അൽഹംദുലില്ലാഹ് . അല്ലാഹുവിനാണ് സർവ്വ സ്തുതികളും . അങ്ങനെ മലയാളികൾ ആവേശത്തോടെ കാത്തിരുന്ന സംവാദം കഴിഞ്ഞു. സംവാദത്തിന് ആധാരം
"മുഹമ്മദ് നബിയുൾപ്പെടുന്ന അക്കാലഘട്ടത്തിലെ നാടോടികളായ അറബികൾക്ക് അന്ന് അറിയാവുന്ന കാര്യങ്ങളല്ലാതെ പിന്നീട് സയൻസ് കണ്ടെത്തിയ എന്തെങ്കിലും ഒരു അറിവ് ഖുർആനിൽ ഉണ്ടെന്ന് തെളിയിച്ചാൽ താൻ ശഹാദത്ത് ചൊല്ലി മുസ്ലിമാകാമെന്നും ഇതേ വരെ താൻ ഇസ്ലാമിനെതിരെ ഉന്നയിച്ച വാദങ്ങളെല്ലാം പിൻവലിക്കാം " എന്നുമുള്ള യുക്തിവാദിസംഘം പ്രസംഗകനായ ഇ എ ജബ്ബാറിന്റെ വെല്ലുവിളി ആയിരുന്നു.
ഇതിന് മറുപടിയായി കൊണ്ട് എം എം അക്ബർ സാഹിബ് വെറും ഒരൊറ്റ ഖുർആൻ ആയത്ത് മാത്രമാണ് ഉദ്ധരിച്ചത്. അന്നത്തെ കാലത്ത് അറബികൾക്ക് അറിവില്ലാത്ത ചുരുങ്ങിയ 4 ശാസ്ത്ര രഹസ്യങ്ങൾ എങ്കിലും അദ്ദേഹം പ്രസ്തുത ആയത്തിൽ വിവരിച്ചു. നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ഓഷ്യാനോഗ്രഫി ജേർണലുകളും ഒക്കെ ഉദ്ധരിച്ച് വളരെ വ്യക്തവും കൃത്യവുമായ മറുപടി എം എം അക്ബർ നൽകി. ഈ ഒരൊറ്റ ആയത്തിൽ മാത്രം അക്ബർ സാഹിബ് ഉന്നയിച്ച കൃത്യമായ നാല് ശാസ്ത്ര അറിവുകൾ താഴെ കൊടുക്കുന്നു.
1. കടലിൻറെ ആഴങ്ങളിലെ കൂരിരുട്ട് (aphotic zone and abyssopelagic zone in ocean)
2. സമുദ്രാന്തർ തിരമാലകൾ (Internal waves in ocean)
3. തിരകളെ മൂടുന്ന തിരകള്‍ (waves over waves)
4. ആഴക്കടലില്‍ സ്വന്തം കൈകൾ പോലും കാണാൻകഴിയില്ല.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാൻ മുമ്പ് ബ്ലോഗിൽ എഴുതിയ പോസ്റ്റിലെ പ്രസക്തഭാഗങ്ങൾ ഇവിടെ നൽകുന്നു. ബ്ലോഗിൻറെ ലിങ്കും നൽകുന്നു.
//
നമുക്ക് ചിലപ്പോഴൊക്കെ തോന്നാറുള്ള കാര്യമാണ്, വ്യക്തമായ എത്രയോ തെളിവുകൾ ലഭിച്ചിട്ടും ചിലരെങ്കിലും അവിശ്വാസത്തിലും നിരീശ്വരവാദത്തിലും കടിച്ചു തൂങ്ങി ഇരിക്കുന്നത് എന്തുകൊണ്ട് ആണെന്ന്?
വിശുദ്ധ ഖുർആൻ ഇരുപത്തിനാലാം അദ്ധ്യായം സൂറത്തുന്നൂർ നാല്പതാം വചനത്തിൽ ഇത്തരക്കാരെപ്പറ്റി വിശുദ്ധ ഖുർആൻ ഒരു ഉപമ പറയുന്നുണ്ട്.
