വിവിധതരം മേഘങ്ങളെ കുറിച്ച് അത്ഭുതകരമായ കൃത്യമായ ഖുർആനിക പരാമർശങ്ങൾ കാണാം - water cycle. part 3

വ്യത്യസ്തങ്ങളായ മേഘങ്ങളെ പറ്റി പല ഖുർആൻ വചനങ്ങളിലും പരാമർശിക്കുന്നുണ്ട്.  
മേഘങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രത്തിനു നെഫോളജി എന്നാണ് പറയുന്നത്. നെഫോളജി യുമായി ബന്ധപ്പെട്ട് ധാരാളം ഖുർആൻ ആയത്തുകൾ നമുക്ക് കാണുവാൻ സാധിക്കും

രൂപത്തിന്റെ അടിസ്ഥാനത്തിൽ, പ്രധാനമായും മൂന്നു പേരുകളിൽ മേഘങ്ങൾ അറിയപ്പെടുന്നു.

സ്ട്രാറ്റസ് (stratus) : ഒരു പാളിപോലെ കാണപ്പെടുന്നു, കൃത്യമായ അരികുകളില്ല.
ക്യുമുലസ് (cumulus) : ഒരു കൂന, കൂമ്പാരം പോലെ കാണപ്പെടുന്നു. കൃത്യമായ അരികുകൾ ഉണ്ടായിരിക്കും.
സിറസ് (cirrus) : നാട, നാര്, തൂവൽ തുടങ്ങിയ ആകൃതിയിൽ, വളരെ മൃദുവായി തോന്നുന്ന അരികുകൾ ഉണ്ടായിരിക്കും

ഇത്തരത്തിൽ മൂന്നുതരം മേഘങ്ങളാണ് ആകാശത്തിൽ ഉള്ളത്. ഇതിൽ മഴമേഘങ്ങൾ രണ്ടു തരത്തിലാണുള്ളത് 
1 നിംബോ സ്റ്റ്രാറ്റസ്‌, 
2 നിംബൊ ക്യുമുലസ്‌ അല്ലെങ്കിൽ ക്യുമുലോ നിംബസ്‌ എന്നും വിളിക്കാറുണ്ട്‌.
മേഘങ്ങളുടെ പേരിനോടൊപ്പം “നിംബോ" (nimbo) എന്ന വാക്ക്‌ ഉണ്ടെങ്കിൽ അവ മഴമേഘങ്ങളാണെന്ന് അർത്ഥം. ഈ രണ്ടുതരം മഴമേഘങ്ങളെ പറ്റിയും ഖുർആനിൽ പരാമർശിക്കുന്നുണ്ട്.

ഒന്നാമത്തെ തരം മഴമേഘങ്ങൾ അഥവാ നിംബോ സ്ട്രാറ്റസ് മഴ മേഘങ്ങൾ ആകാശത്ത് പരന്നു കിടന്നു മഴ വർഷിക്കുന്നവയാണ്. ഇത്തരം നിംബോ സ്ട്രാറ്റസ് മേഘങ്ങൾ നിന്നും പെയ്യുന്ന മഴയോടൊപ്പം ഇടിമിന്നലുകൾ ഉണ്ടാവില്ല.

ഇത്തരം നിംബോസ്ട്രാറ്റസ് മഴമേഘങ്ങളെ പറ്റി ഖുർആൻ പരാമർശിക്കുന്നത് കാണുക.
വിശുദ്ധഖുർആൻ മുപ്പതാം അധ്യായം സൂറത്തു റൂം നാല്പത്തിയെട്ടാം വചനം

