൊമ്പതാം നൂറ്റാണ്ട് വരെയും ശാസ്ത്രലോകത്തിന് ഒരുപാട് അശാസ്ത്രീയമായ അബദ്ധധാരണകൾ ആയിരുന്നു ഉണ്ടായിരുന്നത്

 എന്നിരിക്കെ ഏഴാം നൂറ്റാണ്ടിൽ അക്ഷരാഭ്യാസമില്ലാത്ത, ശാസ്ത്രബോധമില്ലാത്ത, അപരിഷ്കൃതർ ആയിരുന്ന അറബികൾക്കിടയിൽ ജീവിച്ച നിരക്ഷരനായ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമക്ക് ഇത്തരം വിഷയങ്ങളെപ്പറ്റി അവഗാഹം ഉണ്ടായിരിക്കും എന്നു കരുതാൻ യാതൊരു നിർവാഹവുമില്ല. ഇനി എന്തെങ്കിലും ധാരണകൾ ഉണ്ടായിരുന്നെങ്കിൽ തന്നെ അത് അന്ന് നിലവിലുണ്ടായിരുന്ന മുമ്പ് സൂചിപ്പിച്ച തരത്തിലുള്ള അബദ്ധ ധാരണകൾ മാത്രമാവാനേ സാദ്ധ്യതയുള്ളൂ. 

ഇവിടെയാണ് ഖുർആനിക വചനങ്ങളുടെ കൃത്യത നമ്മെ അത്ഭുതപ്പെടുത്തുന്നത്. അശാസ്ത്രീയമായ അബദ്ധധാരണകൾ മാത്രം നിലനിന്നിരുന്ന ഒരു കാലഘട്ടത്തിൽ അത്തരത്തിലുള്ള ഒരു അബദ്ധ പരാമർശം പോലും ഖുർആനിൽ കാണാൻ സാധിക്കുകയില്ല എന്നുമാത്രമല്ല ജല ചംക്രമണത്തെ അഥവാ വാട്ടർ സൈക്കിളിനെ സംബന്ധിച്ച് കൃത്യമായ വിവരണങ്ങൾ ഖുർആനിൻറെ വ്യത്യസ്തങ്ങളായ വചനങ്ങളിൽ നമുക്ക് കാണുവാൻ സാധിക്കുന്നു

വിശുദ്ധ ഖുർആൻ അദ്ധ്യായം 23 സൂറത്തുൽ മുഅമിനൂൻ അല്ലാഹു പറയുന്നു

وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءًۢ بِقَدَرٍۢ فَأَسْكَنَّٰهُ فِى ٱلْأَرْضِ ۖ وَإِنَّا عَلَىٰ ذَهَابٍۭ بِهِۦ لَقَٰدِرُونَ
ആകാശത്തു നിന്ന്‌ നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട്‌ നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത്‌ വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു.
(Surat:23, Verse:18)

أَلَمْ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءًۭ فَسَلَكَهُۥ يَنَٰبِيعَ فِى ٱلْأَرْضِ ثُمَّ يُخْرِجُ بِهِۦ زَرْعًۭا مُّخْتَلِفًا أَلْوَٰنُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصْفَرًّۭا ثُمَّ يَجْعَلُهُۥ حُطَٰمًا ۚ إِنَّ فِى ذَٰلِكَ لَذِكْرَىٰ لِأُو۟لِى ٱلْأَلْبَٰبِ
നീ കണ്ടില്ലേ, അല്ലാഹു ആകാശത്തു നിന്ന്‌ വെള്ളം ചൊരിഞ്ഞു. എന്നിട്ട്‌ ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍ പ്രവേശിപ്പിച്ചു. അനന്തരം അത്‌ മുഖേന വ്യത്യസ്ത വര്‍ണങ്ങളിലുള്ള വിള അവന്‍ ഉല്‍പാദിപ്പിക്കുന്നു. പിന്നെ അത്‌ ഉണങ്ങിപോകുന്നു. അപ്പോള്‍ അത്‌ മഞ്ഞനിറം പൂണ്ടതായി നിനക്ക്‌ കാണാം. പിന്നീട്‌ അവന്‍ അതിനെ വൈക്കോല്‍ തുരുമ്പാക്കുന്നു. തീര്‍ച്ചയായും അതില്‍ ബുദ്ധിമാന്‍മാര്‍ക്ക്‌ ഒരു ഗുണപാഠമുണ്ട്‌.
(Surat:39, Verse:21)