أَوْ كَظُلُمَٰتٍۢ فِى بَحْرٍۢ لُّجِّىٍّۢ يَغْشَىٰهُ مَوْجٌۭ مِّن فَوْقِهِۦ مَوْجٌۭ مِّن فَوْقِهِۦ سَحَابٌۭ ۚ ظُلُمَٰتٌۢ بَعْضُهَا فَوْقَ بَعْضٍ إِذَآ أَخْرَجَ يَدَهُۥ لَمْ يَكَدْ يَرَىٰهَا ۗ وَمَن لَّمْ يَجْعَلِ ٱللَّهُ لَهُۥ نُورًۭا فَمَا لَهُۥ مِن نُّورٍ
അല്ലെങ്കില്‍ അവരുടെ ഉപമ ഇങ്ങനെയാണ്: ആഴക്കടലിലെ ഘനാന്ധകാരം; അതിനെ തിരമാല മൂടിയിരിക്കുന്നു. അതിനുമീതെ വേറെയും തിരമാല. അതിനു മീതെ കാര്‍മേഘവും. ഇരുളിനുമേല്‍ ഇരുള്-ഒട്ടേറെ ഇരുട്ടുകള്‍. സ്വന്തം കൈ പുറത്തേക്കു നീട്ടിയാല്‍ അതുപോലും കാണാനാവാത്ത കൂരിരുട്ട്! അല്ലാഹു വെളിച്ചം നല്‍കാത്തവര്‍ക്ക് പിന്നെ വെളിച്ചമേയില്ല.
(Surat:24, Verse:40)
ആഴക്കടലിൽ ഒരു 200 മീറ്റർ ആഴത്തിൽ താഴെയായി ഇരുട്ട് ആരംഭിക്കുന്നു. 1000 മീറ്റർ അഥവാ ഒരു കിലോമീറ്റർ ആഴത്തിൽ താഴേക്ക് വെളിച്ചം എത്തുകയില്ല അഥവാ കൂരിരുട്ട്. Bathypelagic zone എന്നാണിത് അറിയപ്പെടുന്നത്. വീണ്ടും ആഴത്തിലേക്ക് പോയാൽ 4000 മീറ്ററിന് താഴെ കൂരാക്കൂരിരുട്ട് ആയ abyssopelagic zone.
കടലിൽ താഴേക്ക് പോകുന്നതിനനുസരിച്ച് മർദ്ദം കൂടി കൂടി വരുന്നതിനാൽ ഒരു 20 മീറ്റർ താഴേക്ക് ആഴത്തിലേക്ക് മനുഷ്യന് സാധാരണഗതിയിൽ മുങ്ങിപ്പോയി ഊളിയിട്ടു പോകുവാൻ സാധ്യമല്ല. മർദ്ദത്തെ ചെറുക്കുന്ന പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെ മുങ്ങിക്കപ്പലുകൾ പോലെയുള്ള വാഹനങ്ങളിൽ മാത്രമേ കടലിൻറെ ആഴങ്ങളിലേക്ക് പോകുവാൻ സാധിക്കുകയുള്ളൂ. ആഴക്കടലിലെ പറ്റി പഠിക്കുവാനുള്ള ഇത്തരം വളരെ ഉന്നത സാങ്കേതിക നിലവാരം ഉള്ള വാഹനങ്ങളും ഉപകരണങ്ങളുമെല്ലാം നിർമ്മിക്കുവാൻ മനുഷ്യന് കഴിഞ്ഞിട്ടുള്ളത് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ മാത്രമാണ്. അഥവാ ആഴക്കടലിലെ കുറിച്ച് പഠിക്കാനും മറ്റും മനുഷ്യന് കഴിഞ്ഞിട്ടുള്ളത് ഏതാണ്ട് ഒരു 50 വർഷങ്ങൾക്കുള്ളിൽ മാത്രമാണ്. ആഴക്കടലിൽ ഇരുട്ടാണ് എന്നുള്ള വിവരം എങ്ങനെയാണ് ഏഴാം നൂറ്റാണ്ടിൽ ജീവിച്ച മുഹമ്മദ് നബിക്ക് അറിവ് ഉണ്ടാവുക?.
