വിശുദ്ധ ഖുർആൻ ആട് തിന്നു പോയോ ? ഖുർആനിലെ ചില വചനങ്ങൾ ഒഴിവാക്കപ്പെട്ടുവോ ? വാസ്തവം അറിയണ്ടേ !


ഇസ്ലാം വിമർശകർ വലിയ കാര്യമായി ഉന്നയിക്കുന്ന ഒരു ആരോപണമാണ് ഖുർആനിലെ ചില ആയത്തുകൾ എഴുതി വച്ചിരുന്ന ഒരു താളിയോല ആയിഷ (റ) യുടെ വീട്ടിൽ നിന്നും ആട് തിന്നു പോയി, അങ്ങനെ ഖുർആനിൽ നിന്ന് ആ ആയത്തു നഷ്ടപ്പെട്ടു പോയത്രേ ! വിശുദ്ധ ഖുർആൻ പൂർണ്ണമായും സംരക്ഷിക്കപ്പെട്ടതാണ് എന്ന് പറയുന്നതൊക്കെ നുണയാണ് എന്നൊക്കെയാണ് ആരോപണത്തിന്റെ ചുരുക്കം. 
നമുക്ക് സംഗതികൾ വിശദമായിത്തന്നെ പരിശോധിക്കാം. 

ഇമാം ഇബ്നു മാജ തന്റെ സുനനിലും ഇമാം അഹ്‌മദ്‌ തന്റെ മുസ്നദിലും ഉദ്ധരിച്ചിരിക്കുന്ന ഒരു ഹദീഥിന്റെ അടിസ്ഥാനത്തിലാണ് ഈ വിമർശനം. ഹദീഥ് ഇങ്ങനെയാണ്. “ആയിശ (റ) പറഞ്ഞു: കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുലകുടിയെന്ന വചനവും അവതരിക്കപ്പെട്ടിരുന്നു. അതെഴുതിയ രേഖ എന്റെ തലയിണക്കടിയിലുണ്ടായിരുന്നു. ദൈവദൂതൻ മരണപ്പെട്ടപ്പോൾ, ഞങ്ങളെല്ലാം അതുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിലായിരുന്ന സന്ദർഭത്തിൽ ഒരു ആട് അകത്ത് കടന്ന് അത് തിന്നു കളഞ്ഞു.” (സുനനു ഇബ്നു മാജ, കിതാബുന്നികാഹ്, ഹദീഥ് 1944; മുസ്നദ് അഹ്‌മദ്‌ 43/343)

ഒന്നാമതായി മനസ്സിലാക്കേണ്ട കാര്യം, ഇവിടെയുള്ളത് ആയിശ (റ) എന്ന വ്യക്തി ഖുർആനിലെ ചില വചനങ്ങൾ എഴുതിവച്ച ഒരു താളിയോല മിസ്സായി പോയി എന്ന സംഭവം മാത്രമാണിത്. അതിൽ എന്താണ് ഇത്ര പ്രശ്നം എന്ന് മനസ്സിലാകുന്നില്ല ! കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ എൻറെ വീട്ടിൽ വെള്ളം കയറി വീട്ടിലുണ്ടായിരുന്ന 10 ഖുർആനാണ് ഒലിച്ചു പോയത് എന്നോ , എൻറെ മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്തപ്പോൾ അതിൽ സേവ് ചെയ്തിരുന്ന ഖുർആൻ ആപ്പുകൾ എല്ലാം നഷ്ടപ്പെട്ടു പോയി എന്നൊക്കെ ഒരാൾ പറഞ്ഞാൽ അക്കാരണം കൊണ്ട് ഖുർആൻ മൊത്തം നശിച്ചു എന്ന് ബുദ്ധിയും വിവേകവുമുള്ള ആരും പറയില്ല. ഖുർആൻ എന്നത് ഏതെങ്കിലും ഒരു കോപ്പിയല്ല. അത് അല്ലാഹുവിൻറെ വചനങ്ങൾ ആണ്. അതൊരിക്കലും ആരുടെയെങ്കിലും കയ്യിൽ ഉള്ള ഏതെങ്കിലും പേജുകൾ ആടുതിന്നത് കൊണ്ട് ഇല്ലാതാവുന്നതല്ല. 

ഇനി ചിലർക്കെങ്കിലും സംശയം ഉണ്ടായേക്കാം , വിവാഹിതനായ വ്യഭിചാരിയെ കല്ലെറിയാൻ കൽപ്പിച്ചതും മുലകുടി ബന്ധം സ്ഥാപിക്കപ്പെടാൻ പത്തുതവണ മുലയൂട്ടണം എന്ന വചനവും ഖുർആനിൽ ഉണ്ടായിരുന്നു എന്ന് ആയിഷ പറഞ്ഞല്ലോ ; പക്ഷേ ഇന്നത്തെ ഖുർആനിൽ അത് കാണുന്നില്ലല്ലോ എന്ന്. ഖുർആനെ കുറിച്ചുള്ള അജ്ഞതയിൽ നിന്നാണ് ഈ സംശയം.

