ഉമ്മുൽ മുഅ്മിനീൻ സ്വഫിയ്യ ബിൻത് ഹുയയ്യ് (റ)

ഇസ്ലാം വിമർശകർ പലപ്പോഴും വിമർശിക്കുന്ന കാര്യമാണ് മുഹമ്മദ് നബിയുടെയും സ്വഫിയയുടെയും വിവാഹം. നമുക്ക് ചരിത്രം ഒന്ന് പരിശോധിക്കാം. 

ജൂതന്മാരുടെ നേതാവായിരുന്ന ഹുയയ്യിന്റെ മകളായിരുന്നു സ്വഫിയ, മറ്റൊരു നേതാവായ കിനാനയുടെ ഭാര്യയും. ഖന്തക്ക് യുദ്ധം അല്ലെങ്കിൽ അഹ്സാബ് യുദ്ധം എന്നറിയപ്പെടുന്ന യുദ്ധത്തിൻറെ പ്രധാന സൂത്രധാരൻ ആയിരുന്നു ഹുയയ്യ്. അഹ്സാബ് യുദ്ധാനന്തരം ഹുയയ്യ് വധിക്കപ്പെട്ടു. കുറച്ചു വർഷങ്ങൾ കഴിഞ്ഞു  മുസ്‌ലിംകളും ജൂതന്മാരും ആയുള്ള ഖൈബർ യുദ്ധത്തിൽ മുസ്ലിംകൾ വിജയിക്കുകയും കിനാന വധിക്കപ്പെടുകയും ചെയ്തു. അന്നത്തെ കാലത്തെ യുദ്ധ നിയമമനുസരിച്ച് ഖൈബർ യുദ്ധാനന്തരം സ്വഫിയ അടിമയാക്കപ്പെട്ടു. ദിഹിയ എന്ന സഹാബിക്ക് ആണ് ആദ്യം സ്വഫിയയെ ലഭിച്ചത്. സ്വഫിയ ജൂതരുടെ നേതാവിന്റെ മകൾ ആണെന്നറിഞ്ഞപ്പോൾ മുഹമ്മദ് നബി (സ) സ്വഫിയയെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കുകയും ഇസ്ലാമിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്തു. സ്വഫിയ ഇസ്ലാം സ്വീകരിക്കുകയും സ്വഫിയയെ അവരുടെ പൂർണ്ണ സമ്മതത്തോടുകൂടി മുഹമ്മദ് നബി (സ) വിവാഹം ചെയ്യുകയും ചെയ്തു. ഇസ്ലാം സ്വീകരിക്കാനോ വിവാഹം കഴിക്കാനോ യാതൊരുവിധത്തിലുള്ള നിർബന്ധവും ചെലുത്തിയിട്ടില്ല. പൂർണ്ണ മനസ്സോടെയാണ് സ്വഫിയ ഇസ്‌ലാം സ്വീകരിച്ചതും പ്രവാചകൻ വിവാഹം കഴിച്ചതും എന്ന് ചരിത്രത്തിൽ കാണാൻ കഴിയും.

لما دخلت صفية على النبي، صلى الله عليه وسلم، وسلم قال لها: لم يزل أبوك من أشد يهود لي عداوة حتى قتله الله. فقالت: يا رسول الله إن الله يقول في كتابه ولا تزر وازرة وزر أخرى. فقال: لها رسول الله: اختاري، فإن اخترت الإسلام أمسكتك لنفسي وإن اخترت اليهودية فعسى أن أعتقك فتلحقي بقومك. فقالت: يا رسول الله لقد هويت الإسلام وصدقت بك قبل أن تدعوني حيث صرت إلى رحلك وما لي في اليهودية أرب وما لي فيها والد ولا أخ، وخيرتني الكفر والإسلام فالله ورسوله أحب إلي من العتق وأن أرجع إلى قومي

