#ഇസ്ലാംവിമർശനങ്ങൾമറുപടികൾ
#ഇസ്ലാംവിമർശനങ്ങളുംമറുപടികളും
ചോദ്യം : വിവാഹം നിഷിദ്ധമായവരുടെ ലിസ്റ്റിൽ അവിഹിതബന്ധത്തിൽ ജനിച്ചവൾ ഉൾപ്പെടുകയില്ല എന്ന് ഫത്തഹുൽ മുഈൻ എന്ന കിതാബിൽ പറയുന്നുണ്ടല്ലോ! ഇതിനെ കുറിച്ച് എന്താണ് പറയാനുള്ളത് ?
Question by Facebook ID അനിൽ കൊടകര
ഉത്തരം : ചോദ്യം ഒരു വിഷയത്തെക്കുറിച്ച് മാത്രമാണെങ്കിലും പൊതുവായ ഒരു മറുപടി നൽകുന്നത് പല ആളുകൾക്കും ഉള്ള തെറ്റിദ്ധാരണകൾ മാറ്റാൻ ഉപകരിക്കുമെന്ന് കരുതുന്നു. കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്നുള്ള ഇത്തരം പല ഉദ്ധരണികളും സമൂഹത്തിൽ തെറ്റിദ്ധാരണ പടർത്താനായി ഇസ്ലാം വിരോധികൾ പലപ്പോഴും ഉപയോഗപ്പെടുത്താറുണ്ട്. അതുകൊണ്ട് അല്പം വിശദമായിത്തന്നെ വിശദീകരിക്കാം.
ഇസ്ലാമിലെ ആധികാരിക പ്രമാണങ്ങൾ വിശുദ്ധ ഖുർആനും സ്വഹീഹായ നബിവചനങ്ങളും ആണ്. പണ്ഡിതന്മാരുടെ അഭിപ്രായങ്ങളിലും അവരുടെ പുസ്തകങ്ങളിലും എല്ലാം അംഗീകരിക്കാവുന്ന കാര്യങ്ങളും അല്ലാത്തതും ഉണ്ടാവും. പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ എല്ലാം 100% കുറ്റമറ്റതാണ്, 100% അവയെല്ലാം അംഗീകരിക്കേണ്ടതാണ് എന്ന് ഇസ്ലാമിനെ പറ്റി ബാലപാഠങ്ങൾ എങ്കിലും അറിവുള്ള ആരും പറയുകയില്ല. എല്ലാവർക്കും എല്ലാ വിഷയങ്ങളിലും ഒരേ അഭിപ്രായം എന്നത് അസംഭവ്യമാണല്ലോ. ഇസ്ലാമിൽ വളരെ സ്പഷ്ടമായി വ്യക്തമാക്കിയതും, ആർക്കും യാതൊരുവിധത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഇല്ലാത്ത ധാരാളം സംഗതികളും ഒരേ വിഷയത്തിൽ തന്നെ പണ്ഡിതന്മാർ വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ച സംഗതികളും ധാരാളമുണ്ട്.
ഇസ്ലാമിക കർമ്മ ശാസ്ത്ര വിഷയങ്ങളിൽ പ്രധാനമായും നാല് മദ്ഹബുകൾ ആണ് നിലവിലുള്ളത്. ഇമാം അബൂഹനീഫ , ഇമാം മാലിക്, ഇമാം ഷാഫിഈ, ഇമാം അഹ്മദ് ഇബ്നു ഹമ്പൽ എന്നിവരുടെ മദ്ഹബുകൾ ആണിവ. മഹാരഥന്മാരായ പണ്ഡിതന്മാർ അവർക്ക് ലഭ്യമായ ആയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഓരോ വിഷയങ്ങളും ഗവേഷണപരമായി അപഗ്രഥിച്ച് വിഷയങ്ങളിലെ ശരിയായ അഭിപ്രായം ആയി ആ പണ്ഡിതൻ മനസ്സിലാക്കിയത് രേഖപ്പെടുത്തി. മതത്തിൻറെ സാങ്കേതിക ഭാഷയിൽ ഇത്തരം ഗവേഷണങ്ങൾക്ക് ഇജ്തിഹാദ് എന്നാണ് പറയുക.
