ഖുർആനിലെ പദപ്രയോഗങ്ങളുടെ കൃത്യതയും ശാസ്ത്രീയതയും - പാർട്ട് 14
____________________________________
ഗർഭവും മുലയൂട്ടലും ആയി ബന്ധപ്പെട്ട ഖുർആൻ വചനങ്ങളുടെ അത്ഭുതകരമായ ശാസ്ത്രീയമായ കൃത്യതയാണ് ഈ പോസ്റ്റിൽ വിവരിക്കുന്നത്. കുഞ്ഞുങ്ങളുടെ മുലയൂട്ടൽ രണ്ടുവർഷമാണ് എന്നാണ് ഖുർആൻ പറയുന്നത്.
وَوَصَّيْنَا ٱلْإِنسَٰنَ بِوَٰلِدَيْهِ حَمَلَتْهُ أُمُّهُۥ وَهْنًا عَلَىٰ وَهْنٍۢ وَفِصَٰلُهُۥ فِى عَامَيْنِ أَنِ ٱشْكُرْ لِى وَلِوَٰلِدَيْكَ إِلَىَّ ٱلْمَصِيرُ
മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്കിയിരിക്കുന്നു- ക്ഷീണത്തിനുമേല് ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്. അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്- എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്റെ അടുത്തേക്കാണ് (നിന്റെ) മടക്കം.
(31:14)
وَٱلْوَٰلِدَٰتُ يُرْضِعْنَ أَوْلَٰدَهُنَّ حَوْلَيْنِ كَامِلَيْنِ ۖ لِمَنْ أَرَادَ أَن يُتِمَّ ٱلرَّضَاعَةَ ...
മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്. ( കുട്ടിയുടെ ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്... (2:233)
എന്നാൽ ഖുർആനിൽ തന്നെ ഗർഭധാരണവും മുലയൂട്ടലും കൂടി 30 മാസമാണ് എന്നും കാണാം.
وَوَصَّيْنَا ٱلْإِنسَٰنَ بِوَٰلِدَيْهِ إِحْسَٰنًا ۖ حَمَلَتْهُ أُمُّهُۥ كُرْهًۭا وَوَضَعَتْهُ كُرْهًۭا ۖ وَحَمْلُهُۥ وَفِصَٰلُهُۥ ثَلَٰثُونَ شَهْرًا ۚ ...
തന്റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു...
(46:15)
ഗർഭധാരണം സാധാരണഗതിയിൽ 10 ചാന്ദ്ര മാസമാണ് എന്ന് ഏത് സാധാരണക്കാരനും അറിയുന്ന കാര്യമാണ്. അപ്പോൾ പിന്നെ പത്തുമാസം ഗർഭ കാലയളവും രണ്ടുവർഷം മുലയൂട്ടൽ കാലയളവും കൂട്ടിയാൽ മൊത്തം 34 മാസം ആണ് ഉണ്ടാവുക. ഇത് അബദ്ധമാണ്. അല്ലാഹുവിനും മുഹമ്മദ് നബിക്കും ഒന്നും കണക്ക് അറിയാത്തതു കൊണ്ട് വന്ന പ്രശ്നമാണിത് എന്നൊക്കെയാണ് വിവരദോഷികളായ ആളുകൾ ആരോപിക്കാറുള്ളത്. ചില സാധാരണക്കാർ ഇത്തരം വാദങ്ങളിൽ തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്. നമുക്ക് വസ്തുതകൾ പരിശോധിക്കാം.
ആദ്യമായി നമുക്ക് പരിശോധിക്കാൻ ഉള്ളത് മേൽപ്പറഞ്ഞ ആയത്തുകളെ മുഹമ്മദ് നബിയിൽ നിന്ന് ഖുർആൻ നേരിട്ട് പഠിച്ച അനുചരന്മാരായ സഹാബികൾ എങ്ങനെ മനസ്സിലാക്കി എന്നുള്ളതാണ്. നമുക്ക് തഫ്സീറുകൾ പരിശോധിക്കാം.