ٱللَّهُ ٱلَّذِى يُرْسِلُ ٱلرِّيَٰحَ فَتُثِيرُ سَحَابًۭا فَيَبْسُطُهُۥ فِى ٱلسَّمَآءِ كَيْفَ يَشَآءُ وَيَجْعَلُهُۥ كِسَفًۭا فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلَٰلِهِۦ ۖ فَإِذَآ أَصَابَ بِهِۦ مَن يَشَآءُ مِنْ عِبَادِهِۦٓ إِذَا هُمْ يَسْتَبْشِرُونَ
അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുന്നവന്‍. എന്നിട്ട്‌ അവ ( കാറ്റുകള്‍ ) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട്‌ അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത്‌ പരത്തുന്നു. അതിനെ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിന്നിടയില്‍ നിന്ന്‌ മഴപുറത്ത്‌ വരുന്നതായി നിനക്ക്‌ കാണാം. എന്നിട്ട്‌ തന്‍റെ ദാസന്‍മാരില്‍ നിന്ന്‌ താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ ആ മഴ എത്തിച്ചുകൊടുത്താല്‍ അവരതാ സന്തുഷ്ടരാകുന്നു.
(Surat:30, Verse:48)

ഇനി രണ്ടാമത്തെ തരം മഴമേഘങ്ങൾ cumulonimbus മഴമേഘങ്ങൾ. 
പേമാരിയും ഇടിമിന്നലും ചിലപ്പോഴൊക്കെ ആലിപ്പഴ വർഷവും ഉണ്ടാക്കുന്ന  ഇത്തരം മഴമേഘങ്ങളെ പറ്റിയുള്ള ഖുർആനിലെ പരാമർശങ്ങൾ ഒരു ശാസ്ത്ര വിദ്യാർത്ഥിക്ക് അത്ഭുതത്തോടെ അല്ലാതെ സമീപിക്കാനാവില്ല. വിശുദ്ധഖുർആൻ ഇരുപത്തിനാലാം അദ്ധ്യായം സൂറത്തുന്നൂറിലെ 43 ആം വചനത്തിൽ അല്ലാഹു ഇങ്ങനെ പറയുന്നു

أَلَمْ تَرَ أَنَّ ٱللَّهَ يُزْجِى سَحَابًۭا ثُمَّ يُؤَلِّفُ بَيْنَهُۥ ثُمَّ يَجْعَلُهُۥ رُكَامًۭا فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلَٰلِهِۦ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٍۢ فِيهَا مِنۢ بَرَدٍۢ فَيُصِيبُ بِهِۦ مَن يَشَآءُ وَيَصْرِفُهُۥ عَن مَّن يَشَآءُ ۖ يَكَادُ سَنَا بَرْقِهِۦ يَذْهَبُ بِٱلْأَبْصَٰرِ
അല്ലാഹു കാര്‍മേഘത്തെ തെളിച്ച്‌ കൊണ്ട്‌ വരികയും, എന്നിട്ട്‌ അത്‌ തമ്മില്‍ സംയോജിപ്പിക്കുകയും, എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നു. എന്ന്‌ നീ കണ്ടില്ലേ? അപ്പോള്‍ അതിന്നിടയിലൂടെ മഴ പുറത്ത്‌ വരുന്നതായി നിനക്ക്‌ കാണാം. ആകാശത്ത്‌ നിന്ന്‌ -അവിടെ മലകള്‍ പോലുള്ള മേഘകൂമ്പാരങ്ങളില്‍ നിന്ന്‌ -അവന്‍ ആലിപ്പഴം ഇറക്കുകയും എന്നിട്ട്‌ താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അത്‌ അവന്‍ ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന്‌ അത്‌ തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്‍റെ മിന്നല്‍ വെളിച്ചം കാഴ്ചകള്‍ റാഞ്ചിക്കളയുമാറാകുന്നു.
(Surat:24, Verse:43)

