ഹലാൽ ഫുഡ് നെതിരെ സംഘപരിവാറും ചില വർഗീയവാദികളും നടത്തുന്ന നുണപ്രചരണങ്ങൾ ശ്രദ്ധയിൽപെട്ടത് കൊണ്ട് എന്താണ് ഹലാൽ ഫുഡ് എന്നും അതു കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്നും നമുക്ക് നോക്കാം. വിശുദ്ധ ഖുർആൻ പറയുന്നു.
يَٰٓأَيُّهَا ٱلنَّاسُ كُلُوا۟ مِمَّا فِى ٱلْأَرْضِ حَلَٰلًۭا طَيِّبًۭا وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّۭ مُّبِينٌ
മനുഷ്യരേ, ഭൂമിയിലുള്ളതില് നിന്ന് ഹലാലായ വിശിഷ്ടവുമായത് നിങ്ങള് ഭക്ഷിച്ച് കൊള്ളുക. പിശാചിന്റെകാലടികളെ നിങ്ങള് പിന്തുടരാതിരിക്കുകയും ചെയ്യുക. അവന് നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു.
(Surat:2, Verse:168)
ഹലാലായ ഭക്ഷണം കഴിക്കണം എന്നുള്ളത് മുഴുവൻ മനുഷ്യരോടും ഉള്ള ഖുർആനിലെ ആഹ്വാനമാണ്. യാ അയ്യുഹന്നാസ് (മനുഷ്യരേ) എന്നാണ് ഖുർആൻ ഇവിടെ അഭിസംബോധന ചെയ്യുന്നത്. അഥവാ ലോകത്തുള്ള സകല മനുഷ്യരോടും ഉള്ള ഉൽബോധനം ആണ് ഇത്. ഹലാൽ അല്ലാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് പൈശാചിക പ്രേരണ മൂലമാണ് എന്ന സൂചനയും ഖുർആൻ നൽകുന്നു.
ഹലാൽ എന്നാൽ അനുവദനീയമായത് എന്നാണർത്ഥം. ഹലാൽ ഫുഡ് എന്ന് പറഞ്ഞാൽ അനുവദനീയമായ ഭക്ഷണം. ഹറാം (വിരോധിക്കപ്പെട്ടത് ) അല്ലാത്തവയാണ് ഹലാൽ. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും മത്സ്യവും എല്ലാം ഹലാൽ ആണ്. അഥവാ ചോറും സാമ്പാറും അവിയലും ഉപ്പേരിയും മീൻ പൊരിച്ചതും ഓംലെറ്റും ഒക്കെ ഹലാൽ ആണ്. മാംസഭക്ഷണം ഹറാമായതും ഹലാൽ ആയതുമുണ്ട്. പൂച്ച, നായ, എലി, പന്നി, കാക്ക, പരുന്ത് , പാമ്പ്, വവ്വാൽ, ഈനാംപേച്ചി തുടങ്ങിയവയൊക്കെ ഭക്ഷിക്കൽ ഹറാമാണ്. എന്നാൽ ആട് മാട് ഒട്ടകം കോഴി താറാവ് തുടങ്ങിയ ഒക്കെ നിബന്ധനകളോടെ ഹലാലും ആണ്. നിബന്ധനകൾ ലളിതമാണ്. അവയെ അറുത്തതായിരിക്കണം. തലക്കടിച്ചു കൊന്നതോ മറ്റേതെങ്കിലും രീതിയിൽ കൊന്നതോ ചത്തതോ ആവരുത് .
മുസ്ലിം ആണ് അറുക്കുന്നത് എങ്കിൽ അല്ലാഹുവിൻറെ നാമത്തിൽ അറുക്കണം. ക്രിസ്ത്യാനിയോ ജൂതനോ അറുത്തതും ഭക്ഷിക്കാം.
മുസ്ലിങ്ങൾ മാത്രമല്ല ലോകത്തുള്ള എല്ലാവരും ഹലാൽ ഭക്ഷണങ്ങൾ ശീലമാക്കണം എന്നാണ് പറയാനുള്ളത്. ഹറാമായ ഭക്ഷണശീലത്തിന്റെ ദുരന്തഫലമാണ് ലോകം കഴിഞ്ഞ ഒരു വർഷമായി അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
ലോകത്താകമാനം കോവിഡ്19 പരത്തിയ വൈറസ് ആയ SARS-CoV-2 മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന ഒന്നാണ്. വവ്വാലിൽ നിന്ന് ഈനാംപേച്ചി വഴി ഈ വൈറസ് മനുഷ്യനിലേക്ക് പകർന്നു എന്നാണ് കരുതപ്പെടുന്നത്. വവ്വാൽ, ഈനാംപേച്ചി , പാമ്പ്, പട്ടി, എലി, തേൾ തുടങ്ങി സകല വന്യജീവികളെയും ഭക്ഷണമാക്കുന്ന ആളുകളാണ് ചൈനക്കാർ. ചൈനയിലെ വുഹാനിലെ വന്യജീവി മാർക്കറ്റിൽ നിന്നാണ് ഈ വൈറസ് ആദ്യ മനുഷ്യനിലേക്ക് പകരുന്നത്. പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ ആരംഭിച്ചു. ഇന്ന് ലോകമാസകലം ലക്ഷക്കണക്കിന് ആളുകളിലേക്ക് അതിവേഗം പടരുകയും ലോകം നിശ്ചലമായി ലോക്ക് ഡൗണിൽ ആവുകയും ചെയ്തിരിക്കുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ചില മനുഷ്യരുടെ ഹറാം ഭക്ഷണശീലങ്ങൾ മൂലം ലോക ജനത മൊത്തം ദുരിതമനുഭവിക്കുന്ന കാഴ്ച !
മനുഷ്യൻ എന്ത് ഭക്ഷണം കഴിക്കണം എന്ത് കഴിക്കരുത് എന്ന് ലോകരക്ഷിതാവ് നമ്മോട് കല്പിച്ചിട്ടുണ്ട്. മനുഷ്യൻ അതിൽനിന്ന് തെന്നി മാറുമ്പോൾ എത്രമാത്രം വലിയ ദുരന്തമാണ് ലോകത്ത് ഉണ്ടാവുന്നത് എന്ന് ഒരു വർഷമായി ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നു ! ഹലാൽ ഫുഡ് ശീലമാക്കൂ ഹറാം ഫുഡ് ഒഴിവാക്കൂ.
Post a Comment