♥️അനസ്(റ)വിൽ നിന്ന് നിവേദനം: നബി(സ) തന്റെ വിരലുകൾ ചേർത്ത് പിടിച്ച് അവിടുന്ന് പറയുകയുണ്ടായി: രണ്ടു പെൺകുട്ടികളെ സംരക്ഷിക്കുകയും പ്രായമാകുന്നത് വരെ വളർത്തുകയും ചെയ്യുന്നവർ ഇത് പോലെ പരലോകത്ത് (സ്വർഗത്തിൽ ) എന്റെ കൂടെ ഉണ്ടായിരിക്കും. (മുസ്ലിം)
പെൺകുട്ടിയാണ് ജനിച്ചത് എന്നറിഞ്ഞാൽ അപമാനഭാരം കൊണ്ട് തലകുനിച്ചിരുന്ന, പലപ്പോഴും പെൺകുട്ടികളെ ജീവനോടെ കുഴിച്ചു മൂടുകയോ കൊന്നുകളയുകയോ ചെയ്തിരുന്ന ഒരു സമൂഹത്തിലാണ് പെൺമക്കൾ പുണ്യമാണ്, പെൺകുട്ടികളെ സ്നേഹത്തോടെ വളർത്തി വലുതാക്കുന്ന രക്ഷിതാക്കൾ പരലോകത്ത് പ്രവാചകനോടൊപ്പം സ്വർഗ്ഗത്തിൽ പ്രവേശിക്കും എന്ന് മുഹമ്മദ് നബി (സ) അരുൾ ചെയ്തത്.
ഇന്ത്യയിൽ ഒരു ദിവസം 2000 പെൺ ഭ്രൂണഹത്യകൾ നടക്കുന്നു എന്നാണ് ഔദ്യോഗിക കണക്ക്. പെൺ കുഞ്ഞായി എന്നതിൻറെ പേരിൽ മാത്രം ഓരോ 43 സെക്കൻഡിലും ഇന്ത്യയിൽ ഒരു പെൺകുഞ്ഞ് വീതം ഗർഭത്തിൽ വച്ചുതന്നെ കൊല്ലപ്പെടുന്നു ! "ബേഠീ ബച്ചാവോ" എന്ന പേരിൽ പെൺകുട്ടികളെ സംരക്ഷിക്കാൻ പദ്ധതി ആവിഷ്കരിച്ച മോഡിയുടെ സ്വന്തം ഗുജറാത്തിൽ 2011-ല്‍ 1000 ആണ്‍കുട്ടികള്‍ക്ക് 890 പെണ്‍കുട്ടികള്‍ എന്ന കണക്കായിരുന്നുവെങ്കില്‍ 2016 ലെ പുതിയ സര്‍വേയില്‍ അത് 1000 ആണ്‍കുട്ടികള്‍ക്ക് 848 പെണ്‍കുട്ടികള്‍ എന്ന നിലയിലേക്ക് ചുരുങ്ങിയിരിക്കുന്നു ! പെൺഭ്രൂണഹത്യ ഇന്ത്യയിൽ കൂടിക്കൊണ്ടിരിക്കുന്നു എന്നു വ്യക്തം.
♥️ ആയിശയിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു " പെൺമക്കൾ നൽകപ്പെടുന്നവർ അവരോട് നല്ല നിലയിൽ പെരുമാറുകയും വളർത്തുകയും ചെയ്താൽ അന്ത്യനാളിൽ അവർ അയാൾക്ക് നരകത്തിൽ നിന്ന് സംരക്ഷണം നൽകുന്നതാണ്. (മുത്തഫഖുൻ അലൈഹി)
♥️ ആയിശ(റ)യിൽ നിന്നും നിവേദനം: രണ്ട് പെൺകുട്ടികളെ ചുമന്ന് കൊണ്ട് ഒരു ദരിദ്ര സ്ത്രീ എന്റെ അടുക്കൽ വന്നു. മൂന്ന് കാരക്ക ഞാനവർക്ക് ഭക്ഷിക്കാൻ കൊടുത്തു. ഓരോരുത്തർക്കും ഓരോന്ന് വീതം അവൾ പങ്കിട്ടു കൊടുത്തു. ഒന്ന് അവൾ തിന്നാൻ വേണ്ടി വായിലേക്കുയർത്തി. അപ്പോഴേക്കും ആ കുട്ടികൾ വീണ്ടും ഭക്ഷണം ആവശ്യപ്പെട്ടു. ഭക്ഷിക്കാൻ ഉദ്ദേശിച്ചിരുന്ന കാരക്ക അവൾ രണ്ടായി ചീന്തി അവർക്കു രണ്ടു പേർക്കുമായി വീതിച്ചു കൊടുത്തു. അവളുടെ കാര്യം എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തി; വിവരം നബി(സ)യോട് പറഞ്ഞു. ആ പെൺകുട്ടികൾ വഴി അല്ലാഹു അവൾക്ക് സ്വർഗം അനിവാര്യമാക്കുമെന്നോ; അതല്ല, അതു കൊണ്ട് തന്നെ അവളെ നരകത്തിൽ നിന്ന് മോചിപ്പിക്കുമെന്നോ നബി(സ) തറപ്പിച്ചു പറഞ്ഞു. (മുസ്ലിം)
ഇസ്ലാം പെൺകുഞ്ഞിന് ജീവിക്കാനുള്ള അവകാശം നൽകി. കുഞ്ഞുങ്ങളെ കൊന്നു കളയരുത് എന്നു കല്പിച്ചു. പെൺ കുഞ്ഞുങ്ങളെ വളർത്തി വലുതാക്കിയവർക്ക് നരകമോചനവും സ്വർഗ്ഗവും ഉണ്ടെന്ന് പ്രസ്താവിച്ചു. നിങ്ങൾ ഈ പോസ്റ്റ് വായിക്കുന്നതിനിടയിൽ ഇന്ത്യയിൽ എവിടെയെങ്കിലും ഇതേ സമയം ഒരു പെൺകുഞ്ഞ് ഗർഭത്തിൽ വെച്ച് കൊല്ലപ്പെട്ട് കഴിഞ്ഞിട്ട് ഉണ്ടാകും എന്നോർക്കുക !
Post a Comment