📌ചോദ്യം : ഇസ്ലാമിക അനന്തരാവകാശ നിയമമനുസരിച്ച് ഒരാൾ ജീവിച്ചിരിക്കെ മക്കൾ മരണപ്പെട്ടുപോയാൽ മരണപ്പെട്ടവരുടെ മക്കൾക്ക് (പേരക്കുട്ടികൾക്ക്) പിതാമഹന്റെ സ്വത്തിൽ അവകാശമില്ല എന്ന് കേട്ടു; ഇത് അനീതിയല്ലേ ?
♦️ഉത്തരം: ഇസ്ലാം നീതിയുടെ മതം ആണ് . എല്ലാ സന്ദർഭങ്ങളിലും നീതിയോടെ മാത്രം കാര്യങ്ങൾ കൈകാര്യം ചെയ്യാനാണ് ഇസ്ലാമിൻറെ കല്പന. അതുകൊണ്ടുതന്നെ ഒരാളോടും ഒരു തരത്തിലുമുള്ള അനീതിയും ഇസ്ലാമിൽ ഉണ്ടാവുകയില്ല തന്നെ.
۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوا۟ قَوَّٰمِينَ بِٱلْقِسْطِ شُهَدَآءَ لِلَّهِ وَلَوْ عَلَىٰٓ أَنفُسِكُمْ أَوِ ٱلْوَٰلِدَيْنِ وَٱلْأَقْرَبِينَ ۚ ....
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി......
(Surat:4, Verse:135)
അനന്തരാവകാശ സ്വത്ത് എന്നത് ഒരാളുടെ മരണസമയത്ത് ജീവിച്ചിരിപ്പുള്ള ഒന്നാമത്തെ ലെവലിൽ ഉള്ള കുടുംബക്കാർക്ക് ലഭിക്കുന്ന അവകാശമാണ്. മാതാപിതാക്കൾ, മക്കൾ, ഭാര്യ, ഭർത്താവ് എന്നിവരാണ് ഈ ആദ്യ ലെവലിൽ ഉള്ള ആളുകൾ. ഇവർ ജീവിച്ചിരിപ്പുണ്ടെങ്കിൽ കുടുംബ ശ്രേണിയിൽ അടുത്ത ലെവലിൽ ഉള്ള മറ്റുള്ളവർക്ക് അനന്തരാവകാശം ലഭിക്കുകയില്ല. ഉദാഹരണമായി, മക്കളും പിതാവും ജീവിച്ചിരിപ്പുണ്ടെങ്കിൽ മരണപ്പെട്ട ആളുടെ സഹോദരീ സഹോദരന്മാർക്ക് സ്വത്തിൽ അവകാശം ലഭിക്കില്ല. പിതാവും മക്കളും ഒന്നും ജീവിച്ചിരിപ്പില്ലാത്ത അവസ്ഥയിൽ ഒരാൾ മരണപ്പെട്ടാൽ മാത്രമേ സഹോദരീ സഹോദരന്മാർക്ക് സ്വത്തിൽ അവകാശം ലഭിക്കുകയുള്ളൂ. അതുപോലെതന്നെ മക്കൾ ജീവിച്ചിരിക്കെ പേരമക്കൾക്ക് സ്വത്തിൽ നേരിട്ട് അവകാശം ലഭിക്കില്ല.
അപ്പോൾ എങ്ങനെയാണ് പേരക്കുട്ടികൾക്ക് പിതാമഹനിൽ നിന്ന് സ്വത്ത് ലഭിക്കുക എന്ന് സംശയം ഉണ്ടായേക്കാം. പലതരത്തിലുള്ള പരിഹാരങ്ങൾ ഇസ്ലാം നിർദേശിക്കുന്നുണ്ട്.
1. ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ ഒരാൾക്ക് തൻറെ പേര കുട്ടികൾക്ക് സ്വന്തം സ്വത്തിൽ നിന്ന് നൽകാം. അഥവാ തൻറെ മകൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അയാൾക്ക് ലഭിക്കുമായിരുന്ന സ്വത്തവകാശം ഏകദേശം കണക്കാക്കി പേരമക്കളുടെ പേരിൽ എഴുതി കൊടുക്കാം.
