പ്രസ്തുത ഹദീസ് താഴെ കൊടുക്കുന്നു
حَدَّثَنَا عُثْمَانُ بْنُ أَبِي شَيْبَةَ، وَعُبَيْدُ اللَّهِ بْنُ عُمَرَ بْنِ مَيْسَرَةَ، - الْمَعْنَى - قَالاَ حَدَّثَنَا يَزِيدُ بْنُ هَارُونَ، عَنْ سُفْيَانَ بْنِ حُسَيْنٍ، عَنِ الْحَكَمِ بْنِ عُتَيْبَةَ، عَنْ إِبْرَاهِيمَ التَّيْمِيِّ، عَنْ أَبِيهِ، عَنْ أَبِي ذَرٍّ، قَالَ كُنْتُ رَدِيفَ رَسُولِ اللَّهِ صلى الله عليه وسلم وَهُوَ عَلَى حِمَارٍ وَالشَّمْسُ عِنْدَ غُرُوبِهَا فَقَالَ " هَلْ تَدْرِي أَيْنَ تَغْرُبُ هَذِهِ " . قُلْتُ اللَّهُ وَرَسُولُهُ أَعْلَمُ . قَالَ " فَإِنَّهَا تَغْرُبُ فِي عَيْنِ حَامِيَةٍ "
അബൂദർറ് നിവേദനം ചെയ്യുന്നു: ഞാൻ പ്രവാചകൻറെ പിന്നിലായി ഇരുന്നുകൊണ്ട് ഒരു കഴുതപ്പുറത്ത് യാത്ര ചെയ്യുകയായിരുന്നു. സൂര്യൻ അസ്തമിക്കാറായിരുന്നു. പ്രവാചകൻ എന്നോട് ചോദിച്ചു "സൂര്യൻ എവിടെയാണ് അസ്തമിക്കുന്നത് എന്ന് നിനക്കറിയാമോ ?" ഞാൻ പറഞ്ഞു "അല്ലാഹുവിനും അവൻറെ ദൂതനുമാണ് നന്നായി അറിയുക ". പ്രവാചകൻ പറഞ്ഞു "അത് ഒരു ചൂട് നീരുറവയിൽ ആണ് അസ്തമിക്കുന്നത്. "
(സുനനു അബൂദാവൂദ് )
ഇതേ ഹദീസ് തന്നെ വിശദമായ രൂപത്തിൽ സഹീഹുൽ ബുഖാരിയിൽ മുസ്ലിമിലും മറ്റുമൊക്കെ വന്നിട്ടുണ്ട്. ബുഖാരിയിൽ വന്ന ഹദീസ് താഴെ കൊടുക്കുന്നു.
حَدَّثَنَا مُحَمَّدُ بْنُ يُوسُفَ، حَدَّثَنَا سُفْيَانُ، عَنِ الأَعْمَشِ، عَنْ إِبْرَاهِيمَ التَّيْمِيِّ، عَنْ أَبِيهِ، عَنْ أَبِي ذَرٍّ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم لأَبِي ذَرٍّ حِينَ غَرَبَتِ الشَّمْسُ " تَدْرِي أَيْنَ تَذْهَبُ ". قُلْتُ اللَّهُ وَرَسُولُهُ أَعْلَمُ. قَالَ " فَإِنَّهَا تَذْهَبُ حَتَّى تَسْجُدَ تَحْتَ الْعَرْشِ، فَتَسْتَأْذِنَ فَيُؤْذَنَ لَهَا، وَيُوشِكُ أَنْ تَسْجُدَ فَلاَ يُقْبَلَ مِنْهَا، وَتَسْتَأْذِنَ فَلاَ يُؤْذَنَ لَهَا، يُقَالُ لَهَا ارْجِعِي مِنْ حَيْثُ جِئْتِ. فَتَطْلُعُ مِنْ مَغْرِبِهَا، فَذَلِكَ قَوْلُهُ تَعَالَى {وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَهَا ذَلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ }".
