ഹലാൽ ഫുഡ്: സംശയങ്ങൾ മറുപടികൾ

📌ചോദ്യം 1. എന്താണ് ഹലാൽ ഫുഡ് ?

♦️ഉത്തരം: ഒരു മുസ്ലിമിന് മതപരമായി കഴിക്കാൻ അനുവദനീയമായ ഭക്ഷണങ്ങളാണ് ഹലാൽ ഫുഡ് . എല്ലാ മതവിശ്വാസത്തിലും ഇത്തരം നിയമങ്ങൾ കാണാൻ സാധിക്കും. ജൂതന്മാർക്ക് കഴിക്കാൻ അനുവദനീയമായ ഭക്ഷണങ്ങൾ കോഷർ ഫുഡ് എന്നറിയപ്പെടുന്നു. വിദേശരാജ്യങ്ങളിലും വിദേശ എയർലൈൻ സർവീസുകളിലും കോഷർ ഫുഡ് അവൈലബിൾ ആണ് എന്ന പരസ്യം കാണാം. ജൂതന്മാർക്ക് കോഷർ ഫുഡ് മാത്രമേ കഴിക്കാറുള്ളൂ. 
മതപരമായ കാരണങ്ങൾ കൊണ്ട് ബ്രാഹ്മണർ മാംസം കഴിക്കാറില്ല. ചില വിഭാഗക്കാർ ഉള്ളി കഴിക്കാറില്ല. ജൈന മതസ്ഥർക്കും സിഖ് മതസ്ഥർക്കും അവരുടേതായ മതപരമായ അനുവദനീയമായതും അല്ലാത്തതുമായ ഭക്ഷണങ്ങൾ നിർവചിക്കപ്പെട്ടിട്ടുണ്ട്. ജട്ക എന്ന രീതിയിൽ അറുക്കപ്പെട്ട മാംസം മാത്രമേ സിക്കുകാർ കഴിക്കുകയുള്ളൂ. മറ്റുള്ള മാംസം അവർ നിഷിദ്ധമായി പരിഗണിക്കുന്നു . ഉത്തരേന്ത്യയിൽ ഒക്കെ ധാരാളം ജെയിൻ ഹോട്ടലുകൾ കാണാവുന്നതാണ്. ശബരിമലയ്ക്ക് പോകാൻ മാലയിട്ട ഹിന്ദുക്കളും അന്യമതസ്ഥരിൽ നിന്ന് ഭക്ഷണം കഴിക്കാറില്ല എന്ന് കണ്ടിട്ടുണ്ട്. അനുവദനീയമായതും അല്ലാത്തതുമായ ഭക്ഷണങ്ങൾ എല്ലാ മതങ്ങളിലും പലതരത്തിൽ നിർവചിക്കപ്പെട്ടിട്ടുണ്ട് എന്ന് സാരം. 

ഹലാൽ എന്നാൽ അനുവദനീയമായത് എന്നാണർത്ഥം. ഹലാൽ ഫുഡ് എന്ന് പറഞ്ഞാൽ അനുവദനീയമായ ഭക്ഷണം. ഹറാം (വിരോധിക്കപ്പെട്ടത് ) അല്ലാത്തവയാണ് ഹലാൽ. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും മത്സ്യവും എല്ലാം ഹലാൽ ആണ്. അഥവാ ചോറും സാമ്പാറും അവിയലും ഉപ്പേരിയും മീൻ പൊരിച്ചതും ഓംലെറ്റും ഒക്കെ ഹലാൽ ആണ്. മാംസഭക്ഷണം ഹറാമായതും ഹലാൽ ആയതുമുണ്ട്. പൂച്ച, നായ, എലി, പന്നി, കാക്ക, പരുന്ത് , പാമ്പ്, വവ്വാൽ, ഈനാംപേച്ചി തുടങ്ങിയവയൊക്കെ ഭക്ഷിക്കൽ ഹറാമാണ്. എന്നാൽ ആട് മാട് ഒട്ടകം കോഴി താറാവ് തുടങ്ങിയ ഒക്കെ നിബന്ധനകളോടെ ഹലാലും ആണ്. നിബന്ധനകൾ ലളിതമാണ്. അവയെ അറുത്തതായിരിക്കണം. തലക്കടിച്ചു കൊന്നതോ മറ്റേതെങ്കിലും രീതിയിൽ കൊന്നതോ ചത്തതോ ആവരുത് .
മുസ്ലിം ആണ് അറുക്കുന്നത് എങ്കിൽ അല്ലാഹുവിൻറെ നാമത്തിൽ അറുക്കണം. ക്രിസ്ത്യാനിയോ ജൂതനോ അറുത്തതും ഭക്ഷിക്കാം. 

