ഇദ്ദയുടെ മാനവികത

വിവാഹമോചനം ചെയ്യപ്പെടുകയോ
ഭർത്താവ് മരണപ്പെടുകയോ ചെയ്യുന്ന ഒരു മുസ്ലിം സ്ത്രീ ഇദ്ദ (ദീക്ഷ) ആചരിക്കേണ്ടതുണ്ട്. ഭർത്താവ് മരണപ്പെട്ടാൽ ഭാര്യ ആചരിക്കേണ്ട ഇദ്ദയെ പറ്റിയാണ് ഈ പോസ്റ്റിൽ പ്രതിപാദിക്കുന്നത്. ഇസ്ലാം വിമർശകർ പലപ്പോഴും വിമർശനം ഉന്നയിക്കുന്ന ഒന്നാണ് ഇസ്ലാമിലെ ഇദ്ദ. 

ഭർത്താവ് മരണപ്പെട്ട സ്ത്രീ നാലു ചന്ദ്രമാസവും പത്ത് ദിവസവും ഇദ്ദ ഇരിക്കണം. ഗർഭിണിയാണെങ്കിൽ പ്രസവിക്കുന്നത് വരെയാണ് ഇദ്ദ. നമ്മെ സൃഷ്ടിച്ച സ്രഷ്ടാവായ അള്ളാഹു എന്ത് കൽപ്പിച്ചുവോ അത് ചോദ്യം ചെയ്യാതെ അനുസരിക്കുക എന്നത് മാത്രമാണ് ഒരു മുസ്ലിം അവൻറെ ജീവിതത്തിൽ പാലിക്കേണ്ടത്. മുസ്‌ലിം - مسلم - എന്ന പദത്തിന്നർഥം പോലും അല്ലാഹുവിന് സർവസ്വവും സമർപ്പിച്ചവർ എന്നാണ്. സ്വന്തം കേവല യുക്തിക്ക് ഉൾക്കൊണ്ടാലും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും ദൈവീക കല്പനകൾ ചോദ്യം ചെയ്യാതെ അനുസരിക്കുന്നവനാണ് മുസ്ലിം. 

ഇദ്ദാ കാലയളവിൽ വളരെ അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ സ്ത്രീ വീട് വിട്ടു പുറത്തു പോകാൻ പാടുള്ളതല്ല. വീട്ടിനകത്ത് സാധാരണ വസ്ത്രങ്ങൾ ധരിച്ച് ആഭരണങ്ങളും സുഗന്ധങ്ങളും മേക്കപ്പുകളും അലങ്കാര വസ്ത്രങ്ങളും ഒഴിവാക്കി നാലുമാസവും പത്ത് ദിവസവും കഴിയണം. വെള്ള വസ്ത്രം ധരിക്കണമെന്ന നിയമമൊന്നും ഇസ്ലാമിലില്ല. മക്കളുമായും വിവാഹബന്ധം നിഷിദ്ധമായ ഉറ്റ ബന്ധുക്കളുമായും ഒക്കെ അടുത്ത് ഇടപഴകുന്നതിന് യാതൊരു വിരോധവുമില്ല. പ്രത്യേകം മുറിയിൽ അടച്ചിരിക്കണം എന്നോ പ്രത്യേക മന്ത്രോച്ചാരണങ്ങൾ ജപിക്കണമെന്നോ ഒന്നുമില്ല. വീട്ടിൽ പാചകം ചെയ്യുന്നതിനോ മറ്റു വീട്ടു ജോലികൾ ചെയ്യുന്നതിനോ ഒന്നും യാതൊരു പ്രശ്നവുമില്ല. ഒരു സാധാരണ വീട്ടമ്മയെ സംബന്ധിച്ചിടത്തോളം ഇദ്ദാ കാലഘട്ടത്തിൽ പ്രത്യേകിച്ച് വലിയ വ്യത്യാസം ഒന്നും ജീവിതത്തിൽ ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം. 