ഈ ആയത്തിൽ അല്ലാഹു  cumulonimbus മഴമേഘങ്ങളെ പറ്റിയാണ് പ്രസ്താവിക്കുന്നത്. അല്ലാഹു മേഘങ്ങളെ തെളിച്ച് കൊണ്ടുവരികയും ഒന്നിനുമുകളിലൊന്നായി അട്ടിയട്ടിയായി കുത്തനെയുള്ള വലിയ കൂമ്പാരമായി രൂപപ്പെടുത്തുകയും ചെയ്യുന്നു. വലിയ പർവ്വത സമാനമായ മേഘങ്ങൾ രൂപപ്പെടുത്തുന്നു. ഇത്തരം വലിയ പർവ്വത സമാനമായ  മേഘങ്ങളിൽ നിന്നും ആലിപ്പഴ വർഷവും ഇടിമിന്നലും ഉണ്ടാവുന്നു എന്നാണ് ആയത്തിൽ പറഞ്ഞത്. 

ശാസ്ത്രലോകത്ത് cumulonimbus clouds എന്നാണ് ഇത്തരം കൂറ്റൻ മേഘങ്ങൾ അറിയപ്പെടുന്നത്. ഇവക്ക് കിലോമീറ്ററുകൾ ഉയരമുണ്ട് . പലപ്പോഴും പത്തും പതിനഞ്ചും കിലോമീറ്റർ വരെ ഉയരം ഇത്തരം പടുകൂറ്റൻ മേഘങ്ങൾക്ക് ഉണ്ടാവും. അഥവാ വലിയ പർവ്വതങ്ങളെ കാൾ എവറസ്റ്റ് കൊടുമുടിയെക്കാൾ ഉയരമുള്ള വലിയ മേഘങ്ങൾ ആണ് ക്യുമുലോ നിംബസ് മേഘങ്ങൾ. ഇത്തരംമേഘങ്ങൾക്ക് സമീപത്തുകൂടി പോകുമ്പോഴാണ് വിമാനങ്ങൾ പലപ്പോഴും കുലുങ്ങുന്നത്. വിമാനയാത്ര നടത്തുന്ന ആളുകൾക്ക് ചിലപ്പോഴെങ്കിലും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാം. 

ശക്തമായ മഴയും,കാറ്റും, ഇടി മിന്നലും ചിലപ്പോഴൊക്കെ ആലിപ്പഴ വർഷവും ഈ മേഘങ്ങളുടെ പ്രത്യേകതയാണ്‌ ഈ ഇനത്തിൽപ്പെട്ട മേഘത്തിനുള്ളിൽ ശക്തിയേറിയ വായുപ്രവാഹം ഒരു കൊടുങ്കാറ്റ്‌ പോലെ ഉണ്ടാകുന്നുണ്ട്‌. മേഘത്തിന്റെ നടുഭാഗത്തുകൂടി അടിയിൽനിന്നു മുകളിലേക്കുയരുന്ന വായു പ്രവാഹത്തെ updraft എന്നും, മേഘത്തിന്റെ വശങ്ങളിലൂടെ താഴേക്ക് പതിക്കുന്ന വായുപ്രവാഹത്തെ down draftഎന്നും വിളിക്കുന്നു. ഈ മേഘങ്ങളുടെ താഴെത്തട്ടിൽ ജലകണങ്ങളും, മുകളറ്റത്ത്‌ ഐസ് ക്രിസ്റ്റലുകളുമാണുണ്ടാവുക. ഈ മേഘങ്ങൾക്ക്‌ വളരെകട്ടിയുള്ളതിനാൽ (10 കിലോമീറ്റർവരെ കനം!) സൂര്യപ്രകാശത്തെ അവ ഗണ്യമായി തടഞ്ഞുനിർത്തുന്നു. അതിനാലാണ്‌ മഴമേഘങ്ങളുടെ അടിഭാഗം കറുത്തിരുണ്ട്‌ കാണപ്പെടുന്നത്‌

