കരച്ചിൽ ആവാം അലമുറയിടരുത്.


📌ചോദ്യം: ഭർത്താവ് മരിച്ച വിഷമത്തിൽ കരയുന്ന സ്ത്രീയുടെ വായിൽ മണൽ ഇടാൻ മുഹമ്മദ് പറഞ്ഞത് എന്ത് കൊണ്ടാണ്?, 🤔
Question by FB ID Farhan S S

♦️ ഉത്തരം: മിഷനറികളുടെയും ജബ്രകളുടെയും സ്ഥിരം ഉടായിപ്പിന്റെ മറ്റൊരുദാഹരണമാണിത്. സന്ദർഭമോ സാഹചര്യമോ ഒന്നും വ്യക്തമാക്കാതെ ഇത്തരത്തിൽ ഓരോന്ന് എഴുതി വിടുന്നതിനു ഉദ്ദേശ്യം എങ്ങനെയെങ്കിലും പരമാവധി ആളുകളെ തെറ്റിദ്ധരിപ്പിക്കുക എന്നത് മാത്രമാണ്. ഫെയ്ക്ക് ഐഡി യിൽ വരുന്ന കുഞ്ഞാടുകളും ജബ്രകളുമൊക്കെ ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. എന്തായാലും നമുക്ക് പ്രസ്തുത ഹദീസുകൾ എന്താണെന്നും കാര്യം എന്താണെന്നും നോക്കാം.

 പ്രസ്തുത ഹദീസുകൾ താഴെ കൊടുക്കുന്നു. അതിനുശേഷം വിശദീകരിക്കാം.

ആയിശ(റ) നിവേദനം: ഇബ്നു ഹാരിസത്ത്(റ) ജഅ്ഫർ(റ) ഇബ്നുറവാഹ(റ) എന്നിവരുടെ മരണവൃത്താന്തം എത്തിയപ്പോൾ തിരുമേനി(സ) ദു:ഖിതനായി. ഞാൻ വാതിലിന്റെ വിടവിലൂടെ അവിടുത്തെ നോക്കിക്കൊണ്ടിരുന്നു. അതിനിടക്ക് ഒരാൾ നബി(സ)യുടെയടുക്കൽ വന്നിട്ട് ജഅ്ഫറിന്റെ ഭാര്യയെ പറ്റിയും അവരുടെ കരച്ചിലിനെപ്പറ്റിയും പറഞ്ഞു. അപ്പോൾ അതിൽ നിന്ന് വിരോധിക്കുവാൻ നബി(സ) കൽപ്പിച്ചു. അദ്ദേഹം തിരിച്ചുപോയി. അൽപം കഴിഞ്ഞശേഷം വന്നു തന്നെ അവർ അനുസരിക്കുന്നില്ലെന്നു നബി(സ)യെ അറിയിച്ചു. നബി(സ) പറഞ്ഞു. നീ ഒന്നുകൂടി അവരെ വിരോധിക്കുക. അദ്ദേഹം പോയി മൂന്നാം പ്രാവശ്യവും മടങ്ങിവന്നു. ദൈവദൂതരേ! ആ സ്ത്രീ ഞങ്ങൾ പറഞ്ഞത് കൂട്ടാക്കുന്നില്ല എന്നു പറഞ്ഞു. ആയിശ(റ) പറയുന്നു. അപ്പോൾ നബി(സ) പറഞ്ഞു. നീ അവളുടെ വായിൽ കുറെ മണ്ണ് വാരിയിടുക. ആയിശ(റ) പറഞ്ഞു:(നബി അയച്ചു മനുഷ്യന്) നാശം നീ നബി കൽപ്പിച്ചത് എന്തു കൊണ്ട് ചെയ്തില്ല. നബി(സ)യെ നീ ക്ളേശിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതുമില്ല. (ബുഖാരി. 2. 23. 386)

