പ്രപഞ്ച സൃഷ്ടാവായ അല്ലാഹു പ്രപഞ്ചത്തിന് അതീതനാണ്. ഈ പ്രപഞ്ചങ്ങൾക്ക് പുറത്ത് ആണ് അല്ലാഹുവിൻറെ അസ്ഥിത്വം ഉള്ളത്. അതുകൊണ്ടുതന്നെ പ്രാപഞ്ചിക നിയമങ്ങളോ സമയങ്ങളോ ഒന്നും അള്ളാഹുവിനു ബാധകമല്ല. അവൻ തുടക്കമോ ഒടുക്കമോ ഇല്ലാത്തവൻ ആണു. അള്ളാഹു സ്പേസ് ടൈം ബൗണ്ട് അല്ല .
ഇത്രയും കാര്യങ്ങൾ കൃത്യമായി മനസിലാക്കണം. സമയബന്ധിതം അല്ലാതെ ചിന്തിക്കാൻ മനുഷ്യ ബുദ്ധിക്ക് പരിമിതികൾ ഉള്ളത് കൊണ്ടുതന്നെ സമയത്തിന് അതീതനായ സൃഷ്ടാവിന്റെ വിധി വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചിന്തിക്കുവാൻ മനുഷ്യന് പരിമിതികളുണ്ട്. പ്രപഞ്ചത്തിന് പുറത്തുള്ള ഒരാളെ സംബന്ധിച്ചിടത്തോളം അല്ലെങ്കിൽ പ്രപഞ്ചത്തിലെ ഡയമെൻഷനുകൾക്ക് അപ്പുറം ഉള്ള ഒരാളെ സംബന്ധിച്ചിടത്തോളം അയാൾക്ക് സമയം ബാധകമല്ല എന്നാണ് ശാസ്ത്രം പറയുന്നത്. ഭൂതം ഭാവി വർത്തമാനം എന്നിങ്ങനെയുള്ള സമയങ്ങൾ പ്രപഞ്ചത്തിന് പുറത്തുള്ള ഒരു ആൾക്ക് ബാധകമല്ല. പ്രപഞ്ചത്തിന് പുറത്തുനിന്ന് വീക്ഷിക്കുന്ന ഒരാൾക്ക് ഭൂതകാലവും വർത്തമാനകാലവും ഭാവി കാലവും എല്ലാം ഒരുപോലെ ഒരേ സമയം കാണാൻ കഴിയും.
സമയം എന്ന ഡയമെൻഷന്റെ അപ്പുറത്തേക്ക് ചിന്തിക്കാൻ മനുഷ്യൻറെ മനസ്സിന് വലിയ പ്രയാസമാണ്. നമ്മുടെ ചിന്തകൾ എല്ലാം തന്നെ സമയബന്ധിതമാണ്. അതുകൊണ്ടുതന്നെ ഈ പ്രപഞ്ചം അഥവാ സ്പേസ് ടൈം ന് പുറത്തുള്ള ഒന്നിന് സമയം ബാധകമല്ല എന്ന കാര്യം ശാസ്ത്രീയമായി കൃത്യമായ ഒരു കാര്യം ആയിരുന്നിട്ടുകൂടി മനുഷ്യൻറെ ബുദ്ധിക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്.