📌ചോദ്യം2 : ക്രിസ്ത്യാനിയോ ജൂതനോ മുസ്ലീമോ അറുത്തത് മാത്രമേ ഹലാൽ ആവൂ. ഹിന്ദുവോ സിക്കുകാരനോ നിരീശ്വരവാദിയോ അറുത്ത മൃഗം ഹലാൽ ആവില്ല എന്നത് വർഗീയത അല്ലേ ? ഹിന്ദുവിന് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ക്രിസ്ത്യാനിക്കും ജൂതനും ഉള്ളത് ? 

♦️ഉത്തരം : ഇസ്ലാമിക നിയമം ആണ് അത്. ജൂതന്മാരും ക്രിസ്ത്യാനികളും അഹ്‌ലുൽ കിതാബ് എന്നാണ് അറിയപ്പെടുന്നത്. മുൻ പ്രവാചകൻമാർ ഈ ജനതയിൽ അവതരിച്ചിട്ടുണ്ട് വേദഗ്രന്ഥങ്ങളും ഈ ജനവിഭാഗങ്ങൾക്ക് അവതരിപ്പിച്ചിട്ടുണ്ട്. യാക്കൂബ് നബിയുടെ സന്താന പരമ്പരയാണ് ജൂതന്മാർ . മൂസാ നബിക്ക് ലഭിച്ച വേദഗ്രന്ഥമാണ് തോറ . ഈസാ നബിയുടെ അനുയായികളാണ് ക്രിസ്ത്യാനികൾ . ഇഞ്ചിൽ എന്ന വേദഗ്രന്ഥം ഇവർക്കും നൽകപ്പെട്ടിരിക്കുന്നു. പ്രവാചകന്മാരുടെ കാലശേഷം ഇക്കൂട്ടരെല്ലാം ദൈവിക മതത്തിൽ നിന്ന് ഭിന്നിച്ചു പോയെങ്കിലും അവരെ അഹ്‌ലുൽ കിതാബ് ആയിട്ടാണ് ഖുർആൻ പരിചയപ്പെടുത്തുന്നത്. മുൻ വേദക്കാർ എന്നർത്ഥം. മറ്റ് ആളുകൾക്ക് ഇല്ലാത്ത ചില ചില പ്രത്യേകതകൾ ഇവർക്ക് ഇസ്ലാം നൽകിയിട്ടുണ്ട്. അതിൽപെട്ട ഒന്നാണ് അവർ അറുത്തത് ഭക്ഷിക്കാം എന്നത് . 
സെമിറ്റിക് മതക്കാരാണ് ജൂതരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും. ഇവർ അറുത്തത് മുസ്ലീങ്ങൾക്ക് ഹലാൽ ആണ്. എന്നാൽ മൃഗത്തെ അറുക്കുന്നതിന് പകരം തലക്കടിച്ചു കൊല്ലുകയോ മറ്റെന്തെങ്കിലും രൂപത്തിൽ കൊല്ലുകയോ ആണെങ്കിൽ അത് ഹലാൽ ആവില്ല.  