മുഹമ്മദ് നബി പറഞ്ഞു
عَنْ عَمْرِو بْنِ الْعَاصِ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ " إِذَا حَكَمَ الْحَاكِمُ فَاجْتَهَدَ ثُمَّ أَصَابَ فَلَهُ أَجْرَانِ، وَإِذَا حَكَمَ فَاجْتَهَدَ ثُمَّ أَخْطَأَ فَلَهُ أَجْرٌ
അംറുബ്നു ആസ് നിവേദനം: റസൂൽ (സ) പറയുന്നത് ഞാൻ കേട്ടു. "ഒരു വിധികർത്താവ് ഗവേഷണം (ഇജ്തിഹാദ് ) നടത്തുകയും ശരിയായ വിധി കണ്ടെത്തുകയും ചെയ്താൽ അയാൾക്ക് രണ്ടു പ്രതിഫലമുണ്ട്. (ഗവേഷണം നടത്തിയതിനുള്ള പ്രതിഫലവും ശരിയായ വിധി കണ്ടെത്തിയതിനുള്ള പ്രതിഫലവും ) എന്നാൽ ഒരു വിധികർത്താവ് ഗവേഷണം നടത്തുകയും വിധിച്ചത് തെറ്റാവുകയും ചെയ്താൽ പോലും അയാൾക്ക് ഒരു പ്രതിഫലം ഉണ്ട് .(ഗവേഷണം ചെയ്തതിനുള്ള പ്രതിഫലം) "
(ബുഖാരി,മുസ്ലിം).
അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട കാര്യം ഇത്തരം ഇജ്തിഹാദിയായ അഥവാ ഗവേഷണപരമായ വിഷയങ്ങളിൽ പണ്ഡിതന്മാരുടെ വ്യത്യസ്ത അഭിപ്രായങ്ങളിൽ ശരിയായ അഭിപ്രായങ്ങളും തെറ്റായ അഭിപ്രായങ്ങളും ഉണ്ടാവാം. അതുകൊണ്ടുതന്നെ ഏതെങ്കിലും പണ്ഡിതന്മാരുടെ കിതാബുകളിൽ അങ്ങനെ ഉണ്ടല്ലോ എന്നുള്ളത് കൊണ്ട് മാത്രം ആ അഭിപ്രായം ശരിയായിക്കൊള്ളണമെന്നില്ല.
ചോദ്യം ചെയ്യപ്പെടാതെ സ്വീകരിക്കാൻ ബാധ്യതയുള്ളത് മുഹമ്മദ് നബി (സ) യുടെ അഭിപ്രായങ്ങൾ മാത്രമാണ്. ചില വിഷയങ്ങളിലെ അഭിപ്രായങ്ങൾ തെറ്റിപ്പോയി എന്നുള്ളതുകൊണ്ട് പണ്ഡിതന്മാരുടെ മഹത്വം ഒട്ടും കുറയുന്നില്ല. അവർ തങ്ങളുടെ മുന്നിലുള്ള തെളിവുകൾ അനലൈസ് ചെയ്തു രൂപപ്പെടുത്തിയ ഒരു അഭിപ്രായം മാത്രമാണ് അത്. ചിലപ്പോൾ ചില തെളിവുകൾ അവർക്ക് കിട്ടാതെ പോയത് കൊണ്ടോ മറ്റോ ഒക്കെ തെറ്റായ വിധി പുറപ്പെടുവിക്കാൻ സാധ്യതയുണ്ടല്ലോ. തെറ്റായ വിധി ആണെങ്കിൽ പോലും അവരുടെ ഗവേഷണ നന്മയെ മുൻനിർത്തി അവർക്ക് ഒരു പ്രതിഫലം ഉണ്ട് എന്നാണ് പ്രവാചകൻ പഠിപ്പിച്ചത് എന്ന് മുകളിൽ പറഞ്ഞല്ലോ.
