ദൈവം ഉണ്ട് എന്നതിന് തെളിവ് എന്ത് ? എന്തിനാണ് വ്യത്യസ്ത പ്രവാചകന്മാർ ? എന്തുകൊണ്ട് ദൈവം നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ല ? വിവിധ മത ഗ്രന്ഥങ്ങളിൽ ഏതാണ് ശരി?


📌 ചോദ്യം: "സർ ഞാൻ ഒരു ഇസ്ലാം മത വിശ്വാസി ആണ്. ഒരു യുക്തിവാദി സുഹൃത്ത് എന്നോട് ചോദിച്ച ചോദ്യങ്ങൾ ആണ് ഞാൻ സർനോട് ചോദിക്കുന്നത്. അവന് വ്യക്തമായ ഉത്തരം കൊടുക്കാനും വേണ്ടി ഉള്ളതാണ് എന്റെ ചോദ്യം .. ക്രിസ്ത്യൻ മതഗ്രന്തവും, ജൂത മതഗ്രന്തവും,ഇസ്ലാം മത ഗ്രന്തവും, എല്ലാ പ്രവാചകൻമാരെയും, അള്ളാഹു തന്നെ യാണ് അയച്ചതെങ്കിൽ.. ഇപ്പോൾ ആ മതങ്ങൾ തമ്മിൽ തങ്ങളുടെ വിശ്വാസം മാത്രം ആണ് ശെരി എന്ന് വാദിച്ചുകൊണ്ട് ഒരുപാടു പ്രശ്നങ്ങൾ ഉണ്ടാവുന്നു. എന്തുകൊണ്ടാണ് ധൈവം എല്ലാ മനുഷ്യർക്കും ആയി ഒരേ ഒരു പ്രവാചകനെ അയക്കാതിരുന്നത്?
ധൈവം എന്തുകൊണ്ടാണ് നേരിട്ടു വരാതിരിക്കുന്നത്?
ധൈവം ഉണ്ടെന്നുള്ളതിന്റെ തെളിവ് എന്താണ്? "
Question by FB ID Muhammed Safad

📣 ഉത്തരം: അവസാനത്തെ ചോദ്യത്തിനുള്ള ഉത്തരം ആദ്യം പറയാം. ദൈവം ഉണ്ട് എന്നതിനുള്ള തെളിവ് എന്ത് എന്നത് : ഈ മഹാ പ്രപഞ്ചവും ഭൂമിയും അതിലെ സകല ജീവജാലങ്ങളും, നമ്മുടെ സ്വന്തം ശരീരവും, ഓരോ അവയവങ്ങളുടെയും അത്ഭുതകരമായ സൃഷ്ടിഘടനയും തന്നെയാണ് ദൈവം ഉണ്ട് എന്നതിന് തെളിവ്. ഒരു കോശത്തിലെ DNA യും ജീനുകളും പ്രോട്ടീനുകളും മഹത്തായ ഒരു സ്രഷ്ടാവിന്റെ സാന്നിധ്യം ബോധ്യപ്പെടുത്തുന്നു. 

വളരെ കൃത്യമായ ആസൂത്രണങ്ങളിലൂടെയാണ് ഇതെല്ലാം നിലനിൽക്കുന്നത് എന്ന് എന്ന് നിഷ്പക്ഷ ബുദ്ധ്യാ വിലയിരുത്തുന്ന ഏതൊരാൾക്കും ബോധ്യപ്പെടും. ഇതെല്ലാം ആകസ്മികമായി ഉണ്ടായതാണ് എന്ന് വിവരദോഷികൾ അല്ലാതെ പറയുകയില്ല. മരുഭൂമിയിലൂടെ നടന്നു പോകുന്ന ഒരാൾക്ക് മണലിൽ നിന്നും ഒരു  ഐഫോൺ കിട്ടുന്നു. അയാൾ ഇങ്ങനെ വാദിക്കുന്നു എന്ന് കരുതുക ; മരുഭൂമിയിൽ 100 കോടി വർഷങ്ങൾ വെയിലും മഴയും മഞ്ഞും ഒക്കെ ഏറ്റ് മണലിലെ സിലിക്കണും മറ്റു മൂലകങ്ങളും ഒക്കെ കൂടി ചേർന്നു ചിപ്പുകളും ബാറ്ററിയും ലെൻസും ക്യാമറയും ഒക്കെയായി ഈ ഐഫോൺ തനിയെ ഉണ്ടായതാണ് ഇതിനു പിന്നിൽ ഒരു സൃഷ്ടാവ് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും ! 