ഇവിടെ രണ്ടുതരം തിരമാലകളെ കുറിച്ച് ഖുർആൻ ആയത്തിൽ പരാമർശിക്കുന്നു. കടലിൻറെ ആഴങ്ങളിൽ ഉള്ള ഒരു തിരമാല (Internal wave). അതിനു മുകളിലായി കടലിൻറെ ഉപരിതലത്തിൽ നമ്മളെല്ലാം കാണുന്ന തിരമാല (surface wave). "ആഴക്കടലിലെ ഘനാന്ധകാരം; അതിനെ തിരമാല മൂടിയിരിക്കുന്നു. അതിനുമീതെ വേറെയും തിരമാല.... " .
കടലിൻറെ ആഴങ്ങളിൽ ഉള്ള പ്രത്യേക തരം തിരമാലകൾ - internal waves in the ocean - എന്നറിയപ്പെടുന്ന ആഴക്കടലിനു ഉള്ളിലെ ഇത്തരം തിരമാലകളെ പറ്റി അടുത്തകാലത്ത് മാത്രമാണ് ശാസ്ത്രലോകം കണ്ടെത്തിയിട്ടുള്ളത്. Internal waves in the oceans എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ നിങ്ങൾക്ക് ഈ കാര്യങ്ങളെപ്പറ്റിയുള്ള വസ്തുതകൾ ധാരാളം കാണാവുന്നതാണ്. വിക്കിപീഡിയ പേജിൻറെ ആമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ഇവിടെ കൊടുക്കുന്നു.
Most people think of waves as a surface phenomenon, which acts between water (as in lakes or oceans) and the air. Where low density water overlies high density water in the ocean, internal waves propagate along the boundary.
" മിക്ക ആളുകളും കരുതുന്നത് തിരമാലകൾ എന്നത് സമുദ്ര ഉപരിതലത്തിൽ മാത്രം കാണപ്പെടുന്ന ഒരു പ്രതിഭാസമാണെന്നാണ്. വെള്ളവും വായുവും തമ്മിൽ നടക്കുന്ന ഘർഷണ ത്തിൻറെ ഫലമായി ഉണ്ടാകുന്ന പ്രതിഭാസം. എന്നാൽ ആഴക്കടലിലെ സാന്ദ്രതകൂടിയ വെള്ളവും അതിനുമുകളിലുള്ള സാന്ദ്രത കുറഞ്ഞ വെള്ളവും തമ്മിലുള്ള പ്രതിപ്രവർത്തനം മൂലമാണ് സമുദ്രാന്തർ തിരമാലകൾ internal waves ഉണ്ടാവുന്നത് "
യൂറോപ്യൻ സ്പേസ് ഏജൻസി വെബ്സൈറ്റ് പറയുന്നത് കാണാം
Internal waves are waves in the interior of the ocean. They exist when the water body consists of layers of different density. This difference in water density is mostly due to a difference in water temperature, but can also be due to a difference in salinity. Often the density structure of the ocean can be approximated by two layers. The interface between layers of different densities is called pycnocline. When the density difference is due to temperature it is called thermocline, and when it is due to salinity it is called halocline.
"Internal waves എന്നത് സമുദ്രത്തിൻറെ ആഴങ്ങളിൽ ഉള്ള തിരമാലകൾ ആണ്. സമുദ്രത്തിൽ വ്യത്യസ്ത സാന്ദ്രതകളിലുള്ള ജല പാളികൾ ഉണ്ടാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇങ്ങനെ വ്യത്യസ്ത സാന്ദ്രതക്ക് ഉള്ള കാരണങ്ങൾ പ്രധാനമായും താപനിലയിലുള്ള - temperature - വ്യതിയാനങ്ങളാണ് ; ചിലപ്പോൾ ജലങ്ങളുടെ ലവണാംശങ്ങളിലുള്ള- salinity - വ്യത്യാസവും ആവാം. വ്യത്യസ്ത സാന്ദ്രതയിൽ ഉള്ള ജലസമുച്ചയങ്ങൾ വ്യത്യസ്ത പാളികളായി സ്ഥിതി ചെയ്യുന്നു. ഈ രണ്ടു പാളികൾക്കിടയിൽ ഉള്ള ഭാഗത്തിന് പിക്നുക്ലൈൻ എന്ന പറയുന്നു. ജല പാളികൾക്കിടയിൽ ഉള്ള സാന്ദ്രത വ്യത്യാസത്തിന് കാരണം താപനിലയിലുള്ള വ്യത്യാസം ആണെങ്കിൽ ഇതിനെ തെർമോക്ലൈൻ എന്നു വിളിക്കുന്നു. സാന്ദ്രതാ വ്യത്യാസത്തിന് കാരണം ലവണാംശത്തിൽ ഉള്ള വ്യത്യാസംആണെങ്കിൽ ഇതിനെ ഹാലോക്ലൈൻഎന്നും വിളിക്കുന്നു."