ബ്രാഹ്മണനായ ഒരാൾ ബീഫ് കഴിക്കാതിരിക്കാൻ കാരണം മതപരമായ വിലക്കാണ്. ഞങ്ങളൊക്കെ ബീഫ് കഴിക്കുന്നില്ലേ തനിക്കെന്താ ബീഫ് കഴിച്ചാൽ എന്ന് ഒരു ബ്രാഹ്മണനോട് ആരും ചോദിക്കാറില്ല. കാരണം അയാളുടെ വിശ്വാസം മറ്റാരെയും ബുദ്ധിമുട്ടിക്കുന്നില്ല. അതുപോലെതന്നെയാണ് മുസ്ലിമിൻറെ ഭക്ഷണ കാര്യവും. മുസ്ലിമിന് മാംസാഹാരം ഹലാൽ ആവണമെങ്കിൽ അത് അനുവദനീയമായ മാംസം ആയിരിക്കണം. പട്ടിയോ പൂച്ചയോ ഒന്നും തിന്നാൻ പറ്റില്ല. ആടോ പോത്തോ കോഴിയോ ആണെങ്കിലും അത് ഹലാലായി അറുക്കണം. അത് അവൻറെ വ്യക്തിപരമായ മതപരമായ വിശ്വാസത്തിൻറെ കാര്യമാണ്. മറ്റുള്ളവരെ ബാധിക്കുന്ന ഒന്നല്ല. ബ്രാഹ്മണൻ തൻറെ കടയിൽനിന്ന് ബീഫ് വാങ്ങുന്നില്ലല്ലോ എന്ന ഒരു മുസ്ലിം വേവലാതിപ്പെടുന്നതിൽ അർത്ഥമില്ലല്ലോ. എന്നാൽ അതേ ബ്രാഹ്മണൻൻറെ കടയിൽ നിന്നും മുസ്ലിമിന് ഇഡലിയും ദോശയും വടയും ഒന്നും കഴിക്കുന്നതിന് യാതൊരു വിരോധവുമില്ല താനും. ബ്രാഹ്മണൻറെ വിശ്വാസം മാത്രം സംരക്ഷിക്കപ്പെടേണ്ടതാണ് മുസ്ലിമിൻറെ വിശ്വാസം സംരക്ഷിക്കപ്പെടേണ്ടതല്ല എന്ന വർഗീയവാദം നിങ്ങൾക്ക് ഇല്ലെങ്കിൽ മുസ്ലിങ്ങൾ ഹറാം തിന്നണം എന്ന് വാശി പിടിക്കരുത്. 

📌 ചോദ്യം 3. ഇങ്ങനെ മതത്തിൻറെ പേരിൽ ഓരോ മതസ്ഥരും വ്യത്യസ്ത ഭക്ഷണം കഴിക്കുന്നത് മതപരമായ ചേരിതിരിവ് ഉണ്ടാക്കില്ലേ ?

♦️ ഉത്തരം: ലോകത്തെവിടെയുമുള്ള മുസ്ലീങ്ങൾ 1400 വർഷങ്ങളായി ഹലാൽ ഭക്ഷണം മാത്രം കഴിക്കുന്നവരാണ്. അല്ലാതെ ഇപ്പോൾ പുതുതായി തുടങ്ങിയ കാര്യമല്ല. ഇന്നലെവരെ ഇക്കാര്യം പ്രശ്നമായി തോന്നാത്ത നിങ്ങൾക്ക് ഇന്ന് അതൊരു പ്രശ്നമായി തോന്നുന്നുണ്ടെങ്കിൽ നിങ്ങളുടെ മനസ്സിലെ ഇസ്‌ലാമോഫോബിയ മാത്രമാണത് തെളിയിക്കുന്നത്. നോൺ വെജ് റസ്റ്റോറൻറ് നടത്തുന്ന ഒരു മുസ്ലിം തൻറെ കടയിൽ നിന്നും ബ്രാഹ്മണനായ ഒരാൾ ബിരിയാണി വാങ്ങുന്നില്ലല്ലോ എന്ന് ഒരിക്കലും വേവലാതിപ്പെടാറില്ല. ഒരു മുസ്ലിമിന് ബ്രാഹ്മണന്റെ കടയിൽ നിന്നും വെജിറ്റേറിയൻ ഫുഡ് കഴിക്കുന്നതിന് യാതൊരു പ്രശ്നവുമില്ല. ജെയിൻ റസ്റ്റോറൻറ്കളും ജട്ക മീറ്റ് ഷോപ്പും കോഷർ റസ്റ്റോറൻറ്കളും ഒക്കെ ഇന്ത്യയിലും ലോകത്തെല്ലായിടത്തും ഉണ്ട് താനും. ബ്രാഹ്മിൻസ് പുട്ടുപൊടിയും നമ്പീശൻസ് നെയ്യും എല്ലാ സൂപ്പർമാർക്കറ്റുകളിലും ലഭ്യമാണ്. ഇതിലൊന്നും വർഗീയത ഇല്ല ഹലാൽ മാത്രമാണ് വർഗീയത എന്നാണെങ്കിൽ അത് ഇരട്ടത്താപ്പ് മാത്രമാണ്. ഒരാൾ എന്ത് കഴിക്കണം എന്ന് മറ്റുള്ളവർ തീരുമാനിക്കുന്നത് വർഗീയതയാണ്. ബ്രാഹ്മണനും ജൈനനും സിക്കുകാരനും ജൂതനും മുസ്ലിമും ഒക്കെ എന്ത് കഴിക്കണം എന്ന് അവരാണ് തീരുമാനിക്കേണ്ടത്; മറ്റുള്ളവർക്ക് അതിൽ കാര്യമില്ല. ബ്രാഹ്മണനെ പോത്തിറച്ചി നിർബന്ധിച്ച് തീറ്റിക്കുന്നതും മുസ്ലിമിനെ നിർബന്ധിച്ച് ഹറാം ഇറച്ചി തീറ്റിക്കുന്നതും തെറ്റാണ്.  