മറ്റ് യുദ്ധത്തടവുകാരോട് ഒപ്പം സ്വഫിയയെയും പ്രവാചകന്റെ മുന്നിൽ ഹാജരാക്കപ്പെട്ടു. പ്രവാചകൻ പറഞ്ഞു "ജൂതരുടെ ഇടയിൽ നിന്ന് നിന്റെ പിതാവ് അല്ലാഹു അദ്ദേഹത്തെ നശിപ്പിക്കുന്നത് വരെ എന്നോടുള്ള ശത്രുത അവസാനിപ്പിച്ചിരുന്നില്ല. " സ്വഫിയ മറുപടി പറഞ്ഞു: അല്ലാഹുവിൻറെ പ്രവാചകരെ അള്ളാഹു അവൻറെ ഗ്രന്ഥത്തിൽ " ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കേണ്ടി വരികയില്ല" എന്ന്  പറഞ്ഞതാണല്ലോ (പിതാവിൻറെ ദുഷ്പ്രവർത്തികൾക്ക് ഞാൻ ഉത്തരവാദിയല്ല ). മുഹമ്മദ് നബി സഫിയക്ക് ഒന്നുകിൽ സ്വതന്ത്രയായി ജൂത മതത്തിൽ തന്നെ നില നിന്ന് കൊണ്ട് സ്വന്തം ആളുകളുടെ ( ജൂതരുടെ ) കൂട്ടത്തിൽ തന്നെ മടങ്ങി പോകുവാനും അതല്ലെങ്കിൽ സ്വതന്ത്രയായി , ഇസ്ലാം സ്വീകരിച്ച് പ്രവാചകൻറെ ഭാര്യ പദവിയും വാഗ്ദാനം ചെയ്തു. രണ്ടിൽ ഏത് തീരുമാനിക്കാനും സ്വാതന്ത്ര്യം നൽകി. സ്വഫിയ മറുപടി പറഞ്ഞു
" അല്ലാഹുവിൻറെ പ്രവാചകരേ, ഇസ്ലാം ഞാൻ ആഗ്രഹിച്ച് കൊണ്ടിരുന്ന കാര്യം മാത്രമാണ് . താങ്കൾ എന്നെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നതിന് മുമ്പുതന്നെ അക്കാര്യം ഞാൻ തീരുമാനമെടുത്തിട്ടുണ്ട്. എനിക്ക് ജൂതരിൽ സഹോദരനോ പിതാവോ രക്ഷിതാക്കളോ ഇല്ല. ഇപ്പോൾ താങ്കൾ എനിക്ക് ഇസ്‌ലാമിനും അവിശ്വാസത്തിനു ഇടയിൽ ഒന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തന്നിരിക്കുന്നു. അല്ലാഹുവാണേ സത്യം , അല്ലാഹുവും അവൻറെ പ്രവാചകനുമാണ് എനിക്ക് അവിശ്വാസത്തെക്കാളും സ്വതന്ത്രയായി എന്റെ ജനതയിലേക്ക്  മടങ്ങിപ്പോകുന്നതിനേക്കാളും ഏറെ പ്രിയങ്കരം. " : തബകാത്ത് അൽ കുബ്റാ . ഇമാം ഇബ്നു സഅദ് . 