ഖുർആനിലെ ചില വചനങ്ങൾ അള്ളാഹു നീക്കം ചെയ്തിട്ടുണ്ട്. ഇതിന് നസ്ഖ് نسخ എന്നാണ് പറയുക. മൂന്നു തരത്തിലുള്ള നസ്ഖുകൾ ആണ് ഉള്ളത്. ചിലപ്പോൾ ആയത്തും നിയമവും നീക്കം ചെയ്യപ്പെടും. ചിലപ്പോൾ ആയത്ത് മാത്രം നീക്കം ചെയ്യപ്പെടും നിയമം നിലനിൽക്കും. മൂന്നാമത്തേത് നിയമം നീക്കം ചെയ്യപ്പെടും എന്നാൽ ആയത്ത് നിലനിൽക്കും. 

അല്ലാഹു ഉദ്ദേശിക്കുന്ന വചനങ്ങളും നിയമങ്ങളും നീക്കം ചെയ്യുമെന്ന് ഖുർആൻ തന്നെ വ്യക്തമാക്കിയതാണ്. 
۞ مَا نَنسَخْ مِنْ ءَايَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍۢ مِّنْهَآ أَوْ مِثْلِهَآ ۗ أَلَمْ تَعْلَمْ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌ
വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്‌?
(Surat:2, Verse:106)

ചില ആയത്തുകൾ നീക്കം ചെയ്യാനായി അള്ളാഹു പ്രവാചകനു അറിയിച്ചു കൊടുക്കുകയും അങ്ങനെ ഖുർആനിൽ നിന്ന് നീക്കം ചെയ്യപ്പെടുകയും ചെയ്യും. ചിലപ്പോൾ ചില ആയത്തുകൾ  മനസ്സുകളിൽ നിന്ന് പൂർണ്ണമായി അള്ളാഹു വിസ്മരിപ്പിച്ചു കളയും. പ്രവാചകൻ ജീവിച്ചിരിക്കുന്ന  കാലത്ത് മാത്രമാണ് നസ്ഖ് സംഭവിക്കുക. അഥവാ ഏതൊക്കെ ആയത്തുകൾ ആണ് ഖുർആനിൽ നിന്ന് ഒഴിവാക്കേണ്ടത് എന്ന കാര്യം കൃത്യമായി പ്രവാചകൻ സഹാബികൾക്ക്  പഠിപ്പിച്ചു കൊടുത്തിട്ടുണ്ട് എന്ന് മനസിലാക്കുക.

എല്ലാ വിഭാഗം നസ്ഖുകൾക്കും ധാരാളം ഉദാഹരണങ്ങൾ ഖുർആനിൽ ഉണ്ട്. 23 വർഷം കൊണ്ട് അവതരിച്ച ഖുർആനിൽ ആദ്യകാലത്തെ ചില നിയമങ്ങൾ പിന്നീട് മാറ്റുന്നതാണ്. അതോടെ പഴയ ആയത്ത് ദുർബലപ്പെടുന്നു. ഉദാഹരണമായി ആദ്യകാലത്ത് മദ്യം അനുവദനീയം ആയിരുന്നു. പടിപടിയായി ആണ് മദ്യം നിരോധിക്കപ്പെട്ടത്. മദ്യത്തിന് ഭാഗിക നിരോധന നിയമം ഉള്ള ഖുർആൻ വചനങ്ങൾ സമ്പൂർണ മദ്യ നിരോധന നിയമം അടങ്ങിയ ആയത്ത് അവതരിക്കപ്പെട്ടതോടെ  നസ്ഖ് ചെയ്യപ്പെട്ടു. ആയത്ത് നിലനിൽക്കുകയും നിയമം ദുർബലപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഉദാഹരണമാണിത്. 

ആയത്ത് ഖുർആനിൽ നിന്ന് ഒഴിവാക്കപ്പെട്ടു, നിയമം മാത്രം നിലനിൽക്കുന്ന നസ്ഖിന് ഉദാഹരണമാണ് വിവാഹിതനായ വ്യഭിചാരിയെ എറിഞ്ഞു കൊല്ലാനുള്ള ഖുർആൻ വചനം.  അല്ലാഹു ഖുർആനിൽ നിന്നും ഈ ആയത്ത് ഒഴിവാക്കി. വചനം ഒഴിവാക്കപ്പെട്ടു എങ്കിലും നിയമം അതുപോലെ നിലനിൽക്കുന്നു.  ലോകാവസാനം വരെ ശരീഅത്തിൽ ഈ നിയമം നിലനിൽക്കും. ഇക്കാര്യങ്ങൾ പ്രവാചക വചനങ്ങളിൽ കൃത്യമായി കാണാം. ഖലീഫ ഉമർ (റ)  സഹാബികൾക്ക് മുമ്പിൽ നടത്തിയ സുദീർഘമായ ഒരു പ്രസംഗം സഹീഹുൽ ബുഖാരിയിൽ കാണാം. അതിലെ ഏതാനും ഭാഗങ്ങൾ മാത്രം ഇവിടെ കൊടുക്കുന്നു.

....അല്ലാഹു മുഹമ്മദ് നബിയെ സത്യവുമായി അയച്ചു. അദ്ദേഹത്തിന് ഖുർആൻ അവതരിപ്പിച്ചു. ആ ഖുർആനിൽ  വിവാഹിതനായ വ്യഭിചാരിയെയും വിവാഹിതയായ വ്യഭിചാരിണിയെയും എറിഞ്ഞു കൊല്ലണമെന്ന വചനമുണ്ടായിരുന്നു. ഞങ്ങൾ ആ ഖുർആൻ ആയത്ത് ഓതുകയും മനസ്സിലാക്കുകയും മനഃപാഠമാക്കുകയും ചെയ്തിരുന്നു. അല്ലാഹുവിൻറെ ദൂതർ ﷺ എറിഞ്ഞുകൊല്ലൽ ശിക്ഷ നടപ്പാക്കിയിട്ടുണ്ട്. അതിനെ തുടർന്ന് ഞങ്ങളും (ഖലീഫമാരും).
കുറെ കാലം കഴിയുമ്പോൾ ആളുകൾ "കല്ലെറിഞ്ഞു കൊല്ലലിന്റെ (റജ്മ്) ആയത്തുകൾ ഖുർആനിൽ ഞങ്ങൾ കാണുന്നില്ലല്ലോ" എന്ന് പറയുമെന്ന് ഞാൻ ഭയപ്പെടുന്നു. ക്രമേണ അല്ലാഹു ഇറക്കിയ ഈ ഉത്തരവാദിത്വം ഒഴിവാക്കിക്കൊണ്ട് അവർ വഴിപിഴക്കുകയും ചെയ്യും. അറിയുക വ്യഭിചാരി വിവാഹിതനാണെങ്കിൽ, കുറ്റം സാക്ഷികൾ മുഖേനയോ ഗർഭത്തിലൂടെയോ, കുറ്റസമ്മതം കൊണ്ടോ തെളിയിക്കപ്പെട്ടാൽ അതിനുള്ള ശിക്ഷയായി കല്ലെറിഞ്ഞു കൊല്ലേണ്ടതാണ്. ഖുർആനിൽ ഈ വചനങ്ങൾ ഞങ്ങൾ മുമ്പ് ഓതിയിട്ടുണ്ടായിരുന്നു.
أَنْ لاَ تَرْغَبُوا عَنْ آبَائِكُمْ، فَإِنَّهُ كُفْرٌ بِكُمْ أَنْ تَرْغَبُوا عَنْ آبَائِكُمْ، أَوْ إِنَّ كُفْرًا بِكُمْ أَنْ تَرْغَبُوا عَنْ آبَائِكُمْ...
(ബുഖാരി:6830)

1400 വർഷങ്ങൾക്ക് മുമ്പ് ഉമർ (റ) പ്രവചിച്ചതുപോലെ ഇന്ന് ചിലയാളുകൾ അത്തരം പിഴച്ച വാദങ്ങളുമായി വരുന്നത് കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല. ഇത്തരക്കാരെ പറ്റിയുള്ള ദീർഘദർശനം പണ്ടേ നടത്തിയിട്ടുണ്ട് എന്ന് മനസ്സിലാക്കുക. തനിക്ക് ശേഷം ഒരു പ്രവാചകൻ ഉണ്ടാകുമായിരുന്നെങ്കിൽ അതു ഖത്താബിന്റെ മകൻ ഉമർ ആകുമായിരുന്നു എന്നു മുഹമ്മദ് നബി ﷺ പറഞ്ഞത് എത്ര അന്വര്ത്ഥം. 