അബൂദർറ് നിവേദനം ചെയ്യുന്നു സൂര്യാസ്തമയ സമയത്ത് പ്രവാചകൻ ചോദിച്ചു "സൂര്യൻ എങ്ങോട്ടാണ് പോകുന്നത് എന്ന് നിനക്കറിയാമോ അബൂ ദർറേ?". അബൂദർറ് മറുപടി പറഞ്ഞു "അല്ലാഹുവും അവൻറെ പ്രവാചകനുമാണ് കൂടുതൽ അറിയുന്നവർ". പ്രവാചകൻ പറഞ്ഞു "സൂര്യൻ അല്ലാഹുവിൻറെ അർഷിനു (സിംഹാസനത്തിന് ) താഴെ സുജൂദ് ചെയ്യാൻ പോകുന്നതാണ്. കിഴക്ക് ഉദിച്ചു വരാനായി സൂര്യൻ അല്ലാഹുവിനോട് അനുമതി തേടുകയും അള്ളാഹു അനുമതി നൽകുകയും സൂര്യൻ കിഴക്കുദിക്കുകയും ചെയ്യും. ഇത് തുടർന്നുകൊണ്ടേയിരിക്കും. അങ്ങനെ ഒരു സമയം ആഗതമാവും (അന്ത്യ നാളിനോട് അനുബന്ധിച്ച് ഉള്ള സമയം) അന്ന് സൂര്യന് ഈ അനുമതി നിഷേധിക്കപ്പെടും വന്ന ഇടത്തേക്ക് തന്നെ മടങ്ങാൻ സൂര്യനോട് കൽപ്പിക്കപ്പെടും അങ്ങനെ സൂര്യൻ പടിഞ്ഞാറു ഉദിക്കും. അതാണ് ഈ വചനങ്ങളിൽ പറഞ്ഞത് എന്നു പറഞ്ഞു പ്രവാചകൻ ഈ ഖുർആൻ വചനങ്ങൾ ഓതി കേൾപ്പിച്ചു وَٱلشَّمْسُ تَجْرِى لِمُسْتَقَرٍّۢ لَّهَا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ
(Surat:36, Verse:38) സൂര്യന് അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്.
(സ്വഹീഹുൽ ബുഖാരി 3199)
ഒരേ സംഭവം വിശദീകരിക്കുന്ന ഈ ഹദീസ് ധാരാളം നിവേദക പരമ്പരകളിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഒരു റിപ്പോർട്ടിൽ മാത്രമാണ് സൂര്യൻ ചൂട് നീരുറവയിൽ അസ്തമിക്കുന്നു എന്ന പരാമർശമുള്ളത്. ഹദീസിൻറെ പരമ്പരകൾ ഒന്ന് വിശദമായി തന്നെ നമുക്ക് പരിശോധിക്കാം. പ്രവാചകനിൽ നിന്നും നേരിട്ട് ഹദീസ് കേട്ടത് അബൂദറ് എന്ന സഹാബിയാണ്. അബൂദർറിൽ നിന്നും യസീദ് അൽ തൈമി യും അദ്ദേഹത്തിൽനിന്നും മകൻ ഇബ്രാഹിം ഇബ്നു യസീദും ആണ് പരമ്പരയിലുള്ളത്. എല്ലാ ഹദീസ് നിവേദക പരമ്പരകളിലും ഈ ആദ്യ മൂന്ന് ആളുകളും ഒരുപോലെയാണ് ; മാറ്റമില്ല.
