മുഹമ്മദ് നബി (ﷺ) തൻറെ എല്ലാ ഭാര്യമാരേയും ദിവസവും സന്ദർശിക്കാറുണ്ടായിരുന്നു !

❓ ചോദ്യം : മുഹമ്മദ് നബി (ﷺ) തൻറെ എല്ലാ ഭാര്യമാരേയും സന്ദർശിക്കാറുണ്ടായിരുന്നു എന്ന ഹദീസിനെ പറ്റി ഒന്ന് വിശദീകരിക്കാമോ? 

♦️ഉത്തരം: മുഹമ്മദ് നബി ﷺ തൻറെ എല്ലാ ഭാര്യമാരെയും ഒരു ദിവസത്തിൽ തന്നെ സന്ദർശിക്കാറുണ്ടായിരുന്നു. ഇത് പ്രവാചകൻറെ സഹായിയായിരുന്ന അനസ് ബ്നു മാലിക് (റ) എന്ന സഹാബി വിവരിച്ചിട്ടുണ്ട്. പ്രവാചകൻ തൻറെ ഭാര്യമാരെ സന്ദർശിക്കുമ്പോൾ സ്വാഭാവികമായും ലൈംഗികബന്ധവും നടന്നിട്ടുണ്ടാവും എന്നാണ് അനസ് (റ) ഉൾപ്പെടെയുള്ള സഹാബികൾ കരുതിയിരുന്നത്. അക്കാര്യം മുഹമ്മദ് നബിയുടെ ശാരീരിക ക്ഷമതയായി അവർ മനസ്സിലാക്കി. പ്രവാചകന് 30 പേരുടെ കരുത്ത് നൽകപ്പെട്ടിട്ടുണ്ട് എന്ന് അവർ പറയാറുണ്ടായിരുന്നു. 

മുഹമ്മദ് നബി ﷺ എല്ലാ ദിവസവും ഭാര്യമാരെ ഒരേ പോലെ സന്ദർശിക്കുമായിരുന്നു പക്ഷേ ലൈംഗികബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നില്ല എന്നും, രാത്രി കഴിച്ചുകൂട്ടാൻ ഊഴം നിശ്ചയിക്കപ്പെട്ടിട്ടുള്ള ഭാര്യയുമായി മാത്രം ആണ് രാത്രി സഹവസിക്കാറുണ്ടായിരുന്നത് എന്നും മുഹമ്മദ് നബിയുടെ പ്രിയ പത്നി ആയിഷ (റ) തന്നെ റിപ്പോർട്ട് ചെയ്തതായി സഹീഹായ ഹദീസിൽ കാണാം. 

 قَالَتْ عَائِشَةُ يَا ابْنَ أُخْتِي كَانَ رَسُولُ اللَّهِ صلى الله عليه وسلم لاَ يُفَضِّلُ بَعْضَنَا عَلَى بَعْضٍ فِي الْقَسْمِ مِنْ مُكْثِهِ عِنْدَنَا وَكَانَ قَلَّ يَوْمٌ إِلاَّ وَهُوَ يَطُوفُ عَلَيْنَا جَمِيعًا فَيَدْنُو مِنْ كُلِّ امْرَأَةٍ مِنْ غَيْرِ مَسِيسٍ حَتَّى يَبْلُغَ إِلَى الَّتِي هُوَ يَوْمُهَا فَيَبِيتُ عِنْدَهَا ...

ആയിഷ പറഞ്ഞു: "എന്റെ സഹോദരീപുത്രാ, അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളുടെ (ഭാര്യമാർ) ഇടയിൽ സമയം വിഭജിച്ചതിന്റെ കാര്യത്തിൽ ഞങ്ങളിൽ ഒരാൾക്കും മറ്റൊരാളെക്കാൾ മുൻഗണന നൽകിയിരുന്നില്ല. അദ്ദേഹം ഞങ്ങളെ സന്ദർശിക്കാത്തത് വളരെ അപൂർവമായിരുന്നു (അതായത് എല്ലാ ദിവസവും അദ്ദേഹം ഞങ്ങളെ എല്ലാവരെയും സന്ദർശിച്ചിരുന്നു). തന്റെ ഓരോ ഭാര്യമാരുടെയും അടുത്ത് വരികയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ തന്നെ സമയം ചെലവഴിക്കുകയും ചെയ്യും. എന്നിട്ട് ഏതു ഭാര്യയോടൊത്ത് ആണോ അന്നത്തെ ദിവസം ചിലവഴിക്കാൻ നിശ്ചയിക്കപ്പെട്ടത് ആ ഭാര്യയോടൊപ്പം രാത്രി സഹവസിക്കുകയും ചെയ്യും..."