ജല ചക്രത്തിലെ വിവിധങ്ങളായ സുപ്രധാന സ്റ്റേജുകൾ ഈ വചനങ്ങളിൽ വിശദീകരിക്കപ്പെട്ടത് നമുക്ക് കാണാം. ഒന്നാമത്തേത് Precipitation അഥവാ മഴ. മേഘങ്ങളിൽനിന്നും മഴ ചൊരിയുന്നു. ആകാശത്തുനിന്നും നിശ്ചിത അളവിൽ വെള്ളംചൊരിയുന്നു എന്ന് ആയത്തിൽ പറഞ്ഞത് ഈയൊരു സ്റ്റേജാണ്. രണ്ടാമത്തേത് Infiltration or percolation ഭൂമിയിൽ വീഴുന്ന മഴവെള്ളം മണ്ണിന് ഉള്ളിലേക്ക് കിനിഞ്ഞു ഇറങ്ങുകയും സോയിൽ മോയ്സ്ചർ ആയോ ഗ്രൗണ്ട് വാട്ടർ അഥവാ ഭൂഗർഭ ജലം ആയോ മാറുകയും ചെയ്യുന്നു. മണ്ണിലേക്ക് ആഴ്‌ന്നിറങ്ങുന്ന മഴവെള്ളം ഏതാനും മീറ്റർ കനത്തിൽ മണ്ണിനെ നനവുള്ള മണ്ണ് ആക്കുകയും അതിനുശേഷം അതിനും ആഴത്തിലുള്ള ഭൂഗർഭ ജലപ്രവാഹങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. ഈ നനഞ്ഞ മണ്ണിന്റെ തട്ടിനെ vadoze zone എന്നും അതിനു താഴെയുള്ള ഭൂഗർഭജല സ്രോതസ്സുകളെ aquifer എന്നും പറയുന്നു. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും വ്യത്യസ്ത ആഴങ്ങളിൽ ഭൂഗർഭ ജലം ഇത്തരം aquifer കളിൽ ശേഖരിക്കപ്പെടുന്നു. ഇത്തരം ഭൂഗർഭജല ഉറവകളിൽ നിന്നാണ് നമ്മുടെ കിണറുകളിലും കുഴൽ കിണറുകളിലും നദികള ഒക്കെ വെള്ളം ലഭിക്കുന്നത്. ഇത്തരം ഭൂഗർഭ ജലസ്രോതസ്സുകൾ അഥവാ aquifer കൾ ചിലപ്പോഴൊക്കെ ആയിരക്കണക്കിന് വർഷങ്ങൾ അതേപടി നിലനിൽക്കും. മണ്ണിലൂടെ  ആഴ്‌ന്നിറങ്ങുന്ന മഴവെള്ളമാണ് ഇത്തരം ഭൂഗർഭ ജല ഉറവകളുടെ അവലംബം. കിണറുകളിൽ നിന്നും കുഴൽക്കിണറുകളിൽ നിന്നുമൊക്കെ നമുക്ക് ലഭിക്കുന്ന വെള്ളം ഇത്തരം ഭൂഗർഭ ജല ഉറവകളിൽ നിന്നാണ്. ചിലപ്പോൾ ഭൂമിയുടെ ഉപരിതലത്തിലേക്കും നീരുറവ കളുടെ രൂപത്തിൽ ഭൂഗർഭജലം പ്രത്യക്ഷപ്പെടാറുണ്ട്. ഈയൊരു ഭൂഗർഭ ജലസ്രോതസ്സുകൾ റീചാർജ് ചെയ്യപ്പെടുന്നത് പൂർണമായും മഴവെള്ളത്തിൽ നിന്നാണ്. നമ്മൾ കിണറുകളും കുഴൽകിണറുകളും ഒക്കെ കുഴിച്ചു ഭൂഗർഭജലത്തിൽ ഉള്ള ഈ ഒരു ജലം ഉപയോഗിക്കുന്നു, വെള്ളം ഭൂഗർഭജല സ്രോതസ്സിൽ നിന്നും കാലിയാകുന്നത് അനുസരിച്ച്  മഴപെയ്ത് വീണ്ടും വീണ്ടും റീചാർജ് ആയിക്കൊണ്ടിരിക്കുന്നു. ഒരു പ്രവൃത്തി ചാക്രികമായി തുടർന്നുകൊണ്ടിരിക്കുന്നു. ഈ കാര്യങ്ങളെല്ലാം മനസ്സിൽ സ്മരിച്ചു ചുകൊണ്ട് വിശുദ്ധ ഖുർആൻ ആയത്തുകൾ ഒന്നുകൂടി വായിച്ചു നോക്കൂ

وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءًۢ بِقَدَرٍۢ فَأَسْكَنَّٰهُ فِى ٱلْأَرْضِ ۖ وَإِنَّا عَلَىٰ ذَهَابٍۭ بِهِۦ لَقَٰدِرُونَ
ആകാശത്തു നിന്ന്‌ നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട്‌ നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത്‌ വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു.
(Surat:23, Verse:18)

أَلَمْ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءًۭ فَسَلَكَهُۥ يَنَٰبِيعَ فِى ٱلْأَرْضِ
നീ കണ്ടില്ലേ, അല്ലാഹു ആകാശത്തു നിന്ന്‌ വെള്ളം ചൊരിഞ്ഞു. എന്നിട്ട്‌ ഭൂമിക്കുള്ളിലെ ഉറവുകളിലേക്ക് ‍ അതവന്‍ പ്രവേശിപ്പിച്ചു.

സുബ്ഹാനല്ലാഹ് എത്ര കൃത്യമായ പരാമർശങ്ങൾ! ആകാശത്തുനിന്ന് നിശ്ചിത അളവിൽ വെള്ളം ചൊരിഞ്ഞു എന്നിട്ട് നാം അതിന് ഭൂമിയിൽ തങ്ങിനിൽക്കുന്നത് ആക്കിയിരിക്കുന്നു, ഭൂമിക്കുള്ളിലെ ഉറവകളിൽ അത്‌ ശേഖരിക്കപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിൽ ഏതാനും ശാസ്ത്രജ്ഞർ മാത്രം ചർച്ച ചെയ്തു പത്തൊമ്പതാം നൂറ്റാണ്ടിൽ മാത്രം ശാസ്ത്രലോകം അംഗീകരിച്ച വാട്ടർ സൈക്കിൾ എത്ര കൃത്യമായിട്ടാണ് ഖുർആൻ പ്രതിപാദിക്കുന്നത് എന്ന് നോക്കൂ. സമുദ്രജലം ഭൂമിക്കടിയിലൂടെ സഞ്ചരിച്ചാണ് ഭൂഗർഭജലം ഉണ്ടാവുന്നതെന്ന അബദ്ധപരാമർശങ്ങളോ ഭൂമിയിലെ കര ഭാഗങ്ങൾ മുഴുവൻ ഒരു ജലാശയത്തിനു മുകളിൽ പൊങ്ങി കിടക്കുകയാണ് എന്നുള്ള വിഡ്ഢിത്തങ്ങളോ ഒന്നും ഖുർആനിൽ ഇല്ല. വളരെ കൃത്യമായ വിവരണങ്ങൾ മാത്രം. ഏഴാം നൂറ്റാണ്ടിൽ ജീവിച്ച എഴുതാനും വായിക്കാനും അറിയാത്ത ഒരു പ്രവാചകന് എങ്ങനെയാണ് ഇത്തരം കാര്യങ്ങളിൽ അറിവുണ്ടാവുക? നിസ്സംശയം പറയാം ദൈവികമായ വെളിപാട് തന്നെയാണ് ഈ ഖുർആനിന് പിറകിൽ.

Post a Comment

Previous Post Next Post