📌ചോദ്യം 4: ഹലാൽ ഇറച്ചി എന്നത് ഒരു മുസ്ലിം മറ്റൊരു മുസ്ലിമിൻറെ കടയിൽ നിന്ന് മാത്രം മാത്രമേ ഇറച്ചി വാങ്ങാൻ വേണ്ടി ഉള്ളതല്ലേ ? മുസ്ലീങ്ങൾ മുസ്ലിമിൻറെ ഇറച്ചി കടയും മുസ്ലിമിൻറെ റസ്റ്റോറന്റും മാത്രം ഉപയോഗിക്കാൻ വേണ്ടി ഉള്ളതല്ലേ ? 

♦️ഉത്തരം: ഒരിക്കലുമല്ല. തെറ്റിദ്ധാരണ മാത്രമാണിത്. എല്ലാ വെജിറ്റേറിയൻ ഭക്ഷണവും ഹലാലാണെന്ന് നേരത്തെ പറഞ്ഞു: അതുകൊണ്ട് ഏതു മതസ്ഥരുടെയും വെജിറ്റേറിയൻ ഹോട്ടലുകളിൽനിന്ന് മുസ്ലിമിന് ഭക്ഷണം കഴിക്കാം. ഇനി മാംസഭക്ഷണം നിർബന്ധമാണെങ്കിൽ ഒന്നുകിൽ ഹലാൽ മാംസം ലഭിക്കുന്ന കടകൾ ഉപയോഗിക്കാം. ഹലാൽ ആവാൻ ഒരു മൃഗത്തെയോ കോഴിയെയോ ഒക്കെ അറുക്കുന്നത് മുസ്ലിമോ ക്രിസ്ത്യാനിയോ ജൂതനോ ആയിരിക്കണം എന്ന് മാത്രമേയുള്ളൂ. വിജയൻറെ കടയിലെ കോഴിയെ അബ്ദുല്ലയോ ജോസഫോ അറുത്താൽ അത് ഹലാലായി. അറുത്ത മൃഗത്തെ വെട്ടി കഷണങ്ങൾ ആക്കുന്നതോ പാചകം ചെയ്യുന്നതോ ഒക്കെ ഏതു മതസ്ഥൻ ആയാലും യാതൊരു കുഴപ്പവുമില്ല അത് ഹലാൽ തന്നെ ആണ്.  

ഞാൻ ചെന്നൈയിൽ ജീവിച്ചിരുന്ന കാലത്ത് കോഴി വാങ്ങിയിരുന്നത് ഒരു ഹിന്ദുവിന്റെ കടയിൽ നിന്നായിരുന്നു. ജീവനുള്ള കോഴിയെ തൂക്കി വാങ്ങി ഞാൻ ദൈവനാമത്തിൽ ബിസ്മില്ലാ എന്നുപറഞ്ഞ് അറുക്കും. കടക്കാരൻ അണ്ണൻ ഞാൻ അറുത്ത കോഴിയെ തോലി ഉരിച്ച് കഷണങ്ങൾ ആക്കി തരും. അത്രയേ ഉള്ളൂ കാര്യം. 

📌ചോദ്യം 5 : അടുത്തകാലത്ത് മാത്രമല്ല ഈ ഹലാൽ ബോർഡുകൾ ഒക്കെ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത് ? അതിനുപിന്നിൽ എന്തൊക്കെയോ അജണ്ടകൾ ഇല്ലേ ? 

