ഇസ്ലാമോഫോബിയ തലക്കുപിടിച്ച വംശീയ വാദികളുടെ നുണ പ്രചരണങ്ങൾ മാത്രമാണ് മുസ്ലിം അല്ലാത്തവരെ കൊല്ലാൻ ഇസ്ലാം കൽപ്പിക്കുന്നു എന്ന ഇത്തരം നുണകൾ. ലക്ഷക്കണക്കിന് അമുസ്ലീങ്ങൾ ഗൾഫ് രാജ്യങ്ങളിൽ അന്തസ്സായി ജീവിക്കുന്നുണ്ട് എന്നും അവരെ ആരെയും അവിടുത്തെ മുസ്ലിങ്ങൾ പിടിച്ച് കൊല്ലുന്നില്ല എന്നുമൊക്കെ അറിയാഞ്ഞിട്ടല്ല, നുണ പ്രചരണം ഒരു അജണ്ടയായി സ്വീകരിച്ച മുസ്ലിം വംശഹത്യക്ക് താത്വിക ന്യായീകരണം കണ്ടെത്താൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികളും അവരുടെ ബി ടീം ആയി പ്രവർത്തിക്കുന്ന സ്വതന്ത്രചിന്തകരും ഒക്കെ ഇസ്ലാമിനെയും മുസ്ലിംകളെയും പൈശാചിക വൽക്കരിക്കുന്ന ഈ കുൽസിത പ്രവർത്തിക്ക് വലിയ പ്രോത്സാഹനം നൽകാറുണ്ട്. നുണപ്രചരണങ്ങൾ മാത്രമാണ് ഇരുകൂട്ടരുടെയും ആയുധം . യുദ്ധ സന്ദർഭങ്ങളിൽ അവതരിക്കപ്പെട്ട ഖുർആൻ വചനങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വികലമാക്കി അവതരിപ്പിക്കലാണ് സ്ഥിരം തൊഴിൽ . ആ പരിപാടിക്ക് ഏറ്റവും മികച്ച ഉദാഹരണം തന്നെയാണ് മുകളിൽ ഇട്ട പോസ്റ്റ് . സൂറത്തു തൗബ അഞ്ചാം ആയത്ത് അർത്ഥവും വ്യാഖ്യാനവും എല്ലാം തപ്പി കൊണ്ടുവന്ന വ്യക്തി ഈ ആയത്തിന് തൊട്ടുമുമ്പുള്ള ആയത്തുകളും ശേഷമുള്ള ആയത്തുകളും ഒന്നും കാണില്ല എന്നതാണ് ഇതിലെ കാപട്യം . കാരണം അത് വായിച്ചാൽ ഇവർ പടുത്തുയർത്തിയ നുണയുടെ ചീട്ട് കൊട്ടാരങ്ങൾ എല്ലാം തകർന്നു തരിപ്പണമാകും എന്ന് ഇവർക്ക് തന്നെ അറിയാം. ഈ കാപട്യം തന്നെയാണ് പ്രശ്നം ചേട്ടാ . സൂറത്ത് തൗബ അഭിസംബോധന ചെയ്യുന്നത് ആരോടാണ് എന്ന് തൊട്ടു മുമ്പുള്ള ആയത്തുകളിൽ നിന്ന് വ്യക്തമാണ്. എന്നാൽ അത് പരാമർശിച്ചാൽ തങ്ങളുടെ നുണ വർക്കൗട്ട് ആവുകയില്ല എന്ന ബോധ്യമുള്ളതുകൊണ്ട് മുമ്പ് ഉള്ളതും ശേഷമുള്ളതും ഒക്കെ ഒഴിവാക്കി ദുർ വ്യാഖ്യാനിക്കാൻ സൗകര്യമുള്ള ഭാഗം മാത്രം പെറുക്കി എടുത്ത് അവതരിപ്പിക്കുന്ന രണ്ടാംകിട പരിപാടി. എന്തായാലും ചേട്ടൻ കൊണ്ടുവന്ന അതേ അമാനി തഫ്സീറിൽ നിന്നുതന്നെ ഇതിനു തൊട്ടുമുമ്പുള്ള ആയത്തുകളുടെ വ്യാഖ്യാനവും കൂടി ഇവിടെ പോസ്റ്റ് ചെയ്യുന്നു. ബാക്കി ആളുകൾ വിലയിരുത്തട്ടെ .
സൂറത്തു തൗബയിലെ 1-2 വചനങ്ങളുടെ വ്യാഖ്യാനം.