 മുഹമ്മദ് നബിയെ ഭാവിയിൽ വിവാഹം ചെയ്യും എന്നുള്ള സ്വപ്നദർശനം തനിക്ക് മുമ്പ് ഉണ്ടായിട്ടുള്ളതായി സ്വഫിയ തന്നെ വ്യക്തമാക്കിയത് കാണാവുന്നതാണ്.  കിനാനയുടെ ഭാര്യയിരിക്കുന്ന സമയത്ത് ഒരിക്കൽ ആകാശത്തുനിന്നും പൂർണ്ണചന്ദ്രൻ ചന്ദ്രൻ താഴെയിറങ്ങി തൻറെ മടിയിൽ ഇരിക്കുന്നത് സ്വഫിയ ഒരിക്കൽ സ്വപ്നം കണ്ടു. ഭർത്താവായ കിനാനയോട് ഈ സ്വപ്നത്തെ കുറിച്ച് ആരാഞ്ഞപ്പോൾ സ്വപ്നവ്യാഖ്യാനം അറിവുള്ള ജൂത പണ്ഡിതൻ കൂടിയായ അയാൾ ക്രുദ്ധൻ ആവുകയും " യഥ് രിബിലെ രാജാവിനെ (മുഹമ്മദ് നബി ) ഭർത്താവായി കിട്ടാൻ കാത്തിരിക്കുകയാണോ നീ ? " എന്ന് പറഞ്ഞു ഭാര്യയായ സ്വഫിയയുടെ മുഖത്ത് ആഞ്ഞ് അടിക്കുകയും ചെയ്തു. സ്വഫിയയുടെ മുഖത്ത് കണ്ണിൻറെ ഭാഗത്തായി ആ  അടിയുടെ നീല പാടുകൾ മായാതെ കിടന്നിരുന്നു. മുഖത്തെ പാടുകൾ എങ്ങനെ സംഭവിച്ചതാണ് എന്ന അന്വേഷണത്തിന്റെ മറുപടിയിൽ സ്വഫിയ ഇക്കാര്യം പ്രവാചകനോട് പറയുന്നത് ചരിത്രത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്: സീറതു റസൂലുള്ള - ഇമാം ഇബ്നു ഇസ്ഹാഖ് . സീറ അന്നബവിയ്യ ഇമാം ഇബ്നു കസീർ , ത്വബറാനി കബീർ . 
 
عَنِ ابْنِ عُمَرَ، قَالَ: كَانَ بِعَيْنَيْ صَفِيَّةَ خُضْرَةٌ، فَقَالَ لَهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:مَا هَذِهِ الْخُضْرَةُ بِعَيْنَيْكِ؟فَقَالَتْ: قُلْتُ لِزَوْجِي: إِنِّي رَأَيْتُ فِيمَا يَرَى النَّائِمِ قَمَرًا وَقَعَ فِي حِجْرِي فَلَطَمَنِي، وَقَالَ: أَتُرِيدِينَ مَلِكَ يَثْرِبَ؟ قَالَتْ: وَمَا كَانَ أَبْغَضُ إِلَيَّ مِنْ رَسُولِ اللَّهِ، قَتَلَ أَبِي وَزَوْجِي، فَمَا زَالَ يَعْتَذِرُ إِلَيَّ، فَقَالَ:يَا صَفِيَّةُ إِنَّ أَبَاكِ أَلَّبَ عَلَى الْعَرَبَ، وَفَعَلَ وَفَعَلَحَتَّى ذَهَبَ ذَاكَ مِنْ نَفْسِي

📚(ത്വബറാനി കബീർ 19668) ഹദീസ് സഹീഹാണെന്ന് അൽബാനി.