ഷേക്സ്പിയറിന്റ ഒരു നോവൽ എടുത്തുകൊണ്ട് ഒരാൾ വാദിക്കുന്നു എന്ന് കരുതുക. ഇത് ആകസ്മികമായി ഉണ്ടായതാണ്. ഒരു കുരങ്ങൻ ഒരു ടൈപ്പ് റൈറ്ററിൽ പത്തുവർഷം ഇരുന്നു വെറുതെ അടിച്ചു കൊണ്ടിരുന്നാൽ അതിൽനിന്നും ഇത്തരത്തിൽ ഒരു നോവൽ ആകസ്മികമായി ഉണ്ടാവും. അല്ലാതെ ഇതിനു പിന്നിൽ ഒരു ആസൂത്രണമോ ബുദ്ധിവൈഭവവമോ ഒരു സ്രഷ്ടാവോ ഒന്നും ആവശ്യമില്ല ! എത്ര യുക്തി രഹിതമായ വാദമാണിത് ! 

ഒരുദാഹരണം പറയാം. ഒരു മനുഷ്യ ശരീരത്തിലെ ഡിഎൻഎയിൽ അടങ്ങിയ  ഇൻഫർമേഷൻ ഡാറ്റ
150,000,000,000,000 GB യാണ് .  ഇത് എത്ര വലിയൊരു സംഖ്യ ആണ് എന്ന് ചിലപ്പോൾ ബോധ്യപ്പെടണം എന്നില്ല. നമുക്ക് മനസ്സിലാക്കാവുന്ന ഒരു ഉദാഹരണം പറഞ്ഞാൽ ഒരു മനുഷ്യൻറെ ഡിഎൻഎയിലെ ഡാറ്റ സിഡികളിലേക്ക് മാറ്റി എന്ന് കരുതുക. അത് ഒന്നിന് മുകളിൽ ഒന്നായി അടുക്കി വെച്ചാൽ ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരത്തിന്റെ 15 ഇരട്ടി ഉയരത്തിൽ ഒരു മനുഷ്യൻറെ ശരീരത്തിലെ DNA ഡാറ്റ മാത്രം മാത്രം വരും ! അഥവാ ഭൂമിയിൽനിന്നും സൂര്യൻ വരെ ഉയരത്തിൽ 15 സിഡി റാക്കുകൾ അടുക്കി വെച്ചാൽ പോലും തീരാത്തത്ര ഡാറ്റ ഇൻഫർമേഷൻ ആണ് വെറും ഒരു മനുഷ്യന്റെ ഡി എൻ എ യിൽ മാത്രമുള്ളത് ! ഒരു സൃഷ്ടാവ് ഇല്ലാതെ ഇത് തനിയെ ഉണ്ടായി എന്ന് വിശ്വസിക്കാമോ ! 

 മനുഷ്യൻറെ കണ്ണിൻറെ റസല്യൂഷൻ 576 മെഗാപിക്സൽ ആണെന്നാണ് ശാസ്ത്രം പറയുന്നത് ! ശരീരത്തിലെ ഓരോ അവയവങ്ങളും ഇതുപോലെ  മഹാത്ഭുതങ്ങൾ ആണ്. ഒരു മൊബൈൽ ഫോണോ ക്യാമറയോ ഒന്നും ഒരു സൃഷ്ടാവ് ഇല്ലാതെ തനിയെ ഉണ്ടാകുന്നില്ല എങ്കിൽ അതിനേക്കാൾ എത്രയോ ഉന്നതമായ സൃഷ്ടിയാണ് ഒരു ജൈവകോശം പോലും ! ഈ മഹാ പ്രപഞ്ചം അതിനെക്കാൾ എത്രയോ മഹത്തായ സൃഷ്ടിയാണ് !