തൌബ - 9:1
بَرَآءَةٌ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلَّذِينَ عَٰهَدتُّم مِّنَ ٱلْمُشْرِكِينَ
(ഇത്) അല്ലാഹുവില്‍ നിന്നും, അവന്റെ റസൂലില്‍നിന്നുമുള്ള ഒരു (ബാധ്യത) ഒഴിവാകലാണ് [ഒഴിവായിക്കൊണ്ടുള്ള പ്രഖ്യാപനമാണ്]: മുശ്രിക്കു [ബഹുദൈവ വിശ്വാസി] കളില്‍ നിന്ന് നിങ്ങള്‍ കരാറു നടത്തിയിട്ടുള്ളവരോട്.
തൌബ - 9:2
فَسِيحُوا۟ فِى ٱلْأَرْضِ أَرْبَعَةَ أَشْهُرٍ وَٱعْلَمُوٓا۟ أَنَّكُمْ غَيْرُ مُعْجِزِى ٱللَّهِ ۙ وَأَنَّ ٱللَّهَ مُخْزِى ٱلْكَٰفِرِينَ
ആകയാല്‍, (ഹേ, മുശ്രിക്കുകളേ,) നിങ്ങള്‍ നാലു മാസം ഭൂമിയില്‍ (യഥേഷ്ടം) സഞ്ചരിച്ചുകൊള്ളുവിന്‍. നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍: നിങ്ങള്‍ അല്ലാഹുവിനെ (തോല്പിച്ച്) അശക്തമാക്കുന്നവരല്ലെന്നും, അല്ലാഹു അവിശ്വാസികളെ അപമാനപ്പെടുത്തുന്നവനാണെന്നും.
"നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സത്യവിശ്വാസികളും മക്കാ മുശ്രിക്കുകളുടെ മര്‍ദ്ദനംകൊണ്ട് വളരെക്കാലം പൊറുതിമുട്ടി. അവസാനം മദീനയിലേക്ക് ഹിജ്റഃ പോയി. എന്നിട്ടും അവരുടെ അക്രമങ്ങളും ആക്രമണങ്ങളും നിലച്ചില്ല. തക്കംകിട്ടുമ്പോഴൊക്കെ അവരത് നടത്തിക്കൊണ്ടു തന്നെയിരുന്നു. അങ്ങനെ ബദ്ര്, ഉഹ്ദ്, ഖന്ദക്വ് മുതലായ യുദ്ധങ്ങളുണ്ടായി. മദീനയിലെ യഹൂദികളെക്കൊണ്ടുള്ള ശല്യം ഇതിന് പുറമെയും. അവരുമായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സന്ധികള്‍ നടത്തിയെങ്കിലും അതെല്ലാം ലംഘിക്കുകയും മുശ്രിക്കുകള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് മുസ്ലിംകളെ കൂടുതല്‍ അലട്ടുകയുമാണവര്‍ ചെയ്തത്. ഹിജ്റഃ 6-ാം കൊല്ലത്തില്‍ മുശ്രിക്കുകളുമായി പ്രസിദ്ധമായ ഹുദൈബിയാ സന്ധി നടന്നു. ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം മുസ്ലിംകളുടെ ഭാഗത്തുനിന്ന് വിട്ടുവീഴ്ചകള്‍ അടങ്ങിയതായിരുന്നു പത്തുകൊല്ലക്കാലം അവധിവെച്ചുകൊണ്ടുള്ള ആ സന്ധി. അവധിക്കുമുമ്പേ തന്നെ മുശ്രിക്കുകളില്‍നിന്ന് സന്ധി ലംഘനമുണ്ടായി. അതിനെ തുടര്‍ന്ന് ഹിജ്റഃ 8-ാം കൊല്ലത്തില്‍ മക്കാ വിജയത്തിന് ആ സന്ധി വഴിതെളിയിച്ചു. അതോടുകൂടി മുശ്രിക്കുകളുടെ കേന്ദ്ര ആസ്ഥാനം (മക്ക) ഇസ്ലാമിന്റെ അധീനത്തില്‍ വന്നു. എങ്കിലും ചുറ്റുപുറങ്ങളിലുള്ള