ഖുർആനിലെ പദപ്രയോഗങ്ങളുടെ കൃത്യതയും ശാസ്ത്രീയതയും - പാർട്ട് 13
-------------------------------------------------------------------
വിശുദ്ധ ഖുർആൻ മുപ്പതാം അധ്യായം സൂറത്ത് റൂം ഇരുപത്തിനാലാം വചനത്തിൽ
മിന്നലിനെക്കുറിച്ച് പ്രതിപാദിക്കുന്നു.
وَمِنْ ءَايَٰتِهِۦ يُرِيكُمُ ٱلْبَرْقَ خَوْفًۭا وَطَمَعًۭا وَيُنَزِّلُ مِنَ ٱلسَّمَآءِ مَآءًۭ فَيُحْىِۦ بِهِ ٱلْأَرْضَ بَعْدَ مَوْتِهَآ ۚ إِنَّ فِى ذَٰلِكَ لَءَايَٰتٍۢ لِّقَوْمٍۢ يَعْقِلُونَ
ഭയവും ആശയും ഉളവാക്കിക്കൊണ്ട് നിങ്ങള്‍ക്ക് മിന്നല്‍ കാണിച്ചുതരുന്നതും ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും അത് മൂലം ഭൂമിക്ക് അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം ജീവന്‍ നല്‍കുകയും ചെയ്യുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിച്ച് മനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.
(Surat:30, Verse:24)
ഭയവും ആശയും എന്ന തികച്ചും വിപരീതമായ രണ്ട് കാര്യങ്ങൾ മിന്നൽ മൂലം സംഭവിക്കുന്നു എന്നാണ് ഖുർആൻ പറഞ്ഞത്. ഖുർആൻ വായിക്കുന്ന ഒരു സാധാരണക്കാരന് മിന്നൽ ,വരാൻ പോകുന്ന ശക്തമായ ഇടി യുടെയും പേമാരി യുടെയും മിന്നൽ ഏൽക്കുന്നതിൻറെയും ഭയം ഉണ്ടാക്കുന്ന പോലെ തന്നെ പെയ്യാൻ പോകുന്ന നല്ലൊരു മഴയുടെ പ്രത്യാശയും ഉളവാക്കുന്നു എന്ന വ്യക്തമായ ആശയം ഈ സൂക്തത്തിൽ നിന്നും ലഭിക്കുന്നു. എന്നാൽ ഒരു ശാസ്ത്രകുതുകിയെ സംബന്ധിച്ചിടത്തോളം , മിന്നൽ ഒരുപാട് ആശകൾ നൽകുന്ന ഒന്നാണ് എന്ന ഖുർആൻ പ്രസ്താവന അവൻറെ ജിജ്ഞാസയെ ഉണർത്തുന്നു. യഥാർത്ഥത്തിൽ മിന്നൽ കൊണ്ട് മനുഷ്യനും ജീവജാലങ്ങൾക്കും ഒരുപാട് ഉപകാരങ്ങൾ ഉണ്ട് എന്നാണ് ശാസ്ത്രം പറയുന്നത്. മിന്നൽ കൊണ്ടുള്ള ഉപകാരങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