കൂടുതൽ പഠിക്കാൻ താല്പര്യമുള്ളവർക്കായി യൂറോപ്യൻ സ്പേസ് ഏജൻസിയുടെ വെബ്സൈറ്റ് ലിങ്ക് ഇവിടെ കൊടുക്കുന്നു.
ആഴക്കടലിന് ഉള്ളിലെ ഇത്തരം തിരമാലകളുടെ തരംഗദൈർഘ്യം -wavelength- നൂറു കണക്കിന് മീറ്ററുകൾ മുതൽ ഒരുപാട് കിലോമീറ്ററുകൾ വരെയാണ് , Amplitude 50 മീറ്ററിലധികവും ആണ്. നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും ഒക്കെ ഉപഗ്രഹങ്ങളിൽ ഉള്ള അതീവ സങ്കീർണമായ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന synthetic aperture radar (SAR) വഴിയാണ് ഇത്തരം സമുദ്രാന്തർ തിരമാലകളെ പറ്റി പഠിക്കുന്നതും മനസ്സിലാക്കുന്നതും.
എനിക്ക് ഉറപ്പാണ് ഈ പോസ്റ്റ് വായിക്കുന്ന ബഹുഭൂരിപക്ഷം ആളുകളും ഈ പറഞ്ഞ കാര്യങ്ങളൊന്നും ഇത് വരെ കേട്ടിട്ട് പോലും ഉണ്ടാവില്ല. ആഴക്കടലിന്റെ ഉള്ളിൽ ഇത്തരം തിരമാലകൾ ഉണ്ടെന്ന അറിവ് 2020 ജൂണിൽ ഈ പോസ്റ്റ് വായിക്കുന്ന മിക്കവാറും ആളുകൾക്ക് പോലും അജ്ഞാതം ആയിരിക്കും. സമുദ്ര വിജ്ഞാനീയം- oceanography - ആയി ബന്ധം ഉള്ളവർക്കു മാത്രമേ ഇത്തരം കാര്യങ്ങൾ സാധാരണഗതിയിൽ അറിവ് ഉണ്ടാവുകയുള്ളൂ. ഇക്കാര്യങ്ങളൊക്കെ ശാസ്ത്രലോകം കണ്ടുപിടിച്ചിട്ട് തന്നെ ഏതാനും പതിറ്റാണ്ടുകൾ മാത്രമേ ആയിട്ടുള്ളൂ. എങ്ങനെയാണ് ഏഴാം നൂറ്റാണ്ടിൽ അവതരിക്കപ്പെട്ട വിശുദ്ധ ഖുർആനിൽ ആഴക്കടലിനുള്ളിലെ ഇത്തരം തിരമാലകളെ കുറിച്ച് ഉള്ള പ്രതിപാദനം ഉണ്ടാവുക ? ഏഴാം നൂറ്റാണ്ടിൽ ജീവിച്ച നിരക്ഷരനായ മുഹമ്മദ് നബിക്ക് എങ്ങനെയാണ് ഇത്തരം കാര്യങ്ങൾ അറിവ് ഉണ്ടാവുക? ഖുർആൻ മനുഷ്യ വചനങ്ങളല്ല ലോക സൃഷ്ടാവിന്റെ വചനങ്ങൾ മാത്രം ആണെന്ന സത്യമാണ് ഇതെല്ലാം വെളിവാക്കുന്നത്.