3 സ്റ്റേജുകൾ ആണ് ഈ  cumulonimbus മേഘങ്ങൾക്ക് ഉള്ളത് . ഒന്നാമതായി Developing stage അഥവാ ഒരുപാട് മേഘങ്ങൾ ഒരുമിച്ച് കൂട്ടപ്പെട്ട് ഒന്നിനുമുകളിലൊന്നായി അട്ടിയട്ടിയായി വലിയ പർവ്വത സമാനമായ മേഘം രൂപപ്പെടുത്തുന്ന സ്റ്റേജ് . വിശുദ്ധ ഖുർആൻ കൃത്യമായി പ്രസ്താവിക്കുന്നു
"അല്ലാഹു കാര്‍മേഘത്തെ തെളിച്ച്‌ കൊണ്ട്‌ വരികയും, എന്നിട്ട്‌ അത്‌ തമ്മില്‍ സംയോജിപ്പിക്കുകയും, എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നു "

രണ്ടാമത്തെ സ്റ്റേജ് mature stage എന്നറിയപ്പെടുന്നു അഥവാ ഒരു വലിയ മേഘ പർവ്വതം ആകാശത്ത് രൂപപ്പെടുന്നു. 
 മൂന്നാമത്തെ സ്റ്റേജ് dissipation stage എന്നറിയപ്പെടുന്നു . ഇത്തരം ഭീമൻ മേഘങ്ങളിൽ നിന്നും പേമാരിയും ആലിപ്പഴ വർഷവും ഇടിമിന്നലും ഉണ്ടായി മേഘം ഇല്ലാതായി തീരുന്നതാണ് ഈ ഒരു സ്റ്റേജ്. 2 - 3 സ്റ്റേജുകളും കൃത്യമായിത്തന്നെ ഈ ഖുർആൻ വചനത്തിൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. 
 
" ...അപ്പോള്‍ അതിന്നിടയിലൂടെ മഴ പുറത്ത്‌ വരുന്നതായി നിനക്ക്‌ കാണാം. ആകാശത്ത്‌ നിന്ന്‌ -അവിടെ മലകള്‍ പോലുള്ള മേഘകൂമ്പാരങ്ങളില്‍ നിന്ന്‌ -അവന്‍ ആലിപ്പഴം ഇറക്കുകയും എന്നിട്ട്‌ താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അത്‌ അവന്‍ ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന്‌ അത്‌ തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്‍റെ മിന്നല്‍ വെളിച്ചം കാഴ്ചകള്‍ റാഞ്ചിക്കളയുമാറാകുന്നു. "
(Surat:24, Verse:43)
 
അത്ഭുതകരമായ വസ്തുത ആലിപ്പഴ വർഷവും ശക്തമായ ഇടിമിന്നലുകൾ ഇത്തരം cumulonimbus മേഘങ്ങളിൽ നിന്നാണ് ഉണ്ടാവുന്നത് എന്നുള്ളതാണ്. മിന്നൽ അഥവാ ലൈറ്റ്നിംഗ് മൂന്നുതരത്തിലുണ്ട് 
1. intra cloud lightningഅഥവാ ഒരു മേഘത്തിനെ ഒരു ഭാഗത്ത് നിന്നും അതേ മേഘത്തിന് മറ്റൊരു ഭാഗത്തേക്ക് നടക്കുന്ന മിന്നലുകൾ ആണ് ഇത്. 
2. Inter cloud lightning രണ്ടു മേഘങ്ങൾക്കിടയിൽ നടക്കുന്നതാണ് ഇത്. ഈ രണ്ട് തരം മിന്നലുകളും ആകാശത്ത് മേഘങ്ങളിൽ വെച്ച് നടക്കുന്നതാണ്. 3.മൂന്നാമത്തെ തരം മിന്നലാണ് നമുക്ക് പരിചയമുള്ള അതിശക്തമായ cloud to ground lightning എന്നറിയപ്പെടുന്ന ഇടിമിന്നലുകൾ. മേഘങ്ങളിൽ നിന്നും ഭൂമിയിലേക്ക് പതിക്കുന്ന അതിശക്തമായ വൈദ്യുത പ്രവാഹമാണ് ഇത്തരം മിന്നലുകൾ. എല്ലാത്തരം മേഘങ്ങൾക്കും ഇത്തരം cloud to ground മിന്നലുകൾ ഉണ്ടാക്കാനുള്ള ശേഷിയില്ല. Cumulonimbus മേഘങ്ങളാണ് ഇത്തരം ശക്തമായ മിന്നലുകൾ അഥവാ മേഘങ്ങളിൽ നിന്നും ഭൂമിയിലേക്ക് നേരിട്ട് പതിക്കുന്ന മിന്നലുകൾ ഉണ്ടാക്കുന്നത്. നമ്മൾ അല്പം മുമ്പ് ചർച്ചചെയ്ത മറ്റു മേഘങ്ങൾക്ക് ഇത്തരത്തിലുള്ള cloud to ഗ്രൗണ്ട് മിന്നലുകൾ ഉണ്ടാക്കാനുള്ള ശേഷിയില്ല. മറ്റൊരു വസ്തുത cumulonimbus മേഘങ്ങൾക്ക് മാത്രമേ ആലിപ്പഴ വർഷത്തിനും കഴിവുള്ളൂ എന്നതാണ്. 