(സുനനു അബൂദാവൂദ് 2135. സ്വഹീഹ് - അൽബാനി )

പ്രവാചകൻറെ കുടുംബ ജീവിതത്തെ കുറിച്ചും ലൈംഗിക ജീവിതത്തെക്കുറിച്ചും പ്രവാചകൻറെ ഭാര്യമാർക്ക് ആണ് അറിവ് ഉണ്ടാവുക എന്നതിനാൽ പ്രവാചകൻറെ പ്രിയപത്നി ആയിഷ (റ) യുടെ വാക്കുകളാണ് ഇക്കാര്യത്തിൽ കൂടുതൽ ആധികാരികം. മുഹമ്മദ് നബി ﷺ എല്ലാ ഭാര്യമാരേയും ദിവസവും സന്ദർശിച്ചിരുന്നു എങ്കിലും ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്നില്ല എന്ന് ആയിഷ വ്യക്തമാക്കിയത് മുകളിൽ കണ്ടല്ലോ. പ്രവാചകൻ ദിവസവും ഭാര്യമാരെ സന്ദർശിച്ചിരുന്നത് അറിഞ്ഞിരുന്ന സഹാബികൾ ഊഹിച്ച കാര്യം മാത്രമാണ് ലൈംഗികബന്ധം നടക്കാറുണ്ടായിരിക്കും എന്നത് . എന്നാൽ വസ്തുത അങ്ങനെയല്ല എന്നത് ആയിഷയുടെ വാക്കുകളിൽ നിന്ന് വ്യക്തം. 

എന്നാൽ ചില അവസരങ്ങളിൽ ഒന്നിൽ കൂടുതൽ ഭാര്യമാരുമായി ഒരു ദിവസത്തിൽ തന്നെ ബന്ധപ്പെട്ടിരുന്നതായും ഹദീസുകളിൽ കാണാൻ സാധിക്കും. എന്നാൽ അത് എല്ലാ ദിവസവും നടക്കുന്ന ഒരു സ്വാഭാവിക കാര്യമായിരുന്നില്ല. ഒരു ഭാര്യ മാത്രം ഉള്ള ആൾ പോലും ചില അവസരങ്ങളിൽ ഒരു ദിവസം തന്നെ ഒന്നിൽ കൂടുതൽ തവണ ബന്ധപ്പെടുന്നത് സംഭവ്യമാണല്ലോ. 

 പല സഹാബികളും കരുതിയതുപോലെ പ്രവാചകൻ ﷺ ഒരേ ദിവസം തന്നെ മുഴുവൻ ഭാര്യമാരുമായും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നു എങ്കിൽ പോലും അതിൽ വിമർശിക്കാനായി ഒന്നും തന്നെ ഇല്ല. പ്രവാചകൻ അത്രത്തോളം ശാരീരിക ശേഷി ഉള്ള ആളായിരുന്നു എന്ന് മാത്രമേ വരുന്നുള്ളൂ. മുഹമ്മദ് നബി ﷺ അതീവ കരുത്തനും മസ്കുലർ ആയ ശരീരമുള്ള ആളും ആയിരുന്നു. 

പ്രവാചകൻ ഭാര്യമാരെ സന്ദർശിക്കുന്ന കാര്യമാണ് സഹാബി ഹദീസിൽ പറഞ്ഞിട്ടുള്ളത്. ലൈംഗിക ബന്ധത്തിന്റെ കാര്യമൊന്നും സഹാബി ഹദീസിൽ പറഞ്ഞിട്ടില്ല. എന്നാൽ പ്രവാചകന് 30 പേരുടെ ശക്തി ഉണ്ട് എന്നുള്ള വാചകത്തിൽ നിന്നും അവർ അങ്ങനെ ധരിച്ചിരിക്കാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കാം. എന്നാൽ ഒരുപക്ഷേ അവർ ഉദ്ദേശിച്ചത് 9 ഭാര്യമാരെ ഒരേസമയം സംതൃപ്തരും സന്തോഷവതികളുമാക്കി വളരെ മികച്ച രീതിയിൽ കുടുംബ ജീവിതം കൊണ്ടുപോകുന്ന പ്രവാചകൻറെ നയചാതുരിയെ പറ്റിയും ആകാം . ഏതു തരത്തിലും വ്യാഖ്യാനിക്കാം.


Post a Comment

Previous Post Next Post