മുശ്രിക്കുകള്‍ ഇപ്പോഴും തക്കംപാര്‍ത്തും, ഉപയോഗപ്പെടുത്തിയും കൊണ്ടിരിക്കുകയാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും സ്വഹാബികളും തബൂക്ക് യുദ്ധത്തിന് മദീന വിട്ടുപോയിരുന്ന അവസരത്തില്‍ ഇവരുടെ ഭീഷണികളും കരാറു ലംഘനങ്ങളും കൂടുതല്‍ പ്രകടമായി. അത് ഉപയോഗപ്പെടുത്തിക്കൊണ്ട് മദീനയിലെ കപടവിശ്വാസികള്‍ നാട്ടില്‍ വലിയ ഭീതി ഉളവാക്കുകയും ചെയ്തു. അങ്ങനെ, കരാറു വ്യവസ്ഥകള്‍ക്കും സന്ധിനിശ്ചയങ്ങള്‍ക്കും മുശ്രിക്കുകളുടെ പക്കല്‍ വിലയില്ലെന്നും, വഞ്ചനക്കും ലംഘനത്തിനും കിട്ടുന്ന പഴുതുകളെല്ലാം അവര്‍ ഉപയോഗപ്പെടുത്തുമെന്നും അനുഭവങ്ങള്‍ തെളിയിച്ചു. ചുരുക്കത്തില്‍, അവര്‍ക്കിടയില്‍ സമാധാനപൂര്‍വ്വം ജീവിക്കുവാനും, സന്ധി നടത്തി അടങ്ങിയിരിക്കുവാനും സാദ്ധ്യമല്ലാതായി. ഇങ്ങനെയുള്ള ചുറ്റുപാടിലാണ് ഈ വചനങ്ങളും തുടര്‍ന്നുള്ള ഏതാനും വചനങ്ങളും അവതരിക്കുന്നത്. "
അഥവാ വളരെ കൃത്യമാണ് കാര്യങ്ങൾ . ഈ ആയത്ത് സ്പെസിഫിക് ആയി മക്കയിലെ മുശ്രിക്കുകളെ അഭിസംബോധന ചെയ്യുന്നതാണ്. മുഹമ്മദ് നബിയെയും അനുയായികളെയും മക്കയിൽനിന്ന് പുറത്താക്കുകയും അതിനുശേഷം പല വട്ടം യുദ്ധങ്ങൾ നടത്തുകയും ഇസ്ലാമിനെയും മുസ്ലിംകളെയും ഉന്മൂലനം ചെയ്യാനായി കിണഞ്ഞു പരിശ്രമിക്കുകയും അവസാനം മുശ്രിക്കുകൾ തന്നെ മുൻകൈയ്യെടുത്ത് ഉണ്ടാക്കിയ തികച്ചും ഏകപക്ഷീയമാണെന്ന് പോലും വിവക്ഷിക്കാവുന്ന ഹുദൈബിയ സന്ധി എന്ന കരാർ ലംഘിക്കുകയും ചെയ്ത മുശ്രിക്കുകളോട് ആണ് ഈ പ്രഖ്യാപനം നടത്തിയത് എന്ന് കൃത്യമായി കാണാൻ കഴിയുന്നതാണ്. അതുപോലും എത്ര മാന്യമായി ആണ് എന്ന് നോക്കൂ. കരാർ ലംഘിച്ച ആളുകളോട് നാലു മാസം സമയം നൽകി നാലുമാസം കഴിഞ്ഞാൽ യുദ്ധം ഉണ്ടാവുമെന്ന് മുന്നറിയിപ്പുനൽകി. നാലുമാസം മുമ്പ് നോട്ടീസ് കൊടുത്തു യുദ്ധം ചെയ്യുന്ന യുദ്ധത്തെപ്പറ്റി പറ്റി നിങ്ങൾ ലോകചരിത്രത്തിൽ മറ്റെവിടെയെങ്കിലും കണ്ടിട്ടുണ്ടോ ? ഇനി ഇത്തരത്തിൽ നാലു മാസത്തിനു ശേഷം ഒരു യുദ്ധമുണ്ടായോ ? അതും ഉണ്ടായിട്ടില്ല എന്ന് ചരിത്രത്തിൽ കാണാവുന്നതാണ്. സന്ധി കരാർ ലംഘിച്ച ശത്രുക്കളോട് ; നിങ്ങൾക്ക് നാലുമാസം നോട്ടീസ് തരുന്നു , അതു കഴിഞ്ഞാൽ യുദ്ധത്തിന് വന്നാൽ ഒരു ദയാദാക്ഷിണ്യം ഉണ്ടാവുകയുമില്ല എന്ന കാര്യം കൃത്യമായി വിളംബരം ചെയ്യുന്നു.
