അയൽവാസിയോടുള്ള കടമകൾ.

അയൽവാസിയോടുള്ള കടമകൾ. 
__________________________________

♦️ ഇബ്‌നു ഉമറും(റ) ആയിശ(റ)യും നിവേദനം നബി(സ) പറഞ്ഞു: ജിബ്‌രീൽ(അ) എന്നോട് അയൽവാസിയോട് നൻമചെയ്യണമെന്ന് ഉപദേശിച്ച് കൊണ്ടേയിരുന്നു. അവരെ അനന്തവരാകാശികളിൽ ഉൾപ്പെടുത്തുമെന്ന് വരെ ഞാൻ കരുതിപ്പോയി. (മുത്തഫഖുൻ അലൈഹി) .

♦️ മുജാഹിദ് നിവേദനം ചെയ്യുന്നു: അബ്ദുല്ലാഹിബ്നു അംറിന് വേണ്ടി ഒരു ആട് അറുക്കപ്പെട്ടു. അദ്ദേഹം തൻറെ അടിമയോട് ചോദിച്ചു: "ഇതിൽനിന്നും നീ നമ്മുടെ അയൽവാസിയായ ജൂതന് കൊടുത്തിട്ടുണ്ടോ ? ", "ഇതിൽനിന്നും നീ നമ്മുടെ അയൽവാസിയായ ജൂതന് കൊടുത്തിട്ടുണ്ടോ ? " ( അദ്ദേഹം രണ്ടു വട്ടം ആവർത്തിച്ചു ചോദിച്ചു ). റസൂൽ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് : "ജിബ്‌രീൽ(അ) എന്നോട് അയൽവാസിയോട് നൻമചെയ്യണമെന്ന് ഉപദേശിച്ച് കൊണ്ടേയിരുന്നു. അവരെ അനന്തവരാകാശികളിൽ ഉൾപ്പെടുത്തുമെന്ന് വരെ ഞാൻ കരുതിപ്പോയി "
(അദബുൽ മുഫ്റദ്)

♦️ അബൂഹുറൈറ(റ) നിവേദനം: നബി(സ)പറഞ്ഞു: അല്ലാഹുവാണെ സത്യം അയാൾ വിശ്വാസിയാവുകയില്ല. അല്ലാഹുവാണെ സത്യം അയാൾ വിശ്വാസിയാവുകയില്ല. അല്ലാഹുവാണെ സത്യം അയാൾ വിശ്വാസിയാവുകയില്ല. (മൂന്നു പ്രാവശ്യം അല്ലാഹുവിൻറെ പേരിൽ സത്യം ചെയ്തു പറഞ്ഞു). അപ്പോൾ ചോദിക്കപ്പെട്ടു. അല്ലാഹുവിന്റെ തിരുദൂതരേ ആരാണത്. അവിടുന്ന് പ്രത്യുത്തരം നല്കി: ആരുടെ ഉപദ്രവത്തിൽ നിന്ന് തന്റെ അയൽവാസി സുരക്ഷിതനല്ലയോ അവൻ തന്നെ. (മുത്തഫഖുൻ അലൈഹി)

♦️ അബൂശുറൈഹ് ഖുസാഇ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ തന്റെ അയൽവാസിക്ക് നന്മ ചെയ്തുകൊടുക്കട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ തന്‍റെ അതിഥിയെ ആദരിക്കട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ നല്ലത് സംസാരിക്കട്ടെ. അല്ലങ്കിൽ മൗനം പാലിക്കട്ടെ. (മുസ്‌ലിം)

♦️ ആയിശാ(റ)യിൽ നിന്ന് നിവേദനം: ഞാൻ ചോദിച്ചു. അല്ലാഹുവിന്റെ റസൂലെ(സ) എനിക്ക് രണ്ട് അയൽവാസികളുണ്ടെങ്കിൽ ആർക്കാണ് ഞാൻ ഉപഹാരം നൽകേണ്ടത്? അവിടുന്ന് പറഞ്ഞു. അവരിൽ നിന്നോട് ഏറ്റവും അടുത്ത വീട്ടുകാർക്ക് തന്നെ (ബുഖാരി)

♦️ അബൂഹുറൈറ(റ) നിവേദനം: നബി(സ) പറയുകയുണ്ടായി:വിശ്വാസികളേ, ഒരു അയൽവാസി തന്റെ അയൽവാസിക്ക് ഒരു കുളമ്പിൻ കഷ്ണം നൽകുന്നത്‌പോലും നിസ്സാരമായി കാണരുത്.(മുത്തഫഖുൻ അലൈഹി)

♦️ ഇബ്നു അബ്ബാസ് ഇബ്നു സുബൈറിൽ നിന്നും ഉദ്ധരിക്കുന്നു : അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറയെ ഭക്ഷിക്കുന്നവൻ നമ്മിൽ പെട്ടവനല്ല എന്ന് മുഹമ്മദ് നബി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. 
(അദബുൽ മുഫ്റദ്)

♦️ അബൂദറ് നിവേദനം ചെയ്യുന്നു: പ്രവാചകൻ എന്നോട് പറഞ്ഞു "അബുദർറ് നീ കറി ഉണ്ടാക്കുമ്പോൾ കൂടുതൽ ഉണ്ടാക്കി നിൻറെ അയൽവാസികൾ കൂടി നൽകുക".
(അദബുൽ മുഫ്റദ്)

വിശുദ്ധ ഖുർആൻ കൽപ്പിക്കുന്നു.

"നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല. "
(വിശുദ്ധ ഖുർആൻ 4:36 ).



Post a Comment

Previous Post Next Post