മനുഷ്യൻറെ ശുദ്ധ പ്രകൃതി (ഫിത്റ) അവന് സൃഷ്ടാവിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നു. അവൻറെ സാമാന്യബുദ്ധിയും യുക്തിയും സൃഷ്ടാവിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നു. ഈ പ്രപഞ്ചവും അവൻറെ ശരീരവും എല്ലാം സ്രഷ്ടാവിനെ ബോധ്യപ്പെടുത്തുന്നു. അത് നിഷേധിക്കൽ യുക്തിയില്ലായ്മ മാത്രമാണ്. ആത്മവഞ്ചനയാണ്.

ലോക സൃഷ്ടാവായ ദൈവം ഏകനാണ്. പ്രപഞ്ചത്തിന് പുറത്തുള്ള അസ്തിത്വമാണ്. സ്ഥലകാലത്തിന് അതീതനാണ്. തുടക്കവും ഒടുക്കവും ഇല്ലാത്തവനാണ്. ആരുടെയും ആശ്രയം വേണ്ടാത്തവൻ ആണ്. പിതാവോ പുത്രനോ ഇണയോ ഇല്ല. അത് അവൻറെ ഔന്നത്യത്തിന് യോജിക്കുന്നതും അല്ല . എല്ലാ അർത്ഥത്തിലും പരിപൂർണ്ണൻ.  അവനു തുല്യനായി ആരും തന്നെയില്ല. 

ഇനി അടുത്ത ചോദ്യം : എന്തുകൊണ്ട് ദൈവം നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ല ? 

സ്രഷ്ടാവിനെ ബോധ്യപ്പെടാൻ സ്രഷ്ടാവ് നമ്മുടെ മുന്നിൽ നേരിട്ട് പ്രത്യക്ഷപ്പെടണം എന്നത് യുക്തിരഹിതമായ വാദമാണ്. കടയിൽ നിന്നും ഒരു മൊബൈൽ ഫോൺ വാങ്ങുന്ന ഒരാൾ ഈ മൊബൈൽ ഫോണിന് ഒരു സ്രഷ്ടാവ് ഉണ്ട് എന്ന് ബോധ്യപ്പെടണമെങ്കിൽ ഇതിൻറെ നിർമ്മാതാക്കൾ എല്ലാവരും എൻറെ മുന്നിൽ നേരിട്ട് പ്രത്യക്ഷപ്പെട്ടു എന്നോട് കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തണം എന്ന് പറഞ്ഞാൽ അത് യുക്തി ആണോ യുക്തിരാഹിത്യം ആണോ ?  മൊബൈൽ ഫോണിന് ഒരു മാനുഫാക്ചറർ ഉണ്ട് എന്ന് ബോധ്യപ്പെടാൻ മൊബൈൽഫോൺ തന്നെയാണ് തെളിവ്. സൃഷ്ടി കണ്ടാൽ അതിനു പിറകിൽ സ്രഷ്ടാവ് ഉണ്ടെന്ന് ബോധ്യപ്പെടും. അല്ലാതെ ഓരോ വസ്തുവിന്റെയും സൃഷ്ടാക്കളെ നേരിൽ കാണേണ്ട ആവശ്യമില്ല. അത്തരമൊരു ആവശ്യം ബാലിശവും യുക്തിരഹിതവും ആണ് .

ഇനി മറ്റു ചോദ്യങ്ങളിലേക്ക് വരാം.  എന്താണ് വിവിധ പ്രവാചകന്മാരുടെ ആവശ്യം ? എന്തുകൊണ്ട് ഈ മതങ്ങളൊക്കെ വ്യത്യാസപ്പെട്ടു കാണപ്പെടുന്നു ? 

