ഭാര്യക്കിഷ്ടമില്ലാതെ ബലാൽക്കാരം ആയ ലൈംഗികബന്ധം പാടുണ്ടോ; marital rape ഇസ്ലാം അനുവദിക്കുന്നുണ്ടോ ?

ഇസ്ലാമിലെ അടിസ്ഥാന നിയമത്തിൽ പെട്ടതാണ് ഒരാളെയും അകാരണമായി ഉപദ്രവിക്കാൻ പാടില്ല എന്നുള്ളത്. 

حَدَّثَنِي يَحْيَى، عَنْ مَالِكٍ، عَنْ عَمْرِو بْنِ يَحْيَى الْمَازِنِيِّ، عَنْ أَبِيهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ لاَ ضَرَرَ وَلاَ ضِرَارَ ‏"‏ ‏.‏
പ്രവാചകൻ പറഞ്ഞു: (വിശ്വാസി) മറ്റുള്ളവരെ ഉപദ്രവിക്കുവാനോ സ്വയം ഉപദ്രവിക്കുവാനോ (self harm) പാടുള്ളതല്ല. (മുവത്വ, ഇമാം മാലിക്).

അകാരണമായി ആരെയെങ്കിലും ഉപദ്രവിച്ചാൽ അത് ഇസ്ലാമിൽ ക്രിമിനൽ കുറ്റമാണ്. ഭാര്യക്ക് സെക്സിൽ താല്പര്യം ഇല്ലെങ്കിൽ അവളെ ബലാത്സംഗം ചെയ്യാൻ ഇസ്ലാം ഒരുതരത്തിലും അനുവദിക്കുന്നില്ല. അത് ദേഹോപദ്രവവും അതിക്രമവും ആണ്. അത്തരത്തിൽ ഏതെങ്കിലും സ്ത്രീ ഉപദ്രവിക്കപ്പെട്ടാൽ അവൾക്ക് ഇസ്ലാമിക രാജ്യത്ത് കോടതിയെ സമീപിക്കാവുന്നതാണ്. ഇസ്ലാമിക കോടതിക്ക് ഉചിതമായ ശിക്ഷാനടപടികൾ എടുക്കാവുന്നതുമാണ്. Domestic violence ഇസ്ലാം ഒരു തരത്തിലും അനുവദിക്കുന്നില്ല. അത്തരം നടപടികൾ ക്രിമിനൽ കുറ്റവുമാണ്. 

ഇന്ത്യൻ പീനൽ കോഡിൽ പോലും marital rape ഒരു കുറ്റകൃത്യമല്ല എന്ന് ഓർക്കുക. Protection of Women from Domestic Violence Act 2005 (PWDVA). 2005 ൽ പാസാക്കിയ ഈ നിയമപ്രകാരം ഗാർഹിക പീഡനത്തിന്റെ വകുപ്പിൽ മാത്രമാണ് marital rape വരിക. അത് തെളിയിക്കൽ ദുഷ്കരവുമാണ്. എന്തായാലും ഇസ്ലാമിൽ ഇത്തരത്തിൽ ദേഹോപദ്രവം ഉണ്ടായിട്ടുണ്ടെങ്കിൽ സ്ത്രീക്ക് ഇസ്ലാമിക കോടതിയിൽനിന്നു നീതി ലഭിക്കും എന്നതിൽ സംശയം വേണ്ട. 

ഭർത്താവ് ലൈംഗിക ബന്ധത്തിനായി ഭാര്യയെ ക്ഷണിക്കുമ്പോൾ നിരസിക്കരുത് എന്ന് ഭാര്യയോട് ഇസ്ലാം ഉപദേശിച്ചിട്ടുണ്ട്.
അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: "ഒരു മനുഷ്യൻ തന്റെ ഇണയെ വിരിപ്പിലേക്ക് ക്ഷണിച്ചു. അപ്പോൾ അവൾ വിസമ്മതം കാണിച്ചു. അങ്ങിനെ അവളോട് കോപിഷ്ടനായി കൊണ്ട് ആ രാത്രി അവൻ കഴിച്ച്കൂട്ടി. എങ്കിൽ പ്രഭാതം വരേക്കും മലക്കുകൾ അവളെ ശപിച്ച് കൊണ്ടേയിരിക്കും ". (മുത്തഫഖുൻ അലൈഹി)

വൈവാഹിക ജീവിതത്തിലെ ഊഷ്മളതയും സ്നേഹവും ഊട്ടിയുറപ്പിക്കുന്ന കാര്യമാണ് ശാരീരിക ബന്ധം. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ശാരീരിക ബന്ധം പുണ്യകർമം ആയിട്ടാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. കൊച്ചുകൊച്ചു പിണക്കങ്ങൾ എല്ലാം ശരിയാക്കുന്ന കാര്യവും കൂടിയാണ് ശാരീരിക ബന്ധം. അകാരണമായി ശാരീരിക ബന്ധം നിഷേധിക്കുന്നത് വൈവാഹിക ബന്ധങ്ങൾ ശിഥിലമാക്കുന്ന കാര്യമാണ്. അമേരിക്കയിൽ നടന്ന ഒരു പഠനത്തിൽ വ്യക്തമായത്‌ 22% വിവാഹ മോചനങ്ങളുടെയും കാരണം ലൈംഗികത നിഷേധവും ലൈംഗിക പ്രശ്നങ്ങളും ആണ് എന്നാണ്. 

അകാരണമായി ഭർത്താവിന് ലൈംഗികത നിഷേധിക്കുന്നത് മാലാഖമാരുടെ ശാപ പ്രാർത്ഥനക്ക് വരെ കാരണമാവുന്നതാണ് എന്ന മതാധ്യാപനം ഭാര്യയെ വീണ്ടു വിചാരത്തിന് പ്രേരിപ്പിക്കുന്നു. ഭാര്യാഭർതൃ ലൈംഗിക ബന്ധം മതപരമായ പുണ്യകർമമായി പഠിപ്പിക്കപ്പെട്ട മതത്തിൽ അത് അകാരണമായി വിസമ്മതിക്കുന്നത് മോശപ്പെട്ട കാര്യമാണെന്നും കൂടി ഉണർത്തുന്നു. വൈവാഹിക ബന്ധം ശിഥിലമാക്കുന്ന കാര്യങ്ങളെ മുളയിലേ നുള്ളുന്ന സമീപനം. മനുഷ്യർ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അവർക്ക് അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന മാലാഖമാർ മനുഷ്യർ മോശം കാര്യം ചെയ്യുമ്പോൾ ശാപ പ്രാർത്ഥനകളും നടത്തുന്നു എന്നതിൽ അത്ഭുതം ഇല്ലല്ലോ.

പ്രസ്തുത ഹദീസിൽ പോലും കൃത്യമായി മനസ്സിലാക്കേണ്ട കാര്യം ലൈംഗിക ബന്ധം വിസമ്മതിക്കുന്ന ഭാര്യയെ ബലാൽകാരമായി പ്രാപിക്കാൻ മതത്തിൽ ഒരിക്കലും അനുമതിയില്ല. മനശാസ്ത്രപരമായി ഭാര്യയെ കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്ന സമീപനം മാത്രമാണ് ഇസ്ലാമിന്റേത് എന്നറിയുക. 





Post a Comment

Previous Post Next Post