ابن عباس رضي الله عنهما قال: إذا وضعت المرأة لتسعة أشهر كفاه من الرضاع أحد وعشرون شهرا وإذا وضعته لسبعة أشهر كفاه من الرضاع ثلاثة وعشرون شهرا وإذا وضعته لستة أشهر فحولين كاملين لأن الله تعالى يقول "وحمله وفصاله ثلاثون شهرا حتى إذا بلغ أشده"
ഇബ്നു അബ്ബാസ് (റ) പ്രസ്താവിച്ചു : " ഒരു സ്ത്രീ ഒമ്പതാം മാസത്തിൽ പ്രസവിക്കുകയാണെങ്കിൽ അവൾ കുഞ്ഞിന് 21 മാസം മുലയൂട്ടേണ്ടതാണ്. ഏഴാം മാസത്തിൽ ആണ് പ്രസവിച്ചത് എങ്കിൽ 23 മാസം മുലയൂട്ടേണ്ടതാണ്. ഇനി ആറാം മാസത്തിലാണ് പ്രസവിച്ചത് എങ്കിൽ രണ്ടുവർഷം പൂർണ്ണമായും മുലയൂട്ടേണ്ടതാണ്. അതാണ് അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞത് "ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. " എന്ന്.
തഫ്സീർ ഇബ്നുകസീർ.
ഈ ആശയം തന്നെ പ്രവാചക ശിഷ്യനും നാലാം ഖലീഫയും ആയിരുന്ന അലി (റ) പ്രസ്താവിച്ചതും തഫ്സീറിൽ കാണാം. സംഭവം ചുരുക്കി വിവരിക്കാം. ഖലീഫ ഉസ്മാൻ (റ) വിന്റെ ഭരണ കാലത്ത് അദ്ദേഹത്തിനു മുന്നിൽ വന്ന ഒരു കേസ് ഇപ്രകാരമായിരുന്നു. വിവാഹം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോൾ ഭാര്യ പ്രസവിച്ചത് ഭാര്യക്ക് വിവാഹത്തിന് മുമ്പുതന്നെ അവിഹിതഗർഭം ഉണ്ടായിരുന്നതിനു തെളിവാണ് എന്നാരോപിച്ച് ഒരാൾ വന്നു. ഖലീഫ ഉസ്മാൻ സ്ത്രീയെ ശിക്ഷിക്കാൻ ഉത്തരവിട്ടു. ഇതറിഞ്ഞ സ്ത്രീയുടെ സഹോദരി കരഞ്ഞപ്പോൾ ആരോപിതയായ സ്ത്രീ പറഞ്ഞു "എന്തിനാണ് നീ കരയുന്നത് ? ഭർത്താവല്ലാതെ മറ്റൊരാളുമായും ഞാൻ ബന്ധപ്പെട്ടിട്ടില്ല. അല്ലാഹു എൻറെ കാര്യത്തിൽ തീരുമാനമെടുത്തു കൊള്ളും". വിവരമറിഞ്ഞ് അലി (റ) ഉസ്മാൻ (റ) ന്റെ അടുത്തെത്തി. താങ്കൾ എന്തിനാണ് അവരെ ശിക്ഷിക്കാൻ ഉത്തരവിട്ടത് എന്ന് ചോദിച്ചു. "വിവാഹം കഴിഞ്ഞ് ആറു മാസം കൊണ്ട് ആ സ്ത്രീ പ്രസവിച്ചിരിക്കുന്നു. (വിവാഹത്തിനു മുമ്പ് ഗർഭം ധരിച്ചിട്ടില്ലെങ്കിൽ ) എങ്ങനെയാണിത് സംഭവിക്കുക ? " എന്ന് ഉസ്മാൻ (റ) മറുപടി പറഞ്ഞു. അലി ഉസ്മാനോട് പറഞ്ഞു: അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുണ്ടല്ലോ "ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു" എന്നും "മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ് " എന്നും. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം (30-24=6) ആറുമാസം മാത്രമാണ്. (അതുകൊണ്ടുതന്നെ ആറുമാസത്തിൽ പ്രസവിക്കൽ സംഭവ്യമാണ്). ഉസ്മാന് കാര്യം ബോധ്യപ്പെടുകയും ശിക്ഷാവിധി റദ്ദാക്കുകയും ചെയ്തു...