ഇബ്നുഉമർ(റ) പറയുന്നു: ഒരിക്കൽ സഅ്ദ്ബ്നു ഉബാദ(റ) യെ രോഗം ബാധിച്ചു. അപ്പോൾ നബി(സ) അബ്ദുർറഹ്മാനുബ്നു ഔഫ്(റ), സഅ്ദ്ബ്നു അബീ വഖാസ്(റ), അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) എന്നിവരോടൊപ്പം അദ്ദേഹത്തെ കാണാൻ ചെന്നു. നബി(സ) അദ്ദേഹത്തിന്റെയടുത്ത് പ്രവേശിച്ചപ്പോൾ കുടുംബങ്ങൾ ചുറ്റും കൂടി നിൽക്കുന്നത് കണ്ടു. നബി(സ) ചോദിച്ചു: അദ്ദേഹം മരിച്ചോ? ഇല്ല. ദൈവദൂതരേ എന്നവർ പറഞ്ഞു. അപ്പോൾ നബി(സ) കരഞ്ഞു. നബി(സ)യുടെ കരച്ചിൽ കണ്ടു സദസ്യരും കരഞ്ഞു. അവിടുന്നു അരുളി: നിങ്ങൾ ശ്രവിക്കുന്നില്ലേ? നിശ്ചയം അല്ലാഹു കണ്ണുനീരിന്റെ പേരിലോ മനസ്സിലെ ദു:ഖം കാരണമോ ശിക്ഷിക്കുകയില്ല. പക്ഷെ ഇതിന്റെ - നബി(സ) നാവിലേക്ക് ചൂണ്ടിക്കൊണ്ട് - പേരിലാണ് അല്ലാഹു ശിക്ഷിക്കുകയും കരുണ കാണിക്കുകയും ചെയ്യുക. മയ്യിത്ത് അതിന്റെ കുടുംബക്കാരുടെ കരച്ചിൽ മൂലം ശിക്ഷിക്കപ്പെടും. ഉമർ(റ) ഉറക്കെ കരയുന്നവരെ വടി കൊണ്ട് അടിക്കുകയും കല്ലൂകൊണ്ട് എറിയുകയും മണ്ണ് വാരിയിടുകയും ചെയ്യാറുണ്ട്. (ബുഖാരി. 2. 23. 391)

ഈ ഹദീസുകളിൽ നിന്ന് വ്യക്തമാകുന്ന കാര്യം ബന്ധുക്കളോ സുഹൃത്തുക്കളോ മരണപ്പെടുമ്പോഴോ മരണാസന്നരാവുമ്പോഴോ ഒക്കെ കരയുന്നതിൽ യാതൊരു വിരോധവുമില്ല. എന്നാൽ അലമുറയിട്ടു ആർക്കുന്നതും നാക്ക് കൊണ്ട് പലതും വിളിച്ച് പറഞ്ഞ് ആർത്തലക്കുന്നതും നെഞ്ചത്തടിക്കുന്നതും വസ്ത്രം വലിച്ച് കീറുന്നതും ഒക്കെയാണ് വിരോധിച്ച കാര്യങ്ങൾ. പ്രവാചകൻ വളരെ വ്യക്തമായി തന്നെ ഹദീസിൽ പറഞ്ഞ കാര്യമാണ് കണ്ണുനീരിന്റെ പേരിൽ ശിക്ഷിക്കപ്പെടുക ഇല്ല എന്നാൽ നാക്കിൻറെ കാരണത്താലാണ് ശിക്ഷിക്കപ്പെടുക എന്ന്. ജനിച്ച എല്ലാവരും മരിക്കും എന്നിരിക്കെ മരണപ്പെട്ടതിൻറെ പേരിൽ വിഷമിക്കുന്നതും കരയുന്നതിനുമപ്പുറം അലമുറയിടുന്നതും പലതും വിളിച്ചു പറയുന്നത് ഇസ്ലാം വിരോധിച്ചു. അക്കാര്യത്തോടുള്ള വെറുപ്പിനെ സൂചിപ്പിക്കാനാണ് അവരുടെ വായിൽ മണ്ണ് വാരിയിടുക എന്ന് പറയുന്നത്. അലമുറയിടരുത് എന്ന് മൂന്നുപ്രാവശ്യം ആവർത്തിച്ച് ആവർത്തിച്ച് ഉപദേശിച്ചിട്ടും അനുസരിക്കാത്ത സന്ദർഭത്തിലാണ് ഇപ്രകാരം പറയപ്പെട്ടത് എന്നും ഓർക്കുക. 