ഇമാമുമാർ എല്ലാവരും ഈ കാര്യം കൃത്യമായി പ്രസ്താവിച്ചവർ കൂടിയാണ്. തങ്ങൾ പറഞ്ഞ അഭിപ്രായങ്ങൾക്ക് എതിരായി തെളിവുകൾ കിട്ടിയാൽ ആ തെളിവുകളാണ് സ്വീകരിക്കേണ്ടത് എന്ന് എല്ലാവരും വ്യക്തമാക്കിയിട്ടുണ്ട്.
♦️ഇമാം അബു ഹനീഫ നു’മാന്‍ ഇബ്നു താബിത് പറഞ്ഞു: “ഒരു ഹദീസ് സഹീഹ് ആയിക്കണ്ടാല്‍ അത് എന്റെ മദ്ഹബില്‍ പെട്ടതാണ്.” ( അഥവാ ആ വിഷയത്തിൽ ഹദീസ് സ്വീകരിക്കുക ഇമാം അബൂഹനീഫയുടെ അഭിപ്രായം മാറ്റിവെക്കുക )
♦️ഇമാം മാലിക് ഇബ്നു അനസ് പറഞ്ഞു:
“തീര്ച്ചയായും ഞാന്‍ മരണം ഉള്ളവനാണ്. എനിക്ക് ചിലപ്പോ തെറ്റ് സംഭവിക്കും , ചിലപ്പോൾ ഞാന്‍ ശരിയുമായിരിക്കും, അത് കൊണ്ട് എന്റെഅഭിപ്രായങ്ങളിൽ ഖുര്ആനും സുന്നത്തുമായി യോജിക്കുന്നവ സ്വീകരിക്കുക, യോജിക്കാത്തത് തള്ളുകയും ചെയ്യുക”.
♦️ഇമാം ഷാഫിഈ പറഞ്ഞു:
“ പ്രവാചക സുന്നത്ത് ഒരാൾക്ക് വ്യക്തമായി തെളിയിക്കപ്പെട്ടാല്‍, ആ അഭിപ്രായം വിട്ട് വേറെ ഒരു അഭിപ്രായം തേടാന്‍ അയാള്ക്ക് അനുവാദമില്ല എന്നതിൽ മുസ്ലിങ്ങള്‍ ഐകകണ്ഠേന യോജിച്ചിട്ടുണ്ട്. എന്റെ എഴുത്തില്‍ വല്ലതും പ്രവാചകന്‍ സുന്നത്തിന് എതിരായി വന്നാല്‍ പ്രവാചക സുന്നത്ത് സ്വീകരിക്കുക, ഞാന്‍ എഴുതിയത് തള്ളുകയും ചെയ്യുക “
♦️ ഇമാം അഹ്മദ് ഇബ്നു ഹമ്പല്‍ പറഞ്ഞു:
“എന്റെ അഭിപ്രായം നിങ്ങൾ അന്ധമായി പിന്തുടരരുത് : മാലിക്, ഷാഫി, ഔസായി, സൗരി എന്നിവരുടെ അഭിപ്രായവും അന്ധമായി പിന്തുടരരുത്. മറിച്ച് എവിടെ നിന്നാണോ അത് കിട്ടിയത് അവിടുന്ന് എടുക്കുക” (അഥവാ തെളിവുകൾ പരിശോധിക്കുക, തെളിവുകൾക്ക് അനുസരിച്ച് തീരുമാനിക്കുക ) .
ഈ പണ്ഡിതന്മാർ ഇതുപോലെ പറഞ്ഞ ധാരാളം ഉദ്ധരണികൾ ഉണ്ട് . ഉദാഹരണത്തിന് ചിലത് ചൂണ്ടികാണിച്ചു എന്നേ ഉള്ളൂ. തങ്ങൾ പറഞ്ഞ അഭിപ്രായങ്ങളിൽ ചിലപ്പോൾ തെറ്റുകൾ സംഭവിക്കാം എന്ന് പണ്ഡിതന്മാർ തന്നെ കൃത്യമായി വ്യക്തമാക്കിയ കാര്യമാണ്. അത്തരത്തിൽ തെറ്റുകൾ കണ്ടാൽ അവ പിന്തുടരരുത് എന്നും അവർ തന്നെ ഉണർത്തിയിട്ടുണ്ട്.