ഒന്നു ചിന്തിച്ചു നോക്കൂ ഈ ഒരൊറ്റ ആയത്തിൽതന്നെ ബുദ്ധിയുള്ളവർക്ക് ചിന്തിക്കാൻ ഉതകുന്ന എത്രമാത്രം തെളിവുകൾ ആണുള്ളത് ! ഇങ്ങനെ മനുഷ്യബുദ്ധിയെ തൊട്ടുണർത്തുന്ന എത്രയെത്ര തെളിവുകൾ. ഇതെല്ലാം കണ്ടിട്ടും മനസ്സിലാക്കിയിട്ടും അതെല്ലാം അവഗണിച്ചും പുച്ഛിച്ചും അവിശ്വാസത്തിൽ അള്ളിപ്പിടിച്ചു കിടക്കുന്നവരെ പറ്റിതന്നെയാണ് ഈയൊരു ഖുർആൻ ആയത്തിൽ ഉപമിച്ചത്.
"അല്ലെങ്കില്‍ അവരുടെ ഉപമ ഇങ്ങനെയാണ്: ആഴക്കടലിലെ ഘനാന്ധകാരം; അതിനെ തിരമാല മൂടിയിരിക്കുന്നു. അതിനുമീതെ വേറെയും തിരമാല. അതിനു മീതെ കാര്‍മേഘവും. ഇരുളിനുമേല്‍ ഇരുള്-ഒട്ടേറെ ഇരുട്ടുകള്‍. സ്വന്തം കൈ പുറത്തേക്കു നീട്ടിയാല്‍ അതുപോലും കാണാനാവാത്ത കൂരിരുട്ട്! അല്ലാഹു വെളിച്ചം നല്‍കാത്തവര്‍ക്ക് പിന്നെ വെളിച്ചമേയില്ല. "
(Surat:24, Verse:40). // .
MM അക്ബറിന്റെ വിഷയാവതരണത്തിനുശേഷം മറുപടി പറയേണ്ടിയിരുന്ന ജബ്ബാർ ജീവിതത്തിൽ ആദ്യമാണ് ഈ ശാസ്ത്രം ഒക്കെ കേട്ടത് എന്ന് തോന്നുന്നു ! ആരും സഹായിക്കാനില്ലാതെ ബേജാറിൽ ആയ ജബ്ബാർ ആദ്യ അവസരത്തിൽ ഒരു മറുപടിയും പറയാൻ കഴിയാതെ തടി തപ്പുകയാണ് ചെയ്തത്. രണ്ടാമത്തെ അവസരമായപ്പോഴേക്കും ജബ്ബാറിന് ഇ മെയിലിൽ ശിങ്കിടികൾ എന്തൊക്കെയോ മറുപടികൾ അയച്ചു കൊടുത്തു എന്ന് തോന്നുന്നു. ശത്രുക്കളോട് പോലും ഇങ്ങനെയൊന്നും ചെയ്യരുത് എന്നാണ് ജബ്ബാറിന് ഇത് അയച്ചു കൊടുത്തവരോട് പറയാനുള്ളത്. ആകെ ബേജാറിൽ ആയ ഒരു മനുഷ്യനെ വീണ്ടും വീണ്ടും നാണംകെടുത്താൻ ആയിട്ട് ഓരോരുത്തർ!
മറുപടിയായി കൊണ്ട് ഇ എ ജബ്ബാർ പറഞ്ഞത് വിഡ്ഢിത്തരങ്ങളുടെ ലോഷയാത്ര തന്നെയായിരുന്നു. ഒന്നാമത്തെ വിഡ്ഢിത്തരം ആഴക്കടലിനെ പറ്റി അല്ല ഖുർആൻ പറഞ്ഞത് എന്നാണ്. വിശുദ്ധ ഖുർആൻ കൃത്യമായി പറഞ്ഞത് فِى بَحْرٍۢ لُّجِّىٍّۢ എന്നാണ്. "കടലിൻറെ ആഴങ്ങളിൽ " എന്നാണ് ഇതിൻറെ അർത്ഥം. لُّجِّىٍّۢ എന്നാൽ deep എന്നാണ് അർത്ഥം. താഴെ ഡിക്ഷ്ണറി സ്ക്രീൻഷോട്ട് കൊടുത്തത് കാണുക. അങ്ങനെ ഒന്നാമത്തെ തരികിട പൊളിഞ്ഞു!