സഫിയയുമായി മധുവിധു ആഘോഷിക്കുന്ന സമയത്ത് കൂടാരത്തിന് അടുത്ത് വാളുമായി സഹാബി ആയ അബു അയ്യൂബുൽ അൻസാരി കാവൽനിന്നു എന്ന കാര്യവും വിമർശകർ വിമർശിക്കാറുണ്ട്. മനസ്സിലാക്കേണ്ട കാര്യം, അബു അയ്യൂബിൽ അൻസാരിയെ മുഹമ്മദ് നബി പുറത്ത് കാവൽ നിർത്തിച്ചതല്ല. സഹാബി കാവൽ നിൽക്കുന്നത് മുഹമ്മദ് നബി അറിഞ്ഞിട്ട് കൂടിയില്ല. അതുകൊണ്ടാണ് രാവിലെ കൂടാരത്തിന് പുറത്ത് അദ്ദേഹത്തെ കണ്ടപ്പോൾ എന്താണ് കാര്യം എന്ന് അദ്ദേഹത്തോട് അന്വേഷിക്കുന്നത് ? മുഹമ്മദ് നബിയുടെ ചോദ്യത്തിനു മറുപടിയായി കൊണ്ട് സഹാബി പറഞ്ഞത് " സ്വഫിയ അങ്ങയെ എന്തെങ്കിലും ചെയ്തേക്കുമെന്ന് ഞാനാശങ്കിച്ചു.  അവരുടെ പിതാവും ഭർത്താവും എല്ലാം യുദ്ധത്തിൽ മുസ്ലിംകളാൽ കൊല്ലപ്പെട്ടവർ ആയിരുന്നില്ലേ " എന്നാണ്. അഥവാ സ്വഫിയയുടെ ഇസ്ലാം ആശ്ലേഷണവും പ്രവാചകനോടുള്ള വിവാഹ സമ്മതവും എല്ലാം വല്ല ചതിപ്രയോഗം മനസ്സിൽ ഉദ്ദേശിച്ചു കൊണ്ടാണോ എന്ന് സഹാബി വ്യക്തിപരമായി ആശങ്കപ്പെട്ടതു മാത്രമാണ്. എന്നാൽ സ്വഫിയയുടെ ഇസ്ലാം ആശ്ലേഷണവും പ്രവാചകനോടുള്ള വിവാഹ സമ്മതവും പൂർണ്ണമായും ആത്മാർത്ഥതയോട് കൂടിത്തന്നെയായിരുന്നു എന്നും പ്രവാചകന് കൃത്യമായ ബോധ്യപ്പെട്ടിരുന്നു എന്നത് കൊണ്ട് തന്നെ പ്രവാചകന് സ്വഫിയയുടെ ആത്മാർത്ഥതയുടെ കാര്യത്തിൽ ആശങ്ക ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് കൂടാരത്തിന് കാവൽനിന്ന സഹാബിയോട് അങ്ങനെ ചെയ്യേണ്ടതില്ല സ്വഫിയയുടെ ആത്മാർത്ഥതയിൽ സംശയിക്കേണ്ടതില്ല എന്നുണർത്തി പ്രവാചകൻ അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തത്.  സ്വഫിയയുടെ മുഖത്തുള്ള പാട് കണ്ടു ഇത് എങ്ങനെ ഉണ്ടായതാണെന്ന് പ്രവാചകൻ അന്വേഷിച്ചതും അതിനു സ്വഫിയ പഴയ സ്വപ്നത്തിൻറെ കാര്യവും മുൻ ഭർത്താവ് സ്വഫിയയെ അടിച്ചതും എല്ലാം പ്രവാചകനോട് സ്വഫിയ തന്നെ വിശദീകരിച്ചതും ആണല്ലോ. 

സ്വഫിയയുടെ കാര്യത്തിൽ ഇദ്ദാ നിയമങ്ങൾ പാലിക്കപ്പെട്ടില്ല എന്ന് വിമർശകർ ആരോപണമുന്നയിക്കാറുണ്ട്. അതിലും യാതൊരു കഴമ്പുമില്ല എന്ന് കാണാനാകും. നബി ഇദ്ദ നിയമം ലംഘിച്ചുവെന്നാണ് ആരോപണം. യുദ്ധതടവുകാരുമായുള്ള ബന്ധത്തെ കുറിച്ചുള്ള നിയമം നോക്കാം:

عن أبي سعيد الخدري ورفعه أنه قال في سبايا أوطاس لا توطأ حامل حتى تضع ولا غير ذات حمل حتى تحيض حيضة

അബീ സഈദുൽ ഖുദ്രി നബിയിൽ നിന്ന് ഉദ്ദരിക്കുന്ന ഹദീസ്. അവ്താസ് യുദ്ധതടവുകാരെ സംബന്ധിച്ച് നബി (സ) പറഞ്ഞു: "ഒരു ഗർഭിണിയായ സ്ത്രീ പ്രസവിക്കുന്നതുവരെ അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടരുത്. ഇനിയവൾ ഗർഭിണി അല്ലെങ്കിൽ ഒരു ആർത്തവ സമയം കഴിയുന്നതുവരെയും ബന്ധപ്പെടരുത് "
(അബൂദാവൂദ് 2157)

യുദ്ധതടവുകാരി ആയിരുന്ന സ്വഫിയാ ബീവി നബിയെ വിവാഹം കഴിക്കാൻ വേണ്ടിയാണ് സ്വതന്ത്രയാക്കപ്പെട്ടത്‌. അവരുടെ കാര്യത്തിൽ എന്താണ് സംഭവിച്ചത് എന്ന് നോക്കാം :