2. മരണാനന്തരം തൻറെ പേരക്കുട്ടികൾക്ക് തൻറെ സ്വത്തിൽ നിന്നും നിശ്ചിത ഓഹരി നൽകാനായി വസിയ്യത്ത് ചെയ്യാവുന്നതാണ് (ഒസ്യത്ത് അഥവാ വിൽപത്രം എഴുതിവെക്കുക). സ്വത്തിന്റെ മൂന്നിലൊന്ന് വരെ വസിയ്യത്ത് ചെയ്യാം.
3. ഇനി ഒരാൾ പേരക്കുട്ടികൾക്ക് ജീവിച്ചിരിക്കുമ്പോൾ ഒന്നും നൽകിയതുമില്ല അയാൾ വിൽപത്രം എഴുതിയതും ഇല്ല എന്ന് കരുതുക. എങ്കിൽപോലും അനന്തര സ്വത്ത് വീതം വയ്ക്കുന്ന സമയത്ത് അവകാശികൾ ഇവരോട് അനുഭാവപൂർണമായ നിലപാട് എടുത്ത് മാന്യമായ വിഹിതം നൽകണമെന്നും വിശുദ്ധഖുർആൻ ഉണർത്തുന്നു.
وَإِذَا حَضَرَ ٱلْقِسْمَةَ أُو۟لُوا۟ ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينُ فَٱرْزُقُوهُم مِّنْهُ وَقُولُوا۟ لَهُمْ قَوْلًۭا مَّعْرُوفًۭا
( സ്വത്ത് ) ഭാഗിക്കുന്ന സന്ദര്‍ഭത്തില്‍ ( മറ്റു ) ബന്ധുക്കളോ, അനാഥകളോ പാവപ്പെട്ടവരോ ഹാജറുണ്ടായാല്‍ അതില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ വല്ലതും നല്‍കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യേണ്ടതാകുന്നു.
(Surat:4, Verse:8)
സ്വത്ത് വീതം വെക്കുമ്പോൾ അനന്തരാവകാശ സ്വത്തിന് അവകാശികളായവരുടെ ആദ്യ ലെവലിൽ വരാത്ത ബന്ധുക്കൾക്ക് നിശ്ചിത ഓഹരി ഇല്ലെങ്കിൽ കൂടി മാന്യമായി വിഹിതം നൽകണമെന്നാണ് ഖുർആൻറെ ആഹ്വാനം.
എന്നുമാത്രമല്ല തൊട്ടടുത്ത ആയത്തിൽ ഇങ്ങനെ കൂടെ ഖുർആൻ പ്രസ്താവിക്കുന്നു
وَلْيَخْشَ ٱلَّذِينَ لَوْ تَرَكُوا۟ مِنْ خَلْفِهِمْ ذُرِّيَّةًۭ ضِعَٰفًا خَافُوا۟ عَلَيْهِمْ فَلْيَتَّقُوا۟ ٱللَّهَ وَلْيَقُولُوا۟ قَوْلًۭا سَدِيدًا
തങ്ങളുടെ പിന്നില്‍ ദുര്‍ബലരായ സന്താനങ്ങളെ വിട്ടേച്ചുപോയാല്‍ ( അവരുടെ ഗതിയെന്താകുമെന്ന് ) ഭയപ്പെടുന്നവര്‍ ( അതേവിധം മറ്റുള്ളവരുടെ മക്കളുടെ കാര്യത്തില്‍ ) ഭയപ്പെടട്ടെ. അങ്ങനെ അവര്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യട്ടെ.
(Surat:4, Verse:9)
അഥവാ തന്റെ സഹോദരൻ മരിച്ചത് കാരണമാണ് സഹോദരൻറെ മക്കൾ അനാഥരായത്. സഹോദരന് പകരം താൻ ആണ് മരിച്ചത് എങ്കിൽ തൻറെ മക്കളും ഇതുപോലെ അനാഥരാകുമായിരുന്നു. അനാഥരായ തൻറെ മക്കളോട് മറ്റുള്ളവർ എങ്ങനെ പെരുമാറണം എന്നാണോ താങ്കൾ ആഗ്രഹിക്കുന്നത് (അവർക്ക് സ്വത്തിൽ നിന്ന് ഒരു വിഹിതം നൽകണം എന്ന് താങ്കൾ ആഗ്രഹിക്കുമല്ലോ) അപ്രകാരംതന്നെ അനാഥരായ സഹോദരന്റെ മക്കളോട് താനും പെരുമാറണം എന്ന ആശയം കൂടി ഈ ഖുർആൻ ആയത്തിൽ നിന്ന് ഗ്രഹിക്കാം.