ഒന്നാമത്തെ മനുഷ്യൻ ആദമും രണ്ടാമത്തെയാൾ ഭാര്യ ഹവ്വയും ആണ്. ഇവരുടെ മക്കളാണ് ഇന്ന് ലോകത്തുള്ള സകല മനുഷ്യരും. പിശാചിൻറെ പ്രേരണയാൽ വിലക്കപ്പെട്ട പഴം ഭക്ഷിക്കുക വഴി ആദമും ഹവ്വയും സ്വർഗത്തിൽ നിന്നും പുറത്താക്കപ്പെട്ടു. സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് അവരെ അവരെ അയക്കുമ്പോൾ അല്ലാഹു അവർക്ക് ഒരു വാഗ്ദാനം നൽകി.

قُلْنَا ٱهْبِطُوا۟ مِنْهَا جَمِيعًۭا ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًۭى فَمَن تَبِعَ هُدَاىَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന്‌ ഇറങ്ങിപ്പോകുക. എന്നിട്ട്‌ എന്‍റെപക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക്‌ വന്നെത്തുമ്പോള്‍ എന്‍റെആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക്‌ ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.

وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَٰتِنَآ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ
അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച്‌ തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
(Surat:2, Verse: 38-39)

ആദ്യ മനുഷ്യനായ ആദം, ഒരു നബിയും കൂടിയാണ് അഥവാ ദൈവികമായ വെളിപാടുകൾ ലഭിക്കുകയും മനുഷ്യർക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്ന പ്രവാചകൻ. എല്ലാ മനുഷ്യ സമൂഹങ്ങളിലേക്കും നിരവധി നബിമാർ അവതരിക്കപ്പെട്ടു. പ്രവാചകന്മാർ കടന്നുവരാത്ത ഒരു സമൂഹവും ലോകത്തില്ല. നോഹ അബ്രഹാം മോശ യേശു തുടങ്ങിയവർ അവരിൽ ചിലർ മാത്രം. എല്ലാവരുടെയും പ്രബോധന ദൗത്യം തത്വത്തിൽ ഒന്ന് തന്നെ. ഏകദൈവവിശ്വാസവും നന്മതിന്മകളും മരണാനന്തര ജീവിതവും. ഇക്കാര്യങ്ങൾ പ്രബോധനം ചെയ്യുക എന്നതല്ലാതെ മതത്തിൽ യാതൊരു ബലാൽക്കാരവും ഇല്ല. ഇഷ്ടമുള്ളവർക്ക് വിശ്വസിക്കാം അല്ലാത്തവർക്ക് അവിശ്വസിക്കാം. 

وَقُلِ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ ۚ
പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ....
(Surat:18, Verse:29) 

لَآ إِكْرَاهَ فِى ٱلدِّينِ ۖ قَد تَّبَيَّنَ ٱلرُّشْدُ مِنَ ٱلْغَىِّ ۚ فَمَن يَكْفُرْ بِٱلطَّٰغُوتِ وَيُؤْمِنۢ بِٱللَّهِ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ لَا ٱنفِصَامَ لَهَا ۗ وَٱللَّهُ سَمِيعٌ عَلِيمٌ
മതത്തിന്‍റെകാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യക്തമായി വേര്‍തിരിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത്‌ ബലമുള്ള ഒരു കയറിലാകുന്നു. അത്‌ പൊട്ടി പോകുകയേ ഇല്ല. അല്ലാഹു ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
(Surat:2, Verse:256)