عَنْ أَنَسِ ...فَاصْطَفَاهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِنَفْسِهِ فَخَرَجَ بِهَا حَتَّى بَلَغْنَا سَدَّ الصَّهْبَاءِ حَلَّتْ فَبَنَى بِهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ

അനസ്ബ്നു മാലിക്കിൽ നിന്ന് നിവേദനം. " ....നബി അവരെ തനിക്കുവേണ്ടി തെരഞ്ഞെടുത്തു. അവരുമായി പുറപ്പെട്ടു. അങ്ങനെ ഞങ്ങൾ സാദ് അസ്സബാഹ് എന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ തന്റെ ആർത്തവത്തിൽ നിന്ന് ശുദ്ധിയായി അപ്പോൾ പ്രവാചകൻ അവരുമായി വൈവാഹിക ബന്ധം ആരംഭിച്ചു ."
(ബുഖാരി 3889)

യുദ്ധത്തിൽ പിടിക്കപ്പെട്ട് അടിമയാക്കപ്പെട്ട ഒരു സ്ത്രീക്ക് നൽകാവുന്ന ഏറ്റവും മികച്ച പരിഗണനയാണ് സ്വഫിയക്ക് നൽകപ്പെട്ടത്. അവരെ സ്വതന്ത്രയാക്കി. ഇസ്ലാം സ്വീകരിക്കാനോ നിരാകരിക്കാനോ ഉള്ള അനുമതി നൽകി. സ്വന്തക്കാരിലേക്ക് മടങ്ങിപ്പോകാനോ മുഹമ്മദ് നബിയുടെ ഭാര്യ യാവാനോ ഏതു വേണമെങ്കിലും സ്വീകരിക്കാനുള്ള അവസരം നൽകി. പൂർണ്ണമനസ്സോടെ സ്വഫിയ ഇസ്ലാം സ്വീകരിക്കുകയും പ്രവാചകൻറെ ഭാര്യയായി കൊണ്ട് അഭിമാനത്തോടെ ഉന്നതപദവിയിൽ ജീവിക്കുകയും ചെയ്തു. ഒരു സത്യവിശ്വാസിനിക്ക് ഈ ജീവിതത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ പദവികളിൽ ഒന്നായ ഉമ്മുൽ മുഅ്മിനീൻ അഥവാ സത്യവിശ്വാസികളുടെ മാതാവ് എന്ന അത്യുന്നത പദവിയിലെത്താൻ സാധിച്ചു. അടിമസ്ത്രീ ആയിട്ടല്ല ഇസ്ലാമിക സാമ്രാജ്യത്തിലെ രാജാവിൻറെ ഭാര്യയായിട്ടാണ് സ്വഫിയ മാറിയത്.  പ്രവാചകൻറെ ഭാര്യാ പദവിയിൽ അത്യധികം അഭിമാനം ഉള്ള ആളായിരുന്നു സ്വഫിയ എന്ന് ചരിത്രത്തിൽ കാണാം. മൂസാ നബിയുടെ സഹോദരൻ ഹാറൂണിൻറെ തലമുറയിലാണ് സ്വഫിയ ഉള്ളത്. മൂന്ന് പ്രവാചകന്മാർ തൻറെ സ്വന്തക്കാർ ആണെന്ന് അഭിമാനിച്ചിരുന്ന വ്യക്തിയായിരുന്നു സഫിയ. ഹാറൂൺ നബി തൻറെ പിതാവും മൂസ നബി തൻറെ പിതൃവ്യനും മുഹമ്മദ് നബി തൻറെ ഭർത്താവും ആണെന്ന് അഭിമാനപൂർവ്വം പ്രഖ്യാപിച്ചിരുന്നു ഉമ്മുൽ മുഅ്മിനീൻ സ്വഫിയ (റ) എന്ന് ചരിത്രത്തിൽ കാണാൻ സാധിക്കും. 














4 Comments

Post a Comment

Previous Post Next Post