അപ്പോൾ പേരക്കുട്ടികൾക്ക് സ്വത്ത് ലഭിക്കാത്ത പ്രശ്നമില്ല. മേൽപ്പറഞ്ഞ മൂന്ന് രൂപങ്ങളിൽ ഏതെങ്കിലും വഴി അവർക്ക് സ്വത്ത് ലഭിക്കും.
ഇത്രയും പറഞ്ഞപ്പോൾ ചിലർക്കെങ്കിലും ഒരു സംശയം ഉണ്ടായേക്കും. എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത് ? മകൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ മകന് ലഭിക്കേണ്ട അനന്തരസ്വത്ത് കണക്കാക്കി അത് പേരക്കുട്ടികൾക്ക് കൊടുത്താൽ പോരേ എന്ന് !
പെട്ടെന്ന് കേൾക്കുമ്പോൾ നല്ല ആശയമാണ് എന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ ഇത് ഒരുപാട് പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു സമസ്യ മാത്രമാണ്. വിശദീകരിക്കാം.
ഇവിടെ മരണപ്പെട്ട ഒരാളെ അയാൾ മരണപ്പെട്ടില്ലായിരുന്നുവെങ്കിൽ അയാൾക്ക് ലഭിക്കുമായിരുന്ന സ്വത്ത് കണക്കാക്കുന്ന രീതിയാണ് മുന്നോട്ടുവെക്കുന്നത്. പക്ഷേ ഇങ്ങനെ മരണപ്പെട്ട ഒരാളെ അയാൾ മരണപ്പെട്ടില്ലായിരുന്നുവെങ്കിൽ എന്ന് സങ്കൽപ്പിച്ചാൽ മൊത്തം അനന്തരാവകാശ നിയമം തന്നെ തകർന്നുപോകും എന്ന് കാണാം. ഇസ്ലാമിക നിയമം മാത്രമല്ല ലോകത്ത് ഏതു നിയമത്തിലും അങ്ങനെ തന്നെയാണ്. എളുപ്പം മനസ്സിലാക്കാനായി ചില ഉദാഹരണങ്ങൾ നൽകാം.
1. ഭാര്യ മരണപ്പെട്ട് ഏതാനും വർഷങ്ങൾക്കു ശേഷം ഭർത്താവ് മരണപ്പെട്ടു. മരണപ്പെട്ടുപോയ ഭാര്യയുടെ ഇപ്പോഴും ജീവിച്ചിരിക്കുന്ന മാതാപിതാക്കൾ മരുമകന്റെ സ്വത്തിൽ അവകാശവാദം ഉന്നയിച്ചാൽ എങ്ങനെയിരിക്കും? അവരുടെ ന്യായവും ഒന്നുതന്നെയാണ്. തങ്ങളുടെ മകൾ ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ ഭാര്യയ്ക്ക് ഭർത്താവിൻറെ അനന്തരസ്വത്തിൽ അവകാശം ഉണ്ടാവുമല്ലോ. അപ്പോൾ പ്രാതിനിത്യ തത്വമനുസരിച്ച് ആ സ്വത്തിൽ അവളുടെ മാതാപിതാക്കളായ ഞങ്ങൾക്കും അവകാശമുണ്ട് !