ജാഹിലിയ്യാ കാലഘട്ടത്തിൽ ഉന്നത കുടുംബത്തിലെ ആളുകൾ മരിച്ചാൽ അവർക്കുവേണ്ടി അട്ടഹസിച്ചു നെഞ്ചത്തടിച്ചു കരയുന്ന പ്രൊഫഷണൽ കരച്ചിൽ ടീമുകൾ ആ കാലത്ത് ഉണ്ടായിരുന്നു (professional Mourners ). മരണ വീട്ടിൽ ചെന്ന് ഉച്ചത്തിൽ അലമുറയിട്ട് കരയുന്ന സ്ത്രീകൾ ! ഉത്തരേന്ത്യയിലും രാജസ്ഥാനിലും ഒക്കെ ഇത്തരത്തിൽ കരയുന്ന Rudaali എന്ന വിഭാഗം ഉണ്ട്. കൂടുതൽ ഉച്ചത്തിൽ അട്ടഹസിച്ച് കരയുന്നത് അഭിമാനമായി ആയിരുന്നു ജാഹിലിയ്യ കാലത്ത് പരിഗണിക്കപ്പെട്ടിരുന്നത്. താൻ മരിച്ചാൽ ഇത്തരം ആളുകളെക്കൊണ്ട് വന്ന് പണം കൊടുത്ത് കരയിപ്പിക്കണം എന്ന് വസിയ്യത്ത് ചെയ്യുന്ന സമ്പ്രദായം ജാഹിലിയ്യാ കാലത്ത് ഉണ്ടായിരുന്നു. ഇപ്രകാരം അലമുറയിട്ടു ഉണ്ട് കരയപ്പെട്ടാൽ അതിൻറെ പേരിൽ മരണപ്പെട്ട ആളിന് ശിക്ഷ ലഭിക്കുമെന്ന കാര്യവും പ്രവാചകൻ ഉണർത്തിയിട്ടുണ്ട്. 

ജാഹിലിയാ കാലത്തെ ബാക്കിപത്രമായ അനാചാരമായി മരണവീട്ടിലെ ഇത്തരം അലറിക്കരച്ചിൽ ഇസ്ലാം വിരോധിച്ചു. എന്നാൽ കണ്ണീർ പൊഴിച്ച് കരയുവാനും ദുഃഖിക്കുവാനും എല്ലാം അനുവാദവും നൽകി. എല്ലാ കാര്യങ്ങളിലും മിതത്വവും മാന്യമായ പെരുമാറ്റരീതികളും മുന്നോട്ടുവയ്ക്കുന്ന ഇസ്ലാം മരണാനന്തര വ്യവഹാരങ്ങളിലും കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. ജാഹിലിയ്യ കാലഘട്ടത്തിലെ അനാചാരങ്ങൾ തിരുത്തുക കൂടിയാണ് പ്രവാചകദൗത്യം. 

അപ്പോൾ കാര്യം കൃത്യമായി മനസ്സിലാക്കുക. കരയുന്നത് അല്ല പ്രശ്നം, അലമുറയിടുന്നത് ആണ്. നാക്കാണ്, കണ്ണീരല്ല പ്രശ്നം.

Post a Comment

Previous Post Next Post