തഫ്സീർ ഇബ്നുകസീർ.
യഥാർത്ഥത്തിൽ വിശുദ്ധ ഖുർആൻ ദൈവീക വചനങ്ങൾ മാത്രമാണ് എന്നതിൻറെ കൃത്യമായ തെളിവുകളിൽ ഒന്നാണ് ഈ സൂക്തങ്ങൾ. ശാസ്ത്രീയമായി വളരെ കൃത്യതയാർന്ന പരാമർശങ്ങളാണിവ എന്നതാണ് വാസ്തവം.
കൃത്യമായി മനസ്സിലാക്കേണ്ട കാര്യം വിശുദ്ധ ഖുർആൻ ഗർഭകാലം എത്രയാണെന്ന് പറഞ്ഞിട്ടില്ല; പകരം ഗർഭകാലവും മുലയൂട്ടൽ കാലവും കൂടി മൊത്തം 30 മാസം ആണ് എന്നാണ് പറഞ്ഞത്. പൂർണ്ണമായ മുലയൂട്ടൽ രണ്ടുവർഷമാണ് എന്നും ഖുർആൻ തന്നെ പ്രസ്താവിച്ചിരിക്കെ, ഏറ്റവും കുറഞ്ഞ ഗർഭകാലം ആറുമാസം ആണ് എന്ന കാര്യം ഖുർആനിൽ നിന്ന് മനസ്സിലാക്കാം (30 മാസം - 24 മാസം = 6 മാസം). ഇനി നമുക്ക് ഈ വിഷയത്തിൽ ശാസ്ത്രം എന്തു പറയുന്നു എന്നു നോക്കാം !
ഗർഭം ആറുമാസമെങ്കിലും പൂർത്തിയായാൽ പ്രസവത്തിനു ശേഷം കുഞ്ഞ് അതിജീവിക്കാൻ വളരെയധികം സാധ്യതയുണ്ട് എന്നാണ് ശാസ്ത്രം പറയുന്നത്. കുഞ്ഞിന് തൂക്കം കുറവായിരിക്കും എങ്കിലും അവയവങ്ങളെല്ലാം വികസിച്ചിട്ടുണ്ടാവും. ആറു മാസത്തിനു മുമ്പാണ് എങ്കിൽ കുഞ്ഞ് അതിജീവിക്കാൻ സാധ്യത വളരെ വളരെ വിരളമാണ്.
വളരെ അപൂർവ്വം കേസുകളിൽ ആരോഗ്യമേഖലയിൽ മുന്നിട്ട് നിൽക്കുന്ന രാജ്യങ്ങളിൽ ആറുമാസത്തിന് ഏതാനും ദിവസങ്ങൾക്കുമുമ്പ് പ്രസവിക്കപ്പെട്ട കുട്ടികളും അതിജീവിച്ചിട്ടുണ്ട് എങ്കിലും ഇത്തരം കുട്ടികളുടെ കുടലുകൾ പൂർണമായി മുലപ്പാൽ ആഗിരണം ചെയ്യാൻ മാത്രം വികസിക്കാത്തതുകൊണ്ടുതന്നെ ആദ്യ ആഴ്ചകളിൽ മുലപ്പാൽ നൽകാൻ ആവില്ല. കുറച്ച് ആഴ്ചകൾ കഴിഞ്ഞു മാത്രമേ അതിനു സാധ്യമാവുകയുള്ളൂ എന്ന വസ്തുതയും ഖുർആനിൻറെ പദപ്രയോഗങ്ങളുടെ കൃത്യത വെളിവാക്കുന്നു.