സമയം എന്നുള്ളത് ആപേക്ഷികമാണെന്നും ഈ പ്രപഞ്ചത്തിലെ തന്നെ വ്യത്യസ്ത ഭാഗങ്ങളിൽ സമയദൈർഘ്യം വ്യത്യാസമുണ്ടെന്നും ആണ് ശാസ്ത്രം പറയുന്നത്. പ്രപഞ്ചത്തിലെ ചില ഇടങ്ങളിലെ ഒരു മണിക്കൂർ എന്നത് ഭൂമിയിലെ ഒരുപാട് വർഷങ്ങൾ ആയിരിക്കും ചിലപ്പോൾ. ഇൻറർ സ്റ്റെല്ലാർ എന്ന സിനിമയിൽ ഇത്തരത്തിൽ ഒരു രംഗമുണ്ട്. അതിലെ ആളുകൾ ചെന്ന് ഇറങ്ങുന്ന ഒരു ഗ്രഹത്തിലെ ഒരു മണിക്കൂർ ഭൂമിയിലെ ഏഴ് വർഷങ്ങൾക്ക് തുല്യമാണ്. ഏതാനും മണിക്കൂറുകൾ മാത്രം ആ ഗ്രഹത്തിൽ ചെലവഴിച്ച് തിരിച്ചു പേടകത്തിലേക്ക് വരുമ്പോഴേക്കും 23 വർഷം കഴിഞ്ഞിരുന്നു. അഥവാ അവർ ആ ഗ്രഹത്തിൽ ചിലവഴിച്ച ഏതാനും മണിക്കൂർ സമയം ഫ്യൂച്ചർ അഥവാ ഭാവി കാലത്തിൽ ആയിരുന്നു ജീവിച്ചിരുന്നത് എന്ന് പറയാം. രസകരമായ വസ്തുത എന്താണെന്ന് വെച്ചാൽ ഒരാൾക്ക് സിനിമയിൽ കാണിച്ച പോലെ ഇത്തരം ഒരു ഗ്രഹത്തിലേക്ക് പോകാൻ സാധിക്കുകയാണെങ്കിൽ ഇക്കാര്യം യഥാർത്ഥത്തിലും സംഭവിക്കും എന്നാണ് ശാസ്ത്രം പറയുന്നത്.
അതുപോലെ നമ്മൾ ആകാശത്തിലേക്ക് നോക്കുമ്പോൾ നാം കാണുന്നത് എല്ലാം ഭൂതകാലത്തിലെ നക്ഷത്രങ്ങളെ ആണ്. ഹബിൾ ടെലിസ്കോപ്പ് ഉപയോഗിച്ച് കാണുന്ന പല നക്ഷത്ര സമൂഹങ്ങളും കോടി കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ളതാണ്. ഇന്ന് ആ നക്ഷത്രങ്ങളുടെ അവസ്ഥ എന്താണെന്ന് പോലും നമുക്ക് അറിയില്ല. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള ഭൂതകാലത്തിലെ കാഴ്ചകളാണ് നമ്മൾ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ ആ നക്ഷത്രങ്ങൾ ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് സൂപ്പർ നോവ ആയി പൊട്ടിത്തെറിച്ച് പോയിട്ടുണ്ടാകും. പക്ഷേ നമുക്ക് അറിയില്ല. വിദൂര നക്ഷത്രസമൂഹങ്ങളിലെ ഏതെങ്കിലുമൊരു ഗ്രഹത്തിൽ നിന്ന് ഭൂമിയിലെ കാഴ്ചകൾ വരെ കാണാവുന്ന അതിശക്തമായ ഒരു ദൂരദർശനി കൊണ്ട് ഒരു അന്യഗ്രഹജീവി ഭൂമിയെ നിരീക്ഷിക്കുന്നു എന്ന് സങ്കൽപ്പിക്കുക. അന്യഗ്രഹജീവി ഇന്ന് അവിടെനിന്ന് നോക്കുമ്പോൾ കാണുന്നത് ഒരു പക്ഷേ നൂറ്റാണ്ടുകൾക്കുമുമ്പ് ഈജിപ്തിലെ പിരമിഡുകൾ ഉണ്ടാക്കുന്നതിന്റെയും അലക്സാണ്ടർ ചക്രവർത്തി യുദ്ധം ചെയ്യുന്നതിന്റെയും ഒക്കെ കാഴ്ചകൾ ആയിരിക്കും.