അന്യപുരുഷന്മാരുമായി ഇടപെടേണ്ടി വരുമ്പോൾ ഭർത്താവ് ജീവിച്ചിരിക്കുന്ന സാധാരണ കാലഘട്ടത്തിൽ പാലിക്കേണ്ടതായ ഇസ്ലാമിക നിയമങ്ങൾ അല്ലാതെ  ഇദ്ദാ കാലഘട്ടത്തിൽ പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും തന്നെ ഇല്ല. 

ഇദ്ദാ കാലഘട്ടം എന്നത് ഒരു വിധവയെ സംബന്ധിച്ചിടത്തോളം അവളുടെ ഭർത്താവിൻറെ വിയോഗത്തിൽ ഉള്ള ദുഃഖം മറക്കുവാനും നോർമൽ ആകുവാനും ഉള്ള ഒരു സമയമാണ്. 
ഇദ്ദാ കാലഘട്ടത്തിൽ ഒരു വിധവയെ വിവാഹം ആലോചിക്കുവാൻ പാടുള്ളതല്ല. ഒരു മുസ്ലിം സ്ത്രീ കുലീനയും ഭർത്താവിനെ സ്നേഹിക്കുന്നവളുമാണ്. അതുകൊണ്ടുതന്നെ ഭർത്താവ് മരണപ്പെട്ടാൽ ഒരു മുസ്ലിം സ്ത്രീക്ക് വലിയ മാനസിക വിഷമവും ദുഃഖവും സ്വാഭാവികമായും ഉണ്ടാവും. അതുകൊണ്ടുതന്നെ അവൾക്ക് പൂർണമായും ഭർത്താവിൻറെ വിരഹദുഃഖം മാറുവാനുള്ള ഒരു സമയം ഇസ്ലാം നൽകുന്നുണ്ട്. 

എന്തുകൊണ്ട് ഭർത്താവ് മരിച്ച സ്ത്രീക്ക് ഇദ്ദ ഉള്ളതുപോലെ ഭാര്യ മരിച്ച ഭർത്താവിന് ഇദ്ദ ഇല്ലാത്തത് ? 

പുരുഷന്റെയും സ്ത്രീയുടെയും സൈക്കോളജി വ്യത്യാസമുണ്ട്. സ്ത്രീ കുറേ കൂടി വൈകാരികമായി ചിന്തിക്കുന്ന ആളാണ്. ഒരേ സമയം ഒന്നിൽ കൂടുതൽ പുരുഷന്മാരെ ആത്മാർഥമായി സ്നേഹിക്കാൻ സ്ത്രീക്ക് കഴിയില്ല. മറ്റൊരു വിവാഹാലോചന നടത്താൻ അവൾക്ക് അതുകൊണ്ടുതന്നെ നാലു ചന്ദ്രമാസവും പത്ത് ദിവസവും കഴിഞ്ഞതിന് ശേഷം അനുമതി നൽകിയിരിക്കുന്നത്. സ്ത്രീയുടെ മനശാസ്ത്രം അങ്ങനെയാണ്. അതേസമയം പുരുഷൻ വൈകാരികമായി പോളിഗാമസ് ആണ്. ഒരു ഭാര്യ ജീവിച്ചിരിക്കുമ്പോൾ തന്നെ മറ്റു ഭാര്യമാരെയോ കാമുകിമാരെയോ സ്വീകരിക്കാൻ പുരുഷന് വൈകാരികമായി വലിയ പ്രശ്നം ഉണ്ടാവില്ല എന്നതാണ് വാസ്തവം. അതാണ് പുരുഷ മനശാസ്ത്രം.

മനുഷ്യ മനശാസ്ത്രം അറിയുന്ന പടച്ചവൻ അതുകൊണ്ടുതന്നെ അതിനു യോജിച്ച നടപടികൾ തന്നെയാണ് എടുത്തിരിക്കുന്നത് എന്ന് മനസ്സിലാക്കാം. 
 


Post a Comment

Previous Post Next Post