ഈ ഒരൊറ്റ വിളംബരത്തിലൂടെ തങ്ങളുടെ കരാർ ലംഘനവും ചതിയും ഇനി വിലപ്പോവില്ല എന്ന് മുശ്രിക്കുകൾ മനസ്സിലാക്കുകയും ചെയ്തു എന്നതാണ് വാസ്തവം. നാലു മാസത്തിനു ശേഷം പ്രത്യേകിച്ച് യുദ്ധം ഒന്നും ഉണ്ടായതുമില്ല. ആരും കൊല്ലപ്പെട്ടിട്ടും ഇല്ല.
മക്കയിലെ മുശ്രിക്കുകളോട് അതും കരാർ ലംഘിച്ച ഒരു പ്രത്യേക വിഭാഗത്തിനോട് മാത്രം നടത്തിയ യുദ്ധപ്രഖ്യാപനം ആണ് സൂറത്ത് തൗബയിലെ ഈ യുദ്ധപ്രഖ്യാപനം എന്ന് കൃത്യമായി മനസ്സിലാക്കുക. കൃത്യമായ ഈ കാര്യം മറച്ചുവെച്ചാണ് തങ്ങളുടെ വർഗീയ അജണ്ടകൾക്കായി അതൊക്കെ മറച്ചുവെച്ച് ഇസ്ലാമിനെ വികലമാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. അങ്ങനെ കരാർ ലംഘിച്ച മക്കാ മുശ്രിക്കുകളും ആയി ഒരു യുദ്ധമുണ്ടായാൽ മുസ്ലീങ്ങൾ എങ്ങനെ എങ്ങനെ യുദ്ധം ചെയ്യണമെന്ന നിർദേശത്തെ മാത്രം എടുത്ത് വികലമാക്കി അവതരിപ്പിക്കുന്നത്. ഇങ്ങനെ ഒരു യുദ്ധം ഉണ്ടായിട്ടുപോലും ഇല്ല , അതിൻറെ ആവശ്യം പോലും വന്നിട്ടില്ല എന്നതാണ് ചരിത്രം. യുദ്ധത്തിൽ ഏറ്റുമുട്ടുന്ന ശത്രുവിനെ കൊല്ലുക എന്നല്ലാതെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കണം എന്ന് ബുദ്ധിയുള്ള ഒരാളും പറയില്ലല്ലോ. നാലു മാസത്തിനു ശേഷം ഒരു യുദ്ധം ആവശ്യമായി വരികയാണെങ്കിൽ യുദ്ധത്തിൽ ശത്രുക്കളെ കൊല്ലുകയും ഉപരോധിക്കുകയും ശത്രുവിനെതിരെ പതിയിരിക്കുന്ന ഇടങ്ങളിലെല്ലാം പതിയിരിക്കുകയും വേണമെന്ന യുദ്ധതന്ത്രം മുസ്ലിങ്ങളെ ഓർമിപ്പിച്ചു. ഇതൊക്കെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇനി മേലിൽ കരാർ ലംഘനം ഒരു കാരണവശാലും മുസ്ലീങ്ങൾ വച്ചു പൊറുപ്പിക്കില്ല എന്ന് മനസ്സിലാക്കിയ മുശ്രിക്കുകൾ അവരുടെ ചതികൾ നിർത്തി അങ്ങനെ ഒരു യുദ്ധം ഒഴിവായി എന്ന് ചരിത്രത്തിൽ കാണാം. യുദ്ധം ഉണ്ടായിട്ടുകൂടി ഇല്ല എന്ന് സാരം.
സൂറത്ത് തൗബ നാലാം ആയത്ത് പറയുന്നത് കരാർ ലംഘിക്കാത്ത മുശ്രിക്കുകളും ആയി കരാർ തുടർന്നും നിലവിൽ ഉണ്ടാകുമെന്നാണ്. അഥവാ മേൽപ്പറഞ്ഞ യുദ്ധപ്രഖ്യാപനം, കരാർ ലംഘിച്ചവരിൽ മാത്രം പരിമിതമാണ്. കരാർ പാലിക്കുന്ന മുശ്രിക്കുകളുമായുള്ള കരാർ തുടർന്നും നിലവിൽ ഉണ്ടാകും അവർ ഭയക്കേണ്ടതില്ല എന്ന കാര്യം വളരെ വ്യക്തമായി ഖുർആൻ പ്രസ്താവിച്ചു.