നേരത്തെ പറഞ്ഞ ഇൻറർ സ്റ്റെല്ലാർ സിനിമയിലെ തന്നെ പ്രധാന ഇതിവൃത്തം നായകൻ സ്വന്തം വീട്ടിൽ കാണുന്ന, പ്രേത ബാധ പോലെയുള്ള ചില അത്ഭുതകരമായ സൂചനകൾ പിന്തുടരുന്നതും അതിനെ തുടർന്ന് നാസയുടെ രഹസ്യ സങ്കേതത്തിൽ എത്തുന്നതും തുടർന്ന് ഇൻറർ സ്റ്റെല്ലാർ യാത്ര നടത്തുന്നതുമാണ്. വലിയൊരു ബ്ലാക്ക് ഹോളിൻറെ ഇവന്റ് ഹൊറൈസണിലൂടെ കടക്കുന്ന നായകൻ ഭാവിയിലെ മനുഷ്യർ ഉണ്ടാക്കിവെച്ച ഒരു teserract ൽ എത്തുകയും മറ്റൊരു ഡയമെൻഷനിൽ നിന്ന് കൊണ്ട് ഭൂതകാലത്തിൽ സ്വന്തം വീട്ടിൽ ചില സൂചനകൾ ഗ്രാവിറ്റി കൊണ്ട് സ്വയം ഉണ്ടാക്കുന്നതും ആണ്. അഥവാ നായകൻ പണ്ട് വീട്ടിൽ കണ്ട അത്ഭുത സൂചനകൾ അയാൾ തന്നെ ഭാവിയിൽ ചെയ്ത കാര്യങ്ങൾ മാത്രമായിരുന്നു എന്ന് അയാൾ തിരിച്ചറിയുന്നു. സ്വന്തം വീട്ടിലെ കോഡുകൾ ഉണ്ടാക്കിയ ഭൂതം മറ്റാരുമായിരുന്നില്ല താൻ തന്നെ ഭാവിയിൽ ചെയ്തതായിരുന്നു എന്ന കാര്യം നായകൻ മനസ്സിലാക്കുന്നു. സിനിമയിലെ ഈ സംഗതികൾ വെറും ഭാവനാ കഥയാണെങ്കിലും ഇതിൽ പറഞ്ഞ ഈ കാര്യങ്ങൾ ഒക്കെ ശാസ്ത്രീയമായി വളരെ കൃത്യമാണ്.
എന്തെങ്കിലും ഒരു സാഹചര്യത്തിൽ ഒരാൾക്ക് പ്രപഞ്ചത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ കഴിഞ്ഞാൽ ഇത്തരത്തിൽ സമയത്തിന് അതീതനായി കാര്യങ്ങൾ മനസ്സിലാക്കാൻ അഥവാ ഭൂതവും ഭാവിയും വർത്തമാനവും ഒക്കെ ഒരേ സമയം കാണാനും മനസ്സിലാക്കാനും കഴിയും എന്ന കാര്യങ്ങൾ ശാസ്ത്രീയമായി അബദ്ധങ്ങൾ അല്ല എന്ന് മനസ്സിലാക്കുക.
മനുഷ്യനു ഫ്രീ വിൽ അഥവാ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട് എന്നാണ് വിശുദ്ധ ഖുർആൻ പറയുന്നത്. നന്മയും തിന്മയും എന്താണെന്ന് കൃത്യമായി ദൈവിക നിർദേശങ്ങൾ പ്രവാചകന്മാരിലൂടെയും വേദഗ്രന്ഥങ്ങളിലൂടെയും വിവരിച്ചു തന്നിട്ടുണ്ട്. നന്മയോ തിന്മയോ തിരഞ്ഞെടുക്കാൻ മനുഷ്യനും സ്വാതന്ത്ര്യം ഉണ്ട് . മരണാനന്തര ജീവിതത്തിൽ നന്മയുടെ മാർഗ്ഗം തിരഞ്ഞെടുക്കുന്നവർക്ക് സ്വർഗ്ഗവും തിന്മയുടെ മാർഗ്ഗം തിരഞ്ഞെടുക്കുന്നവർക്ക് നരകവും ആണ് ഉണ്ടാവുക എന്ന് അറിയിച്ചു തന്നിട്ടുണ്ട്. ഏതു തെരഞ്ഞെടുക്കുന്നു എന്നത് മനുഷ്യൻറെ സ്വാതന്ത്ര്യത്തിൽ പെട്ടതാണ്. ഐഹിക ജീവിതം എന്നത് ഒരു പരീക്ഷണമാണ്. നന്മയാണോ തിന്മയാണോ മനുഷ്യൻ തിരഞ്ഞെടുക്കുക എന്നതിൻറെ പരീക്ഷണം.