കടലിൽ മുങ്ങി നോക്കുന്ന ആളുകൾക്ക് എല്ലാം അറിയാം കടലിൻറെ ആഴങ്ങളിൽ ഇരുട്ടാണ് എന്നുള്ള കാര്യം എന്നാണ് അടുത്ത ഭൂലോക മണ്ടത്തരം ജബ്ബാർ മാഷ് പറഞ്ഞത്. ഒരു ടിടിസി മാഷുടെ നിലവാരത്തിലുള്ള ശാസ്ത്ര ബോധം പോലും ഇയാൾക്ക് ഇല്ലാതെ പോയത് കഷ്ടമായിപ്പോയി എന്ന് മാത്രമേ പറയാനുള്ളൂ. ഇമ്മാതിരി മണ്ടത്തരങ്ങൾ പറയുന്നത് ഒഴിവാക്കാനാണ് ശാസ്ത്രത്തിൽ അറിവുള്ള ഉള്ള ആളുകളുടെ ഒരു പാനൽ വേണമെന്ന് അക്ബർ നിർബന്ധം പിടിച്ചത് പോലും. ജബ്ബാറിനും ശിങ്കിടികൾക്കും എന്ത് ശാസ്ത്ര ബോധം! ശാസ്ത്രത്തിൽ അറിവുള്ള ആളുകളുടെ ഒരു പാനൽ ഉണ്ടായിരുന്നെങ്കിൽ ജബ്ബാറിന്റെ കാര്യം അവിടെവെച്ച് തന്നെ തീരുമാനം ആകുമായിരുന്നു ! അതുകൊണ്ട് തന്നെയാണ് അക്ബറിന്റെ ആവശ്യം പൂർണമായി നിരാകരിക്കപ്പെട്ടത് എന്ന കാര്യം സംവാദത്തിൽ വ്യക്തമായി.
സാധാരണഗതിയിൽ ആധുനിക ഉപകരണങ്ങളുടെ സഹായമില്ലാതെ കടലിൽ മുങ്ങാൻ കഴിയുന്ന പരമാവധി ആഴം 60 അടി അഥവാ 18 മീറ്റർ ആണ് . അതുപോലും നല്ല മുങ്ങൽ വിദഗ്ധർക്ക് മാത്രമാണ് കഴിയുക. സാധാരണക്കാരനു അത്രയൊന്നും താഴത്തേക്ക് ആഴത്തിൽ പോകാൻ കഴിയില്ല. കടലിൽ 200 മീറ്റർ ആഴം വരെ നല്ല വെളിച്ചമുള്ള മേഖലയാണ്. അതിന് അടിയിലേക്ക് പോകുമ്പോൾ പ്രകാശം കുറഞ്ഞു കുറഞ്ഞു വരും ഇരുട്ട് ആകും. 1000 മീറ്റർ അഥവാ ഒരു കിലോമീറ്ററിലും ആഴത്തിൽ ഉള്ള ഭാഗമാണ് bathypelagic zone അഥവാ പ്രകാശം കടക്കാത്ത കൂരിരുട്ട് ആയ ഭാഗം. അതിലും താഴെ 4000 മീറ്റർ അഥവാ നാല് കിലോമീറ്ററിലും താഴെയാണ് കൂരാക്കൂരിരുട്ട് ആയ abyssopelagic zone. കൂടുതലറിയാൻ വിക്കിപീഡിയ ലിങ്ക് തരുന്നു. ടിടിസി മാഷും ശാസ്ത്ര ബോധം ഇല്ലാത്ത അ ശിങ്കിടികളും വായിച്ചു പഠിക്കുക. പരസ്യമായി വിവരക്കേട് പറയുന്നത് ഒഴിവാക്കാൻ നല്ലതാണ്.