ഇബ്രാഹീമുബ്നു യസീദിൽ നിന്ന് ആറു വ്യത്യസ്ത ആളുകൾ വഴിയാണ് ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യൂനുസ് ബിൻ ഉബൈദ്, അഅ്മാശ് , അബ്ദുൽ അഅ്ലാ , ഹാറൂൺ ബിൻ സഅദ്, മൂസ ബിൻ മുസയ്യബ്, ഹകം ബിൻ ഉതയ്ബ എന്നിവരാണ് അവർ. ഇതിൽ അവസാനം പറഞ്ഞ ഹകം ബിൻ ഉതയ്ബ യിൽ നിന്നും സുഫിയാൻ ബിൻ ഹുസൈൻ വഴി റിപ്പോർട്ട് ചെയ്ത റിപ്പോർട്ടിൽ മാത്രമാണ് സൂര്യൻ ചൂട് നീരുറവയിൽ അസ്തമിക്കുന്നു എന്ന പരാമർശമുള്ളത്. മറ്റ് അഞ്ചു പേർ റിപ്പോർട്ട് ചെയ്തതിലും ഈ ഒരു പരാമർശമില്ല. ഹദീസ് ഗ്രന്ഥങ്ങളിൽ ഏറ്റവും ആധികാരികമായ സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹുൽ മുസ്ലിലുമുള്ള ഹദീസുകളിൽ ഒന്നും ഈയൊരു പരാമർശമില്ല. അഥവാ ഒരു ഹദീസ് ഒരാളിൽ നിന്ന് കേട്ട് ആറുപേർ റിപ്പോർട്ട് ചെയ്തതിൽ ഒരാളുടെ റിപ്പോർട്ടിൽ മാത്രമാണ് ഈയൊരു പരാമർശമുള്ളത് മറ്റ് അഞ്ച് പേരുടെ റിപ്പോർട്ടിലും ഈ പരാമർശമില്ല; മറ്റുള്ള കാര്യങ്ങൾ എല്ലാം ഒന്നാണ് താനും. ഹദീസ് നിദാന ശാസ്ത്രപ്രകാരം ഇതിന് ശാദ്ദ് എന്നാണ് പറയുക. ഇത്തരത്തിൽ ശാദ്ദായ ഹദീസുകൾ മുഅല്ലൽ ആണ് ദുർബലമാണ്. സ്വീകാര്യയോഗ്യമായത് അല്ല എന്നർത്ഥം.
ഒരുദാഹരണം പറഞ്ഞാൽ ബുദ്ധിശക്തിയും ഓർമ്മശക്തിയും ഒക്കെ മികവുള്ള ആറുപേർ ഒരു ക്ലാസ്സിൽ ഉണ്ട് . ഗണിത അധ്യാപകൻ ഒരു സൂത്രവാക്യം പഠിപ്പിക്കുന്നു. ഈ ആറു കുട്ടികളും മനപ്പാഠം ആക്കുന്നു. (a + b)2 = a2 + b2 + 2ab. പക്ഷേ പരീക്ഷയ്ക്ക് ഒരു കുട്ടി എഴുതി വച്ചത് (a + b)2 = a2 + b2 + 3ab എന്നാണ് മറ്റ് അഞ്ചു കുട്ടികളും കറക്റ്റ് ആയി ഉത്തരം എഴുതിയിട്ടുണ്ട് എങ്കിൽ അത് ആ പരീക്ഷയ്ക്ക് ഈ ഒരു കുട്ടിക്ക് സംഭവിച്ച ഒരു മിസ്റ്റേക്കോ ധാരണ പിശകോ മാത്രമാണ് എന്ന് മനസ്സിലാക്കാം.
സൂര്യൻ ചൂട് നീരുറവയിൽ അസ്തമിക്കുന്നു എന്ന പരാമർശം ഉള്ള ഹദീസ്, ഹദീസ് നിദാന ശാസ്ത്രപ്രകാരം സ്വീകാര്യയോഗ്യമായ സ്വഹീഹ് ആയ ഹദീസ് അല്ല എന്ന് മനസ്സിലാക്കുക. തെളിവാക്കാൻ പറ്റാത്ത ഹദീസിനെ പറ്റി മറ്റു ചർച്ചകൾക്ക് പോലും പ്രസക്തിയില്ലല്ലോ!
can you give me some english websites you are referencing
ReplyDeletePost a Comment