قُولُوٓا۟ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ إِلَيْنَا وَمَآ أُنزِلَ إِلَىٰٓ إِبْرَٰهِۦمَ وَإِسْمَٰعِيلَ وَإِسْحَٰقَ وَيَعْقُوبَ وَٱلْأَسْبَاطِ وَمَآ أُوتِىَ مُوسَىٰ وَعِيسَىٰ وَمَآ أُوتِىَ ٱلنَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍۢ مِّنْهُمْ وَنَحْنُ لَهُۥ مُسْلِمُونَ
നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന്‌ ഞങ്ങള്‍ക്ക്‌ അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ്‌ സന്തതികള്‍ക്കും അവതരിപ്പിച്ച്‌ കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക്‌ നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നല്‍കപ്പെട്ടതി ( സന്ദേശങ്ങളി )ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന്‌ ( അല്ലാഹുവിന്ന്‌ ) കീഴ്പെട്ട്‌ ജീവിക്കുന്നവരുമാകുന്നു.
(Surat:2, Verse:136)

പ്രവാചകന്മാർ അവതരിക്കപ്പെട്ട സമൂഹങ്ങളിൽ ചിലർ അല്ലാഹുവിൽ വിശ്വസിക്കുകയും പ്രവാചകന്മാരെ പിന്തുടരുകയും ചെയ്തു. ഭൂരിപക്ഷവും വിശ്വസിച്ചില്ല. വിശ്വസിച്ച  ആളുകളിൽ തന്നെ ആ പ്രവാചകന്മാരുടെ കാലശേഷം പൗരോഹിത്യം കൈകടത്തലുകൾ നടത്തി. വേദഗ്രന്ഥങ്ങളിൽ തങ്ങൾക്ക് ഇഷ്ടമില്ലാത്ത പലതും ഒഴിവാക്കുകയും പലതും സ്വന്തം വകയായി കൂട്ടിച്ചേർക്കുകയും ചെയ്തു ! അഥവാ പ്രവാചകൻമാർ പഠിപ്പിച്ചതിൽനിന്നും കാലക്രമേണ അനുയായികൾ തെറ്റി പോവുകയും മതവിരുദ്ധമായ, ഏകദൈവ വിശ്വാസത്തിന് വിരുദ്ധമായ പൗരോഹിത്യ മതങ്ങൾ രൂപപ്പെടുകയും ചെയ്തു. അവർ ദൈവിക വെളിപാടുകൾ വികലമാക്കി സ്വന്തം കൈകൾ കൊണ്ട് എഴുതി ഉണ്ടാക്കിയത് വേദഗ്രന്ഥത്തിൽ പെട്ടതാണെന്ന് അവകാശപ്പെട്ടു.  ദൈവപുത്ര സങ്കല്പവും ബഹുദൈവ വിശ്വാസങ്ങളും ഉടലെടുത്തു.  വിശ്വാസികളായിരുന്ന ആളുകളുടെ പിൻതലമുറക്കാർ അവിശ്വാസികളായ മാറുന്ന അവസ്ഥ ! കാലാകാലങ്ങളിൽ എല്ലാ സമൂഹങ്ങളിലും അവരിൽ നിന്നുതന്നെയുള്ള ഉത്തമ മനുഷ്യർ പ്രവാചകന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. കൃത്യമായ ദൈവിക വെളിപാടുകൾ പ്രബോധനം ചെയ്തു. പ്രവാചകന്മാരുടെ കാലശേഷം പൗരോഹിത്യം വീണ്ടും ജനങ്ങളെ വഴി തെറ്റിച്ചു. ഈയൊരു പ്രക്രിയ നിരന്തരം തുടർന്നുകൊണ്ടിരുന്നു. 