അപ്പോൾ ആഴക്കടലിൽ കൂരിരുട്ട് ആണ് എന്നുള്ള കാര്യം അറിയാൻ കടലിൽ മുങ്ങി നോക്കിയാൽ ഒന്നും കഴിയില്ല എന്ന കാര്യം വ്യക്തമായി. മാക്സിമം 18 മീറ്റർ മുങ്ങി നോക്കി എന്ന് സങ്കൽപ്പിച്ചാൽ തന്നെ പിന്നെയും എത്രയോ നൂറുകണക്കിനു മീറ്റർ ആഴത്തിലാണ് കടലിൽ ഇരുണ്ട ഭാഗം ആരംഭിക്കുന്നത് പോലും കാര്യം ശാസ്ത്രബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത നാസ്തികർ മനസ്സിലാക്കണം. സ്പെഷ്യൽ ഉപകരണങ്ങളുടെ സഹായത്തോടെ വളരെ അടുത്ത കാലത്ത് മാത്രമാണ് ഇത്തരം ആഴത്തിലുള്ള ഭാഗങ്ങളെ കുറിച്ചുള്ള പഠനങ്ങൾ നടത്തിയിട്ടുള്ളത്.
മാഷിൻറെ മൂന്നാമത്തെ കോമഡി ഉത്തരം "കൈ പുറത്തെടുത്താൽ " എന്ന പ്രസ്താവനയെ കുറിച്ചാണ് ! MM അക്ബർ സൂചിപ്പിച്ചതുപോലെ "മാഷ് ഉരുളലോടുരുളൽ " എന്ന് തോന്നിപ്പോയി ഇത്ര ദയനീയമായ ഉരുളൽ കണ്ടിട്ട് ! വയ്യാത്ത പണിക്ക് പോകണമായിരുന്നോ മാഷേ!
"കൈ പുറത്തെടുക്കുക " എന്നുപറഞ്ഞാൽ | "കയ്യ് കാണിക്കുക " "കൈ നോക്കുക " എന്നന്നൊക്കെ ആണ് എന്ന് ഒരു എൽ പി സ്കൂൾ മാഷിന് പറഞ്ഞുകൊടുക്കേണ്ട ഗതികേട് ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല ! ഞാനൊരു ഇഎൻടി ഡോക്ടർ ആണ് . നാവും തൊണ്ടയും പരിശോധിക്കാനായി രോഗികളോട് പറയാറുള്ളത് "നാക്ക് പുറത്തേക്കെടുക്ക് " എന്ന് ആണ് . ഹിന്ദി പേഷ്യന്റ്സ്നോട് "ജീബ് ബാഹർ നിക്കാലോ " എന്ന് പറയും. കൈ പുറത്തെടുക്കുക എന്നുപറഞ്ഞാൽ നമുക്കോ മറ്റുള്ളവർക്കോ കാണാനായി കൈ പുറത്തെടുക്കുക എന്നാണെന്ന് മാഷിൻറെ ക്ലാസ്സിൽ പഠിക്കുന്ന നാലാം ക്ലാസിലെ കുട്ടികൾ വരെ പറഞ്ഞു തരും മാഷേ ! ആഴക്കടലിൽ കൈ പുറത്തെടുക്കുന്നത് സമുദ്രത്തിന് പുറത്തേക്ക് ആണ് എടുക്കുന്നത് എന്നൊക്കെ മനസ്സിലാക്കുന്ന മാഷിൻറെ ബുദ്ധിശക്തിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടെന്ന് സംശയിച്ചാൽ തെറ്റ് പറയാൻ പറ്റുമോ ! ആഴക്കടലിൻ ഉള്ളിൽ തിരമാലകൾ അതിനുമുകളിൽ വേറെ തിരമാലകളും ഉണ്ട് എന്ന് പറഞ്ഞതിനു ശേഷമാണ് കെെ പുറത്തെടുത്തു നോക്കുന്ന കാര്യം ഖുർആൻ പ്രസ്താവിക്കുന്നത് എന്നുകൂടി ഓർക്കണം മാഷേ ! ഇങ്ങനെയൊക്കെ ഉരുണ്ടാലോ !