♦️ഉത്തരം: ഒരുപക്ഷേ കേരളത്തിൽ ഹലാൽ ബോർഡുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത് അടുത്തകാലത്ത് ആയിരിക്കാം എന്നാൽ വിദേശ രാജ്യങ്ങളിലും മറ്റും ഒക്കെ മുമ്പ് തന്നെ ഹലാൽ സൈൻ സുപരിചിതമാണ്. പ്രത്യേകിച്ചും ഫ്രോസൺ മീറ്റ് ഐറ്റംസ് ഒക്കെ വളരെ കാലമായി ഹലാൽ സ്റ്റിക്കറോടുകൂടിയാണ് ഇറങ്ങാറുള്ളത്. നേരത്തെ പറഞ്ഞ പോലെ പതിനാല് നൂറ്റാണ്ടുകളായി മുസ്ലീങ്ങൾ ഹലാൽ ഭക്ഷണം മാത്രം കഴിക്കുന്നവരാണ്. മാംസ ഭക്ഷണപ്രിയരായ മുസ്ലിം കസ്റ്റമേഴ്സിനെ ആകർഷിക്കാനായി പ്രധാനമായും അമുസ്ലിം റസ്റ്റോറൻറ് ഉടമകളാണ് ഇത്തരത്തിൽ ഹലാൽ ബോർഡുകൾ വയ്ക്കുന്നത്. റഹ്മത്ത് ഹോട്ടൽ എന്ന പേര് കാണുമ്പോൾ അവിടെ ഹലാൽ മാംസം ആണ് ലഭിക്കുക എന്ന് ഹോട്ടലിന്റെ പേര് കൊണ്ട് തന്നെ മനസ്സിലാകും. എന്നാൽ മോഡി ബേക്കറി എന്ന പേര് കാണുമ്പോൾ അവിടെ നോൺ വെജ് ഫുഡ് ഹലാൽ ആയിരിക്കില്ല എന്ന ധാരണയിൽ മുസ്ലിം കസ്റ്റമേഴ്സ് മിസ്സ് ആകരുത് എന്ന് കരുതുന്ന ആളുകൾ മുസ്ലിങ്ങൾക്ക് കൂടി കഴിക്കാവുന്ന ഹലാൽ മാംസവിഭവങ്ങൾ ഒരുക്കുകയും അക്കാര്യം അറിയിക്കാനുമാണ് ഹലാൽ ബോർഡ് വെക്കുന്നത്. മുസ്ലിം കസ്റ്റമേഴ്സിനെ കൂടി ആകർഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇങ്ങനെ ചെയ്യാവുന്നതാണ്. സിക്ക് മതക്കാരായ കസ്റ്റമേഴ്സ് ഉള്ള ഇടങ്ങളിൽ ജട്ക മീറ്റ് റസ്റ്റോറന്റും ജൂതന്മാർ ഉള്ളിടത്ത് കോഷർ മീറ്റ് റസ്റ്റോറന്റും ജൈനന്മാർ ഉള്ളിടത്ത് ജയിൻ ഫുഡ് റസ്റ്റോറന്റും ഒക്കെ സാധാരണ സംഭവം മാത്രമാണ്. 

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഹലാൽ റസ്റ്റോറൻറ് ഉടമകളോ അവിടെ പണിയെടുക്കുന്നവരോ പാചകം ചെയ്യുന്നവരോ ഒന്നും മുസ്ലീങ്ങൾ ആവണം എന്ന് യാതൊരു നിർബന്ധവുമില്ല. 

ഹലാൽ ഫുഡ് നെതിരെ വളരെ ആസൂത്രിതമായ നുണപ്രചരണങ്ങൾ സംഘപരിവാർ അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. പതിവുപോലെ സവർക്കറൈറ്റ് നാസ്തികരും ചില തീവ്ര ക്രിസ്ത്യൻ സംഘടനകളും സംഘികളോട് ഒപ്പമുണ്ട്. നിങ്ങളോട് ഒന്നേ പറയാനുള്ളൂ ഇത് കേരളമാണ്. ഇങ്ങനെ വർഗീയവിഷം കലക്കി വെറുപ്പ് പരത്താതെ ഒന്ന് നന്നായിക്കൂടെ മനുഷ്യന്മാരെ !

Post a Comment

Previous Post Next Post