മനുഷ്യകുലം പടിപടിയായി ആണ് മാനസികമായും സാംസ്കാരികമായും പുരോഗതി പ്രാപിച്ചത്. അറിവുകൾ കൃത്യമായി രേഖപ്പെടുത്തി വെക്കുവാനും അത് സൂക്ഷ്മതയോടെ കൂടി കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും ഇല്ലാതെ സംരക്ഷിക്കുവാനും മനുഷ്യർ പ്രാപ്തരായിട്ട് ഒരു പതിനഞ്ചു നൂറ്റാണ്ടേ ആയിട്ടുള്ളൂ. യാതൊരുവിധ മാറ്റത്തിരുത്തലുകളും വരാതെ ദൈവിക വെളിപാടുകൾ സംരക്ഷിക്കാൻ ഉത്തരവാദിത്വ ബോധവും സാംസ്കാരിക ഉന്നതിയും ഉള്ള ഒരു ജനസമൂഹത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. അത്തരം ഒരു ജനസമൂഹം രൂപപ്പെട്ടത് മുഹമ്മദ് നബിയുടെ  കാലഘട്ടത്തിലാണ്. മുൻ പ്രവാചകന്മാർക്ക് അവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങൾ ഒരുപാട് മാറ്റത്തിരുത്തലുകൾക്ക് വിധേയമായിട്ടുണ്ട് എന്നുള്ളത് അതിൻറെ അനുയായികൾ തന്നെ സമ്മതിക്കുന്ന കാര്യമാണ്.
വേദഗ്രന്ഥം എന്ന് അവകാശപ്പെടുന്നവ പോലും പ്രവാചകന്മാർക്ക് അവതരിക്കപ്പെട്ട ഗ്രന്ഥങ്ങൾ അല്ല , പിൽക്കാലത്ത് പലരും എഴുതിയവ മാത്രമാണ്. അതുകൊണ്ടാണ് ബൈബിൾ പുതിയ നിയമത്തിൽ യേശുവിൻറെ സുവിശേഷം നാം കാണാത്തത്. മത്തായിയുടേയും ലൂക്കോസിൻറെയും യോഹന്നാന്റെയും ഒക്കെ സുവിശേഷങ്ങളാണ് ബൈബിളിൽ ഉള്ളത്. 

വിശുദ്ധ ഖുർആൻ മാത്രമാണ് ദൈവം നേരിട്ട് അവതരിപ്പിച്ചതാണ് എന്ന് സ്വയം പ്രഖ്യാപിക്കുന്ന ഏക വേദ ഗ്രന്ഥം. യാതൊരുവിധ മാറ്റത്തിരുത്തലുകൾക്കും വിധേയപ്പെട്ടിട്ടില്ല എന്ന് ഉറപ്പിച്ചു പറയാവുന്ന ഏക വേദ ഗ്രന്ഥം. പതിനാല് നൂറ്റാണ്ടുകളായി ലക്ഷക്കണക്കിനാളുകൾ പൂർണ്ണമായും മനപ്പാഠമാക്കിയ ഏക വേദ ഗ്രന്ഥം. 

മനുഷ്യകുലത്തിന്റെ സാംസ്കാരികവും സാമൂഹ്യവുമായ നാഗരികത പൂർത്തിയാകാതെ എല്ലാ മനുഷ്യർക്കും ആയി ഒരു പ്രവാചകനെ അവതരിപ്പിക്കാൻ കഴിയില്ല. അതുകൊണ്ടാണ് എഡി ഏഴാം നൂറ്റാണ്ടുവരെ അത്തരത്തിൽ ലോകജനതക്ക് ഒന്നാകെ ആയി ഒരു പ്രവാചകൻ അവതരിക്കാത്തത്. മനുഷ്യ നാഗരികത ഏറ്റവും മികച്ച രൂപത്തിൽ നിൽക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുകയും അവരിലൂടെ ദൈവിക വെളിപാടുകൾ യാതൊരു കോട്ടവും പറ്റാതെ വളരെ സൂക്ഷ്മമായും കൃത്യമായും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായത് പ്രവാചകൻ മുഹമ്മദ് നബിയുടെ  കാലഘട്ടത്തിൽ അദ്ദേഹത്തിൻറെ അനുചരന്മാരിലൂടെ ആണ്. അതിനുമുമ്പ് അത്തരമൊരു അവസ്ഥ ഉണ്ടായിട്ടില്ല. അത് സാധ്യമായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് മുഹമ്മദ് നബിക്ക് മുമ്പ് ലോകർക്ക് ആകമാനമായി ഒരു പ്രവാചകനും അവതരിക്കാഞ്ഞതും. 