إِنَّا هَدَيْنَٰهُ ٱلسَّبِيلَ إِمَّا شَاكِرًۭا وَإِمَّا كَفُورًا
തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന് നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു.
(Surat:76, Verse:3)
ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًۭا ۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ
നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്ത്തിക്കുന്നവന് എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്. അവന് പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.
(Surat:67, Verse:2)
وَقُلِ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ ۚ إِنَّآ أَعْتَدْنَا لِلظَّٰلِمِينَ نَارًا ......
പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക് നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്........
(Surat:18, Verse:29)
ഇത്തരത്തിൽ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അഥവാ ഫ്രീ വിൽ നൽകപ്പെട്ട മനുഷ്യൻ, അവൻറെ ജീവിതത്തിലെ ഓരോ സെക്കൻഡിലും എടുക്കുന്ന തീരുമാനങ്ങൾ കൃത്യമായി സൃഷ്ടാവിന് അറിയാം : കാരണം പ്രപഞ്ചാതീതനായ സ്രഷ്ടാവ് ഒരേസമയം അവൻറെ ഭൂതകാലവും വർത്തമാനവും ഭാവിയും എല്ലാം കാണാനും മനസ്സിലാക്കാനും കഴിയുന്നവനാണ്. സമയം എന്നത് പ്രപഞ്ച അതീതനായ സൃഷ്ടാവിന് ബാധകമല്ലല്ലോ. സമയ വ്യത്യാസമില്ലാതെ മനുഷ്യൻറെ ജനനം മുതൽ മരണം വരെയുള്ള സകല കാര്യങ്ങളും അറിയുന്ന സ്രഷ്ടാവ് ആ കാര്യങ്ങളെല്ലാം മൂലഗ്രന്ഥം അഥവാ ലൗഹുൽ മഹ്ഫൂളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സ്രഷ്ടാവിനെ അറിവ് സമയത്തിന് അതീതവും, പരിപൂർണ്ണമായതും , സകല കാര്യങ്ങളെയും ഉൾക്കൊള്ളുന്നതുമാണ് എന്നതുകൊണ്ട് തന്നെ മൂലഗ്രന്ഥത്തിൽ രേഖപ്പെടുത്തിയ കാര്യങ്ങളിൽ ഒരു പിഴവും ഉണ്ടാവുകയില്ല.
ഫ്രീ വിൽ നൽകപ്പെട്ട മനുഷ്യൻറെ കാര്യം മാത്രമല്ല, പ്രപഞ്ചത്തിലെ ഓരോ അണുവിന്റെയും കാര്യങ്ങൾ വരെ കൃത്യമായി ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എല്ലാ കാര്യങ്ങളെ കുറിച്ചും പൂർണമായ അറിവുള്ള, പ്രപഞ്ചത്തിന് പുറത്തുള്ള , സമയം ബാധകമല്ലാത്ത, പൂർണ്ണമായ കഴിവുകൾക്ക് ഉടമയായ , ഈ പ്രപഞ്ചത്തെയും സകല ചരാചരങ്ങളെയും പടച്ചവന് ഇക്കാര്യം വളരെ വളരെ നിസ്സാരം മാത്രമാണ്.