കൃത്യമായി മനസ്സിലാക്കേണ്ട കാര്യം വിമർശകർ ആരോപിക്കുന്നതുപോലെ ആട് തിന്നു പോയതുകൊണ്ട് പ്രസ്തുത ആയത്ത് നഷ്ടമായിട്ടില്ല. ആയിരക്കണക്കിന് സഹാബികളെ മുന്നിൽനിർത്തി കൊണ്ട് മദീനയില് പള്ളിയിൽ വച്ചാണ് ആണ് ഉമർ (റ) ഈ പ്രസംഗം നിർവഹിക്കുന്നത്. പ്രസ്തുത ആയത്ത് തന്നെ അദ്ദേഹം ഓതുകയും ചെയ്തു. ഉമർ ഓതിയ ആയത്തിന്റെ അറബിക് തന്നെ ഹദീസിൽ വന്നത് ഞാൻ മുകളിൽ കൊടുത്തിട്ടുണ്ട്. ഈ ആയത്ത് ഖുർആനിൽ ചേർക്കാത്തത് അത് ഖുർആനിൽ നിന്ന് ഒഴിവാക്കാനായി അല്ലാഹുവിൻറെ നിർദ്ദേശപ്രകാരം മുഹമ്മദ് നബി കൽപ്പിച്ചതുകൊണ്ടാണ്. അല്ലാതെ അവർക്ക് കിട്ടാത്തത് കൊണ്ടോ അറിയാത്തതുകൊണ്ടോ അല്ല.  ഉമറിൻറെ ഈ പ്രസംഗത്തെ  മുന്നിലിരുന്ന ഒരൊറ്റ സഹാബി പോലും എതിർത്തില്ല എന്നത്  തന്നെ പ്രവാചക അനുചരന്മാർക്കാർക്കും ഇക്കാര്യത്തിൽ യാതൊരു സംശയവും ഇല്ലായിരുന്നു എന്ന കാര്യം വ്യക്തമാക്കുന്നു. 

മുലകുടിബന്ധം സ്ഥാപിതം ആവാൻ രണ്ടു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെ വിശപ്പ് മാറത്തക്ക വണ്ണം പത്ത് പ്രാവശ്യമെങ്കിലും മുലയൂട്ടിയിരിക്കണം എന്ന വചനം ആദ്യം ഖുർആനിൽ ഉണ്ടായിരുന്നു. പിന്നീട് ആ വചനം ദുർബലപ്പെടുത്തി. വിധിയും ദുർബലപ്പെടുത്തി. മുലകുടിബന്ധം സ്ഥാപിക്കപ്പെടാൻ അഞ്ച് പ്രാവശ്യം മാത്രം മുലയൂട്ടിയാൽ മതി എന്ന പുതിയ നിയമം വന്നു. പ്രസ്തുത ആയത്തും ഖുർആനിൽനിന്ന് നിന്ന് നീക്കം ചെയ്യാൻ അള്ളാഹുവിൻറെ നിർദ്ദേശപ്രകാരം മുഹമ്മദ് നബി കൽപിച്ചു. ആ നിർദ്ദേശം പ്രാവർത്തികമാക്കപ്പെട്ടു. ഇന്ന് നിയമം മാത്രം അവശേഷിക്കുന്നു ആയത്ത് ഖുർആനിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 

ആയിശ(റ)യിൽ നിന്ന് നിവേദനം : വിവാഹബന്ധം നിഷിദ്ധമാകുന്ന രീതിയിൽ മുലകുടി ബന്ധം സ്ഥാപിക്കപ്പെടണമെങ്കിൽ പത്ത് തവണ മുല കുടിക്കണമെന്ന് ഖുർആനിൽ അവതരിക്കപ്പെട്ടിരുന്നു; അത് അഞ്ചു തവണയെന്നാക്കി ദുർബലപ്പെടുത്തപ്പെട്ടു; പ്രവാചകൻ (സ) മരണപ്പെട്ടു; അതിന്നു മുൻപ് അത് ഖുർആനിൽ പാരായണം ചെയ്തിരുന്നു.” (സഹീഹ് മുസ്ലിം)

ഇനി അവസാനമായി ഒരു കാര്യം കൂടി . ആയിഷ എഴുതിവച്ച ഖുർആൻ വചനങ്ങൾ ആട് തിന്നു പോയി എന്ന് റിപ്പോർട്ട് ദുർബലവും തെളിവിന് കൊള്ളാത്തതുമാണ്. അതുകൊണ്ടുതന്നെ ആ റിപ്പോർട്ടിന് ഒരു പരിഗണനയും ഇല്ല. ഇനി അങ്ങനെ ശരിക്കും ആട് തിന്നുപോയെങ്കിലും തന്നെ അതിൽ യാതൊരു പ്രശ്നവുമില്ല എന്ന കാര്യം മുകളിൽ വ്യക്തമാക്കി.

Post a Comment

Previous Post Next Post