ആകാശത്ത് ഇത്തരം പർവ്വത സമാനമായ മേഘങ്ങൾ ഉണ്ടെന്നുള്ള വസ്തുത താഴെനിന്ന് മുകളിലേക്കു നോക്കുന്ന ഒരാൾക്ക് ബോധ്യപ്പെടുന്നതല്ല. വിമാനങ്ങളിലും മറ്റും ആകാശയാത്ര നടത്തുമ്പോഴാണ് ഇത്തരം മേഘങ്ങളുടെ ഭീമാകാര രൂപം നമുക്ക് ബോധ്യപ്പെടുകയുള്ളൂ ഇത്തരം പടുകൂറ്റൻ ക്യുമുലോ നിംബസ് മേഘങ്ങൾ അന്തരീക്ഷത്തിൽ ഉണ്ടാകുന്നുണ്ടെന്നും അവയിൽ വലിയ മഞ്ഞു പർവ്വതങ്ങൾ ഉണ്ടെന്നും അതിൽനിന്നും ആലിപ്പഴം വർഷിക്കുന്നു എന്നും അതിൽനിന്ന് തന്നെയാണ് ഭൂമിയിൽ പതിക്കുന്ന തരത്തിലുള്ള വലിയ തരത്തിലുള്ള വൈദ്യുതി പ്രവഹിക്കുന്ന മേഘത്തിൽ നിന്നും ഭൂമിയിലേക്ക് പതിക്കുന്ന തരത്തിലുള്ള മിന്നലുകൾ ഉണ്ടാവുന്നത് എന്നും ഉള്ള അറിവ് അടുത്ത കാലത്ത് മാത്രമാണ് ശാസ്ത്രലോകം നേടിയെടുത്തത്. അടുത്തകാലത്ത് മാത്രം കണ്ടു പിടിക്കപ്പെട്ട ഈ ശാസ്ത്രീയ അറിവുകൾ 1400 വർഷങ്ങൾക്കുമുമ്പ് വളരെ കൃത്യമായി എങ്ങനെയാണ് ഒരു നിരക്ഷരനായ പ്രവാചകനു അറിയാൻ കഴിയുക ? യാതൊരുവിധ സാധ്യതകളും അതിനില്ല തന്നെ. വിശുദ്ധ ഖുർആൻ ലോക സ്രഷ്ടാവായ അല്ലാഹുവിൻറെ വചനങ്ങൾ ആണെന്നു ചിന്തിക്കുന്ന മനുഷ്യനെ ബോധ്യപ്പെടുത്തുന്നു ഇത്തരം ഖുർആനിക വചനങ്ങൾ . 


Post a Comment

Previous Post Next Post