തൌബ - 9:4
إِلَّا ٱلَّذِينَ عَٰهَدتُّم مِّنَ ٱلْمُشْرِكِينَ ثُمَّ لَمْ يَنقُصُوكُمْ شَيْـًٔا وَلَمْ يُظَٰهِرُوا۟ عَلَيْكُمْ أَحَدًا فَأَتِمُّوٓا۟ إِلَيْهِمْ عَهْدَهُمْ إِلَىٰ مُدَّتِهِمْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَّقِينَ
(പക്ഷേ) മുശ്രിക്കുകളില്‍നിന്ന് നിങ്ങള്‍ കരാറ് നടത്തിയിട്ടുള്ളവരൊഴികെ, പിന്നീട് (അതില്‍) നിങ്ങളോട് യാതൊന്നും അവര്‍ പോരായ്മ വരുത്തിയിട്ടുമില്ല. നിങ്ങള്‍ക്കെതിരില്‍ ഒരാള്‍ക്കും അവര്‍ പിന്തുണ നല്‍കിയിട്ടുമില്ല (ഇങ്ങിനെയുള്ളവരൊഴികെ); അപ്പോള്‍, അവര്‍ക്ക് അവരുടെ കാലം [അവധി] വരേക്ക് അവരുടെ കരാറ് നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍. നിശ്ചയമായും അല്ലാഹു, സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. " .
ചേട്ടൻ പോസ്റ്റ് ചെയ്ത സൂറത്തു തൗബയിലെ അഞ്ചാമത്തെ വചനത്തിന് തൊട്ടു മുകളിൽ ഉള്ള 1 മുതൽ 4 വരെയുള്ള ഉള്ള വചനങ്ങളുടെ സാരം ആണിത് . പോസ്റ്റിന് ദൈർഘ്യം കുറയ്ക്കാനായി തഫ്സീറിലെ വിശദീകരണങ്ങൾ കുറച്ചു മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. കൂടുതൽ പഠിക്കാൻ താൽപര്യമുള്ളവർക്ക് അമാനി തഫ്സീർ ഉപയോഗപ്പെടുത്താവുന്നതാണ്.
സംഗതികൾ വളരെ കൃത്യമാണ്. മുസ്ലിംകളും മക്കയിലെ മുശ്രിക്കുകളും പരസ്പരം ആക്രമിക്കുകയില്ലെന്ന് സന്ധി കരാറുണ്ടാക്കി. മുശ്രിക്കുകളിൽ പെട്ട പല ഗോത്രക്കാരും കരാർ പരസ്യമായി ലംഘിച്ചു മുസ്ലീങ്ങളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ഒക്കെ ഉണ്ടായി. ചില ഗോത്രക്കാർ കരാർ പാലിക്കുകയും ചെയ്തു. കരാർ ലംഘിച്ച ഗോത്രക്കാരോട് ഇനി കരാർ ലംഘനം അനുവദിക്കാനാവില്ലെന്നും കരാർ നാല് മാസം കൂടിയേ ഉണ്ടാവുകയുള്ളൂ എന്നും അതിനുശേഷം ചതി പണികൾ തുടർന്നാൽ യാതൊരു ദാക്ഷിണ്യവും ഇല്ലാത്ത യുദ്ധ നടപടികൾ ഉണ്ടാകുമെന്നും വ്യക്തമാക്കി. കരാർ ലംഘിക്കാത്ത ഗോത്രക്കാരോട് അവരുമായുള്ള കരാറുകൾ കരാർ കാലാവധി തീരുന്നതുവരെ യാതൊരു പ്രശ്നവുമില്ലാതെ നിലവിൽ ഉണ്ടാകുമെന്നും ഉറപ്പുനൽകി.
അഞ്ചാം വചനത്തിന്റെ അടുത്ത ആയത്തിൽ പറയുന്നതെന്താണ് കൂടി നോക്കാം അഥവാ ആറാം വചനം.