ഷാഫി മദ്ഹബിൽ വ്യഭിചാരത്തിൽ ജനിച്ച പെൺകുട്ടി വിവാഹബന്ധം നിഷിദ്ധമായ ആളുകളുടെ കൂട്ടത്തിൽ വരികയില്ല. ഇത് ഇമാം ഷാഫിയുടെ ഇജ്തിഹാദിയായ ഒരു അഭിപ്രായമാണ്. എന്നാൽ ഈ അഭിപ്രായം തെറ്റാണെന്നും അവിഹിത ബന്ധത്തിലൂടെ ഉണ്ടായത് ആണെങ്കിൽ പോലും സ്വന്തം ചോര തന്നെയാണ് , അതുകൊണ്ടുതന്നെ വിവാഹബന്ധം നിഷിദ്ധവുമാണ് എന്നതാണ് ഇമാം അബൂ ഹനീഫ, ഇമാം മാലിക്, ഇമാം അഹ്മദുബ്നു ഹമ്പൽ എന്നിവരുടെ മദ്ഹബുകളിൽ പറഞ്ഞിട്ടുള്ളത്.
ഹിജ്‌റ ആറാം നൂറ്റാണ്ടിലെ ഹനഫി മദ്ഹബ് വക്താവ് ഇമാം അലാഉദ്ധീൻ കാസാനി രേഖപ്പെടുത്തുന്നു: ‘പുത്രിമാർ’ എന്ന പ്രയോഗം വ്യാപകർത്ഥമുള്ളതാണ്. അതിൽ വിഹിത ബന്ധത്തിൽ ജനിച്ച പുത്രിയും അവിഹിത ബന്ധത്തിൽ ജനിച്ച പുത്രിയും ഒരുപോലെ ഉൾപ്പെടുന്നു”.
(سواء كانت بنته من النكاح أو من السفاح لعموم النص \ بدائع الضنائع 3 – 408 ).
പുത്രിമാരുടെ കാര്യത്തിൽ മാത്രമല്ല ഈ വ്യാപകർത്ഥം. സൂക്തത്തിൽ പറയുന്ന എല്ലാ ബന്ധുക്കളുടെ കാര്യത്തിലും, വിഹിത , അവിഹിത വേർതിരിവില്ലാതെ അർത്ഥം കാണണം. അല്ലാത്ത പക്ഷം, കേവലം മകളെ മാത്രമല്ല; വേറെയും അടുത്ത ബന്ധങ്ങളുമായി വിവാഹം ആകാമെന്ന് വരും. ഒരാളുടെ ബീജത്തിൽ പിറക്കുക എന്നകാര്യം സ്ഥിരപ്പെട്ടാൽ, സാധാരണ ഭാഷയിൽ അയാളുടെ പുത്രൻ/പുത്രി ആയിത്തീരുന്നതാണ്. ഇക്കാര്യം ഇതേ സൂക്തത്തിലെ, أَبْنَائِكُمُ ٱلَّذِينَ مِنْ أَصْلَـٰبِكُمْ = ‘നിങ്ങളുടെ ബീജത്തിൽ പിറന്ന പുത്രന്മാർ’ എന്ന പ്രയോഗത്തിൽ നിന്നും മനസ്സിലാക്കാം. ബീജത്തിന്റെ ഉടമയിലേക്കാണ് ബന്ധം. ഗർഭപാത്രം വിഹിതമോ അവിഹിതമോ എന്നത് സാധാരണ ഗതിയിൽ ബാധകമല്ല.
ഇനി ഇമാം ഷാഫിയും വ്യഭിചാരത്തിൽ ഉണ്ടായവളെ വിവാഹം കഴിക്കാം എന്ന അർത്ഥത്തിലല്ല പറഞ്ഞത് എന്ന് കൂടി മനസ്സിലാക്കുക.