ഇനി എല്ലാ മതങ്ങളും അവരുടെ വിശ്വാസങ്ങൾ മാത്രമാണ് ശരി എന്ന് അവകാശപ്പെടുന്നുണ്ടല്ലോ അതിൽ നിന്നും നമ്മൾ എങ്ങനെയാണ് സത്യം തിരഞ്ഞെടുക്കുക ? 

മനുഷ്യന് വിശേഷബുദ്ധി ഉണ്ട്. ചിന്തിക്കാനുള്ള ശേഷി ഉണ്ട്. 
1+2 = ? എന്ന ഒരു ചോദ്യത്തിന് 3 ഉത്തരങ്ങൾ ചോയിസ് ആയി നൽകിയിട്ടുണ്ട് എന്ന് കരുതുക.
 1+2 = 3, 1+2 = 4,  1+ 2 = 5 . ഇവിടെ എന്തായിരിക്കണം നിലപാട് !

 ഒരാൾ പറയുന്നു ഈ മൂന്നു ഉത്തരങ്ങളും ശരിയാണ്.  മറ്റൊരാൾ പറയുന്നു ഈ മൂന്ന് ഉത്തരങ്ങളും തെറ്റാണ്, വ്യത്യസ്തമായ 3 ഉത്തരങ്ങൾ ചോയ്സ് ഉള്ളതുകൊണ്ട് തന്നെ നമുക്ക് ആ 3 ഉത്തരങ്ങളും തെറ്റാണെന്ന് പ്രഖ്യാപിക്കാം. ഈ രണ്ടു നിലപാടുകളും യുക്തിരഹിതം ആണെന്ന് പറയേണ്ടതില്ലല്ലോ. കേവല ബുദ്ധിയുള്ള ഒരാൾ ഈ ഉത്തരങ്ങൾ പരിശോധിക്കുകയും അതിൽ നിന്നും ശരിയായ ഉത്തരം തിരഞ്ഞെടുക്കുകയും ആണ് ചെയ്യുക. ഒരേസമയം എല്ലാ ഉത്തരങ്ങളും ശരിയാവുകയും എല്ലാ ഉത്തരങ്ങളും തെറ്റ് ആവുകയും ഇല്ല.   ശരിയായ ഉത്തരം ഏത് എന്ന് എന്ന് കണ്ടുപിടിക്കേണ്ട ബാധ്യത ഓരോരുത്തർക്കും ഉണ്ട് . 

വേദഗ്രന്ഥങ്ങൾ മുന്നോട്ടുവയ്ക്കുന്ന ദൈവ വിശ്വാസ സങ്കല്പം, പരലോക സങ്കല്പം, നന്മതിന്മകൾ , വേദഗ്രന്ഥത്തിന്റെ ആധികാരികത , അതിലെ ശാസ്ത്രീയമായ കൃത്യത, ധാർമികമൂല്യങ്ങൾ, ചരിത്രപരമായ കൃത്യത തുടങ്ങി എല്ലാ കാര്യങ്ങളും വിശകലനം ചെയ്യാം. എന്നിട്ട് തീരുമാനിക്കാം. അല്ലാതെ വ്യത്യസ്തമായ ചോയ്സുകൾ ഉണ്ട് അതുകൊണ്ട് എല്ലാം തെറ്റ് എന്ന് പറയുന്നത് യുക്തിപരം അല്ലല്ലോ. 

إِنَّ هَٰذَا ٱلْقُرْءَانَ يَهْدِى لِلَّتِى هِىَ أَقْوَمُ وَيُبَشِّرُ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّٰلِحَٰتِ أَنَّ لَهُمْ أَجْرًۭا كَبِيرًۭا
തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക്‌ വഴി കാണിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക്‌ വലിയ പ്രതിഫലമുണ്ട്‌ എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു.
(Surat:17, Verse:9)

Dr Jauzal CP.

1 Comments

Post a Comment

Previous Post Next Post