തൌബ - 9:6
وَإِنْ أَحَدٌ مِّنَ ٱلْمُشْرِكِينَ ٱسْتَجَارَكَ فَأَجِرْهُ حَتَّىٰ يَسْمَعَ كَلَٰمَ ٱللَّهِ ثُمَّ أَبْلِغْهُ مَأْمَنَهُۥ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْلَمُونَ
(നബിയേ) മുശ്രിക്കുകളില്‍ നിന്ന് ഏതെങ്കിലും ഒരാള്‍ നിന്നോട് രക്ഷ [അഭയം] തേടിയെങ്കില്‍, അവന് അല്ലാഹുവിന്റെ വചനം കേള്‍ക്കുന്നതുവരെ അവന് രക്ഷ [അഭയം] നല്‍കുക. പിന്നെ, അവനെ അവന്റെ അഭയസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അത് അവര്‍ അറിഞ്ഞുകൂടാത്ത ഒരു ജനതയാണെന്നുള്ളത് കൊണ്ടത്രെ. "
ഇങ്ങനെ നാലുമാസം കഴിഞ്ഞ് ഒരു യുദ്ധം ഉണ്ടാവുകയാണെങ്കിൽ യുദ്ധ സന്ദർഭത്തിൽ ശത്രുപക്ഷത്തുള്ള ഒരാൾ അഭയം ചോദിക്കുകയാണെങ്കിൽ അവർക്ക് അഭയം നൽകണമെന്നും അവർക്ക് ഖുർആൻ ഓതി കേൾപ്പിച്ചു കൊടുക്കണം എന്നും എന്നിട്ട് അവനെ സുരക്ഷിതമായി അവൻറെ നാട്ടിൽ തിരിച്ചെത്തിക്കണം എന്നും പറയുന്നു. ഏതെങ്കിലും യുദ്ധത്തിൽ ഇങ്ങനെ ഒരു കാര്യം കേട്ടിട്ടുണ്ടോ ? യുദ്ധത്തിനിടയിൽ അഭയം തേടുന്ന ശത്രുപക്ഷത്തുള്ള ഭടനെ അഭയം നൽകി സുരക്ഷിതമായി തിരിച്ച് അവൻറെ നാട്ടിൽ എത്തിച്ചു കൊടുക്കണം എന്ന് !! അത്രമാത്രം വിശാലതയും ഉദാരതയും മാനവികതയും ആണ് യുദ്ധത്തിൽ പോലും ഇസ്ലാം മുന്നോട്ടുവെക്കുന്നത് .
ഒന്നു മുതൽ നാലു വരെയുള്ള ആയത്തുകളും അഞ്ചിന് ശേഷം വരുന്ന ആറാമത്തെ ആയത്തും വളരെ തന്ത്രപരമായി മറച്ചുവച്ചുകൊണ്ട് അഞ്ചാമത്തെ ആയത്ത് മാത്രം എടുത്തു വളച്ചൊടിച്ച് ദുർവ്യാഖ്യാനിച്ച് അവതരിപ്പിക്കുന്നതിലൂടെ എന്താണ് ലക്ഷ്യമാക്കുന്നത് ?. സമാധാനത്തിന്റെ മതമായ ഇസ്ലാമിനെ എങ്ങനെയെങ്കിലും കരിവാരിത്തേക്കാൻ ഉള്ള കുടില ശ്രമങ്ങൾ എന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ. ബുദ്ധിയുള്ള സമൂഹത്തിനു മുമ്പിൽ ഇതൊന്നും വിലപ്പോവില്ല എന്ന് മനസ്സിലാക്കുക.
വാൽക്കഷ്ണം : മഹാഭാരതയുദ്ധത്തിൽ ശത്രുപക്ഷത്തുള്ള പിതാമഹനും പിതൃവ്യനും പിതൃവ്യപുത്രരും ആയിട്ടുള്ളവരോട് യുദ്ധം ചെയ്യാൻ സന്ദേഹിച്ചു നിൽക്കുന്ന അർജ്ജുനനോട് കൃഷ്ണൻ ഉപദേശിക്കുന്നത് ആണല്ലോ ഭഗവത്ഗീത. ഭഗവദ്ഗീതയെ പറ്റി സ്വന്തം ബന്ധുക്കളെ കൊല്ലാൻ ഉപദേശിക്കുന്ന ഗ്രന്ഥമാണ് എന്ന് പറഞ്ഞാൽ അത് ന്യായമാണോ? അത്തരത്തിലുള്ള വചനങ്ങൾ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് അത് വികലമാക്കി അവതരിപ്പിച്ചാൽ എങ്ങനെ ഉണ്ടാകും ? വിമർശനങ്ങൾ ആവാം പക്ഷേ സത്യസന്ധത പാലിക്കണം. അല്ലാതെ ഉള്ളത് വെറും കാപട്യമാണ് നുണയാണ് അത് നിലനിൽക്കുകയില്ല.
👍🏻
ReplyDeletePost a Comment