ഇമാം ശാഫിഈ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: “അയാൾ ആ പെൺകുട്ടിയെ വിവാഹം ചെയ്യുന്നത് ഞാൻ വെറുക്കുന്നു” (ഇമാം നവവി, ശറഹുൽ മുഹദ്ദബ്). ഈ പ്രസ്താവത്തെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം നവവി രേഖപ്പെടുത്തി: “ഈ കുട്ടി അയാളുടെ മകൾ ആണെന്ന വീക്ഷണം ശരിയാണെങ്കിലോ എന്ന് ഭയന്നാണ് ഇമാം അത്തരം വിവാഹത്തെ വെറുക്കുന്നു എന്ന് പറഞ്ഞത്. ഈ അടിസ്ഥാനത്തിൽ, അയാളുടെ മകൾ തന്നെയാണെന്ന് ഖണ്ഡിതമായ അറിവുണ്ടെങ്കിൽ അയാൾക്ക് ഈ കുട്ടിയെ വിവാഹം ചെയ്യൽ അനുവദനീയമല്ല എന്ന് ശാഫിഈ വക്താക്കളിൽ ചിലർ പ്രസ്താവിച്ചിട്ടുണ്ട്”.
അപ്പോൾ മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇവയാണ്.
1. പണ്ഡിതന്മാരുടെ കിതാബുകളിലെ അഭിപ്രായങ്ങളിൽ തെറ്റായ അഭിപ്രായങ്ങൾ ഉണ്ടാകാം. തെറ്റായ അഭിപ്രായങ്ങൾ സ്വീകരിക്കേണ്ട ബാധ്യത മുസ്ലിങ്ങൾക്ക് ഇല്ല.
2. തങ്ങളുടെ അഭിപ്രായങ്ങൾ യാതൊരുവിധ തെറ്റും സംഭവിക്കാത്തത് ആണെന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടില്ല. അഭിപ്രായങ്ങൾ എല്ലാം പൂർണമായും എല്ലാവരും അംഗീകരിക്കണമെന്നും ആരും പഠിപ്പിച്ചിട്ടുമില്ല.
3. പണ്ഡിതന്മാരുടെ ഏതെങ്കിലും അഭിപ്രായങ്ങൾ തെറ്റാണെങ്കിലും അവരെ അതിൻറെ പേരിൽ അവമതിക്കാനോ മറ്റോ പാടുള്ളതല്ല. ഇജ്തിഹാദിയായ (ഗവേഷണപരമായ) വിഷയങ്ങളിൽ പണ്ഡിതന്മാരുടെ വിധി തെറ്റായി പോയാലും അവർക്ക് കുറ്റമില്ല , കാരണം ഇജ്തിഹാദ് നടത്തി എന്നുള്ളത് പോലും പ്രതിഫലാർഹമാണ്.
4. ചോദ്യകർത്താവ് സൂചിപ്പിച്ച വിഷയത്തിൽ ശാഫിഈ മദ്ഹബിലെ അഭിപ്രായത്തേക്കാൾ ശരിയായ അഭിപ്രായം മറ്റു ഇമാമുമാരുടെ അഭിപ്രായമാണ്. അതുപോലെ പല വിഷയങ്ങളിലും മറിച്ചും ഉണ്ടാവാം. ഇമാമുമാർ അവലംബിച്ച തെളിവുകൾ പരിശോധിക്കുകയും കൂടുതൽ സ്വീകാര്യയോഗ്യമായ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്യാം. വ്യഭിചാരത്തിൽ ഉണ്ടായവളെ വിവാഹം കഴിക്കൽ വെറുക്കപ്പെട്ട സംഗതി (കറാഹത്ത് ) മാത്രമല്ല വിരോധിക്കപ്പെട്ട സംഗതി (ഹറാം) തന്നെയാണ് എന്നതാണ് ശരിയായ അഭിപ്രായം.
അല്ലാഹു അഅലം.
Dr Jauzal CP
Post a Comment