മറ്റൊരു അത്യന്തം അത്ഭുതകരമായ വസ്തുത ഇത്തരത്തിൽ നേരത്തെ പ്രസവിക്കപ്പെടുന്ന കുട്ടികൾക്ക് അതിജീവനത്തിന് ഉതകുന്ന തരത്തിലുള്ള പ്രത്യേകതരത്തിലുള്ള സ്പെഷ്യൽ മുലപ്പാലാണ് ഈ സന്ദർഭത്തിൽ മാതാവിൻറെ മാറിടത്തിൽ നിർമ്മിക്കപ്പെടുന്നത് എന്നതാണ്. പത്തുമാസം തികഞ്ഞ് പ്രസവിക്കുന്ന സ്ത്രീകളുടെ മുലപ്പാലും ആറു മാസത്തിൽ പ്രസവിക്കുന്ന സ്ത്രീയുടെ മുലപ്പാലും എട്ടാം മാസത്തിൽ പ്രസവിക്കുന്ന സ്ത്രീകളുടെ മുലപ്പാലും ഒക്കെ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. ഓരോ സമയത്തിനുമനുസരിച്ച് കുഞ്ഞിന് ആവശ്യമായ തരത്തിലുള്ള പോഷണങ്ങളും സംരക്ഷണവും നൽകുന്ന വ്യത്യസ്തമായ ഗുണങ്ങളുള്ള വ്യത്യസ്തമായ മുലപ്പാലുകളാണ് ഓരോ സമയത്തും ഉണ്ടാകുന്നത്.
സാധാരണ മുലപ്പാലിൽ നിന്ന് വിഭിന്നമായി മാസം തികയുന്നതിന് മുമ്പ് തന്നെ പ്രസവിക്കുന്ന അമ്മമാരുടെ മുലപ്പാൽ പ്രൊട്ടക്ടീവ് പ്രോട്ടീനുകൾ കൊണ്ട് സമ്പുഷ്ടമാണ്. secretory IgA, lactoferrin, lysozyme എന്നിവ വലിയ അളവിൽ ഈ സ്പെഷ്യൽ മുലപ്പാലിൽ അടങ്ങിയിരിക്കുന്നു. സോഡിയം, ക്ലോറൈഡ് എന്നിവ കൂടുതലും പൊട്ടാസ്യം, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, ചില വൈറ്റമിൻസ് എന്നിവ കുറവുമാണ്. അതുകൊണ്ടുതന്നെ ഈ സ്പെഷ്യൽ മുലപ്പാൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിൻറെ കുടലുകൾക്ക് ആഗിരണം ചെയ്യാൻ ബുദ്ധിമുട്ടില്ല.
ഏറ്റവും കുറഞ്ഞ ഗർഭകാലം ആറുമാസമാണ് എന്നതും മാസംതികയാതെ നേരത്തെ പ്രസവിക്കപ്പെടുന്ന കുട്ടികൾക്ക് കൂടുതൽ കാലം കൂടുതൽ ശ്രദ്ധയോടെ മുലപ്പാൽ നൽകേണ്ടതുണ്ട് എന്നുമുള്ള വളരെ ശാസ്ത്രീയമായ അറിവ് വിശുദ്ധ ഖുർആൻ നമുക്ക് നൽകുന്നു. മാസം തികയാതെ പ്രസവിക്കപ്പെടുന്ന കുഞ്ഞിന് അതിജീവനത്തിന് ആവശ്യമായ പോഷണങ്ങളും സംരക്ഷണവും എല്ലാം നൽകാൻ പര്യാപ്തമായ നിലയിൽ മാതാവിൻറെ മാറിടത്തിൽ പ്രത്യേകമായ സ്പെഷ്യൽ മുലപ്പാൽ സംവിധാനിക്കുകയും ചെയ്ത സൃഷ്ടാവിൻറെ മഹാത്മ്യത്തെ എത്ര പുകഴ്ത്തിയാൽ ആണ് മതിയാവുക!
فَلِلَّهِ ٱلْحَمْدُ رَبِّ ٱلسَّمَٰوَٰتِ وَرَبِّ ٱلْأَرْضِ رَبِّ ٱلْعَٰلَمِينَ
وَلَهُ ٱلْكِبْرِيَآءُ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
ആകാശങ്ങളിലും ഭൂമിയിലും അവന്നു തന്നെയാകുന്നു മഹത്വം. അവന് തന്നെയാകുന്നു പ്രതാപിയും യുക്തിമാനും.
അപ്പോള്‍ ആകാശങ്ങളുടെ രക്ഷിതാവും ഭൂമിയുടെ രക്ഷിതാവും ലോകരുടെ രക്ഷിതാവുമായ അല്ലാഹുവിനാണ് സ്തുതി. (45:36-37)
Post a Comment