2. ഭർത്താവ് മരണപ്പെട്ട് ഏതാനും വർഷങ്ങൾക്കു ശേഷം ഭാര്യ മരണപ്പെട്ടു. അപ്പോൾ നേരത്തെ മരണപ്പെട്ടുപോയ ഭർത്താവിന്റെ , ഇപ്പോഴും ജീവിച്ചിരിക്കുന്ന മാതാപിതാക്കൾ മരുമകളുടെ സ്വത്തിൽ അവകാശവാദം ഉന്നയിച്ചാൽ എങ്ങനെയിരിക്കും? അവരുടെ ന്യായവും ഇത് തന്നെയാണ്. തങ്ങളുടെ മകൻ ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ ഭർത്താവിന് ഭാര്യയുടെ അനന്തര സ്വത്തിൽ അവകാശം ഉണ്ട്. അപ്പോൾ പ്രാതിനിത്യ തത്വമനുസരിച്ച് ആ സ്വത്തിൽ മകന്റെ മാതാപിതാക്കളായ ഞങ്ങൾക്കും അവകാശമുണ്ട് !
3. മരണപ്പെട്ട ആൾക്ക് ഭാര്യയും മൂന്നു പെൺകുട്ടികളും ഒരാൺകുട്ടിയും ജീവിച്ചിരിപ്പുണ്ട്. അയാളുടെ മാതാപിതാക്കൾ നേരത്തെ മരണപ്പെട്ടവരാണ്. സ്വാഭാവികമായും സ്വത്ത് ഭാര്യക്കും മക്കൾക്കും മാത്രം അവകാശപ്പെട്ടതാണ്. എന്നാൽ ഇയാളുടെ സഹോദരന്മാർ തങ്ങൾക്ക് കൂടി സ്വത്തിൽ വീതം വേണമെന്ന് ആവശ്യപ്പെടുന്നു. അവർ പറയുന്ന ന്യായം മരണപ്പെട്ട ആളുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അവർക്ക് രണ്ടുപേർക്കും സ്വത്തിൽ അവകാശം ഉണ്ടാകുമായിരുന്നു. അതുകൊണ്ട് അവർ ജീവിച്ചിരിപ്പുണ്ട് എന്ന് സങ്കൽപ്പിച്ച് ആ സ്വത്ത് ഞങ്ങൾക്ക് കൂടി വീതിച്ചു നൽകണം !
മരിച്ചു പോയ ആളുകളെ അവർ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എന്ന് സങ്കൽപ്പിച്ച് സ്വത്ത് വിഭജനം നടത്തൽ അസാധ്യമാണ് ഇന്ന് മനസ്സിലാക്കാനായി ഏതാനും ഉദാഹരണങ്ങൾ പറഞ്ഞതാണ്. ഇത്തരത്തിൽ ഇഷ്ടംപോലെ ഉദാഹരണങ്ങൾ ഇനിയും ഉദാഹരിക്കാൻ കഴിയും.
ചില ആളുകളുടെ ലളിത യുക്തിയിൽ തോന്നുന്ന പരിഹാരങ്ങൾ യഥാർത്ഥ പരിഹാരമല്ല കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് മാത്രമാണ് എന്ന് തിരിച്ചറിയുക. ദൈവിക മതമായ ഇസ്ലാമിൽ വളരെ കൃത്യമായ പ്രായോഗികമായ നിർദേശങ്ങൾ ആണുള്ളത്. കൂടുതൽ പഠിക്കും തോറും ഇത് ലോക രക്ഷിതാവിൽ നിന്നുള്ളത് ആണ് എന്ന് നിസ്സംശയം ബോധ്യപ്പെടുത്തുന്നതാണ് ഇത്തരം കാര്യങ്ങൾ.
അപ്പോൾ പേരക്കുട്ടികൾക്ക് സ്വത്ത് ലഭിക്കാനായി ഇസ്ലാമിക നിർദ്ദേശ പ്രകാരം മുകളിൽ വിശദീകരിച്ച മൂന്ന് രീതികളാണ് പ്രായോഗികമായത്. മരിച്ചയാളെ മരിച്ചില്ല എന്ന് സങ്കൽപ്പിച്ച് സ്വത്ത് വിഭജിക്കുന്ന രീതി പരിഹാരമല്ല പ്രശ്നങ്ങൾ പുതുതായി സൃഷ്ടിക്കൽ മാത്രമാണ്. ദൈവിക മതമായ ഇസ്ലാം പ്രായോഗികമാണ്, സിംപിളാണ്.
Post a Comment