ശാസ്ത്രീയമായി ഈ കാര്യം ഉൾക്കൊള്ളുവാൻ ശാസ്ത്രബോധമുള്ള ഒരാൾക്ക് ഒരു പ്രയാസവുമില്ല തന്നെ. ശാസ്ത്രീയമായ അറിവുകൾ ഇല്ലാതിരുന്ന പഴയകാലത്ത് ജീവിച്ച ആളുകൾക്ക് സമയത്തിന് അതീതമായ ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളാൻ പ്രയാസമായിരിന്നെങ്കിൽ, ശാസ്ത്രീയമായ അറിവുകൾ ഒരുപാട് വികസിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നിരീശ്വരവാദികൾ വിധി വിശ്വാസവുമായി ബന്ധപ്പെട്ട ബാലിശമായ ചോദ്യങ്ങൾ ചോദിക്കുന്നത് അവരുടെ ശാസ്ത്രബോധം ഇല്ലായ്മ മാത്രമാണ് വെളിവാക്കുന്നത്.
സമയാതീനായ സൃഷ്ടാവിന് ഒരേസമയം നമ്മുടെ ഭൂതകാലവും വർത്തമാനവും ഭാവിയും എല്ലാം അറിവ് ഉള്ളതുകൊണ്ടും ആ അറിവ് ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയത് കൊണ്ടും നമ്മുടെ ജീവിതത്തിൽ നമ്മുടെ തീരുമാനങ്ങൾക്ക് മാറ്റമുണ്ടാകുന്നില്ല. നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ ഫ്രീ വിൽ അനുസരിച്ചാണ് ഉണ്ടാകുന്നത്. ആ തീരുമാനങ്ങളുടെ ഉത്തരവാദിത്വം നമുക്ക് മാത്രമാണ്. ഭാവിയിലെ നമ്മുടെ തീരുമാനങ്ങളും പ്രവർത്തികളും എന്തായിരിക്കും എന്ന കൃത്യമായ അറിവ് പടച്ചവന് ഉണ്ട് എന്നതുകൊണ്ട് നമ്മുടെ തീരുമാനങ്ങളുടെ ഉത്തരവാദിത്വം പടച്ചവന് ആവുന്നില്ലല്ലോ. അക്കാര്യം സൃഷ്ടാവിൻറെ അറിവ് മാത്രമാണ്. നമ്മുടെ പ്രവർത്തനങ്ങൾക്ക് നാം തന്നെയാണ് ഉത്തരവാദികൾ .
നമ്മുടെ ഭാവി എന്താണെന്നും ഗ്രന്ഥത്തിൽ നമ്മെ പറ്റി എന്താണ് രേഖപ്പെടുത്തിയത് എന്നും നമുക്ക് ഒരുതരത്തിലും അറിയാനും നിർവാഹമില്ലാത്തത് കൊണ്ട് നല്ലത് പ്രവർത്തിക്കുക സ്വർഗ്ഗത്തിനായി പരിശ്രമിക്കുക എന്നത് മാത്രമാണ് മനുഷ്യന് ചെയ്യാനുള്ളത്. ഭൂതകാലത്തിൽ നമ്മുടെ ജീവിതത്തിൽ ഫ്രീ വിൽ ഉപയോഗിച്ച് നാം ചെയ്ത കാര്യങ്ങൾ എല്ലാം കൃത്യമായി ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നുള്ളത് വിശ്വസിക്കാൻ പ്രയാസം ഇല്ലെങ്കിൽ സമയത്തിന് അതീതനായ പടച്ചവന് ഭൂതകാലം പോലെ വർത്തമാനവും ഭാവി കാലവും ഒരുപോലെ അറിയാനും ഫ്രീ വിൽ ഉപയോഗപ്പെടുത്തി നാം ഭാവിയിൽ ചെയ്യുന്ന കാര്യങ്ങളും തൻറെ അറിവനുസരിച്ച് രേഖപ്പെടുത്താനും ഒരു പ്രയാസവുമില്ല എന്നതും വിശ്വസനീയമാണ്.
Post a Comment