1. നൈട്രജൻ ഫിക്സേഷൻ . അന്തരീക്ഷത്തിൽ 78 ശതമാനം നൈട്രജൻ ആണ്. സസ്യ ജന്തുജാലങ്ങൾക്ക് ഈ നൈട്രജൻ വളരെ അത്യാവശ്യമാണ്. പക്ഷേ അന്തരീക്ഷത്തിലുള്ള നൈട്രജൻ തന്മാത്ര രൂപത്തിൽ (N2) ആയത് കാരണം അന്തരീക്ഷത്തിലുള്ള നൈട്രജൻ ഹരിതസസ്യങ്ങൾക്കും ജന്തുക്കൾക്കും നേരിട്ട് ഉപയോഗപ്പെടുത്താൻ പറ്റില്ല. അവ നൈട്രജന്റെ സംയുക്തങ്ങളായ നൈട്രസ് ഓക്സൈഡ്, അമോണിയ, നൈട്രൈറ്റുകൾ എന്നീ രൂപങ്ങളിലേയ്ക്ക് മാറ്റപ്പെട്ടാൽ സസ്യശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടും. അന്തരീക്ഷത്തിലെ നൈട്രജനെ മണ്ണിൽ സസ്യങ്ങളുടെ ആഗിരണത്തിനായി നൈട്രജൻ സംയുക്തങ്ങളായി മാറ്റുന്ന പ്രക്രിയയാണ് നൈട്രജൻ സ്ഥിരീകരണം. ഇതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ഇടിമിന്നലുകൾ. അത്യധികം ഊർജ്ജമുള്ള മിന്നലുകൾ നൈട്രജൻ തന്മാത്രകളെ വിഘടിപ്പിക്കുകയും തുടർന്ന് ഓക്സിജനുമായും ഹൈഡ്രജനും ആയും ഒക്കെ കൂടിച്ചേർന്ന് നൈട്രജൻ സംയുക്തങ്ങൾ ആയ നൈട്രേറ്റുകളും അമോണിയയും ഒക്കെ രൂപപ്പെടുന്നു. മിന്നലിനെ തുടർന്ന് പെയ്യുന്ന മഴയിൽ ലയിച്ചുചേർന്നു അന്തരീക്ഷത്തിൽനിന്ന് മഴയോടൊപ്പം ഇവ ഭൂമിയിലെത്തുന്നു. ഈ നൈട്രജൻ സംയുക്തങ്ങൾ ആണ് സസ്യങ്ങൾ ഉപയോഗപ്പെടുത്തുന്നത്. സസ്യങ്ങളിൽ നിന്ന് ജന്തുക്കൾക്ക് നൈട്രജൻ ലഭിക്കുന്നു. പ്രോട്ടീൻ, ഡി എൻ എ തുടങ്ങിയവയുടെ അടിസ്ഥാന മൂലകം ആണ് നൈട്രജൻ. അഥവാ ഭൂമിയിൽ ജീവൻറെ നിലനിൽപ്പിന് പോലും മിന്നൽ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട് എന്നതാണ് വാസ്തവം.
2. ഓസോൺ നിർമ്മാണം: നൈട്രജൻ പോലെത്തന്നെ ഓക്സിജൻ തന്മാത്രകളെയും വിഘടിപ്പിക്കുന്നതിൽ മിന്നൽ പങ്കുവഹിക്കുന്നു. ഇത്തരത്തിൽ വിഘടിക്കപ്പെട്ട ഓക്സിജൻ ആറ്റങ്ങൾ ഓക്സിജൻ തന്മാത്രയും ആയി കൂടിച്ചേർന്നു ഓസോൺ O3 ഉണ്ടാകുന്നു. സൂര്യനിൽനിന്നുള്ള അതിശക്തമായ അൾട്രാവയലറ്റ് രശ്മികളിൽ ഭൂമിയിലേക്ക് എത്താതെ തണുത്തു നിർത്തുന്നതിൽ അന്തരീക്ഷത്തിലെ ഈ ഓസോൺ പാളികൾ വലിയ പങ്കു വഹിക്കുന്നു.
3. ഭൂമിയുടെയും അന്തരീക്ഷത്തിന്റെയും ഇലക്ട്രിക് ചാർജ് ബാലൻസ് ചെയ്യുന്നതിൽ മിന്നൽ വലിയ പങ്കുവഹിക്കുന്നു.
ഖുർആനിലെ ഓരോ പദപ്രയോഗങ്ങളും എത്രമാത്രം കൃത്യം ആണെന്ന് നോക്കൂ. മിന്നലിൽ അപകടവും ഉപകാരവും ഉണ്ടെന്ന് ഖുർആൻ പറയുന്നതിൽ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
Post a Comment