അവസാനമായി മൂപ്പർ ആരോ അയച്ചുകൊടുത്തു ബൈബിൾ വചനം കൂടി ഉദ്ധരിച്ചു. ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ. ജബ്ബാർ ഉദ്ധരിച്ച ബൈബിൾ വചനം ഇതാണ്.
#യോനാ
2:3 നീ എന്നെ സമുദ്രമദ്ധ്യേ ആഴത്തിൽ ഇട്ടുകളഞ്ഞു; പ്രവാഹം എന്നെ ചുറ്റി നിന്റെ ഓളങ്ങളും തിരകളുമെല്ലാം എന്റെ മീതെ കടന്നുപോയി.
2:5 വെള്ളം പ്രാണനോളം എന്നെ വളഞ്ഞു, ആഴി എന്നെ ചുറ്റി, കടൽപുല്ലു എന്റെ തലപ്പാവായിരുന്നു. "
തിരമാല എന്ന സെർച്ച് ചെയ്തപ്പോൾ കിട്ടിയത് ആണെന്ന് തോന്നുന്നു ! കിട്ടിയത് ആവട്ടെ എന്നു കരുതി മാഷ് അങ്ങോട്ട് തട്ടി ! തമാശ എന്താണെന്ന് വെച്ചാൽ അക്ബർ ഉന്നയിച്ച ഒരു പോയിൻറ് പോലും ഇതിൽ പറയുന്നില്ല എന്നതാണ്. ആഴക്കടലിലെ ഇരുട്ടിനെ കുറിച്ച് ഈ ബൈബിൾ വചനത്തിൽ പരാമർശമേയില്ല. ഖുർആനിലെ കൃത്യമായ പരാമർശം ആയ مَوْجٌۭ مِّن فَوْقِهِۦ مَوْجٌۭ
"തിരമാല ,അതിനുമീതെ വേറെയും തിരമാല" എന്ന internal waves and external waves നെ കുറിച്ച് ഒരു പരാമർശവും ഈ ബൈബിൾ വചനത്തിൽ ഇല്ല . കൈ പുറത്തെടുത്താൽ കാണാത്തത്ര കൂരിരുട്ട് ആണ് ആണ് കടലിൻറെ ആഴങ്ങളിൽ ഉള്ളത് എന്ന കാര്യവും ബൈബിളിൽ പറയുന്നില്ല. ആകെയുള്ളത് തിരമാലകൾ എന്ന വാക്ക് മാത്രമാണ് മറ്റൊരു കാര്യവും ഇല്ല ! കടലിൽ തിരമാല ഉണ്ട് എന്ന കാര്യമാണോ ശാസ്ത്രം ! ആഴക്കടലിലെ ഇരുട്ടും internal waves ഉം ആണ് മാഷേ ഖുർആനിലെ ശാസ്ത്രം . ബൈബിളിൽ എവിടെയാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്?
മുകളിൽ പറഞ്ഞിട്ടുള്ള ശാസ്ത്ര അറിവുകൾ അന്നത്തെ കാലത്തെ അറബികൾ ഉണ്ടായിരുന്നു എന്ന് തെളിയിക്കുവാൻ ഈ എ ജബ്ബാറിന് കഴിഞ്ഞതേയില്ല. കഴിയുകയുമില്ല.
വളരെ സൗമ്യമായും മാന്യമായും വസ്തുനിഷ്ഠമായും ശാസ്ത്രീയമായും വളരെ ഭംഗിയായി കാര്യങ്ങൾ വ്യക്തമാക്കിയ അക്ബർ സാഹിബ് നെ അള്ളാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സർവ്വ സ്തുതികളും അല്ലാഹുവിനാകുന്നു.
وَقُلْ جَآءَ ٱلْحَقُّ وَزَهَقَ ٱلْبَٰطِلُ ۚ إِنَّ ٱلْبَٰطِلَ كَانَ زَهُوقًۭا
നീ പറയുക "സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു തീര്‍ച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു. "
(Surat:17, Verse:81) .
excellent but annu paranjathu thanne oru channel thudangikoode ?
ReplyDeletefollow unmasking anomalies malayalam channel
DeleteMASHA ALLAH
ReplyDeletePost a Comment